ADVERTISEMENT

കട്ടയെന്നു കേട്ടാല്‍ പലതാവും മനസിലെത്തുക. പക്ഷേ കാസര്‍കോടന്‍ കട്ട എന്നാല്‍ അതൊന്നുമല്ല. ജില്ലയുടെ അതിര്‍ത്തി പ്രദേശത്തുള്ള കര്‍ഷകജനത വര്‍ഷങ്ങളേറെയായി പ്രയോജനപ്പെടുത്തുന്ന ഗ്രാമീണ ജലസേചന മാര്‍ഗമാണ് ഇവിടത്തുകാര്‍ക്ക് കട്ടകള്‍. നദികള്‍ക്കു കുറുകെ നിര്‍മിച്ച താല്‍ക്കാലിക ചെക്ക് ഡാമുകള്‍. നദികളിലെ വെള്ളം തടഞ്ഞു നിര്‍ത്തുകയും ഇവിടെ സംഭരിച്ച വെള്ളം ഇലക്ട്രിക് പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് കൃഷി സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്യുന്ന സംവിധാനം.

എല്ലാ വര്‍ഷവും നവംബര്‍ മാസത്തോടെ ഷിരിയ നദിയിലും അതിന്റെ കൈവഴികളിലും വെള്ളം കുറയുമ്പോള്‍ അതിര്‍ത്തി ഗ്രാമത്തിലെ കര്‍ഷകര്‍ 'കട്ട'കളുടെ നിര്‍മാണം തുടങ്ങും. വിദഗ്ധ പരിശീലനം നേടിയ തൊഴിലാളികളാണ് കട്ടകളുടെ നിര്‍മാണം. കല്ല് ചെത്തിയെടുത്ത് ചുമന്നുകൊണ്ടു വന്നു ചെത്തി പാകപ്പെടുത്തി ചെളിയും മണലും മറ്റും കലര്‍ത്തിയുമാണ് തടയണകള്‍ നിര്‍മിക്കുന്നത്. സമീപ കാലത്ത് മണല്‍ച്ചാക്കുകളും ഉയര്‍ന്ന സാന്ദ്രതയുള്ള പോളിത്തീന്‍ ഷീറ്റുകളും കട്ടകളുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിപ്പോരുന്നു. പോളിത്തീന്‍ ഷീറ്റുകള്‍ ഘടനയ്ക്ക് കരുത്ത് പകരുമെന്നും നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ചെളിയുടെ അളവ് കുറയ്ക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ജനുവരി രണ്ടാം വാരത്തോടെ കട്ടകളുടെ നിര്‍മാണം പൂര്‍ത്തിയാകും. വേനല്‍ക്കാലമെത്തുന്നതോടെ കട്ടകള്‍ ജലസമൃദ്ധിയാല്‍ സജീവമാവും. കട്ടകളുടെ നിര്‍മാണത്തിന് 10 മുതല്‍ 12 വരെ തൊഴിലാളികളുടെ രണ്ടാഴ്ചത്തെ ശ്രമം ആവശ്യമാണ്. പക്ഷേ ഇപ്പോള്‍ വിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കര്‍ഷകര്‍ പറയുന്നു.

കാസര്‍കോട് നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള യേത്തഡ്ക്ക കട്ടകള്‍ക്ക് പ്രശസ്തമാണ്. കമുക്, നെല്ല്, തെങ്ങ്, കൊക്കോ തുടങ്ങിയവയെല്ലാം ഈ രീതിയില്‍ കട്ടകളിലെ ജലം ഉപയോഗപ്പെടുത്തി ഇവിടെ വേനല്‍ക്കാലത്തും സുലഭമായി കൃഷി ചെയ്യപ്പെടുന്നു. ജനുവരി മുതല്‍ മേയ് വരെയുള്ള കടുത്ത വേനല്‍ക്കാലത്താണ് കട്ടകളുടെ ഉപയോഗം. ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ്  കട്ടകള്‍ പൊളിക്കും. 

കട്ടകള്‍ക്ക് വലിയ അളവില്‍ വെള്ളം തടഞ്ഞു നിര്‍ത്തി ശേഖരിക്കാന്‍ കഴിയും. വെള്ളം കൈവശം വയ്ക്കാനുള്ള ശേഷി അവയുടെ നീളവും ഉയരവും അനുസരിച്ചാണ്. യേത്തഡ്കയിലെ ചെറിയ കട്ടകള്‍ക്ക് 5 കോടി ലീറ്റര്‍ വരെ വെള്ളം സംഭരിക്കാനും വലിയ കട്ടകള്‍ക്ക് 12 കോടി ലീറ്റര്‍ വെള്ളം വരെ സംഭരിക്കാനും കഴിയുമെന്നാണ് കണക്കാക്കുന്നത്.

അഞ്ച് മീറ്റര്‍ ഉയരവും 35 മീറ്റര്‍ നീളവുമുള്ള കട്ടകള്‍ വരെ ഇവിടെയുണ്ട്. കട്ടകള്‍ നിര്‍മിക്കാന്‍ കര്‍ഷകര്‍ 1 മുതല്‍ 2 ലക്ഷം രൂപ വരെ ചെലവഴിക്കുന്നു. വിളകള്‍ ജലസേചനം നടത്തേണ്ട കര്‍ഷകര്‍ ഒന്നിച്ച് ഈ തുക പങ്കിടും.  

കട്ടകള്‍ ഭൂഗര്‍ഭ ജലശേഖരണത്തെ സമ്പുഷ്ടമാക്കുകയും വേനല്‍ക്കാലത്ത് പോലും സമീപ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു.

വിഡിയോ കാണാം

English summary: special check dams in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com