ADVERTISEMENT

ക്ഷീരമേഖലയില്‍ കനത്ത സാമ്പത്തികനഷ്ടമുണ്ടാക്കുന്ന സാംക്രമിക രോഗങ്ങളില്‍ ഒന്നാമതാണ്   കുളമ്പുരോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചില മേഖലകളില്‍ കുളമ്പുരോഗം കണ്ടെത്തിയതായ വാര്‍ത്ത ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. രോഗം സംശയിക്കുന്ന മൃഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം മാത്രമേ കുളമ്പുരോഗം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ആറുമാസത്തെ ഇടവേളകളില്‍ കുളമ്പുരോഗം തടയാനുള്ള നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ് മുഴുവന്‍ പശുക്കള്‍ക്കും നല്‍കുന്നതിനാല്‍ കുറെകാലങ്ങളായി സംസ്ഥാനത്ത് കുളമ്പുരോഗഭീഷണി പൊതുവെ കുറവാണ്. പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത, ചികിത്സാ രേഖകളോ, ആരോഗ്യ സാക്ഷ്യപത്രമോ ഇല്ലാത്ത രോഗവാഹകരും, ബാധിതരുമായ കന്നുകാലികളെ വളര്‍ത്താനായും മാംസാവശ്യങ്ങള്‍ക്കായും ഇതരസംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരല്‍, കൃത്യമായ ഇടവേളയില്‍ പ്രതിരോധകുത്തിവയ്പ് നല്‍കുന്നതില്‍ വരുന്ന വീഴ്ച, തങ്ങളുടെ പശുക്കള്‍ക്ക്   പ്രതിരോധ കുത്തിവയ്പ്  എടുക്കുന്നതില്‍ ചില കര്‍ഷകരെങ്കിലും പുലര്‍ത്തുന്ന വിമുഖത, വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയെല്ലാമാണ് പലപ്പോഴും രോഗം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുന്നത്. ഇപ്പോഴുണ്ടായ രോഗബാധയുടെ കാരണവും ഇവയില്‍ ഏതെങ്കിലും ഒന്നാവാനാണ് സാധ്യത.

കുളമ്പുരോഗം പകരുന്നതെങ്ങനെ?

പികോര്‍ണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം രോഗാണുക്കളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശു, ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള ജീവികളെയെല്ലാം രോഗം ബാധിക്കും. ആനകളില്‍ പോലും രോഗമുണ്ടാക്കാന്‍ വൈറസിന് ശേഷിയുണ്ട്. 2003ല്‍ സംസ്ഥാനത്ത് വ്യാപകമായി പടര്‍ന്നുപിടിച്ച കുളമ്പുരോഗത്തെ തുടര്‍ന്ന് 33,000 പശുക്കള്‍ക്ക് രോഗബാധയേല്‍ക്കുകയും, 2000ല്‍പ്പരം പശുക്കള്‍ മരണപ്പെടുകയും ചെയ്തിരുന്നു. അന്ന് പശുക്കളില്‍നിന്ന് വൈറസ് നാട്ടാനകളിലേക്ക് പകര്‍ന്നതിനെത്തുടര്‍ന്ന് ആനകളും രോഗബാധിതരായി തീര്‍ന്നു. രോഗബാധിതരോ രോഗാണുവാഹകരോ ആയ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും നിശ്വാസവായുവിലൂടെയുമെല്ലാം വൈറസ് പുറന്തള്ളപ്പെടും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസര്‍ജ്യവസ്തുക്കള്‍, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്പര്‍ക്കത്തിലൂടെ മറ്റു മൃഗങ്ങള്‍ക്ക് രോഗബാധയേല്‍ക്കും.

ഫാമുകളില്‍ വന്നു പോവുന്ന വാഹനങ്ങള്‍, തൊഴിലാളികള്‍, അവരുടെ വസ്ത്രങ്ങള്‍, പാദരക്ഷ, മറ്റു വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയ വഴികളിലൂടെയെല്ലാം വൈറസ് വ്യാപിക്കും. അനുകൂല കാലാവസ്ഥയില്‍ 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലേക്കു വരെ കാറ്റിലൂടെ വ്യാപിക്കാന്‍ വൈറസിന് കഴിയും. മറ്റു  മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ കുളമ്പുരോഗം പടര്‍ത്തുന്ന വൈറസിന് ധാരാളമായി പെരുകാനുള്ള കഴിവുണ്ട്. ഈ കാരണത്താല്‍ രോഗാണുവിന്റെ ആംപ്ലിഫയര്‍ ഹോസ്റ്റ് അഥവാ പെരുകല്‍ കേന്ദ്രം എന്നാണ് പന്നികള്‍ അറിയപ്പെടുന്നത്. രോഗം ബാധിച്ച പന്നികളുടെ നിശ്വാസവായുവിലൂടെ രോഗാണുക്കള്‍ പുറന്തള്ളപ്പെടും. തല്‍ഫലമായി പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ രോഗം ബാധിച്ചാല്‍ പ്രദേശത്തെ രോഗനിയന്ത്രണം പ്രയാസകരമായി തീരാറുണ്ട്. കുളമ്പ് രോഗം കണ്ടെത്തിയാല്‍ സമീപ പ്രദേശങ്ങളില്‍ പന്നിഫാമുകള്‍ ഉള്ള പക്ഷം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കര്‍ഷകര്‍ക്ക് രോഗം എങ്ങനെ തിരിച്ചറിയാം?

വൈറസ് ബാധയേറ്റ് 2 മുതല്‍ 14 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ശക്തമായ പനിയും (104-106 ഡിഗ്രി ഫാരന്‍ഹീറ്റ് ), വിറയലും, നടക്കാന്‍ പോലും പശു പ്രയാസപ്പെടുന്ന തരത്തിലുള്ള ശരീരവേദനയും, വിശപ്പില്ലായ്മയും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. കറവ പശുക്കളില്‍ പാലുല്‍പ്പാദനം ഗണ്യമായി കുറയും. തുടര്‍ന്ന് 2-3 ദിവസത്തിനകം വായിലും, നാവിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ പ്രത്യക്ഷപ്പെടും. വായില്‍നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങുന്നതും, വായ 'ചപ്, ചപ്' ശബ്ദത്തോടെ നിന്തരമായി ചേര്‍ത്തടക്കുന്നതും, ശ്വാസമെടുക്കാനുള്ള പ്രയാസവും ശ്രദ്ധയില്‍പ്പെടും. 

മൂക്കിന്റെ ശ്ലേഷ്മസ്തരങ്ങളിലും, അകിടിലും, കുളമ്പുകള്‍ക്കിടയിലും, മുകളിലുമെല്ലാം ചുവന്ന തിണര്‍പ്പുകള്‍ രൂപപ്പെടും. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. വായിലും കുളമ്പിലുമെല്ലാം ഇങ്ങനെ വ്രണങ്ങള്‍ രൂപപ്പെടും. പ്രായപൂര്‍ത്തിയായ പശുക്കളില്‍ കുളമ്പ് രോഗം ബാധിച്ചുള്ള മരണനിരക്ക് കുറവാണ്. എങ്കിലും പാലുല്‍പാദനക്ഷമത ഗണ്യമായി കുറയാനും, അകിടുവീക്കമടക്കമുള്ള തുടര്‍രോഗങ്ങള്‍ വരാനും രോഗം കാരണമാവും. കുളമ്പുകള്‍ ഇളകി മാറാനും, ഗര്‍ഭം അലസുന്നതിനും, പിന്നീട് പിന്നീട് ഗര്‍ഭധാരണശേഷി കുറയുന്നതിനും, ശരീരത്തിന്റെ താപനിയന്ത്രണശേഷി നഷ്ടപ്പെടാനും രോഗം കാരണമാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

കുരലടപ്പന്‍, ന്യൂമോണിയ തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ രോഗകാലയളവില്‍ പിടിപെടാതെ ശ്രദ്ധിക്കണം. രോഗാണു ഹൃദയഭിത്തിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ആറു മാസത്തില്‍ താഴെയുള്ള കിടാക്കളില്‍ മരണനിരക്ക് ഏറെ ഉയര്‍ന്നതാണ്.

ഫാമിലെ ജൈവസുരക്ഷയില്‍ വീഴ്ച വേണ്ട

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം. ആറുമാസം മുമ്പ് വരെ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ പ്രതിരോധ കുത്തിവയ്പ്  നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രമോ പശുക്കളെ വാങ്ങുന്നതാണ് ഉത്തമം. രോഗം വ്യാപകമായതിനാല്‍ വളര്‍ത്താനും മറ്റാവശ്യങ്ങള്‍ക്കുമായി തമിഴ്‌നാട്ടില്‍നിന്നോ മറ്റ് ഇതരസംസ്ഥാനങ്ങളില്‍നിന്നോ പശുക്കളെ വാങ്ങുന്നത് നീട്ടിവയ്ക്കുന്നതാണ് ഉചിതം.  

രോഗം കണ്ടെത്തിയയിടങ്ങളില്‍നിന്നുള്ള പുല്ലും, വൈക്കോലുമെല്ലാം ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ഒഴിവാക്കണം. തണുപ്പും നനവാര്‍ന്നതുമായ സാഹചര്യങ്ങളില്‍ രോഗാണുമലിനമായ തീറ്റ സാധനങ്ങളില്‍ 6 മാസത്തോളം നശിക്കാതെ നിലനില്‍ക്കാന്‍ വൈറസിന് സാധിക്കും.

പുതുതായി പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) പരിചരണം നല്‍കണം. ഇതിനായി ക്വാറന്റൈന്‍ ഷെഡുകള്‍ ഫാമില്‍ പണികഴിപ്പിക്കാം. ഫാമുകളില്‍ അനാവശ്യ സന്ദര്‍ശകരെ നിയന്ത്രിക്കുകയും ചെയ്യണം. തീറ്റയും മറ്റും കൊണ്ടുവരുന്ന  വാഹനങ്ങള്‍ ഫാം വളപ്പിന് വെളിയില്‍ നിര്‍ത്തിയിടുന്നതാണ് നല്ലത്. അലഞ്ഞു തിരിയുന്ന നായ്ക്കള്‍, പക്ഷികള്‍, പൂച്ചകള്‍ എന്നിവയെല്ലാം തൊഴുത്തിലും പരിസരങ്ങളിലും കയറുന്നതും നിയന്ത്രിക്കണം.

ആറുമാസത്തെ ഇടവേളകളില്‍ കുളമ്പുരോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പ് തങ്ങളുടെ പശുക്കള്‍ക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം. നാലു മാസം പ്രായമായ കിടാക്കളെ ആദ്യ കുത്തിവയ്പ്പിന് വിധേയമാക്കാം. ഏഴു മാസമോ അതിനു മുകളിലോ ഗര്‍ഭമുള്ള പശുക്കളെ സാധാരണഗതിയില്‍ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എങ്കിലും പ്രസവശേഷം ഒരു മാസം കഴിഞ്ഞ് അവയ്ക്കും പ്രതിരോധകുത്തിവയ്പ്പ് മറക്കാതെ നല്‍കണം.  

കുളമ്പുരോഗബാധ കണ്ടെത്തിയാല്‍

ശക്തമായ പനി, വിറയല്‍, വായിലും നാക്കിലും ദ്രാവകം നിറഞ്ഞ കുമിളകളും വ്രണങ്ങളും, കുളമ്പുകള്‍ക്കിടയിലും അകിടിലും വ്രണങ്ങള്‍, ഉമിനീര്‍ പതഞ്ഞൊലിക്കല്‍ തുടങ്ങിയ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് ചുറ്റുമുള്ള മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പും, മറ്റു പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിന് വേണ്ടിയാണിത്.

രോഗം സംശയിക്കുന്നവയെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കിടാവ് കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുളമ്പ് രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. കുളമ്പ് രോഗം പൊതുവെ മരണനിരക്ക് കുറഞ്ഞ അസുഖമാണെങ്കിലും, പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍ അടങ്ങിയ പാര്‍ശ്വാണുബാധകള്‍ മരണത്തിന് കാരണമായേക്കാം. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, പാര്‍ശ്വാണുബാധകള്‍ തടയാനും ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി, കരള്‍ സംരക്ഷണ മരുന്നുകളും, പനി, വേദന സംഹാരികളും, ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം.

പശുവിന്റെ വായ ദിവസവും പല തവണയായി നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. 2% പൊവിഡോണ്‍ അയഡിന്‍ ലായനിയും ഇതിനായി ഉപയോഗിക്കാം. ശേഷം നാവിലെയും വായിലെയും വ്രണങ്ങളില്‍ ബോറിക് ആസിഡ് പൗഡര്‍ ഗ്ലിസറിനോ (ബൊറാക്‌സ് ഓയിന്‍മെന്റ്) തേനിലോ ചാലിച്ച് പുരട്ടണം. വിപണിയില്‍ ലഭ്യമായ വായിലെ വ്രണമുണക്കത്തിന് സഹായിക്കുന്ന പ്രത്യേക സ്‌പ്രേ മരുന്നുകള്‍ (ഉദാഹരണത്തിന് -ടോപ്പികൂര്‍ എസ്ജി) വാങ്ങിയും പ്രയോഗിക്കാം.

കൈകാലുകള്‍ 5% തുരിശ് ലായനി (കോപ്പര്‍ സള്‍ഫേറ്റ്) ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം വ്രണങ്ങളില്‍ അയഡിന്‍ അടങ്ങിയ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പ്രയോഗിക്കണം. കുളമ്പുകളിലെ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനായി നേര്‍പ്പിച്ചു അക്രിഫ്‌ളാവിന്‍ ലായനിയും ഉപയോഗപ്പെടുത്താം. വ്രണങ്ങളില്‍ ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയുണ്ടാവാനുമിടയുണ്ട്. നിരന്തരമായി പശു കൈകാലുകള്‍ കുടയുന്നത് പുഴുബാധയുടെ ലക്ഷണമാണ്. ഈച്ചകളെ അകറ്റാനും പുഴുബാധ തടയുന്നതിനുമായി ഗാമാ ബെന്‍സിന്‍ ഹെക്‌സാക്ലോറൈഡ് (ബിഎച്ച്‌സി) പോലുള്ള ഘടകങ്ങള്‍ അടങ്ങിയ ഓയിന്‍മെന്റുകളോ, ഐവര്‍മെക്ടിന്‍ കുത്തിവയ്‌പ്പോ നല്‍കാം. 

രോഗാണു ഹൃദയഭിത്തിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ആറു മാസത്തില്‍ താഴെയുള്ള കിടാക്കളില്‍ മരണനിരക്ക് ഏറെ ഉയര്‍ന്നതാണ്. മുതിര്‍ന്ന പശുക്കളില്‍ രോഗബാധയേറ്റുള്ള മരണ നിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. ശാസ്ത്രീയ പരിചരണവും ചികിത്സയും ഉറപ്പുവരുത്തിയാല്‍ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും.

രോഗാണു പകര്‍ച്ച തടയുന്നതിനായി ജൈവാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം തൊഴുത്ത് 4% അലക്കുകാര ലായനി (സോഡിയം കാര്‍ബണേറ്റ് - 400 ഗ്രാം വീതം 10 ലീറ്റര്‍ വെള്ളത്തില്‍) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പരിചരിച്ച കര്‍ഷകരുടെ കൈകാലുകളും, വസ്ത്രങ്ങളും, പാദരക്ഷയുമെല്ലാം ഇതേ പ്രകാരം ശുചിയാക്കണം. തൊഴുത്തിലും പരിസരങ്ങളിലും കുമ്മായവും ബ്ലീച്ചിംഗ് പൗഡറും  4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം വിതറണം. ചത്ത മൃഗങ്ങളെ ജലസ്രോതസ്സുകളില്‍നിന്നും 50 മീറ്റര്‍ മാറി 6 അടി താഴ്ചയില്‍ കുഴിയെടുത്ത് സംസ്‌കരിക്കണം. മൃതശരീരത്തിന്റെ മുകളിലും താഴെയും കുമ്മായം കട്ടിയില്‍ വിതറണം.

English summary: Foot and mouth disease reported in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com