ADVERTISEMENT

കണ്ണൂർ ചെറുപുഴ ജോസ്ഗിരി തെരുവൻകുന്നേൽ കുര്യാച്ചന്റെ ഫോണിനിപ്പോൾ വിശ്രമമില്ല. എല്ലാവർക്കും അറിയേണ്ടത് കുരങ്ങിനെ തുരത്തുന്ന ജൈവലായനിയുടെ കൂട്ട്. കുര്യാച്ചന്റെ ‘മാന്ത്രികക്കൂട്ട്’ പരീക്ഷിച്ച് കുരങ്ങുശല്യം നിയന്ത്രിച്ച കർഷകർ സംസ്ഥാനത്തിനകത്തും പുറത്തുമുണ്ട്. 

വനാതിർത്തിയിലുള്ള കൃഷിയിടങ്ങളിൽ കുരങ്ങുശല്യം രൂക്ഷമായിട്ട് അധിക കാലമായിട്ടില്ല. വിളവു തിന്നും നശിപ്പിച്ചും കൃഷിയിടം കുട്ടിച്ചോറാക്കുന്ന കുരങ്ങുകൾക്കെതിരെ പ്രതിരോധങ്ങളൊന്നും ഫലിക്കാറുമില്ല, എന്നാൽ കുര്യാച്ചന്റെ ലായനി മികച്ച ഫലം നൽകുന്നുവെന്ന് സാക്ഷ്യപ്പെടു ത്തുന്നവർ ഏറെ. ജൈവ കർഷകനായ കുര്യാച്ചൻ വികസിപ്പിച്ച ലായനിയും ജൈവം തന്നെ. വൃക്ഷായുർവേദം മുതൽ വയനാട്ടിലെ ഗോത്രവർഗ അറിവുകൾവരെ ഈ കൂട്ട് വികസിപ്പിക്കാൻ പ്രയോജനപ്പെട്ടുവെന്നു കുര്യാച്ചൻ. 

ആവശ്യമായ വസ്തുക്കൾ (ഏക്കറിന്)

  • 20 ലീറ്റർ വെള്ളം കൊള്ളുന്ന ഒരു വീപ്പ.
  • 3 കിലോ അഴുകിയ മത്തി.
  • 3 കിലോ അഴുകിയ കിളിമീൻ.
  • 2 കിലോ ശർക്കര.
  • 5 കോഴിമുട്ട (താറാവുമുട്ടയുമാകാം).
  • ഒരു ലീറ്റർ വേപ്പെണ്ണ.
  • 30 ഗ്രാം ബാർ സോപ്പ്.
  • ഏതെങ്കിലും മൃഗത്തിന്റെ അര കിലോ മാംസം

നിർമാണ രീതി

ശർക്കര നന്നായി പൊടിച്ച് വീപ്പയിലിട്ട് മത്തിയും കിളിമീനും ചേർത്തു നന്നായി ഇളക്കുക. 5 മുട്ടയും പൊട്ടിച്ച് തോടോടുകൂടി  അതിലേക്ക് ഇളക്കിച്ചേർക്കുക. ഈ കൂട്ടിൽ അൽപം പോലും വെള്ളം ചേർക്കരുത്. മിശ്രിതം മൂടി വയ്ക്കുക. ഏഴു ദിവസത്തിനു ശേഷം 5 ലീറ്റർ വെള്ളത്തിൽ 30 ഗ്രാം ബാർ സോപ്പ് ചേർത്തു തിളപ്പിക്കുക. വാങ്ങി വച്ച് ചൂടാറിയ ശേഷം ഒരു ലീറ്റർ വേപ്പെണ്ണ അതിൽ നന്നായി ലയിപ്പിക്കുക. ഈ ലായനി ആദ്യത്തെ ശർക്കര–മീൻ–മുട്ട മിശ്രിതത്തിലേക്ക് ഒഴിച്ച് ഇളക്കുക. അതിലേക്ക് ഏതെങ്കിലും മൃഗത്തിന്റെ അര കിലോ മാംസം ചുട്ടുകരിച്ച് പൊടിച്ചു ചേർക്കുക. ലായ നി തയാർ. ഇത്  7–8 ലീറ്റർ വരും. അതിൽനിന്ന് ഒരു ലീറ്റർ എടുത്ത് 20 ലീറ്റർ വെള്ളത്തിൽ നേർപ്പി ച്ച് കൃഷിയിടത്തിലെ വൃക്ഷങ്ങളുടെയും ചെടികളുടെയും ഇലകളിലും ചുവട്ടിലും തളിക്കുക.

കൃഷിയിടത്തിലെത്തുന്ന കുരങ്ങുകൾ ലായനിയുടെ അരോചകമായ രുചിയും മണവും സഹിക്കാതെ സ്ഥലം വിടുമെന്നും പിന്നീട് ആ വഴി വരില്ലെന്നും കുര്യാച്ചന്റെ അനുഭവം. ലായനി തളിച്ച് 2–3 മണിക്കൂർ കഴിയുന്നതോടെ  മണം നന്നേ കുറയും. അതുകൊണ്ടുതന്നെ മണം മനുഷ്യര്‍ക്കു ബുദ്ധിമുട്ടാകുകയുമില്ല. എന്നാൽ മനുഷ്യരെക്കാൾ ഘ്രാണശേഷി വളരെക്കൂടിയ കുരങ്ങിന് ലായനിയുടെ മണം തുടർന്നും അസഹനീയമായി നിലനിൽക്കും. അതുകൊണ്ടുതന്നെ ഏറെ നാളത്തേക്ക് ആ വഴി വരാതിരിക്കാന്‍ ശ്രദ്ധിക്കും. മാസത്തിലൊരിക്കൽ മിശ്രിതം തളിക്കാം.

‘ഇതൊരു കീടനാശിനിയല്ല. മരുന്നെന്നോ വളമെന്നോ വിളിക്കാം. ഗുണമല്ലാതെ കൃഷിക്കോ കൃഷിയിടത്തിനോ ദോഷമില്ല. കയ്യിൽ പറ്റിയാൽ കഴുകിക്കളയുന്നതോടെ മണം പോകും. കുരങ്ങിനു പക്ഷേ കൈകഴുകാനുള്ള ബുദ്ധിയില്ലല്ലോ. പശിമയുള്ള ഈ ലായനി കൈകാലുകളിലും ശരീരത്തി ലും ഒട്ടുന്നത് കുരങ്ങന് ഒട്ടും സുഖകരമാകില്ല. ’ കുര്യാച്ചന്റെ വാക്കുകൾ

ലായനിക്കൂട്ട്  വെളിപ്പെടുത്തിയതോടെ സംസ്ഥാനത്തിനകത്തും പുറത്തും  വനാതിർത്തികളിലു ള്ള ഒട്ടേറെ കർഷകർ ഇതു പരീക്ഷിച്ചു.  കൃഷിയിടങ്ങളിൽനിന്ന് കുരങ്ങുകൾ പിൻതിരിയുന്നതാ യാണ് മിക്കവരുടെയും  അനുഭവമെന്നു കുര്യാച്ചൻ പറയുന്നു. ലായനിയുണ്ടാക്കാനുള്ള ചെലവും കുറവ്. 

ഫോൺ: 9744976118

English summary:  Simple way to manage the monkey menace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com