പശുക്കൾക്കുവേണം വേനൽ പരിരക്ഷ; ക്ഷീരകർഷകർ ഓർമിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • ക്ഷീരമേഖലയിൽ വേനൽ വെല്ലുവിളികൾ ഏറെ
desi-cow-kottayam-3
SHARE

ക്ഷീരമേഖലയ്ക്ക് വേനൽ അതിജീവനത്തിന്റെ കാലമാണ്.  വെള്ളത്തിനും തീറ്റപ്പുല്ലിനുമുള്ള  ക്ഷാമം, കടുത്ത ചൂടിൽ തളർന്ന് സങ്കരയിനം  പശുക്കളിൽ പാലുൽപാദനം കുറയൽ, പശുക്കൾ കിതച്ചും അണച്ചും തളരുന്നതോടെ തലപൊക്കിത്തുടങ്ങുന്ന രോഗങ്ങൾ, കുത്തിവെച്ചാൽ ഗർഭധാരണം നടക്കാനുള്ള സാധ്യത കുറയൽ എന്നിങ്ങനെ ക്ഷീരമേഖലയിൽ വേനൽ വെല്ലുവിളികൾ ഏറെ. ഉയര്‍ന്ന ശരീരോഷ്മാവ്, കിതപ്പ്,  തീറ്റയോടുള്ള മടുപ്പ്, പാല്‍ ഉൽപാദനം കുറയല്‍,  വായില്‍നിന്നും നുരയും പതയുമൊലിക്കല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, നാക്ക് പുറത്തേക്കിട്ട് ചുഴറ്റല്‍, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്,  ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, വിറയല്‍, തറയില്‍ കിടക്കാനുള്ള വിമുഖത, മദി ലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍ എന്നിവയെല്ലാം പശുക്കളിലെ വേനൽ സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണ്. പ്രതികൂലതകൾ ഏറെയുണ്ടെങ്കിലും മികച്ചതും മാതൃകാപരവുമായി പരിപാലന മാർഗങ്ങൾ സ്വീകരിച്ച് പാലുൽപാദനം ഒട്ടും കുറയാതെ വേനലിന്റെ വീറിനെ അതിജീവിക്കുന്ന ക്ഷീരകർഷകരുമുണ്ട്. വേനൽ കാലത്ത് ക്ഷീരസംരംഭങ്ങളിൽ സ്വീകരിക്കാവുന്ന ചില പരിപാലന ടിപ്സുകൾ ഇതാ.

നിര്‍ജ്ജലീകരണം  തടയാനും, പാല്‍ ഉൽപാദനനഷ്ടം  ഒഴിവാക്കാനും പശുക്കള്‍ക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാകണം. സാധാരണനിലയില്‍ 60-70 ലീറ്റര്‍ വെള്ളമാണ് പശുക്കള്‍ക്ക് ദിനേന ആവശ്യമുള്ളത്, എന്നാല്‍ വേനലില്‍  ഇത് ഇരട്ടിയാവും. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം തൊഴുത്തില്‍ സജ്ജമാക്കിയാല്‍ ആവശ്യാനുസരണം എപ്പോഴും  കുടിവെള്ളം ഉറപ്പാക്കാം. തണുത്ത വെള്ളം ഉറപ്പുവരുത്തുന്നതിനായി പശുക്കള്‍ക്കായുള്ള  കുടിവെള്ളം  സംഭരിക്കുന്ന ടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം.

തറനിരപ്പില്‍നിന്നു മേല്‍ക്കുരയിലേക്ക് 10-12 അടി എങ്കിലും ഉയരം പ്രധാനം. തൊഴുത്തിനുള്ളില്‍ ചൂടിനെ ക്രമീകരിച്ച് നിര്‍ത്താന്‍ ഇരട്ട റൂഫിങ് (ഡബിള്‍ റൂഫിങ്) സംവിധാനം ഏറെ സഹായിക്കും.  ഉഷ്ണസമ്മര്‍ദ്ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം അനിവാര്യമാണ്.  തൊഴുത്തിന്‍റെ ചുറ്റുവട്ടങ്ങളിലും വശങ്ങളിലുമൊക്കെയുള്ള തടസ്സങ്ങള്‍ നീക്കി സുഗമമായ വായുസഞ്ചാരം ഉറപ്പാക്കണം. വായുസഞ്ചാരം സുഗമമാക്കാന്‍ ഫാനുകളും ഘടിപ്പിക്കാം. തൊഴുത്തിന്‍റെ കോണ്‍ക്രീറ്റ് തറ ചൂട് പിടിക്കുന്നതുമൂലം പശുക്കള്‍ തറയില്‍ കിടക്കാന്‍ മടിക്കും. മാത്രമല്ല ചൂടുപിടിച്ച തറ അകിടിന്‍റെ  ആരോഗ്യത്തെയും ബാധിക്കും. പശുക്കളുടെ കിടപ്പും വിശ്രമവും കുറഞ്ഞാൽ പാലുൽപാദനവും ആനുപാതികമായി കുറയും എന്ന കാര്യം ഓർക്കണം. ഇതൊഴിവാക്കാന്‍ വേനല്‍ കനക്കും മുന്‍പ് തറയില്‍ റബര്‍ മാറ്റുകള്‍ വാങ്ങി വിരിക്കണം.

തൊഴുത്തിന്റെ മേല്‍ക്കൂര അലൂമിനിയം ഷീറ്റുകൊണ്ടാണെങ്കില്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ ചണച്ചാക്കോ, പനയോലയോ, തെങ്ങോല മടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും തൊഴുത്തിലെ ചൂട് കുറയ്ക്കും. കഠിനമായ വെയിലുള്ളപ്പോള്‍ തൊഴുത്തിന്‍റെ വശങ്ങളില്‍ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും മടഞ്ഞ ഓല കൊണ്ട് തൊഴുത്തിന്‍റെ വശങ്ങള്‍ പകുതി വരെ മറയ്ക്കുന്നതും തൊഴുത്തിലെ താപം കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ നെറ്റും ഇതിനായി പ്രയോജനപ്പെടുത്താം. മേല്‍ക്കൂര വെള്ളപൂശുന്നത് തൊഴുത്തിലെ ചൂടുകുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്. ഒപ്പം മേല്‍ക്കൂരയ്ക്ക് കീഴെ ഇരുണ്ടതോ കറുത്തതോ ആയ പെയിന്‍റ് പൂശുകയും ചെയ്യാം. വായുസഞ്ചാരത്തിന് തടസ്സമില്ലാത്ത വിധത്തില്‍ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ് എന്നിവ ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും ഉള്ളിലെ താപം കുറയ്ക്കും.

പശുക്കള്‍ക്ക് സാന്ദ്രീകൃത തീറ്റയും വൈക്കോലും നല്‍കുന്നത് അതിരാവിലെയും വൈകുന്നേരസമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. ഇത്  പശുക്കള്‍ കൂടുതല്‍ തീറ്റയെടുക്കുന്നതിനും തീറ്റയുടെ ദഹനം കാരണമായുണ്ടാകുന്ന ശരീരതാപം എളുപ്പത്തില്‍ പുറന്തള്ളാനും സഹായിക്കും. മൊത്തം തീറ്റ ഒറ്റസമയത്ത് നല്‍കുന്നതിന് പകരം വിഭജിച്ച് പല തവണകളായി നല്‍കുന്നതാണ് നല്ലത്. ജലാംശം അടങ്ങിയ പച്ചപ്പുല്ലും പച്ചിലതീറ്റകളും പകല്‍ ധാരാളം നല്‍കണം. പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ- യുടെ അപര്യാപ്ത്തത പരിഹരിക്കുന്നതിനായി ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് (30 മില്ലിലീറ്റര്‍ വീതം മീനെണ്ണ ഇടവിട്ട ദിവസങ്ങളില്‍)  നല്‍കണം. വാഴയുടെ അവശിഷ്ടങ്ങള്‍, കമുകിന്‍ പാള, ഈര്‍ക്കില്‍ മാറ്റിയ പച്ച തെങ്ങോല, പീലിവാക, അഗത്തി, ശീമക്കൊന്ന തുടങ്ങിയ പ്രാദേശികമായി ലഭ്യമായ വൃക്ഷവിളകള്‍, മറ്റു പച്ചിലകള്‍തുടങ്ങിയ ജലാംശം കൂടിയ വിഭവങ്ങള്‍ തീറ്റയില്‍ ചേര്‍ക്കാം. വീട്ടുവളപ്പില്‍ തന്നെ വളര്‍ത്താവുന്നതും വേനലില്‍ പശുക്കള്‍ക്ക് നല്‍കാവുന്നതുമായ മികച്ച ഒരു പോഷകാഹാരമാണ് അസോളയും മുരിങ്ങയിലയും.

വിപണിയില്‍ ലഭ്യമായ ചീലേറ്റഡ് ധാതു ലവണ മിശ്രിതങ്ങള്‍ പ്രതിദിനം 50 ഗ്രാം വരെ ശരീരഭാരമനുസരിച്ചു കിടാരികള്‍ക്കും കറവപ്പശുക്കള്‍ക്കും നിര്‍ബന്ധമായും നല്‍കണം. സമ്പൂര്‍ണ്ണ സമ്പന്ന സമീകൃത തീറ്റകള്‍ (ടോട്ടല്‍ മിക്സഡ് റേഷന്‍, ബൈപ്പാസ് പ്രോട്ടീനുകള്‍, ബൈപ്പാസ് ഫാറ്റുകള്‍, വിപണിയിൽ ലഭ്യമായ മറ്റു എനര്‍ജി സപ്ലിമെന്‍റുകള്‍, മിനറല്‍ ബ്ലോക്കുകള്‍ എന്നിവയും അത്യുൽപാദനശേഷിയുള്ള പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ ഊര്‍ജലഭ്യതയും, പോഷണവും ഉറപ്പുവരുത്തുന്നതിനായി ബിയര്‍ വെയ്സ്റ്റ്, കപ്പപ്പൊടി, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, സോയാബീന്‍ പിണ്ണാക്ക് തുടങ്ങി കൂടുതല്‍ കൊഴുപ്പും, മാംസ്യവും അടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ തീറ്റയില്‍ അനുവദനീയമായ അളവില്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  തീറ്റക്രമത്തില്‍ പെട്ടെന്ന് മാറ്റം വരുത്തുന്നത്  ഒഴിവാക്കണം.

അധിക സാന്ദ്രീകൃത തീറ്റനൽകുന്നതും അണപ്പിലൂടെ  ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നതും കാരണം ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന  അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), മഗ്നീഷ്യം ഓക്സൈഡ് എന്നിവയുടെ മിശ്രിതം 3:1 എന്ന അനുപാതത്തില്‍ ഒരു കിലോഗ്രാം  കാലിത്തീറ്റയ്ക്ക് 15 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. ഇത് പരമാവധി 50 മുതല്‍ 60 ഗ്രാം വരെയാവാം.  ആമാശയത്തിലെ അമ്ല, ക്ഷാര നിലയെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന റൂമന്‍ ബഫറുകളും ഇതിനായി (ബുഫസോണ്‍, അസിബഫ്, ഹിമാലയന്‍ ബാറ്റിസ്റ്റ് തുടങ്ങിയവ) പ്രയോജനപ്പെടുത്താം. തീറ്റയുടെ  ദഹനവും പോഷക ആഗിരണവും കാര്യക്ഷമമാക്കുന്നതിനായി യീസ്റ്റ്, ലാക്ടോ ബാസില്ലസ് ബാക്ടീരിയകള്‍ തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ തീറ്റസഹായികള്‍ പശുക്കള്‍ക്ക് നല്‍കാം. ഫീഡ് അപ്പ് യീസ്റ്റ്, എക്കോറ്റാസ്, പി ബയോട്ടിക്സ് തുടങ്ങിയ പേരുകളില്‍ മിത്രാണുമിശ്രിതങ്ങള്‍ വിപണിയില്‍ സുലഭമാണ്.

കറവപ്പശുക്കളില്‍ പ്രസവത്തെ തുടര്‍ന്ന് ക്ഷീരസന്നി, കീറ്റോണ്‍ രോഗം തുടങ്ങിയ ഉപാപചയ രോഗങ്ങള്‍ക്കുള്ള സാധ്യത വേനല്‍ കാലത്ത് ഉയര്‍ന്നതാണ്. വേനലില്‍ തീറ്റയെടുക്കല്‍ കുറയുന്നത് കാരണമായും, ശരീര സമ്മര്‍ദ്ദം മൂലവും ശരീരത്തില്‍ കാത്സ്യത്തിന്‍റെയും ഗ്ലൂക്കോസിന്‍റെയും  അളവ് കുറയുന്നതാണ് ഈ രോഗങ്ങള്‍ക്കുള്ള കാരണങ്ങള്‍. തീറ്റമടുപ്പ്, പാല്‍ ഉൽപാദനം പെട്ടെന്ന് കുറയല്‍, ശരീര തളര്‍ച്ച തുടങ്ങിയ അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുൽപാദനം വേനലില്‍ അല്‍പ്പം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ് മുഖ്യ പരിഗണനയെന്ന കാര്യം മറക്കരുത്.

ദിവസവും രണ്ട് തവണയെങ്കിലും പശുക്കളെ കുളിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ഇടവേളകളില്‍ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചെറുതുള്ളികളായി വെള്ളം പശുവിന്‍റെ ശരീരത്തില്‍ വീഴ്ത്തുന്ന മിസ്റ്റ് സംവിധാനവും ഇതിനായി ഉപയോഗിക്കാം. ഡെയറി ഫാമുകള്‍ക്കായി മിസ്റ്റ് സിസ്റ്റം/ഫോഗറുകള്‍ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് കൂളിംഗ് സിസ്റ്റവും ഇന്ന് ലഭ്യമാണ്. ഇതിനുപുറമെ മേൽക്കൂരയുടെ മുകളിൽ വെള്ളം നനച്ച് തണുപ്പിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്ന കർഷകരും ഉണ്ട്. ഇത്തരം കൃത്രിമനന സംവിധാനങ്ങൾ  ഒരുക്കുമ്പോൾ തൊഴുത്തിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് ഏറെ പ്രധാനമാണ്. അതല്ലെങ്കിൽ പശുക്കൾക്ക് ശ്വാസകോശരോഗങ്ങൾ വില്ലനാകും. കുളിപ്പിക്കാനും തൊഴുത്ത് വൃത്തിയാക്കാനും പ്രഷര്‍ വാഷറുകള്‍ ഉപയോഗിച്ചാല്‍ വെള്ളത്തിന്‍റെ ഉപയോഗം കുറയ്ക്കാം.

പശുക്കള്‍ക്ക് സ്വയം മേനിയുരുമ്മാന്‍ സഹായിക്കുന്ന സ്വിംഗ് ബ്രഷുകളോ, അല്ലെങ്കില്‍ സാധാരണ ബ്രഷുകളോ ഉപയോഗിച്ച് പശുക്കളുടെ മേനിയില്‍  തിരുമ്മിയാല്‍ അതുവഴി ത്വക്കിലേക്കുള്ള രക്തയോട്ടം കൂട്ടാനും താപസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.  പോത്തുകളും എരുമകളും വെള്ളത്തില്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്നവരായതിനാല്‍ അവയ്ക്കായി  തൊഴുത്തിനോട് ചേര്‍ന്ന് ചെറിയ ജല ടാങ്കുകളും ഒരുക്കണം. 

പശുക്കളെ പകല്‍ സമയങ്ങളില്‍ തുറന്ന പുല്‍മേടുകളില്‍ മേയാന്‍ വിട്ടാല്‍ കഠിനമായ ചൂടില്‍ സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. ഒട്ടേറെ കന്നുകാലികള്‍ മുന്‍വര്‍ഷം സംസ്ഥാനത്ത് സൂര്യാതപം ഏറ്റ് മരണപ്പെട്ടിട്ടുണ്ട് മൃഗസംരക്ഷണവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. മേയാന്‍ വിട്ട്  വളര്‍ത്തുന്ന പശുക്കള്‍ ആണെങ്കില്‍ മേയല്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കാം. രാവിലെ 11നും 3നും ഇടയിലുള്ള  സമയങ്ങളില്‍  പശുക്കളെ തുറസ്സായ  സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും, പാടങ്ങളില്‍ കെട്ടുന്നതും തീര്‍ച്ചയായും ഒഴിവാക്കണം. ഈ സമയങ്ങളില്‍ തണലിടങ്ങളില്‍ അവയെ പാര്‍പ്പിക്കണം. ചൂടുകൂടിയ സമയങ്ങളില്‍ പശുക്കളെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നടത്തിച്ചും വാഹനങ്ങളിലുമൊക്കെയായി  കൊണ്ടുപോകുന്നത് ഒഴിവാക്കണം പശുക്കളുമായുള്ള യാത്രകള്‍ രാവിലെ പത്തുമണിക്ക്  മുന്‍പും വൈകിട്ട് മൂന്നുമണിക്ക് ശേഷവുമായി ക്രമീകരിക്കണം. കിതപ്പ്, തളര്‍ന്നു വീഴല്‍, വായില്‍ നിന്ന് നുരയും പതയും, പൊള്ളലേറ്റപാട് തുടങ്ങി സൂര്യാതപത്തിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും ധാരാളം കുടിവെള്ളം നല്‍കുകയും വേണം. 

ഉയര്‍ന്ന താപനില ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നത് കാരണം പശുക്കളുടെ പ്രത്യുൽപാദന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനിടയുണ്ട്. മദി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കല്‍, മദി പ്രകടിപ്പിക്കുമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കല്‍ തുടങ്ങിയവ ഉഷ്ണസമ്മര്‍ദ്ദം മൂലം സംഭവിക്കാം. പശു മദി ചക്രത്തിലൂടെ  കടന്നുപോവുമെങ്കിലും ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍  കാണിക്കാതിരിക്കാനും സാധ്യതയുണ്ട്. ശരീര സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങള്‍ ഉറപ്പുവരുത്തിയും, വിരമരുന്നുകള്‍ അടക്കമുള്ളവ കൃത്യമായി നല്‍കിയും ഫാമിലെ പശുക്കളുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട റിക്കാര്‍ഡുകള്‍ കൃത്യമായി  രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാം. കൃത്രിമ ബീജാധാനം തണലുള്ള ഇടങ്ങളില്‍ വെച്ച് നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും.  

പട്ടുണ്ണികള്‍, വട്ടന്‍ തുടങ്ങിയ രോഗാണുവാഹകരായ കീടങ്ങള്‍ പെറ്റുപെരുകുന്നതിന് അനുയോജ്യമായ കാലാവസ്ഥ കൂടിയാണ് വേനല്‍. അനുകൂലകാലാവസ്ഥയില്‍ സക്രിയമാവുന്ന ഈ ബാഹ്യപരാദങ്ങള്‍ പശുക്കളില്‍ വിവിധ രോഗങ്ങള്‍ പടര്‍ത്തുന്നു. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ  രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. രക്തകോശങ്ങളെ ആക്രമിക്കുന്ന രോഗാണുക്കള്‍ പ്രസ്തുത കോശങ്ങളുടെ നാശത്തിനു തന്നെ കാരണമാവുന്നു. ശക്തമായ പനി, വിളര്‍ച്ച,  മഞ്ഞപ്പിത്തം, വയറിളക്കം, ശ്വാസമെടുക്കാനുള്ള പ്രയാസം, മൂത്രത്തിന്റെ നിറം രക്തവര്‍ണ്ണമാവല്‍  തുടങ്ങിയ ലക്ഷണങ്ങള്‍  രക്താണുരോഗങ്ങളില്‍ കാണാം. കന്നിക്കിടാക്കള്‍ മുതല്‍ വലിയ പശുക്കളെ വരെ രോഗം  ബാധിക്കാം. ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. രക്തം പരിശോധിച്ച് രോഗം കൃത്യമായി കണ്ടെത്താനുള്ള സൗകര്യങ്ങള്‍ മൃഗാശുപത്രികളില്‍ ലഭ്യമാണ്.

English summary: Tips to Keep your Cattle Safe in the Summer Heat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA