രോഗപ്രതിരോധശേഷിക്കും പോഷണത്തിനും വിളകള്‍ക്കു വേണം ജീവാമൃതം

jeevamrutham
SHARE

പോഷണത്തിനും രോഗപ്രതിരോധശേഷി വര്‍ധനയ്ക്കുമായി എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ വളക്കൂട്ടാണ് ജീവാമൃതം.

ചേരുവകള്‍

250 മുതല്‍ 300 ലീറ്റര്‍വരെ ഉള്‍ക്കൊള്ളുന്ന രാസവസ്തുക്കളുടെ അംശം കലരാത്ത കട്ടിയുള്ള പ്ലാസ്റ്റിക് ബാരല്‍, നാടന്‍പശുവിന്റെ അധികം പഴക്കമില്ലാത്ത പച്ചച്ചാണകം 10 കിലോ, പഴകിയ മൂത്രം 5 ലീറ്റര്‍, കലര്‍പ്പില്ലാത്ത കറുത്ത നിറത്തിലുള്ള ശര്‍ക്കര നന്നായി പൊടിച്ചെടുത്തത് 2 കിലോ, വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, മുതിര ഇവ ഏതെങ്കിലും പൊടിച്ചെടുത്തത് ഒരു കിലോ,  ജീവാമൃതം പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്ന് കല്ലുകളില്ലാത്ത ഒരു വലിയ പിടി മണ്ണ്, ക്ലോറിന്‍ കലരാത്ത ശുദ്ധജലം 200 ലീറ്റര്‍.

(ആവശ്യത്തിന് അനുസരിച്ച് കുറഞ്ഞ അളവില്‍ ഇതേ അനുപാതത്തിലും തയാറാക്കാം.)

തയാറാക്കുന്ന വിധം

വെള്ളം ഒഴികെയുള്ള ചേരുവകള്‍ ഓരോന്നായി പ്ലാസ്റ്റിക് ബാരലിലേക്ക് ഇട്ട് മരക്കമ്പുകൊണ്ടു നന്നായി ഇളക്കി യോജിപ്പിക്കുക. രാവിലെതന്നെ ഇതു ചെയ്യണം. വൈകുന്നേരം ബാരലിലേക്ക് വെള്ളം അല്‍പാല്‍പം  ഒഴിച്ചുകൊടുത്ത് ഘടികാരദിശയില്‍ ചെറുതായി 3 മിനിറ്റ് നേരം ഇളക്കണം. രണ്ടു ദിവസം കൂടി രണ്ടു നേരം 3 മിനിറ്റ് വീതം ഇങ്ങനെ ഇളക്കണം. ശേഷം ചെറുതായി വെള്ളം നനച്ച വൃത്തിയുള്ള ചണച്ചാക്കുകൊണ്ട് ബാരലിന്റെ വായ് വട്ടം അടച്ച് അതിനു മേല്‍ ഭാരം വച്ചു മൂടിയിട്ട് തണലത്തു വയ്ക്കണം. മിശ്രിതത്തില്‍   സൂര്യപ്രകാശം നേരിട്ടു പതിക്കാന്‍ ഇടയാകരുത്. മൂന്നു ദിവസംകൊണ്ട് ജീവാമൃതം ഉപയോഗിക്കാന്‍ പാകത്തിലാകും. ഒരാഴ്ചയ്ക്കുള്ളില്‍ വിളകള്‍ക്ക് ഉപയോഗിച്ചു തീര്‍ക്കുകയും വേണം.

ഉപയോഗക്രമം

തയാറാക്കിയ ജീവാമൃതം അഞ്ചിരട്ടി ശുദ്ധജലം ചേര്‍ത്തിളക്കി നേര്‍പ്പിച്ച് വിളകളുടെ ചുവട്ടില്‍നിന്ന്  1-2 അടിവരെ അകലത്തില്‍ ഒഴിച്ചുകൊടുക്കണം. വിളയുടെ പ്രായം, വലുപ്പം എന്നിവയനുസരിച്ച് അര ലീറ്റര്‍ മുതല്‍ 5 ലീറ്റര്‍ വരെ  ഒഴിച്ചുകൊടുക്കാം. ഇലകളില്‍ തളിച്ചു കൊടുക്കുകയും ചെയ്യാം. കരട് മാറ്റി നന്നായി നേര്‍പ്പിച്ചാല്‍ തുള്ളിനനയായും നല്‍കാം. ഇങ്ങനെ മാസത്തില്‍ രണ്ടു തവണ പ്രയോഗിക്കാം. വിളച്ചുവട്ടില്‍ നനച്ച ശേഷം ഇത് പ്രയോഗിച്ചാല്‍ മാത്രമേ നല്ല ഫലം കിട്ടുകയുള്ളൂ. അതായത്, പ്രയോഗിക്കുന്ന സമയത്തു മണ്ണില്‍ ഈര്‍പ്പം വേണം. രാസവളങ്ങളോ മറ്റു രാസവസ്തുക്കളോ ആ സമയത്തു മണ്ണില്‍ ചേര്‍ക്കുകയുമരുത്. ജീവാമൃതം പ്രയോഗിച്ചതിനു ശേഷം വിളകളുടെ ചുവട്ടില്‍ കരിയിലയോ മറ്റു ജൈവ വസ്തുക്കള്‍കൊണ്ടോ പുതയിടുകയോ, മേല്‍മണ്ണ് കൂട്ടിക്കൊടുക്കുകയോ ചെയ്യണം. ഉപകാരികളായ സൂക്ഷ്മജീവികളുടെ വലിയ കലവറയായ ജീവാമൃതം വിളകളുടെ വളര്‍ച്ചാത്വരകമായി പ്രവര്‍ത്തിക്കുന്നു.

ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ വിളകളെ ബാധിക്കുന്ന ശത്രുകീടങ്ങളെ അകറ്റി നിര്‍ത്തുന്ന മിത്രകീടങ്ങള്‍ പെരുകുന്നതായും മണ്ണിന്റെ അമ്ലത ക്രമപ്പെടുന്നതായും കണ്ടിട്ടുണ്ട്. വേരിലൂടെ ബാധിക്കുന്ന രോഗാണുക്കളെ ഇതു പരമാവധി തടയുന്നു. ഈ രീതിയില്‍ ജീവാമൃതം ഉണ്ടാക്കി എല്ലാ വിളകള്‍ക്കും ഉപയോഗിക്കുന്നയാളാണ് കോടഞ്ചേരി പുത്തന്‍പുരയില്‍ സെബാസ്റ്റ്യന്‍.

English summary: Preparation of Jeevamrutham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA