ADVERTISEMENT

അടുത്തു കെട്ടിയിരുന്ന പശുക്കിടാവ് തള്ളപ്പശുവിന്റെ പാൽ മുഴുവൻ കുടിച്ചു തീർക്കുകയും ചിലപ്പോഴെങ്കിലും കറവയിൽ പാലൊട്ടും കിട്ടാതിരിക്കുന്ന അനുഭവവും ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. അമിതമായി പാൽ കുടിച്ചതു മൂലമുള്ള വയറിളക്കം കിടാക്കളിലും സാധാരണമാണ്. ഫലപ്രദമായ വീനിങ് രീതി അവലംബിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

പ്രസവാനന്തരം കിടാവിന്റെ പാൽ കുടി നിർത്തി തള്ളപ്പശുവിൽനിന്നും വേർതിരിക്കുന്നതിനെയാണ് വീനിങ് എന്നു പറയുന്നത്.  ജനനശേഷം കിടാവുകൾ  തള്ളപ്പശുവിനെ ആശ്രയിക്കാതെ ജീവിക്കാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്.

വീനിങ് നടത്തേണ്ടത് എപ്പോൾ?

സാധാരണയായി പശുക്കിടാവിന് മൂന്നു  മാസം പ്രായമാകുന്നതു വരെ അത് തള്ളപ്പശുവിന്റെ കൂടെ നിന്ന് പാൽ കുടിച്ചു വളരുകയാണ് പതിവ്. തള്ളപ്പശുവിനും കുട്ടിക്കും പരസ്പരം കാണാവുന്ന രീതിയിൽ അവർക്കിടയിൽ ഒരു വേലി കെട്ടി വേർതിരിക്കുന്ന രീതിയും നിലവിലുണ്ട്. എന്നാൽ പ്രസവിച്ചയുടൻ തന്നെ കിടാവിനെ മാറ്റി പാർപ്പിക്കുന്ന വീനിങ്ങ് രീതിയാണ് വൻകിട ഫാമുകളിൽ അനുവർത്തിക്കുന്നത്. ഈ രീതിയിൽ കിടാവിനെ അകിടിൽ നിന്നും നേരിട്ട് പാൽ വലിച്ചു കുടിക്കാൻ അനുവദിക്കാതെ, കന്നിപ്പാൽ ഉൾപ്പെടെയുള്ള പശുവിൻ പാൽ കറന്നു പാൽകുപ്പിയിലോ പാൽപാത്രത്തിലോ ഒഴിച്ച്  കിടാവിനെ കുടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മൂന്നു മാസം പ്രായമാകുന്നതു വരെ തുടരുന്നു. പശുവിൻപാലിനു പകരം കൊഴുപ്പു നീക്കിയതോ നീക്കാത്തതോ ആയ പാൽപ്പൊടികൾ അവയ്ക്ക് കൊടുക്കുകയോ ചെയ്യാം. 

ചില ഫാമുകളിൽ കുട്ടിയെ പ്രസവശേഷം ഒരു ദിവസമോ ഒരാഴ്ചയോ തള്ളപ്പശുവിന്റെ കൂടെ നിർത്താറുണ്ട്. പക്ഷേ, വളരെ പെട്ടെന്ന് സാഹചര്യങ്ങൾ വ്യത്യാസപ്പെടുന്നതുകൊണ്ട് മാതാവിനും കുട്ടിക്കും ഇത് ഒരുപോലെ സമ്മർദ്ദമുണ്ടാക്കുന്നു. കൂടാതെ, കുട്ടിയുടെ വളർച്ചയും തീറ്റ പരിവർത്തന ശേഷിയും കുറയ്ക്കുകയും തള്ളപ്പശുവിന്റെ പാലുൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആയതിനാൽ ജനിച്ചയുടൻ തന്നെ വേർതിരിക്കുന്നതാണ് കൂടുതൽ ഫലപ്രദമായി കാണുന്നത്. 

calf-weaning-1
പാൽ കുടിക്കാൻ പ്രത്യേക പരിശീലനം

പ്രസവിച്ചയുടനെ വീനിങ് ചെയ്യുന്നതു കൊണ്ടുള്ള നേട്ടങ്ങൾ

  1. പശുവിന്റെ പാലുൽപ്പാദനം കൃത്യമായി അളക്കാൻ സാധിക്കുന്നു. അങ്ങനെ ഉൽപ്പാദനത്തിനനുസൃതമായി തീറ്റയുടെ അളവ് ക്രമീകരിക്കാൻ കഴിയും.
  2. കിടാവിന്റെ വളർച്ചയ്ക്കാവശ്യമായ പാൽ കൃത്യമായി നൽകാൻ സാധിക്കുന്നു. കിടാവ് അമിതമായോ ആവശ്യമായ അളവിൽ കുറച്ചോ പാലും തീറ്റയും കഴിക്കുന്നത് തിരിച്ചറിയാനും അത് ഒഴിവാക്കാനും സാധിക്കും.
  3. പാലിനു പകരമുള്ള പാൽപ്പൊടികൾ, സോയപ്പാൽ എന്നിവ കിടാവിന്റെ തീറ്റയിൽ ഉൾപ്പെടുത്തുന്നതു വഴി ഫാമിലെ ചെലവു കുറയ്ക്കാം.
  4. വൃത്തിയും ശുചിത്വവുമുള്ള പാലുൽപാദനം ഉറപ്പാക്കാം.
  5. കിടാവിന്റെ സാന്നിധ്യം മൂലം കറവയുടെ ഇടയ്ക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദുരീകരിക്കാം.
  6. പാൽ വലിച്ചു കുടിക്കുന്നതിനിടെ കുട്ടിയുടെ പല്ലു കൊണ്ട് അകിടിൽ ഉണ്ടായേക്കാവുന്ന മുറിവുകളും അതിലൂടെ  അണുബാധയുണ്ടാകുന്നതും തടയാം.
  7. കിടാക്കളുടെ വന്ധ്യംകരണം, കൊമ്പു മുറിക്കൽ, വിരയിളക്കൽ തുടങ്ങിയ പരിപാലന മുറകൾ എളുപ്പമായി ചെയ്യാം.
  8. പശുക്കൾ വളരെ പെട്ടെന്നു തന്നെ പ്രസവാനന്തര മദി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ഗർഭധാരണത്തിനും കാലതാമസം നേരിടില്ല. 

പ്രസവിച്ചയുടനെയുള്ള വീനിങ്ങിൽ കിടാവിന്റെ പരിചരണം

calf-weaning-2
പ്രസവിച്ചയുടനെ തൂക്കം നോക്കുന്നു

പൊതുവായ പരിപാലനമുറകൾ ഒന്നു തന്നെയാണെങ്കിലും ഈ രീതിയിൽ കിടാവിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രധാനമായുള്ളവ താഴെ കൊടുക്കുന്നു.

  • തള്ളപ്പശു നക്കിത്തുടയ്ക്കുന്നതിനു പകരമായി പുല്ലോ വൈക്കോലോ ഉപയോഗിച്ച് കിടാവിന്റെ ശരീരം മുഴുവൻ തുടച്ചു വൃത്തിയാക്കണം.
  • ജനിച്ചയുടൻ ശരീരഭാരം അളക്കണം.
  • കന്നിപ്പാൽ കറന്ന് കിടാവിന്റെ ശരീരഭാരത്തിന്റെ 5 - 8% അളവിൽ  കുപ്പിയിലാക്കി കുടിപ്പിക്കണം. അതായത് 30 കി.ഗ്രാം ശരീരഭാരമുള്ള കുട്ടിക്ക് ഏറ്റവും കുറഞ്ഞത് 1.5-2.4 ലീറ്റർ കന്നിപ്പാൽ എങ്കിലും പ്രസവശേഷം 15 - 30 മിനിറ്റിനുള്ളിൽ നൽകിയിരിക്കണം. പിന്നീട് 10-12 മണിക്കൂറിനു ശേഷം രണ്ടാം തവണയും ഇതേ അളവിൽ നൽകണം. രണ്ടാം ദിവസവും മൂന്നാം ദിവസവും കിടാവിന്റെ ശരീരഭാരത്തിന്റെ 10% അളവിൽ പാൽ നൽകിയാൽ മതിയാകും.
  • ഒരാഴ്ച പ്രായമാകുന്നതു വരെ ദിവസേന മൂന്നോ നാലോ തവണ പാൽ കുടിപ്പിക്കണം.
  • രണ്ടാമത്തെ ആഴ്ചയിൽ രണ്ടു തവണ പാൽ നൽകിയാൽ മതി.
  • ആദ്യത്തെ 6 ആഴ്ച - ശരീരഭാരത്തിന്റെ 1/10 പാൽ
  • അടുത്ത 2 ആഴ്ച - ശരീരഭാരത്തിന്റെ 1/15 പാൽ
  • അടുത്ത 4 ആഴ്ച -ശരീരഭാരത്തിന്റെ 1/ 20 പാൽ
  • ജനിച്ച് ഒന്നു രണ്ട് ആഴ്ചകൾക്കുള്ളിൽ കാഫ് സ്റ്റാർട്ടർ തീറ്റയും ഗുണമേന്മയുള്ള പച്ചപ്പുല്ലും നൽകണം. ഇവ നന്നായി കഴിക്കുന്ന പക്ഷം രണ്ടു മാസം പ്രായമാകുമ്പോൾ പാൽ കൊടുക്കുന്നത് നിർത്താം. 
  • ആദ്യത്ത ആറ് ആഴ്ചയിൽ, കിടാവിന് പ്രതീക്ഷിക്കുന്ന പ്രതിദിന ശരീരഭാര വർധന 300 - 400 ഗ്രാം ആണ്.
  • കുടിക്കാനുള്ള ശുദ്ധജലം എപ്പോഴും ലഭ്യമാക്കണം.
  • ജനിച്ച് പത്താം ദിവസം വിരമരുന്ന് നൽകണം.
  • കാതിൽ കമ്മലിടുന്നതും, കൊമ്പു കരിക്കുന്നതും പ്രസവിച്ച് ഒരാഴ്ചയാകുമ്പോൾ ചെയ്യാം.
  • പശുക്കുട്ടിയാണെങ്കിൽ അതിന്റെ അകിടിൽ നാലിൽ അധികമുള്ള കാമ്പുകൾ 1-2 മാസത്തിനുള്ളിൽ മുറിച്ചു നീക്കണം.
  • പാൽപാത്രത്തിൽ നിന്നു കുടിക്കാൻ വിരലുകൾ പാലിൽ മുക്കി കിടാവിനെ പരിശീലിപ്പിക്കണം.

പ്രസവിച്ചയുടൻ വീനിങ് നടത്തുന്നതിലെ ദോഷവശങ്ങൾ

  • മാതൃസഹജാവബോധം കൂടുതലുള്ള നാടൻ പശുക്കൾ കിടാവിനെ വേർപെടുത്തുന്നതോടെ അസ്വാഭാവികമായി പെരുമാറാൻ സാധ്യതയുണ്ട്.  ചില സന്ദർഭങ്ങളിൽ പാലുൽപ്പാദനം കുറയുന്നതും കാണാറുണ്ട്.
  • പാത്രത്തിൽനിന്നു പാൽ കുടിക്കാൻ കിടാവിനെ പ്രത്യേകം പരിശീലിപ്പിക്കേണ്ടി വരും.
  • കിടാവിനെ മാറ്റി പാർപ്പിക്കാൻ പ്രത്യേക ഷെഡ്ഡും, അധിക ജോലിക്കാരും വേണ്ടി വരുന്നു.

ചുരുക്കത്തിൽ വീനിംഗ് എന്നത് വളരെ ശ്രദ്ധ ചെലുത്തേണ്ട പശുപരിപാലന പ്രക്രിയയാണ്. പശുക്കളുടെയും കിടാക്കളുടെയും ആരോഗ്യവും ഉൽപ്പാദനവും ഉറപ്പാക്കുന്ന വീനിങ് രീതി കർഷകർ  തിരഞ്ഞെടുക്കേണ്ടത് സുസ്ഥിരമായ കന്നുകാലി വളർത്തലിന് അത്യന്താപേക്ഷിതമാണ്. 

English summary: Dairy Cow-Calf Separation and Natural Weaning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com