ADVERTISEMENT

ആരോഗ്യസംരക്ഷണത്തിൽ ജാഗ്രത പുലർത്തുന്നവരെല്ലാംതന്നെ വർഷത്തിൽ ഒരിക്കൽ ആരോഗ്യപരിശോധന നിർബന്ധമായും ചെയ്തുവരുന്നുണ്ട്. പല ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടി കണ്ടെത്തി ചികിത്സയിലൂടെ പരിഹരിക്കാനും കഴിയും എന്നതാണിതിന്റെ മെച്ചം.

നമ്മുടെ കൃഷിയിടത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. വർഷത്തിൽ ഒരു തവണ നിർബന്ധമായും മണ്ണിന്റെ ആരോഗ്യ പരിശോധന നടത്തണം. മണ്ണു പരിശോധന നടത്തുക വഴി കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാനുമാകും. അനാവശ്യമായ വളപ്രയോഗം ഒഴിവാക്കുമ്പോൾ അവയുടെ വിലയും പണിക്കൂലിയും ലാഭമല്ലേ?

വളപ്രയോഗം കൃഷിയിൽ ഒഴിച്ചുകൂടാനാവില്ല. ശരിയായ വളപ്രയോഗത്തിലൂടെ മാത്രമേ പ്രതീക്ഷിച്ച വിളവ് ലഭിക്കുകയുള്ളൂ. പൊതു ശുപാർശയുടെ അടിസ്ഥാനത്തിലാണ് കർഷകർ സാധാരണയായി വളപ്രയോഗം നടത്തുന്നത്. എന്നാൽ, ഈ പൊതുശുപാർശ എല്ലാ വിളകൾക്കും എല്ലാ പ്രദേശങ്ങളിലും എപ്പോഴും ഫലപ്രദമാകണമെന്നില്ല. ചില പോഷക മൂലകങ്ങൾ ആവശ്യത്തിനു ലഭിക്കാതിരിക്കുന്നതിനും ചിലത് ആവശ്യത്തിലധികം ലഭിക്കുന്നതിനും ഇതിടയാക്കും. അതിനാൽ വളപ്രയോഗം കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കാൻ  മണ്ണുപരിശോധന കൂടിയേ തീരൂ. ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് വിളകൾക്കു ലഭ്യമാകുന്ന സസ്യമൂലകങ്ങളുടെ അളവും വ്യത്യാസപ്പെട്ടിരിക്കും. ഇത്തരം സസ്യമൂലകങ്ങൾ  എത്രത്തോളം മണ്ണിൽ അടങ്ങിയിരിക്കുന്നുവെന്ന് നിർണയിക്കുകയാണ് മണ്ണു പരിശോധനയുടെ ഉദ്ദേശ്യം. 

മണ്ണിന്റെ ഫലപുഷ്ടി നിർണയിക്കുന്ന മറ്റൊരു ഘടകമാണ് മണ്ണിന്റെ അമ്ല–ക്ഷാര നില. ഇത് സന്തുലിതമാക്കിയാല്‍  മാത്രമേ പല മൂലകങ്ങളും സസ്യങ്ങൾക്കു ലഭ്യമാകുകയുള്ളൂ.  ക്ഷാര–അമ്ല തുലനാവസ്ഥ ക്രമീകരിക്കാൻ കുമ്മായം–ജിപ്സം വസ്തുക്കൾ മണ്ണിൽ ചേർത്തു കൊടുക്കേണ്ടതുണ്ട്. ഇത്തരം കുമ്മായവസ്തുക്കൾ മണ്ണിൽ എത്രത്തോളം  ചേർത്തു കൊടുക്കണമെന്ന് അറിയുന്നതിനും മണ്ണുപരിശോധന വേണ്ടിവരും.

മണ്ണുപരിശോധനയുടെ മെച്ചം

മണ്ണിന്റെ അമ്ല–ക്ഷാരാവസ്ഥ, മൂലക വിനിമയശേഷി, ലവണങ്ങളുടെ അളവ് എന്നിവ കൃത്യമായും വിലയിരുത്താം.

മണ്ണിലുള്ള പ്രാഥമിക, ദ്വിതീയ, സൂക്ഷ്മ മൂലക അളവ് കൃത്യമായി അറിയാമെന്നതിനാല്‍  കുറവുള്ള മൂലകങ്ങൾ ലഭ്യ മാക്കുന്ന വളങ്ങൾ മാത്രം ചെയ്താൽ മതി.  ആവശ്യമുള്ള മൂലകം ആവശ്യമുള്ള അളവിൽ ആവശ്യമുള്ള സമയത്തു മാത്രം നൽകുക വഴി കൃഷിച്ചെലവ് കുറയ്ക്കാൻ കഴിയുന്നു. ഒപ്പം മണ്ണിലെ ജൈവാംശത്തോത്, മണ്ണിന്റെ ഘടന എന്നിവ മെച്ചപ്പെടുത്താനും. 

സാമ്പിൾ ശേഖരിക്കല്‍

പരിശോധനയ്ക്കായി എടുക്കുന്ന ‘സാമ്പിൾ’ കൃഷിസ്ഥലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നതായിരിക്കണം. കൃഷിയിടത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന മണ്ണ് കൂട്ടിക്കലർത്തിയ സാമ്പിൾ പരിശോധിച്ചെങ്കിൽ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.  ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന, ആഴം, സ്ഥലത്തിന്റെ ചരിവ്, നീർവാർച്ച  മുതലായവയുടെ അടിസ്ഥാനത്തിൽ  കൃഷിയിടത്തിൽനിന്നു വെവ്വേറെ സാമ്പിളുകൾ എടുക്കേണ്ടതുണ്ട്.

സാമ്പിൾ ശേഖരിക്കുന്നതിനു പല തരം ഉപകരണങ്ങൾ ഉണ്ടെങ്കിലും ഈർപ്പവും മാർദവവുമുള്ള മണ്ണു ശേഖരിക്കാൻ മൺവെട്ടിയോ, കൂന്താലിയോ ഉപയോഗിക്കാം. വയലുകളിൽനിന്നു സാമ്പിൾ എടുക്കാൻ ജിഐ പൈപ്പോ, പിവിസി പൈപ്പോ, മുളങ്കുറ്റിയോ ഉപയോഗപ്പെടുത്താം.

സാമ്പിൾ എടുക്കുന്ന സ്ഥലത്തെ പുല്ലും ഉണങ്ങിയ ഇലകളും മറ്റും നീക്കംചെയ്തു വൃത്തിയാക്കുക. അതിനുശേഷം മേൽപറഞ്ഞ ഏതെങ്കിലും ഉപകരണംകൊണ്ട് 'V' (ഇംഗ്ലിഷ് അക്ഷരമാലയിലെ വി) ആകൃതിയിൽ മണ്ണ് വെട്ടി എടുക്കുക. നെൽപാടത്ത് പൈപ്പ്/മുളങ്കുറ്റി കൊണ്ട് 15 സെന്റിമീറ്റർ ആഴത്തിൽ താഴ്ത്തി മണ്ണ് എടുക്കാം. പുരയിടങ്ങളിൽ 25 സെന്റിമീറ്റർ ആഴത്തിലുള്ള കുഴിയാവണം. വെട്ടിമാറ്റിയ കുഴിയിൽനിന്നു മുകളറ്റം മുതൽ താഴെ വരെ 2 സെന്റിമീറ്റർ കനത്തിൽ മണ്ണ് അരിഞ്ഞെടുക്കുക. ഇങ്ങനെ ഒരു ഏക്കറിൽ 10 സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന മണ്ണ് ഒരേ കവറിൽ തന്നെ ശേഖരിക്കാം.

ശേഖരിച്ച മണ്ണ് നന്നായി കൂട്ടിക്കലർത്തി അതിൽനിന്നും കല്ലും വേരുകളും നീക്കംചെയ്തിട്ടു മണ്ണു തറയിൽ നിരത്തിയിട്ടശേഷം നെടുകെയും കുറുകെയും ഓരോ വരവരച്ച് എതിർഭാഗത്തെ മണ്ണ് നീക്കം ചെയ്യുക. വീണ്ടും കൂട്ടിക്കലർത്തി ഇപ്രകാരം മണ്ണു മാറ്റി അര കിലോ മണ്ണു മാത്രം അവശേഷിക്കുന്നതു വരെ ആവർത്തിക്കുക. ഈ അര കിലോ മണ്ണ് പത്രക്കടലാസിൽ നിരത്തി തണലിൽ നന്നായി ഉണക്കിയെടുക്കണം. ഉണങ്ങിയ മണ്ണ് ഒരു കവറിൽ നിറച്ച് നമ്പര്‍ കൊ ടുക്കണം. ചരിവുള്ള സ്ഥലത്ത് 50 സെന്റിന് ഒരു സാമ്പിള്‍, നിരപ്പായ സ്ഥലത്ത് ഏക്കറിന് ഒരു സാമ്പിൾ എന്ന രീതിയില്‍ എടുക്കേണ്ടതാണ്.

പുരയിടത്തിൽനിന്നു (കരഭൂമിയിൽ) സാമ്പിൾ എടുക്കുമ്പോൾ ഒരു സസ്യത്തിന്റെയും തടത്തിൽനിന്നുള്ള മണ്ണ് എടുക്കരുത്; വളം കൂട്ടിയിട്ടിരുന്ന സ്ഥലത്തുനിന്നുള്ളതും എടുക്കരുത്. ഒരു സവിശേഷതയും ഇല്ലാത്ത ഒഴിഞ്ഞ ഇടങ്ങളിൽ നിന്നു മാത്രം മണ്ണു ശേഖരിക്കുക. വയലിൽനിന്നു മണ്ണ് എടുക്കുമ്പോൾ വരമ്പിനോടു ചേർന്ന ഇടങ്ങൾ, പുതുതായി വളം ചെയ്ത സ്ഥലങ്ങൾ, പഴയ കുഴികൾ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ, വളക്കുഴികൾക്കടുത്ത സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.  വളം, കുമ്മായം ഇവ ചേർത്ത് മൂന്നു മാസമെങ്കിലും കഴിഞ്ഞ ഇടങ്ങളിൽനിന്നു മാത്രം മണ്ണു സാമ്പിൾ എടുക്കണം.

ശേഖരിച്ച മണ്ണ് തണലിലിട്ട് ഉണക്കണം. ഒരു കാരണവശാലും  വെയിലിൽ ഉണക്കരുത്. ശേഖരിച്ച മണ്ണ് 6 മാസത്തിനുള്ളിൽ പരിശോധിക്കണം.  സാമ്പിളിനൊപ്പം കർഷകന്റെ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും ഇ–മെയിൽ ഉള്ളവർ അതും രേഖപ്പെടുത്തി വയ്ക്കണം. ഒപ്പം മണ്ണുസാമ്പിൾ എടുത്ത കൃഷിയിടത്തിൽ നിലവിൽ ചെയ്തുവരുന്ന കൃഷികൾ–വിളകൾ എല്ലാം രേഖപ്പെടുത്തിയിരിക്കണം. അഥവാ കൃഷി ചെയ്യാൻ പോകുന്ന വിളകൾ ഏതെന്നും രേഖ പ്പെടുത്തുക.

പ്രത്യകം ശ്രദ്ധിക്കാന്‍

  • ഓരോ കൃഷിയും ഇറക്കുന്നതിനു മുന്‍പ് മണ്ണു പരിശോധന നടത്തി അതനുസരിച്ച് വളം ചെയ്യുക.
  • മണ്ണു പരിശോധനാഫലം  കൃഷി വിദഗ്ധനുമായോ, കൃഷി ഓഫിസറുമായോ ചർച്ച ചെയ്തു വളപ്രയോഗ ക്രമം നിശ്ചയിക്കുക.
  • പരിശോധനാലാബിൽ നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്. കൃഷിവകുപ്പിന്റെ ലാബുകളിൽ നേരിട്ടു സാമ്പിൾ നൽകുമ്പോൾ  കർഷകനാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  പ്രദേശത്തെ കൃഷിഭവനിൽനിന്നു ഹാജരാക്കിയാൽ ഫീസ് സൗജന്യം ലഭിക്കും. 
  • സാധാരണ മണ്ണു പരിശോധന, സൂക്ഷ്മ മൂലക പരിശോധന എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. ഒരു കൃഷിയിടത്തിൽ  ഇതു രണ്ടും ഒരുമിച്ചു പരിശോധിക്കുന്നതാണ് ഉത്തമവും ശാസ്ത്രീയവും.

മണ്ണുപരിശോധനാകേന്ദ്രങ്ങൾ

കേരളത്തിലെ എല്ലാ കൃഷിഭവനുകളിലും മണ്ണു സാമ്പിളുകൾ സ്വീകരിച്ച് സൗജന്യ പരിശോധനാ ഫലം കർഷകർക്കു ലഭ്യമാക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ മണ്ണു പരിശോധനാകേന്ദ്രങ്ങളുണ്ട്. അവിടെ നേരിട്ടു നൽകിയും പരിശോ ധിക്കാം. തൽസമയ മണ്ണു പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും മൊബൈൽ സോയിൽ ടെസ്റ്റിങ് ലാബുകളുണ്ട്. മുൻകൂട്ടി നിശ്ചയിക്കുന്ന സ്ഥലത്തുവച്ച് നിശ്ചിത എണ്ണം മണ്ണു സാമ്പിളുകൾ പരിശോധിച്ച് ഉടൻതന്നെ പരിശോധ നാഫലം നൽകുന്ന ഈ സംവിധാനം കൃഷിഭവൻ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.

കേരള കാർഷിക സർവകലാശാലയുടെ മിക്ക ഗവേഷണ സ്ഥാപനങ്ങളിലും മണ്ണുപരിശോധനാലാബുകളുണ്ട്.   മണ്ണു സാമ്പിൾ പരിശോധനയ്ക്കു ഫീസ് നൽകേണ്ടി വരും. കേന്ദ്ര കൃഷിഗവേഷണ കേന്ദ്രങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങ ൾ എന്നിവയുടെ ലാബുകളിലും ഫീസ് ഈടാക്കി മണ്ണു പരിശോധന ചെയ്തു കൊടുക്കുന്നുണ്ട്. സ്വകാര്യ മണ്ണു പരിശോധനാ സംവിധാനങ്ങള്‍ ചിലയിടങ്ങളിൽ പ്രവർത്തിച്ചു വരുന്നു.

കേന്ദ്ര കൃഷി മന്ത്രാലയം രാജ്യത്തെ മുഴുവൻ കർഷകരുടെയും കൃഷിഭൂമി പരിശോധിച്ച് ‘സോയിൽ ഹെൽത്ത് കാർഡ്’ നൽകുന്ന പദ്ധതി സംസ്ഥാന കൃഷിവകുപ്പുമായി ചേർന്ന് നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കർഷ കർ ഇപ്പോഴും മണ്ണു പരിശോധനയുടെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നു തന്നെ പറയാതെ വയ്യ. 

English summary: Soil Sample Collection and Testing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com