ADVERTISEMENT

വേനല്‍ച്ചൂട്, പുതുമഴ, പെരുമഴ, മഴത്തോര്‍ച്ച... കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളര്‍ത്തു പക്ഷികളിലും മൃഗങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. അന്തരീക്ഷ താപത്തിലെ വ്യതിയാനവും, ഉയര്‍ന്ന ഈര്‍പ്പവും രോഗപ്രതിരോധ ശേഷിയിലെ കുറവുമാണ് വില്ലന്മാര്‍. കൂടാതെ രോഗാണുക്കള്‍ക്കും, രോഗവാഹകര്‍ക്കും വളരാന്‍ അനുകൂല സാഹചര്യവും.

പശു, എരുമ

ഈച്ചകള്‍ പടര്‍ത്തുന്ന മുടന്തന്‍ പനി, അകിടുവീക്കം, കുരലടപ്പന്‍, എലിപ്പനി എന്നിവയാണ് ഈ സമയത്ത്  കൂടുതലായി കണ്ടുവരുന്ന സാംക്രമിക രോഗങ്ങള്‍. തീറ്റയില്‍നിന്നു പൂപ്പല്‍ വിഷബാധയുണ്ടാകാം. പട്ടുണ്ണി പോലുള്ള ബാഹ്യപരാദങ്ങള്‍ പടര്‍ത്തുന്ന രക്തപരാദ രോഗങ്ങളുമുണ്ടാകാം.  പാടത്തും, പറമ്പിലും മേയാന്‍ വിടുന്നവയില്‍ പണ്ടപ്പുഴു, ഉരുളന്‍ വിരബാധ കാണപ്പെടുന്നു.  ഈര്‍പ്പത്തിന്റെ ആധിക്യം ചൊറി രോഗത്തിനും കുളമ്പിന്റെ  പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.  വ്രണങ്ങളില്‍ ഈച്ചകള്‍ മുട്ടയിട്ട്  പുഴുബാധയാക്കുന്നു. വിളര്‍ച്ചയുള്ള പശുക്കള്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് എളുപ്പം കീഴടങ്ങുന്നു. പച്ചപ്പുല്ലിന്റെ ജലാംശത്തിലും, ഘടനയിലും ഉണ്ടാകുന്ന വ്യത്യാസം  വയറിളക്കം/വയര്‍ പെരുക്കത്തിന് കാരണമാകാം.  

ആട്

ഈര്‍പ്പം നിറഞ്ഞ ചുറ്റുപാട് ആടുകളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. ശ്വാസകോശ പ്രശ്‌നങ്ങള്‍ ആടുകള്‍ക്ക് കൂടുതലായി കണ്ടുവരുന്നു. കൂടാതെ കുരലടപ്പന്‍, കോക്‌സീഡിയ, പരാദ രോഗങ്ങളും അധികമായി വരാം.  

പന്നി

കുരലടപ്പനും, പന്നിക്കുഞ്ഞുങ്ങളില്‍ വയറിളക്കവും ശ്വാസകോശ രോഗങ്ങളുമുണ്ടാകാം. തീറ്റയില്‍ പൂപ്പല്‍ വിഷബാധയുണ്ടാകാം.  പന്നികള്‍ക്ക് ഹോട്ടല്‍, ചിക്കന്‍ അവശിഷ്ടങ്ങള്‍ കരുതലോടെ നല്‍കിയില്ലെങ്കില്‍ അണുബാധയുണ്ടാകാം. 

മുയല്‍

പാസ്ചുറെല്ല എന്ന ബാക്ടീരിയയും, കോക്‌സീഡിയ എന്ന  ആന്തര പരാദവും യഥാക്രമം ശ്വസന, ദഹന വ്യൂഹങ്ങളില്‍  പ്രശ്‌നങ്ങളുണ്ടാക്കാം. 

നായ

മഴക്കാലം  പാര്‍വോ രോഗകാലമാണ്. മഴയൊഴിയുന്ന  സമയം എലിപ്പനി കാണപ്പെടാം. പാദങ്ങളും, ചര്‍മ്മവും പലവിധ പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടാം. ബാഹ്യപരാദങ്ങള്‍ ചര്‍മ്മ പ്രശ്‌നങ്ങളും, മറ്റു രോഗങ്ങളുമുണ്ടാക്കും.

ഓമനപ്പക്ഷികള്‍

വൃത്തിഹീനമായ, ഈര്‍പ്പം നിറഞ്ഞ കൂടും പരിസരവും ബാക്ടീരിയ മൂലമുള്ള വയറിളക്കത്തിനും, ഫംഗസ് മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്നു. ആന്തര, ബാഹ്യ പരാദബാധയും ശ്രദ്ധിക്കുക.  

കോഴി

തറയിലെ വിരിപ്പിലെ ഈര്‍പ്പം കോക്‌സീഡിയ, കുഞ്ഞുങ്ങളില്‍ ബ്രൂഡര്‍ ന്യുമോണിയ എന്നിവയുണ്ടാക്കാം. വിരിപ്പില്‍ നിന്നുണ്ടാകുന്ന അമോണിയ പ്രശ്‌നക്കാരനാകുന്നു. വിരബാധയും, തീറ്റയിലെ പൂപ്പല്‍ വിഷബാധയും കരുതിയിരിക്കണം.  

പ്രതിരോധം

  • തൊഴുത്തുകളില്‍ ഉത്തമമായ  വായുസഞ്ചാരം
  • അണുവിമുക്തമായ, പരമാവധി ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്ത് 
  • വെള്ളം, തീറ്റ എന്നിവ അളവിലും, ഗുണത്തിലും ഉറപ്പാക്കുക
  • കോഴികളുടെ വിരിപ്പില്‍ ഈര്‍പ്പം തട്ടാതെ ശ്രദ്ധിക്കണം
  • ഈച്ച, ബാഹ്യ, ആന്തര പരാദ നിയന്ത്രണം
  • മുറിവുകള്‍ കൃത്യമായി പരിപാലിക്കുക
  • കുളമ്പുകളുടെ  പരിചരണം
  • കാലിത്തീറ്റ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക
  • കുഞ്ഞുങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നിലത്ത് വിരിയും ചൂടും നല്‍കുക
  • രോഗപ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുകള്‍ നല്‍കുക
  • ലിവര്‍ടോണിക്, പ്രോബയോട്ടിക്ക്, വിറ്റാമിന്‍, മിനറല്‍ മിശ്രിതങ്ങള്‍ എന്നിവ സമ്മര്‍ദ്ദ കാലത്ത് നല്‍കണം
  • ചികിത്സ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം

English summary: Monsoon care for pets and animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com