ADVERTISEMENT

കപ്പയുടെ/മരച്ചീനി വിളവെടുപ്പിനൊപ്പം ലോക്ഡൗണും എത്തിയതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കപ്പ വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായത് വാര്‍ത്തകളില്‍ വന്നിരുന്നു. മാത്രമല്ല, ഉല്‍പാദനവും ഉയര്‍ന്നതോടെ കിലോ കണക്കിന് കപ്പയാണ് വിലയോ വിപണിയോ ഇല്ലാതെ പലയിടങ്ങളിലും കെട്ടിക്കിടക്കുന്നത്. ഏതു പ്രതിസന്ധിയിലും അവസരത്തിന്റെ ഒരു കണികയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവും എന്നാണല്ലോ. ഇത് തിരിച്ചറിഞ്ഞ ചില കര്‍ഷകരെങ്കിലും കെട്ടികിടക്കുന്ന കപ്പ ശേഖരിച്ച് പശുക്കള്‍ക്കും എരുമകള്‍ക്കുമെല്ലാം തീറ്റയായി നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. പശുക്കള്‍ക്ക് തീറ്റയായി നല്‍കാന്‍ കപ്പ ചെറിയ വിലയില്‍ ക്ഷീരസംഘങ്ങളില്‍ ഇറക്കി നല്‍കാനും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും  ക്ഷീരവികസനവകുപ്പ് കൃഷിവകുപ്പുമായി സഹകരിച്ച് കഴിഞ്ഞദിവസം ഒരു പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. 

പാരമ്പര്യേതര തീറ്റയിനങ്ങളില്‍ ഉള്‍പ്പെടുന്ന, 75 ശതമാനം വരെ അന്നജം അടങ്ങിയ ഊര്‍ജസാന്ദ്രതയുയര്‍ന്ന തീറ്റയാണ് കപ്പ. കറവപ്പശുക്കള്‍ക്ക് മാത്രമല്ല, ഇറച്ചിപോത്തുകള്‍ക്കും ആടുകള്‍ക്കും പന്നികള്‍ക്കും കോഴികള്‍ക്കും വളര്‍ച്ചയുടെ തോത് വേഗത്തിലാക്കാനും തീറ്റയുടെ ചെലവ് കുറയ്ക്കാനും തീറ്റയായി കപ്പ നല്‍കാവുന്നതാണ്. എങ്കിലും കപ്പ നേരിട്ട് നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മരച്ചീനി നല്‍കുമ്പോള്‍ മനസിലോര്‍ക്കേണ്ടത് 

സയനൈഡ് അംശം പ്രകൃത്യാ തന്നെ അടങ്ങിയ തീറ്റകളില്‍ ഒന്നാണ് കപ്പ. വിഷാംശം കൂടുതലുള്ളത് കപ്പയുടെ തൊലിയിലാണ്. കപ്പയില്‍ മാത്രമല്ല കപ്പയിലയിലും കായയിലും ഇളം തണ്ടിലുമെല്ലാം സയനൈഡ് അടങ്ങിയിട്ടുണ്ട്. ദഹനം നടക്കുമ്പോള്‍ പുറത്തുവരുന്ന ഹൈഡ്രജന്‍ സയനൈഡ് വിഷം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഓക്‌സിജന്‍ ഉപയോഗപ്പെടുത്തി കോശങ്ങള്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമുണ്ടാക്കുന്ന പ്രക്രിയയെയാണ് സയനൈഡ് വിഷം തടസപ്പെടുത്തുക. ഊര്‍ജലഭ്യത കുറയുന്നതോടെ അവയവങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവും. 

ചെറിയ അളവില്‍ മാത്രമാണ് സയനൈഡ് വിഷം അകത്തെത്തിയതെങ്കില്‍ അത് കരളില്‍വച്ച് നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ വിഷത്തിന്റെ തോത് ഉയര്‍ന്നതാണെങ്കില്‍ 5 - 15 മിനിറ്റിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. വായില്‍നിന്ന് ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, ശ്വസനതടസം, ആടിയുള്ള നടത്തം, വായിലെയും കണ്ണിലെയും ശ്ലേഷ്മസ്തരങ്ങള്‍ രക്തവര്‍ണമാവല്‍, പേശീ വിറയല്‍, കൃഷ്ണമണികള്‍ വികസിക്കല്‍ തുടങ്ങിയവയാണ് പശുക്കളിലും, ആടുകളിലും സയനൈഡ് വിഷബാധയുടെ മുഖ്യലക്ഷണങ്ങള്‍. തുടര്‍ന്ന് മൃഗങ്ങള്‍ തറയിലേക്ക് മറിഞ്ഞുവീഴുകയും ശ്വസനതടസം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും. 

പച്ചക്കപ്പയും ഇലയുമെല്ലാം അങ്ങനെ തന്നെ കൊത്തിയരിഞ്ഞ് പശുക്കള്‍ക്ക് തീറ്റയായി നല്‍കിയാല്‍ സയനൈഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. കപ്പയുടെ തൊലി കളയുന്നതിലൂടെ വിഷാംശം  കുറയും. കപ്പ കൊത്തിയരിഞ്ഞ് തിളച്ച വെള്ളത്തില്‍ വാട്ടിയോ, ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും നല്ല വെയിലില്‍ ഉണക്കിയോ, ഉണക്കിപ്പൊടിച്ചോ നല്‍കുന്നതും സയനൈഡ് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും. ചെറു ചീളുകളാക്കി അരിഞ്ഞ് ഉണക്കി ഈര്‍പ്പമില്ലാത്ത ചാക്കുകളില്‍ സൂക്ഷിക്കുന്നതിലൂടെ ദീര്‍ഘകാലം ഉപയോഗിക്കാനും കഴിയും.

സയനൈഡ് മാത്രമല്ല അസിഡോസിസും തടയണം 

കപ്പ നിയന്ത്രിതമായ അളവില്‍ തീറ്റയില്‍ ഉള്‍പ്പെടുത്താമെങ്കിലും അമിതമായാല്‍ പശുവിന്റെ ആമാശയത്തില്‍ അസിഡോസിസ് എന്ന രോഗാവസ്ഥയ്ക്ക് ഇടയാക്കും. എളുപ്പം ദഹിക്കുന്ന അന്നജം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ പശുക്കളുടെ ആമാശയ അറയായ റൂമനില്‍വച്ച് കപ്പ വേഗത്തില്‍ ദഹിക്കും. സാധാരണയില്‍നിന്നു വ്യത്യസ്തമായി പെട്ടെന്ന് തന്നെ ദഹനം നടക്കുന്നതിനാല്‍ ഇതു ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉല്‍പാദിപ്പിക്കപെടുന്നതിനും നിറയുന്നതിനും ഇടയാക്കും. ഇതാണ് അസിഡോസിസ് എന്ന അവസ്ഥക്ക് കാരണമാവുന്നത്. 

വയറുസ്തംഭനം,വയറുകമ്പനം / ബ്ലോട്ട് ,വയറിളക്കം, അയവെട്ടാതിരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആമാശയ അസിഡോസിസിന്റെ ആരംഭലക്ഷണങ്ങളാണ്. അമിതമായി അമ്ലം നിറഞ്ഞാല്‍ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാവും. ശരീരോഷ്മാവ് താഴുന്നതിനും, നിര്‍ജലീകരണത്തിനും ക്രമേണ പശു എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വീണു പോവുന്നതും ഇത് വഴിയൊരുക്കും. സത്വര ചികിത്സ ഉറപ്പു വരുത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. കപ്പ മാത്രമല്ല ഉയര്‍ന്ന അളവില്‍ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ കഞ്ഞി, ചക്ക, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം പശുവിനും ആടിനുമെല്ലാം  നല്‍കുമ്പോഴും സംഭവിക്കുന്നത് അസിഡോസിസ് തന്നെയാണ്.

ഈയൊരു സാഹചര്യം ഒഴിവാക്കാന്‍ നിയന്ത്രിതമായ അളവില്‍ മാത്രം കപ്പ പശുക്കള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. പ്രതിദിനം പരമാവധി മൂന്ന് മുതല്‍ നാല് കിലോഗ്രാം വരെ കപ്പ അരിഞ്ഞ് കറവപ്പശുക്കള്‍ക്ക് നല്‍കാവുന്നതാണ്. പൂര്‍ണഅളവില്‍ നല്‍കുന്നതിന് മുന്‍പ് ആദ്യ മൂന്നോ നാലോ  ദിവസം കുറഞ്ഞ അളവില്‍ പശുവിനു നല്‍കി ശീലിപ്പിക്കണം. പിന്നീടുള്ള ദിവസങ്ങളില്‍ ആകെ നല്‍കുന്ന കപ്പ തീറ്റ ചെറിയ ഘഡുക്കളാക്കി മൂന്നോ നാലോ തവണകളായി നല്‍കണം. ഊര്‍ജത്തിന്റെ അളവ് ഉയര്‍ന്നതാണെങ്കിലും കപ്പയില്‍ മാംസ്യത്തിന്റെ അളവ് രണ്ട് ശതമാനം മാത്രമാണ്. അതിനാല്‍, മാംസ്യസമൃദ്ധമായ പിണ്ണാക്കിനോ കാലിത്തീറ്റയ്‌ക്കോ ഒപ്പം ഊര്‍ജസമൃദ്ധമായ കപ്പ ചേര്‍ത്തുനല്‍കുന്നത് വഴി തീറ്റ സമീകൃതമാക്കാന്‍ കഴിയും.   ലാക്ടിക് അമ്ലം കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എന്നനിലയില്‍ 100-150 ഗ്രാം വരെ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) കപ്പ നല്‍കുന്നതിനൊപ്പം നല്‍കാം.

English summary: Transforming cassava into animal feed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com