വൈക്കോലിലും ഒളിഞ്ഞിരിപ്പുണ്ടാവാം ഈ വില്ലന്‍, ക്ഷീരകര്‍ഷകര്‍ അറിയണം

cow
SHARE

തന്റെ ഡെയറി ഫാമിലെ പശുക്കളുടെ വിട്ടുമാറാത്ത വയറിളക്കത്തിന് പരിഹാരം തേടിയാണ് ഈയിടെ ഒരു ക്ഷീരകര്‍ഷകസുഹൃത്ത് കാണാനെത്തിയത്. മരുന്നുകള്‍ പലതും വീര്യം കുറഞ്ഞതും കൂടിയതുമെല്ലാം മാറി മാറി നല്‍കി, ചാണകം പരിശോധിച്ച് വിരമരുന്നുകള്‍ നല്‍കി, പ്രോബയോട്ടിക്കുകള്‍ പലവുരു നല്‍കി, എങ്കിലും പശുക്കളുടെ വയറിളക്കത്തിന് മാത്രം ശമനമില്ലെന്നായിരുന്നു ആ കര്‍ഷകസുഹൃത്തിന്റെ പരിഭവം. തൊഴുത്തിന്റെ തറ മുഴുവന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ചാണകം പരന്നൊഴുകുകയാണ്, വൃത്തിയാക്കി വൃത്തിയാക്കി മടുത്തു, കറവപ്പശുക്കളുടെ പാലുല്‍പാദനത്തിലും ഗണ്യമായ കുറവ് വന്നുതുടങ്ങി, അദ്ദേഹം പങ്കുവെച്ച  പ്രയാസങ്ങള്‍ ഏറെയായിരുന്നു. ഇത്രയേറെ ചികിത്സകള്‍ നല്‍കിയിട്ടും ഫലം കിട്ടിയില്ലെങ്കില്‍  രോഗത്തിന്റെ കാരണവും അല്‍പം കടുത്തതായിരിക്കുമല്ലോ.

ഒടുവില്‍ ഒരു പോംവഴിയെന്ന നിലയില്‍ പശുക്കളുടെ തീറ്റയുടെ രാസപരിശോധന നടത്താന്‍ തന്നെ അദ്ദേഹത്തെ ഉപദേശിച്ചു. ഏറ്റവും ഒടുവില്‍ പശുക്കള്‍ക്ക് മാറ്റി നല്‍കിയ തീറ്റ പുതുതായി കൊണ്ടുവന്ന വൈക്കോല്‍ ആണ്. അതിനാല്‍ ആദ്യം വൈക്കോല്‍ തന്നെ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചു. കാഴ്ചയില്‍ ഒരു കുഴപ്പവുമില്ലാത്ത അത്യാവശ്യം നല്ല രീതിയില്‍ ഉണങ്ങിയ വൈക്കോലാണ്. എങ്കിലും പരിശോധന നടത്താന്‍ ഉറച്ചു. ശേഖരിച്ച വൈക്കോല്‍ സാംപിള്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഫീഡ് അനാലിസിസ് ലാബില്‍ എത്തിച്ചു നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് വിട്ടുമാറാത്ത വയറിളക്കത്തിന്റെ യഥാര്‍ഥ വില്ലന്‍ മറനീക്കി പുറത്തുവന്നത്. 

പൂപ്പല്‍ വിഷം എന്ന് സാധാരണ കര്‍ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന അഫ്‌ളാടോക്‌സിന്‍ ആയിരുന്നു രോഗകാരണം. പശുക്കളുടെ തീറ്റയില്‍ അനുവദനീയമായ അഫ്‌ളാടോക്‌സിന്‍ പരിധി 20 പിപിബി (Parts per billion (ppb))  വരെയാണെങ്കില്‍ പരിശോധന നടത്തിയ വൈക്കോലില്‍ അഫ്‌ളാടോക്‌സിന്‍ അളവ് 36 പിപിബിയോളമായിരുന്നു. മാത്രമല്ല, അഫ്‌ളാടോക്‌സിന്‍ വിഷങ്ങളില്‍ ഏറ്റവും മാരകമായ ബി-1 എന്ന തരം  വിഷമായിരുന്നു വൈക്കോല്‍ സാംപിളില്‍ കണ്ടെത്തിയത്. ബി-1 അഫ്‌ളാടോക്‌സിന്‍ 50 പിപിബിയിലുമധികം ഉയര്‍ന്നാല്‍ പശുക്കളുടെ ജീവന്‍ തന്നെ അപകടത്തിലാകും. ഫാമില്‍ പുതുതായി കൊണ്ടുവന്ന വൈക്കോലില്‍ പുറത്തുകാണത്തക്കവിധം സൂചനകള്‍ ഒന്നുമില്ലാതെ ഒളിഞ്ഞിരിക്കുന്ന വിഷം പരിശോധനയിലൂടെ തിരിച്ചറിഞ്ഞതോടെ അദ്ദേഹം പശുക്കള്‍ക്ക് പുതിയ വൈക്കോല്‍ നല്‍കുന്നത് ഉടനടി  അവസാനിപ്പിച്ചു. അതോടെ പശുക്കളുടെ വിട്ടുമാറാത്ത വയറിളക്കത്തിനും ശമനമായി, പശുക്കള്‍ക്കും ആശ്വാസം, കര്‍ഷകനും.

പൂപ്പല്‍ വിഷം ചെറിയൊരു വിഷമല്ല

തൊഴുത്തില്‍ തീറ്റ വഴി അപ്രതീക്ഷിതമായി കയറിവരുന്ന രോഗങ്ങളില്‍ പ്രധാനമാണ് അഫ്‌ളാടോക്‌സിക്കോസിസ് അഥവാ പൂപ്പല്‍ വിഷബാധ. പൂപ്പല്‍ വിഷബാധയേല്‍ക്കാതെ തീറ്റകള്‍ കരുതിയില്ലെങ്കില്‍ പശുക്കളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉല്‍പ്പാദനക്കുറവിനും ക്ഷീരകര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും പിന്നീടത് കാരണമായിത്തീരും. സൂക്ഷിച്ചുവച്ച കാലിത്തീറ്റയിലും പിണ്ണാക്കിലും വൈക്കോലിലും അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന സാഹചര്യത്തില്‍ പൂപ്പല്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. ചോളം, പരുത്തിക്കുരുപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ വിവിധ സാന്ദ്രീകൃതകാലിത്തീറ്റകളിലും വൈക്കോലിലും വളരുന്ന പൂപ്പലുകള്‍ അഫ്‌ളാടോക്‌സിന്‍ എന്ന വിഷവസ്തുവാണ് പ്രധാനമായും പുറന്തള്ളുന്നത്. മാത്രമല്ല, ഒക്രാടോക്‌സിന്‍, ഫുമോണിസിന്‍, ടി ടു ടോക്‌സിന്‍, എര്‍ഗട്ട് ടോക്‌സിന്‍ എന്നിങ്ങനെ പൂപ്പലുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ ഇനിയും ഏറെയുണ്ട്.

രോഗലക്ഷണങ്ങളുടെ തീവ്രത പൂപ്പല്‍ വിഷത്തെയും ഉള്ളിലെത്തിയ  അതിന്റെ അളവിനെയും ആശ്രയിച്ചിരിക്കും. ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വയറിളക്കം, വയറിലുള്ള നീര്‍ക്കെട്ട്, പാലുത്പാദനത്തില്‍ പെട്ടെന്നുള്ള കുറവ് എന്നിവയാണ് പൂപ്പല്‍ തീവ്ര പൂപ്പല്‍ വിഷബാധയുടെ പ്രാരംഭലക്ഷണങ്ങള്‍. പൂപ്പല്‍ വിഷം കുടല്‍ഭിത്തിയില്‍ രക്തസ്രാവത്തിന് കാരണമാവുന്നതിനാല്‍ രക്തം കലര്‍ന്ന വയറിളക്കത്തിനും സാധ്യതയുണ്ട്. ഗര്‍ഭിണികളായ പശുക്കളില്‍ ഗര്‍ഭമലസലിനും പൂപ്പല്‍ വിഷം കാരണമാവും. അഫ്‌ളാടോക്‌സിന്‍ വിഷം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനും കാരണമായിത്തീരും. ഇത് അകിടുവീക്കം, കുരലടപ്പന്‍, തൈലേറിയോസിസ്, അനാപ്ലാസ്‌മോസിസ് തുടങ്ങിയ വിവിധ ബാക്ടീരിയല്‍, പ്രോട്ടോസോവല്‍ പാര്‍ശ്വാണുബാധകള്‍ക്ക് വഴിയൊരുക്കും. കീറ്റോസിസ് രോഗം, കുളമ്പു ചീയല്‍ അഥവാ ലാമിനൈറ്റിസ് അടക്കമുള്ള ഉപാപചയ രോഗങ്ങള്‍ക്കും പൂപ്പല്‍ വിഷം ഒരു കാരണമാണ്. മദിലക്ഷണങ്ങള്‍ പ്രകടമാവുന്നതില്‍ തകരാറുകള്‍, ചെന പിടിക്കാനുള്ള പ്രയാസം, വന്ധ്യത, വാലിന്‌റെയും, ചെവികളുടെയും അറ്റം അഴുകി ദ്രവിക്കല്‍, രോമം കൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കുന്ന രോഗാവസ്ഥയില്‍  പ്രകടമാവും.

പൂപ്പല്‍ വിഷം കരളിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ മഞ്ഞപ്പിത്തത്തിന് സാധ്യതയേറെയാണ്. പശുക്കളുടെ കുടല്‍, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അര്‍ബുദത്തിനും പൂപ്പല്‍ വിഷബാധ ഇടയാക്കും. വിഷാംശത്തിന്റെ തോത് ഉയര്‍ന്നാല്‍ മരണകാരണമായി തീരുകയും ചെയ്യും. പശുക്കള്‍ക്ക് മാത്രമല്ല ആടുകള്‍ക്കും, എരുമകള്‍ക്കും, കോഴികള്‍ക്കും എന്തിന് ഓമനകളായി വളര്‍ത്തുന്ന ചെറുപക്ഷികള്‍ക്കു പോലും തീറ്റയില്‍ വളരുന്ന ചെറുകുമിളുകള്‍ ആരോഗ്യ ഭീഷണിയാണ്. മറ്റുള്ളവയെ അപേക്ഷിച്ച് ചെറിയ അളവിലുള്ള അഫ്‌ളാടോക്‌സിന്‍ വിഷം പോലും താറാവുകളെയും, ടര്‍ക്കിക്കോഴികളെയും ഗുരുതരമായി ബാധിക്കും.

പൂപ്പല്‍ വിഷബാധ എങ്ങനെ തിരിച്ചറിയാം

കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്‌റെ സൂചനകള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാവാത്ത തീറ്റയിലും പൂപ്പല്‍ വിഷബാധ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തു ജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. തീറ്റകള്‍ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നല്‍കിയാല്‍ പോലും പൂപ്പലുകള്‍ പുറന്തള്ളിയ മാരകവിഷം നശിക്കില്ല എന്ന കാര്യം മനസ്സിലോര്‍ക്കണം. പന്ത്രണ്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഏല്‍പ്പിച്ചാല്‍ അള്‍ട്രാവയലറ്റ് രശ്മിയുടെ പ്രവര്‍ത്തഫലമായി തീറ്റയില്‍ ബാധിച്ച ഫംഗസ്സുകള്‍ നശിക്കുമെങ്കിലും അവ പുറന്തള്ളിയ വിഷം പൂര്‍ണ്ണമായും നിര്‍വീര്യമാവണമെന്നില്ല. ചില കര്‍ഷകര്‍ പൂപ്പല്‍ ബാധിച്ച തീറ്റ മറ്റ് തീറ്റകളുമായി ചെറിയ അളവില്‍ കലര്‍ത്തി നല്‍കാറുണ്ട്, ഇതും തെറ്റായ രീതിയാണ്. പൂപ്പല്‍ബാധയേറ്റ തീറ്റ കഴിച്ച പശുക്കള്‍ പാലിലൂടെ വിഷം പുറന്തള്ളാന്‍ ഇടയുള്ളതിനാല്‍ പാലുപയോഗിക്കുന്നതും ഉചിതമല്ല.  

വളര്‍ത്തുമൃഗങ്ങള്‍ക്ക് പൂപ്പല്‍വിഷബാധയേറ്റതായി സംശയം തോന്നിയാല്‍ ഏറ്റവും വേഗത്തില്‍ ചികിത്സ തേടണം. നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനും, വിഷാംശം നിര്‍വീര്യമാക്കുന്നതിനുമായി ഫ്‌ളൂയിഡ് തെറാപ്പി, ആന്റിബയോട്ടിക്, കരള്‍ സംരക്ഷണ ഉത്തേജന മരുന്നുകള്‍, ധാതുമിശ്രിതങ്ങള്‍, യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സയായി നല്‍കേണ്ടി വരും.

പൂപ്പല്‍ബാധയേല്‍ക്കാതെ കരുതാം

മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കുന്ന തീറ്റച്ചാക്കുകള്‍ തണുത്ത കാറ്റടിക്കാത്ത മുറിയില്‍ തറയില്‍നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍നിന്ന് ഒന്നരയടി അകലത്തിലും മാറി പലകയുടെ മുകളില്‍ വേണം സൂക്ഷിക്കാന്‍. നനഞ്ഞ കൈകൊണ്ടോ. പാത്രങ്ങള്‍കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം  ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. ഇത് വഴി വലിയ ചാക്കിലെ പൂപ്പല്‍ ബാധ തടയാം. ടോക്‌സിമാര്‍ പോലുള്ള തീറ്റയിലെ പൂപ്പല്‍വിഷം നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ടോക്‌സിന്‍ ബൈന്‍ഡറുകള്‍ എന്നറിയപ്പെടുന്ന മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

വൈക്കോലും പ്ലാവിലയടക്കമുള്ള പച്ചില തീറ്റകളും നന്നായി ഉണക്കി ഈര്‍പ്പമോ, മഴച്ചാറ്റലോ ഏല്‍ക്കാത്തവിധം സൂക്ഷിക്കണം. കാലിത്തീറ്റ നല്‍കുന്ന പാത്രങ്ങള്‍ നിത്യവും കഴുകി തുടച്ച് വൃത്തിയാക്കണം. തൊഴുത്തിന്റെ തറയില്‍ പുല്ലും വൈക്കോലും കാലിത്തീറ്റയവശിഷ്ടങ്ങളും  കെട്ടിക്കിടന്ന് അവയില്‍ പൂപ്പലുകള്‍ വളരാനുള്ള സാധ്യത ഒഴിവാക്കണം.വൈക്കോല്‍ ഉള്‍പ്പെടെ  സൂക്ഷിച്ചുവെച്ച കാലിത്തീറ്റകള്‍ ഇടയ്ക്ക് വെയിലില്‍ ഉണക്കുന്നത് ഈര്‍പ്പം കുറയ്ക്കാനും പൂപ്പലുകളുടെ വളര്‍ച്ച തടയാനും ഉപകരിക്കും.

തീറ്റപരിശോധന നടത്താന്‍ മടിക്കേണ്ട

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൊണ്ടുവരുന്ന പുതിയ പരുഷ, സാന്ദ്രീകൃത തീറ്റകള്‍ പശുക്കള്‍ക്ക് നല്‍കിയതിന് ശേഷം  ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വിട്ടുമാറാത്ത  വയറിളക്കം, പാലുല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ് തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീറ്റയില്‍ പൂപ്പല്‍ വിഷബാധ സംശയിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ പ്രസ്തുത തീറ്റ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി തീറ്റയുടെ രാസപരിശോധനാ നടത്താനുള്ള നടപടികള്‍ തൊട്ടടുത്ത വെറ്ററിനറി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ സ്വീകരിക്കണം. വെറ്ററിനറി കോളേജുകളിലും ക്ഷീരവികസനവകുപ്പിന്റെ ലാബുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. 

English summary: Aflatoxin Issues in Dairy Cattle: Effects, Prevention and Treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA