'ഇനിയും കാത്തു നില്‍ക്കാന്‍ നമുക്ക് കരുത്തില്ല': ക്ഷീരകര്‍ഷകര്‍ ഉണരണമെന്ന് കര്‍ഷകന്റെ കുറിപ്പ്

dairy-farmer
SHARE

തീറ്റവിലയിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായി പാല്‍വില ഉയരാത്തത് കേരളത്തിലെ ക്ഷീരകര്‍ഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. അടുത്തിടെതന്നെ കാലിത്തീറ്റയുടെ വില ഉയരുകയും ചെയ്തിട്ടുണ്ട്. പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിരും വര്‍ധനയുണ്ടായി. എന്നാല്‍, പശുക്കളെ വളര്‍ത്തി അവയുടെ പാല്‍ വിറ്റ് മുന്നോട്ടുപോകുന്ന സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. പാലിന് ശരാശരി 35-40 രൂപയാണ് ലഭിക്കുക. കൊഴുപ്പും കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും നോക്കി ലഭിക്കുന്ന തുച്ഛമായ വില പലര്‍ക്കും പശുവിനുള്ള കാലിത്തീറ്റ വാങ്ങാന്‍ പോലും പര്യാപ്തമല്ല. പാല്‍വില വര്‍ധിപ്പിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് കര്‍ഷകര്‍ത്തന്നെ പറയുന്നു.

എന്നാല്‍ പെട്ടെന്ന് വില വര്‍ധിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയില്‍ പാല്‍ കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. അവയോട് മത്സരിക്കാന്‍ കര്‍ഷകരുടെ സ്ഥാപനമായ മില്‍മയ്ക്ക് കഴിഞ്ഞെന്നുവരില്ല. വില കുറഞ്ഞ പാല്‍ വിപണിയില്‍ സജീവമാകുമ്പോള്‍ സാധാരണക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനും പ്രയാസമാകുമെന്നതില്‍ സംശയമില്ല. ഈ സാഹചര്യം മുന്നില്‍നില്‍ക്കുമ്പോള്‍ കര്‍ഷകനായ രാംചന്ദ് കെ. ശിവപാലന്‍ പങ്കുവച്ച കുറിപ്പിന് പ്രസക്തിയുണ്ട്. പാല്‍വില വര്‍ധിപ്പിക്കാതെ കര്‍ഷകന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും അതിനുള്ള ശ്രമം കര്‍ഷകസംഘനടകളും സര്‍ക്കാരും നടത്തണമെന്നും അദ്ദേഹം പറയുന്നു. ഇനിയും വൈകിയാല്‍ നമ്മള്‍ ഓരോരുത്തരുടെയും ജീവിതോപാധിതന്നെയാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ,

പ്രിയപ്പെട്ട കര്‍ഷക സുഹൃത്തുകളെ,

ഇന്ന് ക്ഷീരകര്‍ഷകര്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് തീറ്റ വസ്തുക്കളുടെ വിലക്കയറ്റം. കോവിഡ്-19 ഒരു ഭാഗത്ത്, മറു ഭാഗത്തു തീറ്റയ്ക്ക് ഒരു നിയന്ത്രണവും ഇല്ലാതെയുള്ള വിലക്കയറ്റം. ഈ വില കൊടുത്തു തീറ്റ വാങ്ങിയാല്‍ ഗുണമേന്മ ഇല്ലാത്ത തീറ്റയാണ് ലഭിക്കുക. ഇതു കൊടുത്താല്‍ നമ്മുടെ അന്നദായകരായ പശുക്കള്‍ക്ക് അസുഖം ബാധിക്കുന്ന സ്ഥിതി വിശേഷം. ഇതിനൊന്നും ഒരു നിയന്ത്രണവും നമ്മുടെ സംസ്ഥാനത്തില്ല. എന്നാല്‍, പാല്‍ വില നിയന്ത്രിക്കാന്‍ ഇവിടെ സംവിധാനമുണ്ട്. പാലില്‍ കൊഴുപ്പ്, എസ്എന്‍എഫ് എന്നിവയൊക്കെ നോക്കി വില എത്രയും കുറച്ചു കര്‍ഷകന് നല്‍കാന്‍ ഇവിടെ സംവിധാനമുണ്ട്. നമ്മള്‍ കര്‍ഷകന്‍ മറ്റെന്തെങ്കിലും ജോലി ചെയ്തു പശുക്കളെ ആ വരുമാനം ഉപയോഗിച്ചു വളര്‍ത്തി സംഘങ്ങളില്‍ പാല്‍ കൊടുത്തു അവന്റെ കുടുംബത്തിന് പട്ടിണിയും രോഗാവസ്ഥ വന്നാല്‍ അവന്‍തന്നെ സഹിക്കണം. 35-40 രൂപയില്‍ കൂടുതല്‍ വില നമുക്ക് കിട്ടുന്നുണ്ടോ? ഇന്നത്തെ ഈ ചെലവില്‍ ഒരു ലീറ്റര്‍ പാല്‍ ഈ വിലയില്‍ ഉല്‍പാദിപ്പിക്കാന്‍ കേരളത്തിലുള്ള കര്‍ഷകര്‍ക്ക് സാധിക്കുന്നു എങ്കില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് തന്നെ. 

നമ്മുടെ ക്ഷീരകര്‍ഷകര്‍ ആത്മഹത്യ ചെയ്യാതെ ഈ മേഖല നിലനില്‍ക്കണമെങ്കില്‍ പാല്‍വില കുറഞ്ഞതു 50 രൂപ എങ്കിലും ആക്കണം. അന്യസംസ്ഥാനങ്ങളില്‍നിന്നു ഗുണമേന്മ ഇല്ലാത്തതും മായം കലര്‍ത്തിയുമാണ് പാല്‍ നമ്മുടെ സംസ്ഥാനത്ത് എത്തുന്നത്. ഇത്തരം സംഘം തന്നെയാണ് പാല്‍ വില കൂട്ടാന്‍ എതിര്‍ത്ത് നില്‍ക്കുന്നതും. അവര്‍ക്കറിയാം കൂടുതല്‍ കാലം കേരളത്തിലെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന്. കര്‍ഷകര്‍ ഈ തൊഴില്‍ നിര്‍ത്തി മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും വ്യക്തമായി മനസിലാക്കിയുള്ള ഒരു പ്രവര്‍ത്തനമാണ് അവരുടേത്. ഇതുമൂലം പാലില്‍ മായം കലര്‍ത്തിയാലും ഗുണമേന്മ ഇല്ലാത്ത പാല്‍ നല്‍കിയാലും ഇവിടെ പാല്‍ ദൗര്‍ലഭ്യം ഉണ്ടെങ്കില്‍ കാര്യമായ പരിശോധന ഇല്ലാതെ അതിര്‍ത്തി കടത്താന്‍ സാധിക്കും എന്നവര്‍ക്ക് അറിയാം. 

ഇന്ന് നമ്മുടെ കേരളത്തില്‍ പല കൂട്ടായ്മയും ഈ മേഖലയിലുണ്ട്. എന്നാല്‍, കര്‍ഷകരുടെ ഈ അവസ്ഥ ഈ സംഘടനകള്‍ നമ്മുടെ അധികാരികള്‍ മുന്‍പാകെ അവതരിപ്പിച്ച് ഇതില്‍ നടപടി എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായായി മുന്നോട്ടു പോകുന്നതില്‍ കാലതാമസം ഉണ്ടാകുന്നുണ്ട്. ആരും അതില്‍ കുറ്റക്കാരല്ല. കര്‍ഷകരുടെ ഈ അവസ്ഥ നമ്മുടെ മലയാളികളുടെ അടുത്തു മനസ്സിലാക്കി കൊടുത്താല്‍ അവര്‍ ഈ കോവിഡ് കാലത്തും ഈ പാവപ്പെട്ട കര്‍ഷകര്‍ക്ക് താങ്ങും തണലും ആയി നില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

നമുക്ക് മനസ്സിലാക്കാം പാല്‍ വില കൂട്ടാന്‍ ഒരു ചര്‍ച്ച വന്നാല്‍ അതിനെ എതിര്‍ക്കുന്നത് സാധാരണ മലയാളികള്‍ അല്ല ഈ മേഖല തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ആണെന്ന്. ഇതിനായി നമ്മുടെ സൊസൈറ്റി കളെയും മില്‍മയെയും നമുക്ക് സമീപിക്കണം. അവിടുന്നു വേണം നമ്മുടെ സര്‍ക്കാരിനെ സമീപിക്കാന്‍. ഇനിയും ഇതിനായി നമ്മുടെ സംഘടനകള്‍ താമസിച്ചാല്‍ നമ്മള്‍ ഓരോരുത്തരുടെയും ജീവിതോപാധി തന്ന യാണ് ഇല്ലാതാകുന്നത് എന്നു മനസ്സിലാക്കണം. ഇനിയും കാത്തു നില്‍ക്കാന്‍ നമുക്ക് കരുത്തില്ല. നല്ല ചര്‍ച്ചകളും നിര്‍ദേശങ്ങളും നമ്മുടെ ഗ്രൂപ്പുകളില്‍ ഉണ്ടാകുകയും പാല്‍ വില വര്‍ധിപ്പിക്കാന്‍ നമുക്ക് ഒന്നായി പരിശ്രമിക്കുകയും ചെയ്യുകയും മേഖലയുടെ നിലനില്‍പ്പിനു അത്യാവശ്യം തന്നെയാണ്.

English summary: High cost of fodder led milk price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA