ADVERTISEMENT

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി. തുള്ളിക്ക് ഒരു കുടം കണക്കെ കാലവര്‍ഷം പെയ്യുന്ന ദിനങ്ങള്‍ ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം പാല്‍ കുടങ്ങള്‍ നിറയുന്ന ദിനങ്ങള്‍ കൂടിയാണ്. വൈക്കോല്‍ ചവച്ചും ചൂടിനെ അണച്ചും വേനലില്‍ തളര്‍ന്ന നമ്മുടെ ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍, ജേഴ്സി, സുനന്ദിനി- സങ്കരയിനം പശുക്കള്‍ പെരുമഴയുടെ കുളിരും പച്ചപ്പുല്ലിന്റെ സമൃദ്ധിയും ചേരുന്നതോടെ തിരിമുറിയാതെ നറും പാല്‍ ചുരത്താന്‍ തുടങ്ങും. പാലുല്‍പാദനമികവിന്റെ കാലമാണ് ഇതെങ്കിലും പരിപാലത്തില്‍ പിഴച്ചാല്‍ മഴക്കാലം കര്‍ഷകന് ദുരിതകാലമാവുമെന്നത് മറക്കരുത്. പശുക്കളുടെ മഴക്കാലസംരക്ഷണത്തില്‍ മനസില്‍ സൂക്ഷിക്കേണ്ട ചില പ്രധാന പരിപാലനമുറകളുണ്ട്.

മഴക്കാല തൊഴുത്തുകള്‍ എങ്ങനെ

തൊഴുത്തില്‍ പൂര്‍ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്ത് നികത്തണം. സാധ്യമെങ്കില്‍ തറയില്‍ റബര്‍ മാറ്റ് വാങ്ങി വിരിക്കണം. ജൈവ മാലിന്യങ്ങള്‍ നീക്കിയ ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്ത് നിത്യവും കഴുകി വൃത്തിയാക്കണം. ഇതിനായി ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള നല്ല അണുനാശിനികള്‍ നേരത്തെ തന്നെ വാങ്ങി സൂക്ഷിക്കണം. ബ്ലീച്ചിങ് പൗഡര്‍ അല്ലെങ്കില്‍ കുമ്മായം വിതറി രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും വഴുക്കല്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരുകാരണവശാലും മഴവെള്ളം ചാണകക്കുഴിക്കുള്ളിലേക്ക് കുത്തിയൊലിച്ചിറങ്ങാതെ ശ്രദ്ധിക്കണം. മണ്ണില്‍ കുഴിയെടുത്തുണ്ടാക്കിയ ചാണകക്കുഴികള്‍ക്ക് പകരം തറനിരപ്പില്‍ നിന്നും മുകളിലേക്ക് കല്ലടുക്കിക്കെട്ടിയടുക്കി മേല്‍ക്കൂരയോട് കൂടി പണിത ശാസ്ത്രീയമായ ചാണകക്കുഴികള്‍ ആണെങ്കില്‍ മഴക്കാലത്ത് ഏറെ സഹായകരമാവും.

തൊഴുത്തുമായി ബന്ധപ്പെട്ട് അനേകം വൈദ്യതി അപകടങ്ങളാണ് ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്. വൈദ്യതി ബന്ധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍  അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കളുടെ മാത്രമല്ല ക്ഷീരകര്‍ഷകനും അപകടമുണ്ടാക്കും. ഗുണനിലവാരമില്ലാത്തതും അപകടസാധ്യതയുള്ളതുമായ രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തില്‍ സ്ഥാപിക്കരുത്. വൈദ്യുതി വയറുകളുടെ ഇന്‍സുലേഷനും കണക്ഷന്‍ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം. ഫാമുകളിലെ എര്‍ത്തിങ് സംവിധാനം ഗുണമേന്മയോടെ നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് കന്നുകാലികളുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. എര്‍ത്തിങ് പ്രതിരോധം കൃത്യമായ ഇടവേളകളില്‍ ടെസ്റ്റ് ചെയ്ത് പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തേണ്ടതും പ്രധാനം. 

കിടാക്കള്‍ക്ക് വേണം ഇത്തിരി ചൂട് 

കിടാക്കൂടുകളില്‍ വൈക്കോല്‍ വിരിച്ച് തറ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കണം. കൂട്ടില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാര്‍പ്പിക്കുന്നതെങ്കില്‍ അവയെ തിങ്ങി പാര്‍പ്പിക്കാതിരിക്കണം. കിടാക്കൂടുകളില്‍ ഇന്‍കാന്റസെന്റ് / ഇന്‍ഫ്രാറെഡ് ബള്‍ബുകള്‍ സജ്ജമാക്കി മതിയായ ചൂട് ഉറപ്പാക്കണം. കൂട്ടിലേക്ക് മഴച്ചാറല്‍ അടിക്കാതെ ശ്രദ്ധിക്കണം.

വാങ്ങിവയ്ക്കാം ഒരു അകിടുവീക്കനിര്‍ണയ കിറ്റ്

കറവപ്പശുക്കളില്‍ അകിട് വീക്കസാധ്യത കുറയ്ക്കാന്‍ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി (ഒരു ലീറ്റര്‍ വെള്ളത്തില്‍ ഒരു നുള്ള് പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവക്കാരന്റെ കൈകളും ഇതേ രീതിയില്‍ ശുചിയാക്കേണ്ടതും പ്രധാനം തന്നെ. കറവയന്ത്രങ്ങള്‍ കമ്പനി മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന അതേ രീതിയില്‍ വേണം വൃത്തിയാക്കാന്‍. പൂര്‍ണകറവയ്ക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്‍ഡ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. കറവയ്ക്കു ശേഷം മുലക്കണ്ണുകള്‍ അടയുന്നത് വരെ ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അല്‍പം ഖരാഹാരം നല്‍കാം.

അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാല്‍ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. തറയില്‍ കിടക്കുമ്പോള്‍ പാല്‍ തനിയെ ചുരത്തുന്ന ചില കറവ പശുക്കളുണ്ടാവാം. ഫോസ്ഫറസ് മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. തനിയെ തറയില്‍ പാല്‍ ചുരത്തുന്ന അകിടുകള്‍ രോഗാണുക്കളെ മാടിവിളിക്കും. പാല്‍ തനിയെ ചുരത്തുന്ന പശുക്കളില്‍ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്ക സാധ്യത കൂട്ടും. മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ ക്ഷീരകര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം.

പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കറവ അവസാനിപ്പിച്ച് വറ്റുകാലത്തിലേക്ക് പോവുന്ന പശുക്കള്‍ ഉണ്ടാവാം. ഈ പശുക്കളില്‍ അകിടുവീക്കം തടയുന്നതിനായി വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി വറ്റുകാല ചികിത്സ (ഡ്രൈ കൗ തെറാപ്പി ) ഉറപ്പാക്കണം. 

മൃഗാശുപത്രികളില്‍നിന്നും തുച്ഛമായ നിരക്കില്‍ ലഭ്യമായ അകിടുവീക്കനിര്‍ണയ കിറ്റ് (കാലിഫോര്‍ണിയ മാസ്റ്റൈറ്റിസ് ടെസ്റ്റ് കിറ്റ് ) ഉപയോഗിച്ച് ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും അകിട് വീക്കനിര്‍ണയ പരിശോധന നടത്തുന്നത് ഉചിതമാണ്. പാലിന്റെ മണവും രുചിയും നിറവും വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ ഒന്നും പുറത്ത് പ്രകടമാവാത്ത തരത്തിലുള്ള നിശബ്ദ അകിടുവീക്കം (സബ് ക്ലിനിക്കല്‍ മാസ്റ്റൈറ്റിസ്) എളുപ്പത്തില്‍ തൊഴുത്തില്‍ വച്ച് തന്നെ കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൈസോഡിയം സിട്രേറ്റ് പൊടി പശുവിന്റെ 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവില്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്നത് നിശബ്ദ അകിടുവീക്കം തടയാന്‍ ഫലപ്രദമാണ്. 

പാലിന്റെ ഗുണനിലവാരത്തിന്റ അടയാളമായ എംബിആര്‍ടി. (Methylene blue reduction test time ) കുറയുന്നത് മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. അകിടുവീക്കം തടയാന്‍ സ്വീകരിക്കുന്ന നടപടികളിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ തടയാം. അകിടിനും പാലിനും വരുന്ന ഏത് മാറ്റവും അകിടുവീക്കത്തിന്റെ സൂചനയാണെന്ന് മനസ്സിലാക്കുക. അകിടുവീക്കത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പാല്‍ മുഴുവന്‍ കറന്നൊഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് സ്വയം ചികിത്സകള്‍ക്ക് മുതിരാതെ വേഗം ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

പരാദങ്ങള്‍ക്കെതിരെ മുന്‍കൂര്‍ പ്രതിരോധം 

ബാഹ്യ ആന്തര പരാദങ്ങള്‍ പെരുകാന്‍ ഏറ്റവും അനുകൂലമായ സമയമാണ് മഴക്കാലം. മഴ ശക്തമാവുന്നതിന് മുന്‍പായി ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം. വെള്ളക്കെട്ടുകള്‍ക്കോ വയല്‍ പ്രദേശങ്ങള്‍ക്ക് സമീപമോ ആണ് പശു വളര്‍ത്തുകയും മേയാന്‍ വിടുകയും ചെയ്യുന്നതെങ്കില്‍ ആംഫിസ്റ്റോം വിരകളെ അഥവാ പണ്ടപ്പുഴുവിനെ തടയാനുള്ള മരുന്ന് മുന്‍കൂറായി നല്‍കണം. മുടന്തന്‍പനി അടക്കമുള്ള രോഗങ്ങള്‍ പശുക്കളിലേക്ക് പകര്‍ത്തുന്നത് ബാഹ്യപരാദങ്ങളായ കൊതുകുകളും കടിയീച്ചകളുമാണ്. ഈച്ചകളെ അകറ്റുന്ന ലേപനങ്ങള്‍ ആഴ്ചയില്‍ മൂന്നു തവണ പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. ബാഹ്യ പരാദനാശിനികളായ ലേപനങ്ങള്‍ ഉപയോഗിച്ച് തൊഴുത്ത് വെള്ള പൂശാം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. രാത്രികാലങ്ങളില്‍ തൊഴുത്തില്‍ പുകയ്ക്കുന്നതും കീടങ്ങളെ അകറ്റും.

ശ്രദ്ധിക്കാന്‍ ബ്ലോട്ടും അഫ്‌ളാടോക്‌സിന്‍ വിഷവും 

മഴക്കാലത്തിന്റെ തുടക്കത്തില്‍ തളിര്‍ക്കുന്ന ഇളംപുല്ല് ധാരാളമായി നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയര്‍പെരുപ്പത്തിനും (ബ്ലോട്ട്) ഇടയാക്കും. ഇളം പുല്ലില്‍ നാരിന്റെ അളവ് കുറവായതും ഒപ്പം അധിക അളവില്‍ അന്നജവും ജലാംശവും അടങ്ങിയതുമാണ് ഇതിന് കാരണം. ഇളം പുല്ല് വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കിയോ വൈക്കോലിനൊപ്പം ചേര്‍ത്തോ നല്‍കാന്‍ ശ്രദ്ധിക്കണം. മഴയ്‌ക്കൊപ്പം പറമ്പില്‍ സമൃദ്ധമായി വിളഞ്ഞ് വീഴുന്ന പഴുത്ത ചക്ക മുഴുവനും പശുവിന് നല്‍കി അപകടം വിളിച്ചുവരുത്തരുത്.

സൂക്ഷിച്ചുവച്ച തീറ്റയില്‍ പൂപ്പല്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. പൂപ്പലുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്‌ളാടോക്‌സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്റെ സൂചനകള്‍. നനഞ്ഞതോ പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്‍കാന്‍ പാടില്ല.

തീറ്റച്ചാക്കുകള്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെ മുകളിലോ പ്ലാസ്റ്റിക് ട്രേയിലോ  സൂക്ഷിക്കണം. കാലിത്തീറ്റ സൂക്ഷിക്കാനുള്ള പ്രത്യേകം ഫൈബര്‍/പ്ലാസ്റ്റി് ചട്ടക്കൂടുകള്‍ ഇന്ന് വിപണിയിലുണ്ട്. തീറ്റച്ചാക്കുകള്‍ക്ക് മുകളില്‍ തണുത്ത കാറ്റോ മഴചാറ്റലോ ഏല്‍ക്കാതെ ശ്രദ്ധിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റച്ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. തീറ്റ നനയാന്‍ ഇടയായാല്‍ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. തൊഴുത്തിലും തീറ്റകള്‍ സംഭരിച്ച മുറികളിലും പരിസരത്തും എലികളെയും പെരുച്ചാഴികളെയും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. തീറ്റകള്‍ സുരക്ഷിതമായി അടച്ച് സൂക്ഷിക്കുന്നതിനൊപ്പം തീറ്റയവശിഷ്ടങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുകയും വേണം.

കുളമ്പുകളില്‍ ഒരു കണ്ണ് വേണം

പരുപരുത്തതും നനഞ്ഞിരിക്കുന്നതും ചളി നിറഞ്ഞതുമായ തറയില്‍ കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും സാധ്യതയുണ്ട്. കുളമ്പുവേദന മൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്റെ ലക്ഷണമാണ്. കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ആന്റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടണം. അധികമായി വളര്‍ന്ന കുളമ്പിന്റെ ഭാഗം വിദഗ്ധസഹായത്തോടെ മുറിച്ച് കളയുന്നതും ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും 5 % തുരിശ് ലായനിയിലോ 2 % ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം കുളമ്പുകള്‍ മുക്കി വച്ച് ഫൂട്ട് ഡിപ്പ് നല്‍കുന്നതും കുളമ്പുചീയല്‍ തടയാന്‍ ഫലപ്രദമാണ്. 

രോഗങ്ങള്‍ പലവിധം

കാലാവസ്ഥയിലെ പെട്ടെന്നുള്ള   മാറ്റങ്ങള്‍ സങ്കരയിനം പശുക്കളില്‍ ശരീരസമ്മര്‍ദ്ദത്തിനും സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനും കാരണമാവും. ഒപ്പം തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. കുരലടപ്പന്‍, മുടന്തന്‍ പനി, തൈലേറിയ, അനാപ്ലാസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്. ന്യൂമോണിയ, കോക്‌സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളില്‍ മഴക്കാലത്ത് കാണുന്ന പ്രധാന രോഗങ്ങള്‍. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ കുളമ്പ് രോഗം പടരുന്ന സാഹചര്യത്തില്‍ കുളമ്പുരോഗം തടയാനുള്ള ജാഗ്രതയും വേണ്ടതുണ്ട് . 

പാലുല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ്, തീറ്റയെടുക്കാന്‍ മടി, പനി, എഴുന്നേല്‍ക്കാനും നടക്കാനുമുള്ള പ്രയാസം, ആയാസപ്പെട്ടുള്ള ശ്വാസോച്ഛാസം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വിദഗ്ധ സേവനം തേടണം. തൈലേറിയ പോലുള്ള രോഗങ്ങള്‍ ആണെങ്കില്‍ രക്തപരിശോധന രോഗനിര്‍ണയത്തിന് ഏറെ പ്രധാനമാണ്. പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി കരള്‍ ഉത്തേജന മിശ്രിതങ്ങളും ധാതു ജീവക മിശ്രിതങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കുകയും വേണം.

ഇന്‍ഷുറന്‍സ് സുരക്ഷ

എത്ര തന്നെ മുന്‍കരുതലുകള്‍ സ്വീകരിച്ചാലും അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങള്‍ ഉണ്ടാവാം. ഇത്തരം അപകടങ്ങളില്‍നിന്നും പ്രകൃതിദുരന്തങ്ങളില്‍നിന്നും ക്ഷീരസംരംഭത്തെ സാമ്പത്തിക സുരക്ഷിതമാക്കുന്നതിനായി പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. കാലാവധി കഴിഞ്ഞ   ഇന്‍ഷുറന്‍സ് പോളിസികള്‍ യഥാവിധി പുതുക്കുന്നതില്‍ വന്ന അശ്രദ്ധ കാരണം പിന്നീട് നിരാശപ്പെടേണ്ടി വന്ന നിരവധി കര്‍ഷകരുണ്ട്. കാലവര്‍ഷം കനക്കും മുന്‍പ് കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ  ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ക്ഷീരസംരംഭകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

English summary: How to Take Care of Cattles in Rainy Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com