പാറമടയേക്കാളും മഹേന്ദ്ര പ്രസാദിന് നേട്ടമുണ്ടാക്കിയത് പാറക്കുളം ബിസിനസ്

HIGHLIGHTS
  • കാറ്റു കൊണ്ട് ഭക്ഷണം കഴിക്കാൻ ആളുകളെത്തി
  • മീൻ വളർത്തിയ വെള്ളം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു
paramada-fish-farm
നരിക്കോട് മഹേന്ദ്ര പ്രസാദ് മീൻ വളർത്തലിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മലപ്പുറം അറവങ്കര മൈലാടിയിലെ പാറമട
SHARE

സ്വന്തമായി ചൂണ്ടയിട്ട് മീൻ പിടിക്കാം, അതിനെ അപ്പോൾ തന്നെ പൊരിച്ചോ പൊള്ളിച്ചോ മസാലയാക്കിയോ കഴിക്കാനും തരും. ചൂടുള്ള പൊറോട്ടയോ കപ്പയോ നെയ്ച്ചോറോ കൂട്ടി, കാറ്റും കൊണ്ട് കഴിക്കാം. അതേ മീനിന്റെ വർഗത്തിൽപ്പെട്ട കുഞ്ഞുങ്ങളെ വീട്ടിൽ കൊണ്ടുപോയി വളർത്താം. വ്യത്യസ്ത ഇഷ്ടപ്പെടുന്നവർക്കായി മലപ്പുറം അറവങ്കര മൈലാടിയിലെ സ്വന്തം സ്ഥലത്തെ പാറമടയോട് ചേർന്ന് നരിക്കോട് മഹേന്ദ്ര പ്രസാദ് (കുട്ടൻ) ഒരുക്കിയ സൗകര്യങ്ങളാണിവ. കുടുംബമൊത്ത് അൽപ്പം സ്വസ്ഥതയും ആസ്വാദനവും ആഗ്രഹിക്കുന്ന ഒട്ടേറെപ്പേരാണ് ശാന്തസുന്ദരമായ ഈ പാറമട തേടിയെത്തുന്നത്. സഞ്ചാരികൾക്കും മീൻ പ്രിയർക്കും ഇഷ്ടപ്പെട്ട ഇടം ഒരുക്കിയതു മാത്രമല്ല, നിലവിലുള്ള സാഹചര്യങ്ങളെ പലതരം ബിസിനസ് സാധ്യതകളാക്കി മാറ്റാമെന്നതിന്റെ ഉദാഹരണം കൂടിയാണ് മഹേന്ദ്ര പ്രസാദിന്റെ സംരംഭം. മീൻ വളർത്തൽ മുതൽ ടാങ്കറിലെ ജലവിതരണം വരെ ഈ പാറമടയെ ആശ്രയിച്ച് നടത്തുകയാണിപ്പോൾ. 

paramada-fish-farm-2
പാറമടയിൽ നിന്ന് പിടിച്ച മീനിനെ പാചകത്തിനായി തയാറാക്കുന്ന തൊഴിലാളി

പാറമട പരാജയം, പാറക്കുളം വിജയം

മഹേന്ദ്ര പ്രസാദിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് നേരത്തെ പാറമട നടത്തിയിരുന്നെങ്കിലും സർക്കാർ നിയന്ത്രണങ്ങൾ കർശനമായതോടെ ആ പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് എന്തു ചെയ്യുമെന്ന ആലോചനയിൽ നിന്നാണ് പാറമടയിലെ വെള്ളക്കെട്ടിൽ ഫിഷ് ഫാം എന്ന ആശയത്തിലേക്ക് നീങ്ങിയത്. അങ്ങനെ 2012ൽ തുടങ്ങിയ ഫിഷ് ഫാമാണ് ഇപ്പോൾ പലവിധ സംരംഭങ്ങളായി മാറിയത്. 

വളർത്തിയ മീനിനെ നേരെ വിപണിയിലെത്തിക്കുകയായിരുന്നു ആദ്യമൊക്കെ ചെയ്തിരുന്നത്. അൽപ്പം കൂടി മനസ്സുവച്ചാൽ കൂടുതൽ വരുമാനമുണ്ടാക്കാമല്ലോയെന്നാലോചിച്ചപ്പോഴാണ് മത്സ്യം ആവശ്യക്കാർക്ക് നേരിട്ടെത്തിച്ചു കൊടുക്കുന്ന രീതിയിലേക്ക് മാറിയത്. ഫിഷ് ഫാമിനോടനുബന്ധിച്ച് മീൻ കുഞ്ഞുങ്ങളെ വിൽക്കാനും തുടങ്ങി.  

ലൈവ് പാചകം വഴി മീൻ ചൂടോടെ നൽകാൻ തുടങ്ങിയതോടെ ആവശ്യക്കാർ മാത്രമല്ല ആസ്വാദകരും ഫാമിലേക്കെത്തി. ഇവർക്കായി ചെറിയ തട്ടുകട രൂപത്തിൽ സംവിധാനമൊരുക്കി. ഭക്ഷണം തയാറാക്കാനും ആളെ ഏർപ്പാടാക്കി. കാറ്റു കൊണ്ട് ഭക്ഷണം കഴിക്കാൻ ആളുകളെത്തി. 

ഒറ്റയടിക്ക് വെള്ളം വറ്റിച്ച് മീൻ പിടിക്കലായിരുന്നു ആദ്യ ഘട്ടത്തിൽ ചെയ്യാറുള്ളതെങ്കിൽ കുറഞ്ഞ ആവശ്യക്കാർക്ക് വേണ്ടി മാത്രമായി മീൻ പിടിക്കുന്നത് ചെറിയ സാഹസം കൂടിയായി. പ്രത്യേകിച്ചും ഭക്ഷണാവശ്യത്തിന് പിടിക്കുമ്പോൾ. അതിലാണ് പുതിയൊരു ആസ്വാദനമാർഗം സന്ദർശകർക്ക് ഒരുക്കിക്കൊടുത്തത്. ചൂണ്ടയിടാനും അവസരം. അങ്ങനെ ചൂണ്ടയിട്ട് പിടിച്ച മീനിനെ പൊരിച്ചു നൽകിയും സംരംഭം ആകർഷകമാക്കി. 

വാള, കട്‌ല, രോഹു, തിലാപ്പിയ, മൃഗാൽ തുടങ്ങിയ മീനുകളെയാണ് നിലവിൽ വളർത്തുന്നത്. ഇവയെ ആവശ്യക്കാരുടെ ഇഷ്ടം പോലെ പാചകം ചെയ്തു കൊടുക്കുകയും ചെയ്യും. പൊറോട്ട അപ്പോൾ തന്നെ ചുട്ടുകൊടുക്കാറുണ്ട്. കപ്പയും നെയ്ച്ചോറിനും പുറമെ വെള്ളയപ്പവും പരീക്ഷിക്കാറുണ്ട്. കൂടുതൽ ആളുകളെത്തിയാൽ മറ്റു വിഭവങ്ങളും ആലോചിക്കുമെന്ന് മഹേന്ദ്ര പ്രസാദ് പറയുന്നു. 

മീൻ വളർത്തിയ വെള്ളം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ പാറമടയിലെ വെള്ളം ശുദ്ധജലേതര ആവശ്യങ്ങൾക്ക് ടാങ്കറിൽ എത്തിച്ചു നൽകാനും തുടങ്ങി. കോൺക്രീറ്റ് ആവശ്യങ്ങൾക്കും മറ്റുമാണ് ഇത് എത്തിച്ചു നൽകുന്നത്. 

പാറമടയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമായി വിതരണം ചെയ്യുന്ന ബന്ധുക്കളുണ്ടെന്നും അക്കാര്യവും ആലോചിക്കുന്നുണ്ടെന്നും മഹേന്ദ്ര പ്രസാദ് പറഞ്ഞു. 

ഫോൺ: 89432 49202

English summary:  Aquaculture Method and Practices

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA