പത്തുവർഷത്തിനിടെ ഇറച്ചിവില കുതിച്ചത് 158% വരെ, പോത്തിലുണ്ട് പത്തു പുത്തനുണ്ടാക്കാനൊത്ത വഴികളേറെ

HIGHLIGHTS
  • മാംസോൽപാദന സംരംഭങ്ങൾക്ക് സംസ്ഥാനത്ത് സാധ്യതകൾ ഇനിയുമേറെ
  • വരവും വിപണിയുമാണ് വില നിർണയിക്കുന്നത്
buffalo
SHARE

പോത്തിറച്ചിക്ക് പലയിടങ്ങളിലും ഇപ്പോൾ പൊന്നിൻവിലയാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. സാധാരണക്കാര്‍ക്ക്  താങ്ങാനോ വാങ്ങാനോ പറ്റുന്ന വിധത്തിലല്ല പലയിടങ്ങളിലും പോത്തിറച്ചിയുടെ വിലകയറിയിരിക്കുന്നതെന്ന് മാധ്യമവാർത്തകൾ പറയുന്നു. ഓരോ ജില്ലയിലും, ജില്ലകളിൽ തന്നെ ഓരോരോ പ്രദേശത്തും പോത്തിറച്ചിയുടെ വില പലതാണ്. കോട്ടയം ജില്ലയിൽ പോത്തിറച്ചിയുടെ അമിതവിലയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിൽ ഒരാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മുന്നില്‍ സമര്‍പ്പിച്ച പരാതി ഈയടുത്ത ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പോത്തിറച്ചി പ്രേമികൾ ഈ വിഷയം ഫേസ്ബുക്കിലും വാട്സാപ്പിലും എമ്പാടും ഷെയർ ചെയ്തു. പോത്തിറച്ചിയുടെ വിലനിയന്ത്രിക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സംസ്ഥാനവ്യാപകമായി പോത്തിറച്ചിക്ക് ഏകീകൃത വില നിശ്ചയിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ തീരുമാനങ്ങൾക്കായി ഈ പരാതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരുവനന്തപുരത്തേക്ക് അയച്ചതോടെ ഈ വിഷയം ഇപ്പോൾ ഭക്ഷ്യവകുപ്പു മന്ത്രിയുടെ മേശപ്പുറത്ത് തുടർനടപടികൾ കാത്തിരിക്കുകയാണ്.

വരവും വിപണിയുമാണ് വില നിർണയിക്കുന്നത്; പോത്തിറച്ചിയുടെ പൊന്നിൻവിലയുടെ പിന്നിൽ 

ഈ ലോക്‌ഡൗൺ കാലത്ത് പോത്തിറച്ചിയുടെ വില കുതിച്ചുയർന്നതിനു പിന്നിൽ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു ഉൽപന്നം വാങ്ങാൻ ആവശ്യക്കാർ ഏറെയുണ്ടങ്കിലും വിപണിയിൽ അതിനൊത്ത  ഉൽപദനമോ, വരവോ, വിതരണക്കാർ തമ്മിൽ മത്സരമോ ഇല്ലെങ്കിൽ ഏതൊരു ഉൽപന്നത്തിന്റെയും വില കൂടും എന്നത് വിപണിയുടെ അടിസ്ഥാന ശാസ്ത്രമാണ്. വിലനിയന്ത്രണത്തിനായി സർക്കാർ ഇടപെട്ടില്ലെങ്കിൽ വീണ്ടും വില കുതിച്ചുയരും.  കേരളത്തിൽ ചിലയിടങ്ങളിൽ പോത്തിറച്ചി വിലയ്ക്ക്  സംഭവിച്ചതും മറ്റൊന്നല്ല. പോത്തിറച്ചിക്ക് ആവശ്യക്കാർ ഏറിയെങ്കിലും ലോക്‌ഡൗൺ നിയന്ത്രണമടക്കം ഉള്ളതിനാൽ ആവശ്യത്തിനൊത്ത പോത്ത് വരവ് മാർക്കറ്റിൽ ഉണ്ടായില്ല. കേരളത്തിന്റെ മാംസ വിപണിയിലേക്ക് വേണ്ട ഉരുക്കളിൽ 60 ശതമാനവും കശാപ്പിനായെത്തുന്നത് ഇന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നാണെന്നത് മറക്കരുത്. പോത്തിന്റെ ലഭ്യത കുറഞ്ഞതോടെ വിപണിയിൽ കച്ചവടക്കാർ തമ്മിൽ മത്സരം കുറഞ്ഞു, എന്നാൽ ഉപഭോക്താക്കളുടെ എണ്ണമൊട്ട് കുറഞ്ഞതുമില്ല.  മാംസ വിൽപ്പനക്കാർ ഈ സാഹചര്യം മുതലെടുത്ത് വില ഉയർത്തിയതോടെ പോത്തിറച്ചിക്ക് പൊന്നിൻവിലയായെന്ന് തന്നെ പറയാം. മുൻപ് കണ്ണൂർ മലപ്പുറം തുടങ്ങിയ ചില ജില്ലകൾ പോത്തിറച്ചി വില ഇതുപോലെ പിടിവിട്ട് കുതിച്ചപ്പോൾ ജില്ലാ ഭരണകൂടം ഇടപെട്ട് ഏകീകൃത വിലയും അമിത വിലയീടാക്കുന്നവർക്കെതിരെ നടപടികളും സ്വീകരിച്ചിരുന്നു.

buffalo-1

പോത്തിറച്ചിവില വർധന പെട്ടെന്നുണ്ടായ ഒരു പ്രാദേശിക പ്രതിഭാസമല്ല 

പോത്തിറച്ചിയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം പെട്ടെന്ന് ഏതെങ്കിലും ഒരു പ്രദേശത്ത് ഉണ്ടായിട്ടുള്ള ഒരു പ്രതിഭാസമല്ലെന്ന് നമ്മൾ അറിയേണ്ടതുണ്ട്. സംസ്ഥാനത്ത് പോത്തിറച്ചിയുടെ വിപണി വില 2011-2012 കാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പത്തുവർഷങ്ങൾക്കിപ്പുറം 2019-2020 സാമ്പത്തികവർഷം 125 ശതമാനം വരെ വർധിച്ചെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കണക്ക്.  കോവിഡ് കാലം എത്തുന്നതിന് തൊട്ടുമുൻപുള്ള സമൃദ്ധിയുടെ കാലമായ 2018- 2019 സാമ്പത്തിക വർഷത്തിൽ 2011-2012 കാലത്തെ അപേക്ഷിച്ച് 158 ശതമാനം വരെയാണ് പോത്തിറച്ചിയുടെ വില പോത്തുപോലെ വളർന്നതെന്നും കണക്കുകൾ പറയുന്നു. ആട്ടിറച്ചി, കോഴിയിറച്ചി, പോർക്ക് തുടങ്ങിയ മറ്റ് മാംസോൽപ്പനങ്ങൾക്കും മുട്ടയ്ക്കും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ വിലവ്യതിയാനത്തെയെല്ലാം പോത്തിറച്ചി വിലനിലവാരം കവച്ചുവയ്ക്കുന്നു. ബീഫിനോടുള്ള  പ്രിയവും ഡിമാൻഡും നമ്മുടെ നാട്ടിൽ  നാൾക്കുനാൾ കൂടുന്നുവെന്ന സൂചനയും ഈ കണക്കുകൾ നൽകുന്നുണ്ട്.  

പോത്തിറച്ചിയുടെ പൊന്നിൻ വില പഠിപ്പിക്കുന്ന പാഠം, മാംസോൽപാദന സംരംഭങ്ങൾക്ക് സംസ്ഥാനത്ത് സാധ്യതകൾ ഇനിയുമേറെ 

ഉപ്പൊഴിച്ച് വീട്ടിലേക്ക് വേണ്ട ഭക്ഷ്യസാധനങ്ങൾ എല്ലാം വീട്ടിൽ തന്നെ താൻ ഉൽപാദിപ്പിക്കുന്നുണ്ടന്ന് കഴിഞ്ഞ ദിവസം തെല്ലൊരഭിമാനത്തോടെ പറഞ്ഞത് സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ സഹൃദയനായ കർഷക സുഹ്യത്താണ്. ഇത് വെറും വാക്കല്ല,  പിന്നിട്ട ഏതാനും വർഷങ്ങളിൽ കേരളത്തിലെ വീടുകളിൽ ഗ്രാമ നഗര ഭേദമില്ലാതെ, സ്ഥലപരിമിതികളുടെയും സമയമില്ലായ്മയുടെയും പരിഭവങ്ങളെ തോൽപ്പിച്ച്  നിശബ്ദമായ ഒരു കാർഷികതരംഗം നടന്നിട്ടുണ്ടെന്നത് ആർക്കും കാണാതിരിക്കാനാവില്ല. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും  പാലിന്റെയും മുട്ടയുടെയുമെല്ലാം കാര്യത്തിൽ കേരളം ഇന്ന് സ്വയംപര്യാപ്തതയുടെ പാതയിലാണ്. എന്നാൽ മാംസോൽപാദനത്തിന്റെ കാര്യമോ?  

തൂശനിലയിൽ നാനാതരം കറിയൊഴിച്ച് തൂവള്ള ചോറ് വിളമ്പിയാലും അതിൽ ഒരിത്തിരി ചിക്കനോ ബീഫോ തിരയുന്നവരാണ് നമ്മളിൽ  ഭൂരിഭാഗവും. എന്നാൽ  മാംസോൽപാദനത്തിന്റെ കാര്യത്തിൽ കേരളം ഇന്നും ഏറെ പിന്നിലാണ്. നമ്മുടെ ആകെ വാർഷിക മാംസ ഉപഭോഗത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും  നിറവേറ്റണമെങ്കിൽ മറുനാടൻ മാംസത്തെ ആശ്രയിക്കാതെ ഇന്ന്  വേറെ വഴിയില്ല. അത് പോത്തായാലും പോർക്കായാലും ആടായാലും ബ്രോയിലർ കോഴിയാലും മാംസവിപണിയിലെ പരാശ്രയത്തിന് വലിയ വ്യത്യാസമില്ല. ലോക്‌ഡൗൺ കാലത്ത് പോത്തിറച്ചിക്കുണ്ടായ വിലവർധന കേരളത്തിന്റെ ഈ പരാശ്രയ സാഹചര്യവുമായി ചേർത്താണ് മനസിലാക്കേണ്ടത്.

പക്ഷേ, ഏത് വെല്ലുവിളികളിലും ഒളിഞ്ഞിരിക്കുന്ന അവസരങ്ങളുണ്ട്. കേരളത്തിന് മുന്നിലുള്ള അത്തരം ഒരവസരവും സംരംഭക സാധ്യതയുമാണ്  ആഭ്യന്തര മാംസോൽപാദനം. മാംസഉപഭോഗത്തിന്റെ 60 ശതമാനവും ലഭ്യമാക്കാൻ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മുടെ നാട്ടിൽ ആഭ്യന്തര മാംസോൽപാദനത്തിന് സാധ്യതകളും വിപണിയും ഏറെയുണ്ട്. മാംസത്തിനായുള്ള പോത്തു പരിപാലനത്തിലും ആട് വളർത്തലിലും കോഴി വളർത്തലിലും പന്നിവളർത്തലിലും എന്തിന് മുയൽ വളർത്തലിലും അടക്കം ആദായത്തിന്റെ സാധ്യതകൾ മറഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് ഒരു സംരംഭകന്റെ വിജയം. പോത്തിറച്ചിയുടെ  പൊന്നിൻവിലക്കാലം നമ്മളെ പഠിപ്പിക്കുന്ന സാധ്യതകളും അതുതന്നെയാണ്. 

പോത്ത് കൃഷി: പണം പോത്തുപോലെ വളരുന്നൊരു സംരംഭസാധ്യത

‘ബി ടെക്ക് പൂർത്തിയാക്കിയ കുറച്ച് ചെറുപ്പക്കാർ ചേർന്ന് പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനെ പറ്റിയുള്ള ആലോചനയിലാണ്. ഒടുവിൽ അവരുടെ ആലോചന അവസാനിക്കുന്നത് പത്തു പോത്തുകളെ വാങ്ങി വാങ്ങി വളർത്താം എന്ന ഐഡിയയിൽ ആണ്’- ഫെയ്സ്ബുക്കിൽ ഈയിടെ കണ്ട ട്രോളുകളിൽ ഒന്നാണിത്. ഇത് വെറുമൊരു ട്രോളാണെന്ന് പറഞ്ഞുചിരിച്ചു തള്ളാൻ വരട്ടെ. ജനസംഖ്യയുടെ വലിയൊരു ശതമാനം ബീഫ് പ്രിയരായ നമ്മുടെ സംസ്ഥാനത്ത് മാംസോല്‍പ്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്തുവളര്‍ത്തല്‍ സംരംഭങ്ങള്‍ക്കും 'പോത്തുകൃഷി സ്റ്റാർട്ടപ്പുകൾക്കും' വരും നാളുകളിൽ മികച്ച സാധ്യതകളാണുള്ളത്. ഓണമായാലും പെരുന്നാളായും ക്രിസ്മസ് ആയാലും തീന്മേശയിൽ  ബീഫ് വേണമെന്ന് നിർബന്ധമുള്ളവരേറെയുള്ള ഒരു നാട്ടിൽ,  പൊറോട്ടയും ബീഫും വികാരമായൊരു നാട്ടിൽ, എന്നാൽ ആവശ്യത്തിനൊത്ത  മാംസോൽപാദനം ഇല്ലാത്തൊരു നാട്ടിൽ പോത്തുകൃഷി വെറുമൊരു ട്രോളല്ലെന്ന് അറിയുക.  പണം പോത്ത് പോലെ വളരുന്നൊരു സംരംഭസാധ്യത തന്നെയാണത്.

buffalo-2

 പോത്തുകൃഷി സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ 

പോത്ത് വളര്‍ന്ന്  ശരീരതൂക്കം കൂടും തോറും പോത്തില്‍നിന്ന് കിട്ടുന്ന ആദായവും പോത്തുപോലെ വളരും എന്നതാണ് പോത്ത് വളര്‍ത്തലിന്‍റെ മേന്മ.  പോത്തുകളെ വളര്‍ത്തിത്തുടങ്ങിയ ഉടന്‍ തന്നെ  വരുമാനം പോക്കറ്റിലെത്തില്ലെങ്കിലും അവയെ ക്ഷമയോടെ പരിപാലിച്ച് വളര്‍ത്തിയാല്‍ ഒന്ന്- ഒന്നര വര്‍ഷത്തിനകം നല്ലൊരു തുക തന്നെ ആദായമായി ലഭിക്കും. ലഭ്യമായ പരിമിത സൗകര്യങ്ങളില്‍ വളര്‍ത്താം എന്നതും തീറ്റച്ചെലവ് ഉള്‍പ്പെടെയുള്ള പരിപാലനചെലവ് കുറവാണെന്നുള്ളതും കാര്യമായ രോഗങ്ങളൊന്നും ഉരുക്കൾക്ക് പിടിപെടില്ലന്നെതും പരിപാലിക്കാൻ വലിയ സമയനഷ്ടമോ അധ്വാനഭാരമോ ഇല്ലെന്നതുമൊക്കെ മാംസത്തിനായുള്ള  പോത്ത് വളര്‍ത്തലിന്റെ  അനുകൂലതകളാണ്. 

ആദ്യമായി ഈ മേഖലയിലേക്ക് കടന്ന് വരുന്ന സംരംഭകര്‍ തുടക്കത്തില്‍ നാലോ അഞ്ചോ പോത്തിന്‍ കിടാക്കളെ വാങ്ങി ഫാം ആരംഭിക്കുന്നതാവും അഭികാമ്യം. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കൂടുതൽ അറിവും അനുഭവങ്ങളും സ്വായത്തമാക്കുകയും മികച്ച വിപണി കണ്ടെത്താന്‍ സാധിക്കുകയും ചെയ്താല്‍ ഘട്ടം ഘട്ടമായി കൂടുതല്‍ പോത്തിന്‍ കുട്ടന്മാരെ വാങ്ങി ഫാം വിപുലപ്പെടുത്താം. അഞ്ച്-പത്ത് പോത്തുകളില്‍നിന്ന് തുടങ്ങി ഘട്ടംഘട്ടമായി വിപുലപ്പെടുത്തി നൂറും ഇരുനൂറും പോത്തുകളെ ഒരേ സമയം  പരിപാലിക്കുന്ന ഫാമുകള്‍ നടത്തുന്ന കര്‍ഷകരും  സംരംഭകരും ഇന്ന് സംസ്ഥാനത്തുണ്ട്. ചുരുങ്ങിയത് അഞ്ച് - ആറ് മാസമെങ്കിലും പ്രായമെത്തിയ  മുറ ഇനത്തില്‍പ്പെട്ട  പോത്തിന്‍ കിടാക്കളെയോ, മുറ പോത്തുകളുമായി  ക്രോസ് ചെയ്ത് ഉണ്ടായ  നല്ല  ശരീരവളർച്ചയുള്ള  സങ്കരയിനം  പോത്തിന്‍ കുട്ടികളെയോ (അപ്ഗ്രേഡഡ് മുറ ) വളര്‍ത്താനായി തിരഞ്ഞെടുക്കുന്നതാണ്  അഭികാമ്യം. 

മികച്ച ആരോഗ്യവും വളർച്ചയുമുള്ള മുറ ഇനത്തിൽപ്പെട്ട പോത്തിൻ കിടാങ്ങൾക്ക്  ആറ്  മാസം പ്രായത്തില്‍  60-70 കിലോഗ്രാമോളം ശരീരതൂക്കമുണ്ടാവും. ഒരു വര്‍ഷം പ്രായമെത്തിയ മുറ പോത്തിന്‍ കിടാക്കളുടെ ശരീരതൂക്കം 150 കിലോഗ്രാമോളമെത്തും. പഞ്ചാബില്‍നിന്നുള്ള നീലിരവി, ഗുജറാത്തില്‍നിന്നുള്ള ജാഫറാബാദി, സുര്‍ത്തി, മുറയെയും സുർത്തിയെയും തമ്മില്‍ ക്രോസ് ചെയ്തുണ്ടാക്കിയ മെഹ്സാന,  ആന്ധ്രയില്‍ നിന്നുള്ള ഗോദാവരി തുടങ്ങിയ പോത്തിനങ്ങളും ഇന്ന് നമ്മുടെ ചന്തയില്‍ എത്തുന്നുണ്ട്. ഓരോ പോത്തിനങ്ങള്‍ക്കും അവയെ  തിരിച്ചറിയുന്നതിനായി തനത് ശാരീരിക പ്രത്യേകതകളും  അടയാളങ്ങളും ഉണ്ട്. എന്നാല്‍ ഈ പോത്തിനങ്ങള്‍ക്കൊന്നും വളര്‍ച്ചാനിരക്കിലും രോഗപ്രതിരോധശേഷിയിലും കാലാവസ്ഥാ അതിജീവനശേഷിയിലും മുറയെ വെല്ലാനാവില്ല.

അത്യുൽപാദനശേഷിയുള്ള പശുക്കള്‍ക്കും എരുമകള്‍ക്കും ഒരുക്കുന്ന രീതിയിലുള്ള വിപുലവും ആധുനികവുമായ തൊഴുത്തുകളൊന്നും പോത്തുകള്‍ക്ക് വേണ്ടതില്ല. പകല്‍ മുഴുവന്‍ പാടത്തോ പറമ്പിലോ തോട്ടങ്ങളിലോ അഴിച്ചുവിട്ടാണ് വളര്‍ത്തുന്നതെങ്കില്‍ പോത്തുകള്‍ക്ക് രാപ്പാര്‍ക്കുന്നതിനായി മഴയും, മഞ്ഞുമേല്‍ക്കാത്ത പരിമിതമായ പാര്‍പ്പിട സൗകര്യങ്ങള്‍ മതി. മുഴുവന്‍ സമയവും തൊഴുത്തില്‍ തന്നെ പാര്‍പ്പിച്ചാണ് വളര്‍ത്തുന്നതെങ്കില്‍ അൽപം കൂടി മെച്ചപ്പെട്ട തൊഴുത്തുകള്‍ ഒരുക്കേണ്ടിവരും. യഥേഷ്ടം ശുദ്ധജലം ലഭ്യമാവുന്ന സ്ഥലങ്ങൾ വേണം പോത്ത് കൃഷി തുടങ്ങുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. 

പോത്തുകളുടെ എണ്ണമനുസരിച്ച് ഒറ്റവരിയായോ രണ്ട് വരിയായോ തൊഴുത്ത് പണികഴിപ്പിക്കാം. രണ്ട് വരിയായാണ് തൊഴുത്ത് ഒരുക്കുന്നതെങ്കില്‍ പോത്തുകളെ മുഖാമുഖം കെട്ടുന്ന രീതിയില്‍ തൊഴുത്ത് നിർമിക്കുന്നതാണ് അഭികാമ്യം.  തറനിരപ്പില്‍നിന്ന് 4 മീറ്റര്‍ ഉയരത്തില്‍ വേണം  മേല്‍ക്കൂര നിര്‍മിക്കേണ്ടത്. ഓലമേഞ്ഞ് മുകളില്‍ സില്‍പോളിന്‍ വിരിച്ചോ അലൂമിനിയം ഷീറ്റുകൊണ്ടോ മേല്‍ക്കൂരയൊരുക്കാം.

ഫാമിനോട് ചേര്‍ന്ന് തരിശ് കിടക്കുന്ന നെല്‍പ്പാടങ്ങൾ, തെങ്ങ്, കവുങ്ങ് റബര്‍, എണ്ണപ്പന തോട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പകല്‍ മുഴുവന്‍ പോത്തുകളെ ഇവിടെ മേയാന്‍ വിട്ട് വളര്‍ത്താം. മതിവരുവോളം  മേഞ്ഞ്  പോത്തുകള്‍ വയറ് നിറയ്ക്കും. അധികാഹാരമായി രാവിലെയും വൈകീട്ടും കുറഞ്ഞ അളവിൽ  സാന്ദ്രീകൃത തീറ്റ നല്‍കിയാല്‍ മതിയാവും. എന്നാല്‍ തൊഴുത്തില്‍ തന്നെ കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയിലും, മേച്ചില്‍ പുറങ്ങളില്‍  തീറ്റപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിലും പോത്തിനെ വളര്‍ത്താന്‍ തീറ്റപ്പുല്‍ കൃഷിയേയും, വൈക്കോലിനേയും ആശ്രയിക്കേണ്ടിവരും.  പോത്ത് വളര്‍ത്തല്‍  ആരംഭിക്കുന്നതിന് രണ്ടര  മൂന്ന്   മാസങ്ങള്‍ക്ക്  മുന്‍പ് തന്നെ തീറ്റപ്പുല്‍കൃഷിക്കുള്ള  ഒരുക്കങ്ങള്‍  ആരംഭിക്കണം. വളരുന്ന ഒരു പോത്തിന് അതിന്‍റെ ശരീരതൂക്കത്തിന്‍റെ പത്തിലൊന്ന് എന്ന അളവില്‍ തീറ്റപ്പുല്ല് പ്രതിദിനം വേണ്ടിവരും.  തീറ്റപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിൽ വൈക്കോൽ നൽകാം. 

തീറ്റപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങള്‍ക്ക് പുറമെ പിണ്ണാക്കും തവിടും ധാന്യങ്ങളും സമാസമം ചേര്‍ത്ത് തീറ്റമിശ്രിതം തയ്യാറാക്കി ഒരു പോത്തിന് ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിൽ 2-3 കിലോഗ്രാം വരെ സാന്ദ്രീകൃതാഹാരമായി ദിവസവും നല്‍കണം. പുളിങ്കുരുപ്പൊടി, ചോളപ്പൊടി, മരച്ചീനിപ്പൊടി, ഗോതമ്പ് തവിട് തുടങ്ങിയ ഊര്‍ജ്ജസാന്ദ്രതയുയര്‍ന്ന തീറ്റകള്‍ ഒറ്റക്കോ മിശ്രിതമായോ  ഒന്ന് മുതൽ ഒന്നര കിലോഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ വളര്‍ച്ച വേഗത്തിലാവും . ഒപ്പം മതിയായ പോഷകങ്ങള്‍ അടങ്ങിയ ധാതുജീവക മിശ്രിതം പതിവായി തീറ്റയില്‍ നൽകുന്നതും വളർച്ച വേഗത്തിലാക്കും. ഒപ്പം വേണ്ടുവോളം ശുദ്ധമായ കുടിവെള്ളം പോത്തിൻ കിടാക്കൾക്ക് ഉറപ്പാക്കണം. പോത്തിന്‍ കിടാക്കളെ  മേയ്ക്കാന്‍ വിടുന്ന പറമ്പുകളില്‍ ചെറിയ സിമന്‍റ്  ടാങ്കുകള്‍ പണിത് അവയ്ക്ക് കുടിക്കാനുള്ള വെള്ളം നിറച്ചുകൊടുക്കണം. തീറ്റയുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തിലും, തീറ്റയുടെ അധികച്ചെലവ് കുറയ്ക്കുന്നതിനും നമ്മുടെ ചുറ്റുവട്ടങ്ങളില്‍നിന്ന് തന്നെ ലഭ്യമാവുന്ന പാരമ്പര്യേതരതീറ്റകള്‍ (Unconventional cattle feed) പോത്തുകളുടെ ദൈനംദിന തീറ്റയില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കണം. താരതമ്യേന പരുക്കനായ പാരമ്പര്യേതര തീറ്റകള്‍ ദഹിപ്പിക്കാനുള്ള ശേഷി പോത്തുകൾക്ക് പശുക്കളേക്കാൾ ഏറെയുണ്ട്. 

നാടവിരകള്‍, പത്രവിരകള്‍, ഉരുളന്‍ വിരകള്‍ എന്നിങ്ങനെ പോത്തുകളുടെ ശരീരത്തില്‍ കയറിക്കൂടുന്ന പരാദങ്ങള്‍ ഏറെയുണ്ട്. ഉന്മേഷക്കുറവ്, വിളര്‍ച്ച, മെലിച്ചില്‍, തീറ്റയോട് മടുപ്പ്, ഇടവിട്ടുള്ള വയറിളക്കം എന്നിവയെല്ലാം വിരബാധയുടെ പൊതുവായ ലക്ഷണങ്ങളാണ്. പോത്തിന്‍കുട്ടികളുടെ  വളര്‍ച്ചനിരക്ക് കുറയുന്നതിനും അകാല മരണത്തിനും വിരബാധ വഴിയൊരുക്കും. പാടത്തും വെള്ളക്കെട്ടുള്ള പ്രദേശത്തും മേയാന്‍വിട്ട് വളര്‍ത്തുന്ന പോത്തുകളില്‍ പണ്ടപ്പുഴു, കരള്‍കൃമികള്‍, രക്തക്കുഴല്‍ വിരകള്‍ തുടങ്ങിയ വിരബാധകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ഇടവിട്ടുള്ള വയറുസ്തംഭനം, രൂക്ഷഗന്ധത്തോടുകൂടിയ വയറിളക്കം, രക്തം കലര്‍ന്ന ചാണകം എന്നിവയെല്ലാം ഇത്തരം വിരബാധകളുടെ ലക്ഷണമാവാം. കൃമികളെയും, പണ്ടപ്പുഴുക്കളെയും ഒക്കെ നശിപ്പിക്കാന്‍ പ്രത്യേകം മരുന്നുകള്‍  നല്‍കേണ്ടതിനാല്‍ ചാണക പരിശോധന പ്രധാനമാണ്.  പശുക്കള്‍ക്ക് നല്‍കുന്നതുപോലെ തന്നെ ആറു മാസം പ്രായമെത്തുമ്പോൾ  കുളമ്പുരോഗം തടയാനുള്ള പ്രതിരോധകുത്തിവയ്‌പും കുരലടപ്പൻ രോഗം തടയാനുള്ള പ്രതിരോധകുത്തിവയ്‌പും പോത്തുകൾക്ക് നൽകണം.  

പൂര്‍ണ ആരോഗ്യമുള്ള മുറ പോത്തുകള്‍ 14 മാസം പ്രായമെത്തുന്നതുവരെ ദിനംപ്രതി 700 ഗ്രാം മുതല്‍ 1200 ഗ്രാം വരെ വളരും എന്നാണ് കണക്ക്. മികച്ച പരിപാലനം നല്‍കിയാല്‍ ഒന്നരവയസ്സ് പ്രായമെത്തുമ്പോള്‍ 250 കിലോഗ്രാമും, രണ്ട് വയസ്സ് പ്രായമെത്തുമ്പോള്‍ 450-500 കിലോഗ്രാമും ശരീരത്തൂക്കം മുറ പോത്തുകള്‍ കൈവരിക്കും. കശാപ്പ് ചെയ്യുന്ന ഭക്ഷ്യയോഗ്യമായ ഉരുക്കളുടെ എല്ല് അടക്കമുള്ള മാംസത്തിന്റെ അളവാണ് ഡ്രസ്സിങ് ശതമാനം. പോത്തുകളിൽ  ഇത് ശരാശരി  50  - 55  ശതമാനം വരെയാണ്. അതായത് 250  കിലോ ശരീരതൂക്കമുള്ള ഒരു പോത്തിനെ  കശാപ്പ് ചെയ്താൽ അതിൽ നിന്നും 140 കിലോയോളം ഉപയോഗപ്രദമായ  എല്ലോട് കൂടിയ  മാംസം ലഭിക്കും.  തീറ്റപരിവർത്തന ശേഷി, വളർച്ചാനിരക്ക്,  തീറ്റച്ചെലവ്‌, ഇറച്ചിയുടെ ഗുണമേന്മ , ഉപഭോക്താക്കളുടെ താൽപര്യം  എന്നിവ ചേർത്ത് പരിഗണിക്കുമ്പോൾ  ഒന്നര - രണ്ട്  വയസ് പ്രായമെത്തുമ്പോള്‍ തന്നെ പോത്തുകളെ മാംസവിപണിയില്‍ എത്തിക്കുന്നതാണ്  സംരംഭകന്  ലാഭകരം. പോത്തിന് മോഹവില ലഭിക്കുന്ന അവസരങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടനിലക്കാരെ ഒഴിവാക്കി പോത്തിനെ വിപണിയിലെത്തിക്കുന്നതിലാണ് സംരംഭകന്‍റെ മിടുക്കും നേട്ടവും എന്നത് മറക്കരുത്.

English summary: Importance of buffalo farming in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA