കൃഷിച്ചെലവ് പത്തിലൊന്നായി കുറച്ച് കർഷകന്റെ ‘ബുള്ളറ്റ് ട്രാക്ടർ’

bullet-tractor-1
SHARE

മഹാരാഷ്‌ട്രയിലെ നിലങ്ക ഗ്രാമത്തിലെ മക്ബുൽ ഷെയ്ഖ് എന്ന കർഷകന്റെ ട്രാക്ടർ ഇന്ന് ലോകശ്രദ്ധ നേടിയിട്ടുണ്ട്. മറ്റു ട്രാക്ടറുകളിൽനിന്നു വ്യത്യസ്തമായി ബുള്ളറ്റ് ട്രാക്ടറാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കൃഷിടത്തിലേക്ക് ആവശ്യമായ വളവും അവശ്യവസ്തുക്കളും കൊണ്ടുപോകാനും വിളകൾ മാർക്കറ്റിലെത്തിക്കാനും അദ്ദേഹം ഉപയോഗിക്കുന്നത് ഈ ബുള്ളറ്റ് ട്രാക്ടർ തന്നെ. അതുകൊണ്ടെന്താ കൃഷിയിലെ സാമ്പത്തികച്ചെലവ് പത്തിലൊന്നായി കുറയ്ക്കാൻ അദ്ദേഹത്തിനായി.

2015 മുതൽ മഴക്കുറവിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിലങ്ക ഗ്രാമവാസികൾ. കാര്യമായ മഴ ലഭിക്കാത്തതുകൊണ്ടുതന്നെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതംതന്നെ വഴിമുട്ടി. മാത്രമല്ല കുടിവെള്ളവും ഇല്ലാത്ത അവസ്ഥ. മൂന്നേക്കർ കൃഷിയിടമുള്ള മക്ബുൽ ഷെയ്ഖിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.

തീറ്റപ്പുല്ലിനും വെള്ളത്തിനും ക്ഷാമം വന്നതോടെ മക്ബുൽ തന്റെ കാളകളെ വിറ്റു. മാത്രമല്ല കൃഷിയിടത്തിലെ പ്രവർത്തനവും കാര്യക്ഷമമായി നടക്കാതെയായി. ഇതാണ് മക്ബുൽ എന്ന കർഷകനെ ബുള്ളറ്റ് ട്രാക്ടർ നിർമിക്കാൻ പ്രേരിപ്പിച്ചത്. ഫലമോ, കൃഷിച്ചെലവ് പത്തിലൊന്നായി ചുരുക്കാൻ കഴിഞ്ഞു.

bullet-tractor

ബുള്ളറ്റ് ട്രാക്ടർ എന്ന കണ്ടുപിടിത്തം വിജയകരമായിരുന്നു. ഇതുവരെ 140 ബുള്ളറ്റ് ട്രാക്ടറുകൾ മക്ബുൽ ഗ്രാമത്തിൽത്തന്നെ വിറ്റഴിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക പുരസ്കാരവും മക്ബുലിനെ തേടിയെത്തി.

സഹോദരന്റെ ട്രാക്ടർ വർക്ക്‌ഷോപ്പായിരുന്നു ബുള്ളറ്റ് ട്രാക്ടറിന്റെ പണിപ്പുര. സഹോദരനൊപ്പം വർക്ക്‌ഷോപ്പിലെ ജോലികൾ ചെയ്തിരുന്നതിനാൽ യന്ത്രങ്ങളുടെ പ്രവർത്തനം മക്ബുലിന് പരിചിതമായിരുന്നു. സഹോദരന്റെ മരണത്തോടെ വർക്ക്‌ഷോപ്പിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കേണ്ടിയും വന്നു. അതിനൊപ്പം തന്നെ കൃഷിയും മുന്നോട്ടുകൊണ്ടുപോയിരുന്നു.

ഉപയോഗശൂന്യമായ വസ്തുക്കളിൽനിന്നും എൻജിനുകളിൽനിന്നും കൃഷിക്കാവശ്യമായ ഉപകരണം നിർമിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനം ചെറുതായിരിക്കണം, എന്നാൽ കരുത്തുറ്റതായിരിക്കണം–ഇതായിരുന്നു മനസിലുണ്ടായിരുന്നത്. ആദ്യം നിർമിച്ചത് 10എച്ച്പിയുടെ എൻജിൻ ഘടിപ്പിച്ച മുച്ചക്ര വാഹനമായിരുന്നു. ഇതിനായി ഉപയോഗിച്ചത് ഒരു പഴയ ബുള്ളറ്റ് മോട്ടോർസൈക്കിളും. 

2016ൽ ആരംഭിച്ച നിർമാണം വിജയകരമായി പൂർത്തിയാക്കാൻ രണ്ടു വർഷത്തോളമെടുത്തു. നൂറുതവണയെങ്കിലും വാഹനം കേടായിട്ടുണ്ട്. മാത്രമല്ല എല്ലാ ഭാഗങ്ങളും ഒരുപോലെ പ്രവർത്തിക്കുന്നതിലും ഒട്ടേറെ തവണ പരാജയപ്പെട്ടു. ഇന്ധനക്ഷമത ഉറപ്പുവരുന്നത്തുക എന്നതായിരുന്നു ഏറ്റവും വിഷമമേറിയ ഘട്ടം. ഇങ്ങനെ നിർമിച്ച വാഹനം മാസങ്ങളോളം കൃഷിയിടത്തിൽ ഉപയോഗിച്ചാണ് കാര്യക്ഷമത ഉറപ്പുവരുത്തിയത്. ഇതിനൊപ്പം 5 വാഹനങ്ങൾ നിർമിച്ച് പരീക്ഷണാടിസ്ഥാനത്തിൽ കർഷകർക്ക് നൽകുകയും ചെയ്തു.

വാഹനം ഉപയോഗിച്ച കർഷകരുടെ അനുഭവവും നിർദേശങ്ങളും സ്വീകരിച്ച് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും മക്ബുൽ ശ്രമിച്ചു. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് 2018ൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബുള്ളറ്റ് ട്രാക്ടർ വിപണിയിലിറക്കി. ആവശ്യപ്പെടുന്നവർക്ക് നിർമിച്ച് നൽകാനും തുടങ്ങി. 

ഒരാഴ്ചയ്ക്കുള്ളിൽ ഒരു വാഹനം നിർമിച്ചെടുക്കാൻ കഴിയുമെന്ന് മക്ബുൽ പറയുന്നു. വിതയ്ക്കാനും കള പറിക്കാനും കീടനാശിനി തളിക്കാനും ഉഴവിനുമെല്ലാം ഈ വിവിധോദ്ദേശ ഉപകരണം ഉപയോഗിക്കാൻ കഴിയും. മുച്ചക്ര ട്രാക്ടറിൽ നാലു ചക്രങ്ങളുള്ള പതിപ്പും മക്ബുലിന്റെ അഗ്രോ വൺ നിർമിക്കുന്നുണ്ട്. 

സാധാരണക്കാർക്ക് അനുയോജ്യമായ ട്രാക്ടറാണ് തന്റേതെന്ന് മക്ബുൽ പറയുന്നു. സാധാരണ ട്രാക്ടർ എല്ലാവിധ ഉപകരണങ്ങളോടുംകൂടി വാങ്ങുമ്പോൾ കുറഞ്ഞത് 9 ലക്ഷം രൂപയോളം വില വരും. ചെറിയ ട്രാക്ടറുകൾക്ക് 3.5 ലക്ഷവും വില വരും. എന്നാൽ ബുള്ളറ്റ് ട്രാക്ടറിന് വില 1.6 ലക്ഷം രൂപയാണെന്ന് മക്ബുൽ പറയുന്നു. 60000 രൂപയ്ക്ക് ചെറിയ പതിപ്പും ലഭിക്കും. 

English summary: Maharashtra Farmer Bullet Tractor Innovation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA