ADVERTISEMENT

കൃഷിയൊരു സംസ്‌കാരമാണ്. കൃഷിയൊരു കലയുമാണെന്നു തെളിയിച്ചതിനുള്ള അംഗീകാരമാണ് വയനാട് തൃശ്ശിലേരി ഒലിയാപ്പുറം ജോണ്‍സണ്‍ എന്ന ജൈവകര്‍ഷകനെ തേടിയെത്തിയത്. മികച്ച ജൈവകര്‍ഷകനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ലഭിച്ച ജോണ്‍സണ്‍(57) ജൈവരീതിയിലൂടെ എങ്ങനെ സമ്മിശ്രകൃഷി ലാഭകരമായി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ്. 

എല്ലാവരും നെല്‍കൃഷി ചെയ്യുമ്പോള്‍ ജോണ്‍സന്റെ വയലില്‍ അതൊരു കലയാണ്. 'പാഡി ആര്‍ട്ട്' എന്ന പേരില്‍ വയലില്‍ നെല്‍കൃഷികൊണ്ട് കലാരൂപമൊരുക്കുകയാണ്. നെല്ലോലകള്‍ക്കു പല നിറമുള്ള ഇനങ്ങള്‍കൊണ്ടാണ് പാഡി ആര്‍ട്ട് ഒരുക്കുന്നത്. 20 സെന്റ് സ്ഥലത്ത് 5 വര്‍ഷമായി പാഡി ആര്‍ട്ട് ഒരുക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരുക്കിയ ദീപനാളം കാണാന്‍ എത്തിയവരില്‍ വയനാട് എംപി രാഹുല്‍ഗാന്ധിയുമുണ്ടായിരുന്നു.

അധ്യാപനത്തില്‍നിന്നു കൃഷിയിലേക്ക്

അങ്കമാലി മഞ്ഞപ്ര സ്വദേശിയായ ജോണ്‍സണ്‍ 18 വര്‍ഷം ആന്ധ്രയില്‍ അധ്യാപകനായിരുന്നു. പിന്നീട് അതുപേക്ഷിച്ചു നാട്ടിലെത്തുമ്പോള്‍ ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. വയനാട്ടിലെ ഏറ്റവും നല്ല മണ്ണില്‍ കുറച്ചു സ്ഥലം വാങ്ങി കൃഷി ചെയ്തു പ്രകൃതിയോടിണങ്ങി ജീവിക്കുക, അവിടെയുള്ള ആദിവാസി കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുക. 14 വര്‍ഷം മുന്‍പ് തൃശ്ശിലേരിയിലെത്തി 5 ഏക്കര്‍ സ്ഥലം വാങ്ങി അവിടെ താമസമാക്കി. വയനാട്ടിലെ പരമ്പരാഗത കൃഷിയെക്കുറിച്ച് അറിഞ്ഞ് അതേ രീതി തന്നെ തുടരാനായിരുന്നു ജോണ്‍സന്റെ തീരുമാനം. ആദിവാസി മൂപ്പനായ ബോളാന്‍ പെരുമനെ പരിചയപ്പെട്ടതൊരു വഴിത്തിരിവായി. അവര്‍ തുടര്‍ന്നുവന്നിരുന്ന കൃഷിരീതിയെല്ലാം മൂപ്പനില്‍നിന്നു പഠിച്ചു. ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി തുടങ്ങിയ ഉണ്ണിസദന്‍ ട്രസ്റ്റ് തന്നെ മൂപ്പനോടുള്ള കടപ്പാടായിരുന്നു. ഉണ്ണി എന്നത് മുപ്പന്റെ മകന്റെ പേരായിരുന്നു. ട്രസ്റ്റിനു വേണ്ടി 4.5 ഏക്കര്‍ സ്ഥലവും വാങ്ങി.

സമ്മിശ്രകൃഷിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതായിരുന്നു ജോണ്‍സനു നേട്ടമായത്. നെല്ല്, കാപ്പി, കുരുമുളക്, തെങ്ങ്, കമുങ്ങ്, വാഴ, പച്ചക്കറി, പശു, കോഴി, മീന്‍ എന്നിങ്ങനെ എല്ലാം പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നവ.

പരമ്പരാഗത നെല്‍കൃഷി

ഇന്ത്യയിലെ 28 ഇനം പരമ്പരാഗത നെല്‍വിത്തുകളാണ് 2.10 ഏക്കറില്‍ കൃഷി ചെയ്യുന്നത്. ഞവര, രക്തശാലി, ഗന്ധകശാല, ജീരകശാല, മുള്ളന്‍ കയമ, കല്ലടിയാരന്‍, ഒക്കപ്പുഞ്ച, ചോമാല, നാസര്‍ബാത്, ആസാം ബ്ലാക്ക്, കാലാബാദ്, ബര്‍മ ബ്ലാക്ക് എന്നിങ്ങനെ ഔഷധഗുണമുള്ള പലതരം ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. നെല്‍കൃഷിയെന്നാല്‍ മലയാളിക്കു പച്ചയാണ്. എന്നാല്‍, ജോണ്‍സന്റെ വയലില്‍ വിവിധ നിറത്തിലുള്ള നെല്‍ചെടികള്‍ കാണാം. നെല്ലിനും പലതരം നിറമുണ്ട്. പൂര്‍ണമായും കറുപ്പു നിറമുള്ള നെല്ലെല്ലാം പുതുമുയുള്ളതായി തോന്നും. ഔഷധഗുണമുള്ള നെല്ലെല്ലാം എന്തു വിലകൊടുത്തും വാങ്ങാന്‍ ആളുകള്‍ തയാറാണെന്ന് ജോണ്‍സണ്‍ പറയുന്നു. ഞവര, രക്തശാലി, ജീരകശാല, നാസര്‍ബാത് എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. നെല്‍കൃഷിയിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് റോഡിനോട് അരികു ചേര്‍ന്ന സ്ഥലത്ത് 'പാഡി ആര്‍ട്ട്' തുടങ്ങിയത്. മഹാരാഷ്ട്രയില്‍ നിന്നു കൊണ്ടുവന്ന നാസര്‍ബാതിന് കാപ്പിനിറമാണ്. അതാണു പാഡി ആര്‍ട്ടിനു കൂടുതല്‍ ഭംഗി നല്‍കുന്നതും. 

ജീവാമൃതം, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, വാരാണസി കമ്പോസ്റ്റ് എന്നിവയെല്ലാം ഉപയോഗിച്ചാണു കൃഷി ചെയ്യുന്നത്. ഈ വളമെല്ലാം കുറഞ്ഞ വിലയ്ക്കു കര്‍ഷകര്‍ക്കു നല്‍കുന്നുണ്ട്.

ഒറ്റവിള മാത്രമാണ് ഇവിടെ ചെയ്യുന്നത്. ജൂലൈയില്‍ വിളവിറക്കിയാല്‍ ഡിസംബര്‍ അവസാനം കൊയ്യാറാകും. അതിനു ശേഷം ട്രാക്ടര്‍ കൊണ്ട് പൂട്ടി എള്ള്, വള്ളിപ്പയര്‍, മുത്താറി, കടുക്, ചെറുപയര്‍ എന്നിവ വിതയ്ക്കും. വേനല്‍മഴ ലഭിക്കുന്നതോടെ ഇവയെല്ലാം നന്നായി പച്ചപിടിച്ചാല്‍ വീണ്ടും ട്രാക്ടര്‍ കൊണ്ട് പൂട്ടും. അടുത്ത കൃഷിക്കുള്ള മൂലകങ്ങളെല്ലാം ഇതില്‍നിന്നു തന്നെ ലഭിക്കും. 4 നാടന്‍ പശുക്കളാണുള്ളത്. ഇവയുടെ ചാകണവും മൂത്രവുമാണ് പ്രധാന വളം. 

സമ്മിശ്രകൃഷി

നാണ്യവിളകള്‍, കിഴങ്ങുവിളകള്‍, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ജൈവസര്‍ട്ടിഫിക്കേഷനോടു കൂടിയാണു വില്‍പന. പച്ചക്കറിക്ക് പോളിഹൗസ് ഉണ്ട്. ഇപ്പോള്‍ പാവയ്ക്കയാണു പോളി ഹൗസില്‍ കൃഷി ചെയ്യുന്നത്. വയനാട് കാലാവസ്ഥയില്‍ ശീതകാല പച്ചക്കറിയും നന്നായി വിളയുമെന്ന് ജോണ്‍സണ്‍ തെളിയിച്ചു. നാടന്‍ കോഴികള്‍ ധാരാളമുണ്ട്. 4 കുളത്തിലാണു മീന്‍ വളര്‍ത്തുന്നത്. രണ്ടു വര്‍ഷം മുന്‍പത്തെ പ്രളയത്തില്‍ കുരുമുളകു കൃഷിക്കു വന്‍ നാശം വന്നു. ഇപ്പോള്‍ പുതിയ ചെടികള്‍ നട്ടു കുരുമുളകു കൃഷി വിപുലപ്പെടുത്തുകയാണ്.

ജോണ്‍സണ്‍ ചെയര്‍മാന്‍ ആയ പ്രൊഡ്യൂസര്‍ കമ്പനിക്കു കീഴില്‍ 90 കര്‍ഷകര്‍ വിവിധയിനം നെല്ല് കൃഷി ചെയ്യുന്നുണ്ട്. കമ്പനിയുടെ ഹള്ളര്‍ മില്ലില്‍ കുത്തിയെടുക്കുന്ന ജൈവ അരിക്ക് ആവശ്യക്കാര്‍ കൂടുതല്‍ വയനാട് ജില്ലയ്ക്കു പുറത്തുനിന്നാണ്. പ്രദേശത്തെ പാടശേഖര സമിതിയുടെ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍. സൗഹൃദ ഗ്രാമശ്രീ എന്ന കര്‍ഷക സ്വാശ്രയ സംഘവും ഇവര്‍ക്കുണ്ട്.

മണ്ണിലിറങ്ങി ജീവിക്കണമെന്ന ആശയക്കാരനായ ജോണ്‍സണു പിന്തുണയുമായി ഭാര്യ നാന്‍സി, മക്കളായ മേഴ്‌സി, അര്‍പ്പിത എന്നിവരുമുണ്ട്. 

ജോണ്‍സണ്‍: 8606681181

English summary: Success Story of a Organic Paddy Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com