മുട്ടയിടാന്‍ 4 കോഴികള്‍ക്കുവേണം ഒരു കൂട, അറിയാം കോഴിവളര്‍ത്തലിലെ ലൂസ് ഹൗസ്

loose-house
SHARE

വളര്‍ത്തുകയാണ് എങ്കില്‍പോലും എല്ലാ പക്ഷി മൃഗാദികളും അവയുടെ പ്രകൃത്യായുള്ള ശീലങ്ങളോടെ സ്വൈര്യവിഹാരം നടത്തുന്ന രീതില്‍ത്തന്നെ വളര്‍ത്തുന്നത് എപ്പോഴും നല്ലതാണ്, അതായത് ലൂസ് ഹൗസ് രീതി. എന്നാല്‍, അവയുടെ പ്രകൃത്യായുള്ള സ്വഭാവ സവിശേഷതകള്‍ അനുസരിച്ചു വേണ്ടുന്ന സൗകര്യങ്ങള്‍ അവ ജീവിക്കുന്ന പരിസരങ്ങളില്‍ നമ്മള്‍ ബോധപൂര്‍വം ഒരുക്കികൊടുത്തും ഒരു വേര്‍തിരിക്കപ്പെട്ട ഇടത്തില്‍ വളര്‍ത്തുന്ന രീതി. അവയുടെ പ്രകൃത്യായുള്ള ചോദനകള്‍ക്ക് ഭംഗം വരുത്താതുള്ള രീതി.

അതില്‍ ഒരു പ്രത്യേക വിഷയമാണ് അവയുടെ കൂടൊരുക്കല്‍. കൂടുതല്‍ കൂടൊരുക്കിയിട്ടുള്ള ഒരു ഇടത്തില്‍ കോഴികള്‍ മുട്ടയിടുന്നതിനും മുന്‍പായി കൂടുകള്‍ക്കു മുന്‍പില്‍ ഏതാനും മിനിറ്റുകള്‍ സശ്രദ്ധം വീക്ഷിച്ചുകൊണ്ടാണ് സുരക്ഷിതമായ ഒരു കൂടു തിരഞ്ഞെടുക്കുക. കൂടുകള്‍ ഒരുക്കിയാലും മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ടുള്ള ഇടുങ്ങിയ മറകള്‍ കൂടുകള്‍ക്ക് പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അതിനിടയില്‍ പോയി മുട്ടയിട്ടെന്നും വരാം. അതുകൊണ്ടു മുട്ടയിടാന്‍ ഒരുക്കിയ ഇടത്തില്‍ അത്തരം ഇടുങ്ങിയ ഇടങ്ങള്‍ ഒരിക്കലും അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. പണിതു തയാറാക്കിയ ഇടം മാത്രമേയുള്ളൂ എന്നൊരു തോന്നല്‍ കോഴികള്‍ക്ക് ഉണ്ടാക്കി കൊടുക്കണം. ഈ കൂടുകളാകട്ടെ തടസ്സങ്ങളില്ലാതെ നില്‍ക്കാനും തിരിയാനും ഇടമുണ്ടായിരിക്കണം.

കൂടുണ്ടാക്കി കൊടുത്താലും അതില്‍ ഇരിക്കാനായി വൈക്കോലോ അങ്ങിനെയുള്ള എന്തെങ്കിലും വസ്തുക്കളോ നല്‍കുന്നത് വഴി അവയ്ക്കൊരു സുരക്ഷിതത്വബോധം ഉണ്ടാക്കാന്‍ സഹായിക്കും. അല്ലായെങ്കില്‍ പരിസരത്തുള്ള ഇളക്കമുള്ള മണ്ണില്‍ കുഴിയുണ്ടാക്കി അതിലിരുന്നു മുട്ടയിടാന്‍ ശ്രമിക്കാം. വലിയൊരു പക്ഷം കോഴികളിലും ഈ സ്വഭാവമുണ്ട്. മുട്ടയിടുന്നതിനു രണ്ടാഴ്ച മുന്‍പേ മുതല്‍ മുട്ടയിടാനുള്ള സുരക്ഷിതമായ ഒരിടം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിരിക്കും എന്നാണു ഈ വിഷയത്തിലെ ഗവേഷണം തെളിയിക്കുന്നത്.

കൂടുകള്‍ ഉണ്ടാക്കിയാലും രണ്ടോ മൂന്നോ പരന്ന കുട്ടകളോ ചട്ടികളോ വൈക്കോല്‍ അല്ലെങ്കില്‍ പുല്ലുകള്‍ നിറച്ചു കൂടുകള്‍ പണിതത്തിനു മുകളിലോ മറ്റോ സജ്ജീകരിച്ചുവയ്ക്കുകയും ആകാം. ചില കോഴികള്‍ മുട്ടയിടാന്‍ വേണ്ടി അത്തരം കൂടുകള്‍ തിരഞ്ഞെടുക്കാം.

അതുകൊണ്ട് ഒന്നോ രണ്ടോ അടി ഉയരത്തിലും കൂടുതല്‍ ഉയര്‍ത്തുമ്പോള്‍ പോലും കൂടുകളില്‍നിന്നും ഇറങ്ങാനും കയറാനും ചാടാനും പാകത്തിലും കൂടിനു മുന്‍ഭാഗത്തായി അവയുടെ ശരീര വലുപ്പത്തിനനുസരിച്ചു ഉലാത്താനായുള്ള ഒരു നടവഴി പലകയോ മുളവടികളോ ഉണ്ടായിരിക്കണം എന്നതും ഇവയുടെ സ്വഭാവ സവിശേഷതയായി പറയുന്നുണ്ട്.

ചിലയിനം കോഴികള്‍ രണ്ടാഴ്ച മുന്നെവന്നു മുട്ടയിടല്‍ റിഹേഴ്സല്‍ എന്നപോലെ കുറച്ചു നേരമൊക്കെ മുട്ടയിടാന്‍ ഇരിക്കുന്നപോലെയൊക്കെ ഇരുന്നു നോക്കുകയും പരിസരമാകെ വീക്ഷിക്കുകയും ചെയ്യും. നമ്മള്‍ പുതിയ കസേരയോ സോഫയോ മേടിക്കാന്‍ ഫര്‍ണ്ണീച്ചര്‍ കടയില്‍ പോയി ചാഞ്ഞും ചെരിഞ്ഞുമൊക്കെ ഇരുന്നു നോക്കാറില്ല? അതേപോലെ... ചിലയിനം കോഴികള്‍ കൂടിനു ചുറ്റുമുള്ള വൈക്കോലും മറ്റു വസ്തുക്കളും താനിരിക്കുന്ന ഇടത്തിലേക്ക് അടുപ്പിച്ചുവയ്ക്കുകയും ചെയ്യുന്നു. ഈ അന്വേഷണങ്ങളെല്ലാം കഴിഞ്ഞു മുട്ടയിടാന്‍ ആരംഭിക്കുന്നതിനു ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പായി തന്നെ അവയുടെ മുട്ടയിടാനുള്ള ഒരു സിഗ്‌നല്‍ ശരീരത്തില്‍ ചലനം സൃഷ്ടിക്കുന്നു. ഈ സിഗ്‌നല്‍ ലഭിക്കുന്നതോടെ കോഴി മുന്നേ തിരഞ്ഞെടുപ്പ് നടത്തിയ കൂടിന്റെ പരിസരത്തേക്ക് നടന്നു തുടങ്ങും. മുട്ടയിടുന്നതിനു തൊട്ടുമുന്നേയുള്ള ഒരു പരിശോധന കൂടി അവിടെ നടത്തിയെടുക്കുന്നു. എന്നിട്ടുമാത്രമേ കൂടുകളിലേക്കു കാലെടുത്തുവയ്ക്കൂ.

കൂടുതല്‍ കോഴികളുള്ള ഇടത്തില്‍ ചിലപ്പോള്‍ ഏറ്റവും നല്ല കൂടു നോക്കി ആരോഗ്യമുള്ള കോഴികള്‍ മുന്നേ സ്ഥലം പിടിക്കാം. മറ്റു കോഴികള്‍ ആരെങ്കിലും തിരഞ്ഞെടുത്താല്‍ പോലും ഈ തലമുതിര്‍ന്ന കോഴി കൂട്ടിലേക്കു പ്രവേശിക്കാന്‍ മറ്റു കോഴികളെ അനുവദിക്കില്ല. ഒരു പ്രത്യേക ശബ്ദമുണ്ടാക്കി അവയെ അകറ്റും. അതുകൊണ്ടു മുട്ടക്കൂടുകള്‍ ആവശ്യാനുസരണം ഉണ്ടായിരിക്കണം.

നാടന്‍ കോഴികളെ വളര്‍ത്തുമ്പോള്‍ 4 കോഴിക്ക് ഒരു കൂടെങ്കിലും അതുകൊണ്ട് ഉണ്ടാക്കിയിരിക്കണം. എല്ലാവരും ഒരേസമയത്തല്ല മുട്ടയിടുന്നത് എന്നതുകൊണ്ടാണ് ഈ അനുപാതം നിര്‍ദ്ദേശിക്കുന്നത്. കൂടുകള്‍ കുറവും മത്സരം കൂടുകയും ചെയ്താല്‍ മുട്ടയിടാനുള്ള ചില കോഴികളുടെ ത്വര പിന്നെ ഉണ്ടായെന്നു വരില്ല.

ചിലപ്പോള്‍ മുട്ടയിടാനായി മറ്റു ഒളിയിടങ്ങള്‍ കണ്ടെത്തി അവിടെ മുട്ടയിട്ടെന്നും വരാം. ചിലപ്പോള്‍ ഏതെങ്കിലും വൈക്കോല്‍ തുറുവില്‍ ദ്വാരമുണ്ടാക്കി അതിലിരുന്നു മുട്ടയിട്ടു അടയിരുന്നു കൊത്തി വിരിഞ്ഞു പുറത്തു വരുമ്പോള്‍ മാത്രമേ നമ്മള്‍ കാണുകയുള്ളൂ.

ലൂസ് ഹൗസ് രീതികളില്‍ തനി നാടന്‍ കോഴികളുടെ ശീലങ്ങളാണ് ഈ വിവരിച്ചത്.

വിലാസം,

Venugopal madhav, Muttathe Krishi

Ultra-Organig farm practice Directional consultant

venugopalmadhav6@gmail.com

whatsap: 9447 462 134

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA