സസ്യങ്ങൾക്ക് എന്തിനാണ് വളം? വളം നൽകുന്നതുകൊണ്ട് എന്താണ് നേട്ടം?

vegetable
SHARE

സസ്യങ്ങള്‍ക്കു പോഷകങ്ങൾ, അതായത് മൂലകങ്ങൾ ലഭ്യമാക്കുകയാണ് വളപ്രയോഗത്തിന്റെ ലക്ഷ്യം.

ശാസ്ത്രം 118 മൂലകങ്ങളെ കണ്ടെത്തിയിട്ടുണ്ട്. മൂലകങ്ങളുടെ പട്ടികയ്ക്ക് പീരിയോഡിക് ടേബിൾ (ആവർത്തന പട്ടിക) എന്നു പറയുന്നു. പട്ടികയിൽ ഇനിയും കണ്ടെത്താൻ മൂലകങ്ങളുണ്ട് എന്നും പറഞ്ഞുവച്ചിട്ടുണ്ട്. ഈ മൂലകങ്ങളാണ് വാസ്തവത്തിൽ പ്രപഞ്ചം. മൂലകങ്ങളെക്കൊണ്ടാണു ഭൂമി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാം മൂലകങ്ങളുടെ കൂടിച്ചേരലുകളിലൂടെ ഉത്ഭവിച്ചതാണ്.

ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നാണ് വെള്ളമുണ്ടായിരിക്കുന്നത്. സോഡിയവും ക്ലോറിനും കൂടി ചേർന്ന് ഉപ്പ്. ഇത്തരത്തിൽ, കണ്ടെത്തിയതും കണ്ടെത്താനുള്ളതും കൂടിച്ചേർന്ന് ഞാനുണ്ടായി, നിങ്ങളുണ്ടായി, മൃഗങ്ങളുണ്ടായി, സസ്യങ്ങളുണ്ടായി.

സസ്യങ്ങൾ രൂപപ്പെട്ടതു മൂലകങ്ങൾകൊണ്ടാണെങ്കിൽ മൂലകങ്ങൾ മാത്രമാണ് അവയ്ക്കു വേണ്ട പോഷകങ്ങൾ. ഈ മൂലകങ്ങള്‍  ലഭ്യമാക്കുന്ന വസ്തുക്കളാണ് വളങ്ങള്‍. ആവശ്യകതയുടെ അടിസ്ഥാനത്തിൽ മൂലകങ്ങളെ മൂന്നായി തരംതിരിക്കാം: പ്രാഥമിക മൂലകങ്ങൾ, ദ്വിതീയ മൂലകങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ.

അളവിൽ ഏറ്റവും കൂടുതൽ വേണ്ടിവരുന്ന മൂലകങ്ങളാണ് പ്രാഥമിക മൂലകങ്ങൾ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിങ്ങനെ ആറെണ്ണം.

പ്രാഥമിക മൂലകങ്ങളുടെ അത്ര അളവിൽ വേണ്ടാത്തതും എന്നാൽ സസ്യവളർച്ചയിൽ നിർണായക സ്വാധീന മുള്ളവയുമാണ് കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നീ ദ്വിതീയ മൂലകങ്ങൾ.  സസ്യവളർച്ചയ്ക്കു കുറച്ചു മാത്രം വേണ്ടിവരുന്നവയും എന്നാൽ അഭാവം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമാണ്   സൂക്ഷ്മ മൂലകങ്ങൾ. ഇരുമ്പ്, മാംഗനീസ്, ബോറോൺ, സിങ്ക്, ചെമ്പ്, മോളിബ്ഡിനം, ക്ലോറിൻ, സോഡിയം, കൊബാൾട്ട്, വനേഡിയം, സിലിക്ക എന്നിവയാണു പ്രധാന സൂക്ഷ്മ മൂലകങ്ങൾ.

സസ്യങ്ങൾ വേരുകളും ഇലകളും വഴി മൂലകങ്ങൾ സ്വീകരിക്കുന്നു. സസ്യങ്ങൾ ഭൂമിയിൽനിന്നു മൂലകങ്ങൾ വലിച്ചെടുത്തു വളർന്ന് ജീവിതം പൂർത്തീകരിച്ച് അതേ മണ്ണിൽ വീണു ദ്രവിച്ച് വീണ്ടും മൂലകങ്ങളായി മണ്ണിൽ ലയിക്കുന്നു. എന്നാൽ, സസ്യങ്ങൾ പലതും കൃഷി ചെയ്യപ്പെടുന്ന വിളകളായി മാറിയപ്പോൾ അവയെ തിരികെ ഭൂമിക്കു കിട്ടാതെയായി. ഒരേയിടത്തു തുടരെ കൃഷി  നടപ്പായതോടെ മണ്ണിലെ മൂലകങ്ങളുടെ ലഭ്യത ക്രമേണ കുറഞ്ഞുവന്നു.

കൃഷികൊണ്ടു മാത്രമല്ല, മൂലകങ്ങൾ മണ്ണിൽ കുറഞ്ഞുവരുന്നത്. മറ്റു കാരണങ്ങളുമുണ്ട്. മഴവെള്ളത്തിൽ അലിഞ്ഞും മണ്ണൊലിപ്പുമൂലവും കാറ്റു മൂലവും വരൾച്ചകൊണ്ടും മണ്ണിന്റെ രാസമാറ്റം വഴിയും അണുജീവികളുടെ പ്രവർത്തനംകൊണ്ടുമൊക്കെ മൂലകനഷ്ടം സംഭവിക്കുന്നുണ്ട്. മഴ, കാറ്റ്, ഇടിമിന്നൽ, ഭൂകമ്പം, പ്രളയം, അഗ്നിപർവത സ്ഫോടനങ്ങൾ എന്നിവയെല്ലാം വഴി  മൂലകങ്ങൾ മണ്ണിലേക്ക് എത്തുന്നുമുണ്ട്. ചിതൽ, മണ്ണി ര, എലികൾ, മണ്ണിൽ വാസമുറപ്പിച്ച ക്ഷുദ്രജീവികൾ എന്നിവയുടെ പ്രവർത്തനഫലമായും മൂലകങ്ങൾ മണ്ണിൽ ചേർക്കപ്പെടുന്നു. സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസ്, അമീബ, പ്രോട്ടോസോവ എന്നിവയും മൂലകങ്ങൾ മണ്ണിൽ നിക്ഷേപിക്കപ്പെടാൻ ഉപകരിക്കുന്നു.  പലതരം പയർവർഗ ചെടികൾ, പായലുകൾ, സസ്യാവശി ഷ്ടങ്ങൾ, ഫംഗസുകൾ, ആല്‍ഗകൾ എന്നിവയും മൂലകങ്ങൾ മണ്ണിലെത്താൻ പ്രയോജനപ്പെടുന്നു.

ഇങ്ങനെയെല്ലാം മൂലകങ്ങൾ മണ്ണിൽ എത്തിച്ചേരുന്നുണ്ടെങ്കിലും കൃഷിക്ക് ആവശ്യമായ തോതിൽ അവ ലഭ്യമാവണമെന്നില്ല. അതിനാണ് വളങ്ങൾ നൽകുന്നത്. വളപ്രയോഗത്തിനു മുൻപ് പക്ഷേ, മണ്ണിലെ മൂലകലഭ്യത കൃത്യമായി അറിയാനായി ശാസ്ത്രീയ മണ്ണുപരിശോധന നടത്തണം. മണ്ണുപരിശോധന നടത്തി ആവശ്യാധിഷ്ഠിത വളപ്രയോഗം നടത്തുമ്പോൾ കൃഷിച്ചെലവു ഗണ്യമായി കുറയ്ക്കാൻ കഴിയും.

പ്രധാനമായും ഒരു വിളയുടെ വളർച്ചയ്ക്കു മൂന്നു ഘട്ടങ്ങളുണ്ട്. വേരു വളർച്ച, കായികവളർച്ച, വിളവ്. ഓരോ ഘട്ടത്തിലും ആവശ്യമായിവരുന്ന മൂലകങ്ങളുടെ അളവ് വ്യത്യസ്തമായിരിക്കും. ഇക്കാര്യം കൂടി  ബോധ്യമായാൽ അനാവശ്യ വളപ്രയോഗം ഒഴിവാക്കി കൃഷിച്ചെലവു കുറയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയും.

അതായത്, പ്രാഥമിക വേരുവളർച്ചാഘട്ടത്തിൽ വേരു വളർച്ച ത്വരിതപ്പെടുത്തുന്ന മൂലകമാവണം കൂടുതൽ കൊടുക്കേണ്ടത്. തണ്ടും ഇലകളും വളരുന്ന കായിക വളർച്ചാഘട്ടത്തിൽ അവയെ ത്വരിതപ്പെടുത്തുന്ന മൂലക മടങ്ങിയ വളങ്ങൾ നൽകണം. വിളവുഘട്ടത്തിൽ ധാരാളം പൂക്കളും കായ്കളും ഉണ്ടാകാനുള്ള മൂലകങ്ങൾ അടങ്ങിയ വളങ്ങളും. കൃഷിയിൽ അറിയേണ്ട ബാലപാഠമാണിത്. എന്തെങ്കിലും വളം എന്നതല്ല ആവശ്യാധി ഷ്ഠിത വളപ്രയോഗമാണു കൃഷിക്കു വേണ്ടത്.

വേരുവളർച്ചയ്ക്കു ഫോസ്ഫറസും കായികവളർച്ചയ്ക്കു നൈട്രജനും വിളവിന് പൊട്ടാഷുമാണ് വേണ്ടത്. ഈ മൂലകങ്ങൾ ലഭ്യമാക്കുന്ന വളങ്ങൾ അതതു സമയത്തു  നൽകിയാൽ മെച്ചപ്പെട്ട വിളവു ലഭിക്കുകതന്നെ ചെയ്യും. എന്നാലതു സമീകൃതമായിരിക്കുകയും വേണം. നമുക്കു സമീകൃത ഭക്ഷണമെന്നതുപോലെയാണ് സസ്യങ്ങള്‍ക്കു സമീകൃത വളപ്രയോഗം. 

പ്രാഥമിക മൂലകങ്ങൾ ആറെണ്ണമാണ്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്. കാർബൺ അന്തരീക്ഷവായുവിൽനിന്നോ മണ്ണിൽനിന്നോ ലഭിക്കും. ഹൈഡ്രജൻ വെള്ളം വിശ്ലേഷണം നടത്തിയും ഓക്സിജൻ വായുവിൽനിന്നും ചെടികൾക്കു ലഭിക്കും.

നൈട്രജൻ പ്രധാനമായും മണ്ണിൽനിന്നാണു ലഭിക്കേണ്ടത്. സസ്യ ശരീര വളർച്ചയെ (കായിക വളർച്ചയെ) സ്വാധീനിക്കുന്ന നൈട്രജൻ കൂടിയ അളവിലാണ് സസ്യങ്ങൾക്കു വേണ്ടത്. ഇലകളുടെ പച്ചനിറത്തിനു കാരണമാകുന്നത് നൈട്രജനാണ്. ഇവയുടെ അഭാവത്താൽ ഇലകൾ മഞ്ഞളിച്ചു വളർച്ച മുരടിക്കും. ജൈവവളങ്ങൾ, കമ്പോസ്റ്റ്, പച്ചിലവളങ്ങൾ, പയർവർഗച്ചെടികൾ, ചില സൂക്ഷ്മജീവികൾ, സസ്യ–ജന്തു അവശിഷ്ടങ്ങൾ എന്നിവ വഴി നൈട്രജൻ മൂലകം ലഭ്യമാകും. കൂടാതെ യൂറിയ, അമോണിയം വളങ്ങൾ, ഫാക്ടംഫോസ്, കോംപ്ലക്സ് വളങ്ങൾ, മിക്സ്ചർ വളങ്ങൾ എന്നിവയിൽ വലിയ അളവിൽ നൈട്രജൻ മൂലകം ലഭ്യമാണ്.

വേരുവളർച്ച ത്വരിതപ്പെടുത്തുന്നതിനും തണ്ടുകൾ  കരുത്തോടെ വളരുന്നതിനും, പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. ഇവയുടെ അഭാവത്താൽ ഇലകൾ നീല കലർന്ന പച്ചനിറം ആകും; കായ്കൾ ചെറുതാകും. വേരു വളർച്ച കുറയുമ്പോൾ ചെടികളുടെ വളർച്ചയും മുരടിക്കും. എല്ലുപൊടി, പാറപ്പൊടി, (റോക്ക് ഫോസ്ഫേറ്റ്, മുസൂറിഫോസ്, രാജ്ഫോസ്) ഫാക്ടംഫോസ്, ചിലതരം സൂക്ഷ്മജീവികൾ എന്നിവ വഴി ഫോസ്ഫറസ് വലിയ അളവിൽ ലഭ്യമാക്കാം. മിക്ക ജൈവ വളങ്ങളിലും കുറഞ്ഞ അളവിൽ ഫോസ്ഫറസ് ലഭിക്കുന്നുണ്ട്.

പൊട്ടാഷ് എന്ന മൂലകമാണ് ഉൽപാദനത്തെ നിർണയിക്കുന്നത്. പൊട്ടാഷ് കുറഞ്ഞാൽ വിളവ് കുറയും. ചെടികളുടെ കരുത്ത്, തണ്ടിന്റെ ബലം, രോഗങ്ങളെ ചെറുക്കാനുള്ള ശേഷി, വരൾച്ചയെ അതിജീവിക്കാനുള്ള കഴി വ് എന്നിവയൊക്കെ പൊട്ടാഷ് നൽകും. ഇലകളുടെ അഗ്രഭാഗം കരിയുക, കായ്കളിലും വിത്തുകളിലും ചുളി വു കാണുക എന്നിവയൊക്കെ പൊട്ടാഷ് എന്ന മൂലകത്തിന്റെ അഭാവ ലക്ഷണങ്ങളാണ്. പലതരം സൂക്ഷ്മ ജീവികൾ, ചാരം, ജൈവ വളങ്ങൾ, കമ്പോസ്റ്റ്, സസ്യ അവശിഷ്ടങ്ങൾ (വാഴത്തടപോലുള്ളവ) എന്നിവ വഴി കുറഞ്ഞ അളവിൽ പൊട്ടാഷ് ലഭിക്കുന്നതാണ്. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, മറ്റു തരത്തിലുള്ള രാസ പൊട്ടാഷ് വളങ്ങൾ എന്നിവയിലൂടെ വലിയ അളവിൽ പൊട്ടാഷ് മൂലകം ചെടികൾക്കു ലഭ്യമാക്കാം.

മേൽപറഞ്ഞ ആറു മൂലകങ്ങളും കൂടിയ അളവിൽതന്നെ വിളകൾക്കു ലഭ്യമാക്കേണ്ടതുണ്ട്. വായുവിൽനിന്നും വെള്ളത്തിൽനിന്നും കാർബണും ഹൈഡ്രജനും ഓക്സിജനും വേണ്ടുവോളം ചെടികൾക്കു ലഭ്യമാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്  എന്നീ മൂലകങ്ങൾ വളരെ കൂടിയ അളവിൽ തന്നെ സസ്യങ്ങൾക്കു ലഭ്യമാക്കണം. ജൈവ വസ്തുക്കളിൽ താരതമ്യേന ഇവയുടെ അളവ് വളരെ കുറവാണ്. അതിനാൽ ഇവ മാത്രം നൽകുന്ന കർഷകർ കമ്പോസ്റ്റും ജൈവ വളങ്ങളും വൻതോതിൽ നൽകിയാൽ മാത്രമേ നല്ല വിളവ് കിട്ടുകയുള്ളൂ. സസ്യങ്ങൾക്കു കൃത്യമായി മൂലകങ്ങൾ ലഭ്യമായാൽ മാത്രമേ പോഷകപ്രദമായ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. മൂലകങ്ങളുടെ അഭാവം വിളവിന്റെ ഗുണത്തെ ബാധിക്കുക തന്നെ ചെയ്യും.

സസ്യങ്ങൾ ആവശ്യപ്പെടുന്നതു മൂലകങ്ങൾ മാത്രമാണ്. കൃത്യമായ അളവിൽ കൃത്യസമയത്ത് അവ ലഭ്യമാക്കുകയാണ് വളങ്ങൾ ചെയ്യുന്നത്.  ജൈവമായാലും രാസമായാലും വളങ്ങള്‍ സമീകൃതമായി നൽകിയാൽ മാത്രമേ കൃഷിയിൽനിന്നു ഗുണമേന്മയുള്ള മികച്ച വിളവു ലഭിക്കുകയുള്ളൂ എന്ന പാഠം ആരും മറക്കരുത്. 

English summary: Importance of Fertilizers in Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA