ADVERTISEMENT

കൃത്യതാ കൃഷി അഥവാ പ്രിസിഷന്‍ ഫാമിങ് കര്‍ഷക പങ്കാളിത്തത്തോടെ ഗ്രൂപ്പടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതാണ് സാമൂഹിക സൂഷ്മ ജലസേചന പദ്ധതി അഥവാ കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി. ഇസ്രയേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായ സാമൂഹിക സൂഷ്മ ജലസേചന പദ്ധതി അഥവാ കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി ബഹുവര്‍ഷ വിളകളില്‍ പൈലറ്റടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യം ആരംഭിച്ചത് പാലക്കാട്ടെ ചിറ്റൂരിലാണ്. ശ്രദ്ധേയമായ ഈ പ്രോജക്ട് മുന്‍ മന്ത്രി കെ.എം. മാണിയുടെ ഓര്‍മ്മയ്ക്കായി കമ്മ്യൂണിറ്റി ബേസ്ഡ് മൈക്രോ ഇറിഗേഷന്‍ പദ്ധതിയായി കേരളം ഒട്ടാകെ വ്യാപിപ്പിക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലൂടെ അറിയിച്ചിട്ടുള്ളതാണ്.

40% ജലലാഭവും 60% വൈദ്യുതിലാഭവുമാണ് ജലസേചന പദ്ധതിയുടെ നേട്ടം. തെങ്ങ് പ്രധാന വിളയായിട്ടാണ് ചിറ്റൂരിലെ മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ പൈലറ്റ് പദ്ധതി തുടങ്ങിയിട്ടുള്ളത്. കുരുമുളക്, ഏലം, അടയ്ക്ക, ജാതി, കാപ്പി, ഫലവൃക്ഷവിളകള്‍, പച്ചക്കറി എന്നി കൃഷികളെ കൂടി ഉള്‍പ്പെടുത്തി കേരളമാകെ നടപ്പിലാക്കാനാണ് പുതിയ പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകരെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്ന ഗ്രൂപ്പ് സംവിധാനവും ഗ്രൂപ്പ് മാനേജ്‌മെന്റുമാണ് സാമൂഹിക ജലസേചന പദ്ധതിയുടെ ആണിക്കല്ല്.

സാമൂഹിക ജലസേചന പദ്ധതികളുടെ നടത്തിപ്പിനു ശക്തമായ കാര്‍ഷിക സാങ്കേതിക ജ്ഞാനവും വിജ്ഞാന വ്യാപന വൈദഗ്ധ്യവും അത്യന്താപേക്ഷിതമാണ്. എന്‍ജിനീയറിങ് വൈദഗ്ധ്യം പ്രൊജക്ട് രൂപീകരണ ഘട്ടത്തിലും ഡിസൈന്‍ ഘട്ടത്തിലും ആവശ്യമാണ്.

കൃഷി വിദഗ്ധരുടെ വിജ്ഞാന വ്യാപന വൈദഗ്ധ്യവും ജലവിഭവ വകുപ്പിന്റെ സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിക്കാനായി എന്നതാണ് ഈ പദ്ധതി ശരവേഗത്തില്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. മുന്‍ ജലസേചന മന്ത്രിയും പ്രമുഖ കര്‍ഷകനും സഹകാരിയും കാര്‍ഷിക മേഖലയിലെ പുത്തന്‍ ആശയങ്ങളുമായി എന്നും മുന്നിട്ടിറങ്ങിയിട്ടുള്ള കെ. കൃഷ്ണന്‍കുട്ടി 2018ലാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതും തുടര്‍ന്ന് അനുമതി നല്‍കുന്നതും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയുള്ള മുന്‍ പരിചയവും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. അങ്ങനെ കേരളത്തിനായി പുത്തന്‍ മാതൃക യാഥാര്‍ഥ്യമാവുകയായിരുന്നു.

കരടിപ്പാറ, മൂങ്കില്‍ മട, വലിയേരി, നാവികാന്‍ കുളം എന്നീ 4 പദ്ധതികളാണ് കൊഴിഞ്ഞാമ്പാറ എരുത്തേന്‍പതി എന്നീ പഞ്ചായത്തുകളിലായി നടപ്പിലാക്കുന്നത്. ഇതില്‍ കരടിപ്പാറ പദ്ധതി ഉടന്‍ പൂര്‍ത്തിയാകും. 3 വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടി ആക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃഷി, മൃഗസംരക്ഷണം, ഡെയറി, ഫിഷറീസ് തുടങ്ങിയ അനുബന്ധ മേഖലകളേയും ബാങ്കുകളേയും കൂട്ടി ഇണക്കിയാണ് ഇത് സാധ്യമാക്കുന്നത്. 16 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 202 ഹെക്ടര്‍ സ്ഥലത്തുള്ള 299 കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തുടക്കത്തില്‍ കര്‍ഷകര്‍ തുക ഒന്നും അടയ്‌ക്കേണ്ടതില്ല. മൂന്നു വര്‍ഷത്തേയ്ക്കുള്ള അറ്റകുറ്റപ്പണികള്‍ സൗജന്യമാണ്.

കോവിഡ് 19 മഹാമാരിയും ലോക്ക്ഡൗണും അതിജീവിച്ച് പദ്ധതി യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് കര്‍ഷകരും സമിതി ഭാരവാഹികള്‍ ആയ അയ്യാ സാമിയും ബാലചന്ദ്രനും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KIIDC) ആണ് ഡിസൈന്‍ തയാറാക്കി നിര്‍വഹണം നടത്തിയത്. ഇസ്രയേലില്‍നിന്നുളള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. ജനറല്‍ മാനേജര്‍ സുധീര്‍ പടിയ്ക്കല്‍, അഗ്രോണമിസ്റ്റ് കെ.ഐ. അനി, എന്‍ജിനീയര്‍ അമല്‍ എന്നിവരാണ് പ്രവര്‍ത്തനങള്‍ക്ക് നേതൃത്വം നല്‍കിയത്. വരും നാളുകളില്‍ മലയോരകര്‍ഷകര്‍ അടക്കം കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതി മൂലം വരുമാന വര്‍ധന ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ കേരളം മുഴുവനും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com