ADVERTISEMENT

ബ്രോയിലര്‍ കര്‍ഷകര്‍ പൊതുവെ അനുഭവിക്കുന്ന പ്രതിസന്ധികളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഗുണമെന്മയില്ലായ്മ. നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചെങ്കില്‍ മാത്രമേ മാംസോല്‍പാദനം കാര്യക്ഷമമാകുകയുള്ളൂ. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന വില അവയുടെ ജനിതക ഘടനയ്ക്കും രോഗപ്രതിരോധ ശേഷിക്കും കൂടിയാണ്.

വിപണിയില്‍ ലഭ്യമായ ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കുന്നു. കോബ്ബ് കോഴിക്കുഞ്ഞുങ്ങളും കോബ്ബ് അല്ലാത്ത കോഴിക്കുഞ്ഞുങ്ങളും.

ഇന്ത്യയില്‍  സുഗുണ, വിഎച്ച്എല്‍ എന്നീ രണ്ടു  കമ്പനിയില്‍  മാത്രമാണ് ബ്രോയിലര്‍ ജനുസുകളെ ഉല്‍പാദിപ്പിക്കുന്നത്. സുഗുണയുടെ സണ്‍ബ്രോ എന്ന ജനുസ്സും വെങ്കിടേശ്വരയുടെ വെന്‍കോബ്ബ് എന്ന  ജനുസും. 

കോബ്ബ് എന്ന ജനുസ്സ് ഇന്ത്യന്‍ കോഴികളുമായി സങ്കരണം നടത്തിയതാണ് വെന്‍കോബ്ബ്. അതിനാല്‍ വെന്‍കോബ്ബ് കോഴിക്കുഞ്ഞുങ്ങള്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്കു കൂടുതല്‍ അനുയോജ്യമാണ്. അതുകൊണ്ടുതന്നെ വെന്‍കോബ്ബ് കോഴിക്കുഞ്ഞുങ്ങള്‍ക്ക് കോബ്ബ് അല്ലാത്ത കുഞ്ഞുങ്ങളെക്കാള്‍ പരിചരണം കുറച്ചു മതി. നോണ്‍ കോബ്ബ് കോഴിക്കുഞ്ഞുങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തിനടിസ്ഥാനമായി ജനിതക മാറ്റം വരുത്താത്തതിനാല്‍ അവയ്ക്ക് കൂടുതല്‍ പരിചരണം ആവശ്യമാണ്. സുഗുണയുടെ സണ്‍ബ്രോ ഇന്ത്യന്‍ സാഹചര്യത്തിനനുയോജ്യമാക്കാന്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

വെന്‍കോബ്ബിന്റെ പല വകഭേദങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

  • വെന്‍കോബ്ബ് -400
  • വെന്‍കോബ്ബ് -100
  • വെന്‍കോബ്ബ് -430
  • വെന്‍കോബ്ബ് -430y

ഇവയ്‌ക്കെല്ലാം തന്നെ വിവിധ തീറ്റ പരിവര്‍ത്തനശേഷിയും വ്യത്യസ്ത മാംസോല്‍പാദന ശേഷിയുമാണ്.

കോബ്ബ് ജനുസ്സുകളെ പൊതുവെ തിരിച്ചറിയുന്നത് അവയുടെ കാലുകളുടെ മഞ്ഞ നിറത്തിലാണ്. കോബ്ബ് അല്ലാത്ത കോഴിക്കുഞ്ഞുങ്ങള്‍ക്ക് പൊതുവെ വെള്ളനിറത്തിലുള്ളെ കാലുകളാണുള്ളത്. സുഗുണയുടെ സണ്‍ബ്രോ ഇനവും മഞ്ഞ കാലുള്ളവയാണ്.

കോബ്ബ് കോഴിക്കുഞ്ഞുങ്ങള്‍ എന്നു പറഞ്ഞ് നോണ്‍ കോബ്ബ് വില്‍ക്കുന്ന ഏജന്റുമാര്‍ ഇന്ന് ഒരുപാടുണ്ട്. കോഴിയുടെ കാലിന്റെ നിറം 21 ദിവസത്തിനുശേഷം മാത്രമേ തെളിഞ്ഞു വരികയുള്ളൂ എന്നതാണ് ഇതിനു പ്രധാന കാരണം.

സുഗുണയുടെ സ്വന്തം ജനുസായ സന്‍ബ്രോ കൂടാതെ ഇറക്കുമതി ചെയ്ത F15, RP തുടങ്ങിയ ബ്രീഡുകളും തമിഴ്‌നാട്ടിലും കേരളത്തിലും ലഭ്യമാണ്. ഇവയ്ക്ക് പുറമെ അമേരിക്കന്‍ കമ്പനിയായ ഏവിയാജന്‍, Ross308, ഹാര്‍ട്‌ബ്രേക്കര്‍, ഹബ്ബര്‍ഡ് തുടങ്ങിയ ജനുസ്സുകള്‍ വിപണിയിലെത്തിക്കുന്നു. എല്ലാ ജനുസ്സുകളുടെയും മാംസോല്‍പാദനശേഷിയും തീറ്റ പരിവര്‍ത്തനശേഷിയും രോഗ പ്രധിരോധ  ശേഷിയും വ്യത്യസ്തമാണ്.

മുകളില്‍ പറഞ്ഞ ജനുസ്സുകളുടെ മാതൃശേഖരം പല കമ്പനികള്‍ക്കും സുഗുണയും വെങ്കിടേശ്വരയും നല്‍കിയിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി നിര്‍ണയിക്കുന്നത് തള്ളക്കോഴികളുടെ കൃത്യമായ വാക്സിനേഷനും പരിചരണവുമാണ്. 

യോക്ക് സഞ്ചി അണുബാധ, ബ്രൂഡര്‍ ന്യുമോണിയ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ ഹാച്ചറിയിലെ വൃത്തിയും അണുനാശികരണവും പ്രധാനമാണ്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കണ്ട് ഗുണമേന്മ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ ഗുണമേന്മയുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാന്‍, വിശ്വസ്തതയും, പാരമ്പര്യവും ഉള്ള ഏജന്റുമാരില്‍ നിന്നും, കൃത്യമായ അണുനശീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹാച്ചറികളില്‍ നിന്നും, കമ്പനികളുടെ നേരിട്ടുള്ള റെപ്രസെന്റേറ്റീവുമാരില്‍നിന്നും മാത്രം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കുക.

ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • വിലക്കുറവിനേക്കാള്‍ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കുക.
  • കമ്പനിയുടെയോ ഹാച്ചറിയുടെയോ ഇന്‍വോയ്സ് കൃത്യമായി പരിശോധിക്കുക.
  • കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പേപ്പര്‍ ബോക്‌സ് സീല്‍ പൊട്ടിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുക.
  • ആദ്യത്തെ 8 മണിക്കൂറില്‍ തീറ്റസഞ്ചി നിറയുന്ന തോത് അനുസരിച്ച് കുഞ്ഞുങ്ങളുടെ ഗുണമേന്മ മനസിലാക്കാം.

ബ്രോയിലര്‍ മേഖലയില്‍ വിശ്വസ്തതയും പാരമ്പര്യവും ഒരു പ്രധാന ഘടകം തന്നെയാണ് കുഞ്ഞിന്റെ കാര്യത്തിലും, തീറ്റയുടെ കാര്യത്തിലും, മരുന്നിന്റെ കാര്യത്തിലും, ഉപകാരണങ്ങളുടെ കാര്യത്തിലും. 

English summary: The Importance of Day Old Chick Quality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com