തൊഴുത്തില്‍ വൈദ്യുതാഘാതമേറ്റ് ചത്തത് ആറ് കറവപ്പശുക്കള്‍: ക്ഷീരസംരംഭകര്‍ അറിയാന്‍

HIGHLIGHTS
  • വൈദ്യുതിപോസ്റ്റുകള്‍ കന്നുകാലികളെ കെട്ടാനുള്ളതല്ല
  • ഷെഡിന് മുകളില്‍ മിന്നല്‍ രക്ഷാജാലകം ഒരുക്കുന്നത് വളരെ ഗുണം ചെയ്യും
dairy-farm-tragedy
കണ്ണൂർ ഇരിട്ടിയിൽ അടുത്തകാലത്ത് ഒരു ഫാമിൽ ഉണ്ടായ വൈദ്യുതി അപകടം
SHARE

ഈയിടെ തൃശൂര്‍ താന്ന്യം തെക്ക് പണിക്കശേരിയിലെ ക്ഷീരകര്‍ഷകരില്‍ ഒരാളുടെ ഫാമിലുണ്ടായ അപകടം പശു വളര്‍ത്തുന്ന ഓരോരുത്തരുടെയും ശ്രദ്ധ പതിയേണ്ട ഒന്നാണ്. തൊഴുത്തില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് അദ്ദേഹത്തിന്റെ എച്ച്എഫ്, ജേഴ്സി, ഗിര്‍ ഉള്‍പ്പടെ ആറ് കറവപ്പശുക്കളുടെ ജീവനാണ് ഒരൊറ്റ നിമിഷം കൊണ്ട്കവര്‍ന്നത്. പുലര്‍ച്ചെ പശുക്കളെ കറക്കുന്നതിനായി എത്തിയ തൊഴിലാളി തൊഴുത്തിലെ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോഴാണ് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് സംഭവിച്ച് അപകടമുണ്ടായത്. തൊഴുത്തിന്റെ മേല്‍ക്കൂരയും പുല്‍ക്കൂടിന് മുന്നിലുള്ള ഫ്രെയിമും നിര്‍മിച്ചത് ഇരുമ്പുപൈപ്പ് കൊണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി. 

ഈ ദുഃഖകരമായ അപകടം ഒരൊറ്റപ്പെട്ട സംഭവമല്ലെന്ന് ക്ഷീരസംരംഭകര്‍ അറിയേണ്ടതുണ്ട്. വീടുകളില്‍ സംഭവിക്കുന്ന വൈദ്യതി അപകടങ്ങള്‍ പോലെ പശുതൊഴുത്തുമായി ബന്ധപ്പെട്ട് നിരവധി വൈദ്യതി അപകടങ്ങളാണ് ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്. അശ്രദ്ധയോടെ സ്ഥാപിച്ച വൈദ്യതി കണക്ഷനുകളില്‍നിന്നും തീറ്റത്തൊട്ടിക്ക് മുന്നിലെ ഇരുമ്പ് തണ്ടായം ഉള്‍പ്പടെ തൊഴുത്ത് നിര്‍മിച്ചിരിക്കുന്ന ഇരുമ്പ് കമ്പികളിലേക്ക് വൈദ്യുതി പ്രവഹിച്ച് നിരവധി പശുക്കള്‍ക്ക് അപകടമേല്‍ക്കുകയും ജീവന്‍ നഷ്ടമാവുകയുമുണ്ടായിട്ടുണ്ട്. വൈദ്യുതി ബന്ധങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കളുടെ മാത്രമല്ല ക്ഷീരകര്‍ഷകനും അപകടമുണ്ടാക്കും. മഴക്കാലത്ത് ഇത്തരം അപകടങ്ങളുടെ നിരക്ക് പൊതുവെ കൂടുതലാണ്. പശുക്കളുടെ എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും തൊഴുത്തിലേക്കുവേണ്ടി വരുന്ന വൈദ്യുതിയും വൈദ്യതസംവിധാനങ്ങളും കൂടും. അപ്പോള്‍ അതിനൊത്ത ജാഗ്രതയും ഓരോ ക്ഷീരസംരംഭങ്ങളിലും ഉണ്ടാവേണ്ടതുണ്ട്.

ചെറിയ ക്ഷീരസംരംഭങ്ങളില്‍ വീടുകളില്‍നിന്ന് അശ്രദ്ധയോടെ വയര്‍ വലിച്ച് തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ലൈറ്റ് ഇടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വയറിന്റെ ഇന്‍സുലേഷന്‍ കാലപ്പഴക്കം കൊണ്ടോ ഉരഞ്ഞോ എലി കടിച്ചുമുറിച്ചോ നഷ്ടപ്പെടാം. ഇന്‍സുലേഷന്‍ നഷ്ടമായ വയറുകള്‍ വലിയ അപകടമുണ്ടാക്കും. വയറിനു താങ്ങുനല്‍കുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും അപകടമുണ്ടാക്കും. അപകടങ്ങള്‍ തടയാന്‍ തൊഴുത്തിലേക്കുള്ള വൈദ്യതിബന്ധങ്ങള്‍ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഗുണനിലവാരമില്ലാത്തതും അപകടസാധ്യതയുള്ളതുമായ രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തില്‍ സ്ഥാപിക്കരുത്. വൈദ്യുതി വയറുകളുടെ ഇന്‍സുലേഷനും കണക്ഷന്‍ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം. വൈദ്യത വയറുകളുടെ ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആ വയര്‍ മാറ്റി പുതിയത് ഘടിപ്പിക്കുക. പ്ലാസ്റ്റിക്ക് പൈപ്പിലൂടെ സുരക്ഷ ഉറപ്പാക്കി കൃത്യമായി വയര്‍ വലിക്കാന്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധി വരെ തടയാം. വീട്ടില്‍നിന്ന് തൊഴുത്തിലേക്ക് വൈദ്യുതി എടുക്കുമ്പോള്‍ ഇടയില്‍ ഒരു എംസിബി (Miniature Circuit Breaker) കൂടി നല്‍കുന്നത് പരിഗണിക്കാവുന്നതാണ്.

തൊഴുത്തിന്റെ മേല്‍ക്കൂര നിര്‍മിച്ച ഇരുമ്പ് പൈപ്പില്‍ ചേര്‍ത്ത് വച്ച് ട്യുബ് ലൈറ്റ് സ്ഥാപിക്കരുത്. കേടായ ചോക്കിലൂടെ വൈദ്യുതി പ്രവഹിച്ച് അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ച് ഇടുകയോ ഓഫ് ആക്കുകയോ ചെയ്യരുത്. ഫാമിലെ നനഞ്ഞ തറയില്‍നിന്ന് വൈദ്യതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ റബ്ബര്‍ ഗംബൂട്ടുകള്‍ ധരിച്ചാല്‍ ഏറെ ഉചിതം. തൊഴുത്തിന് പുറത്ത് സ്ഥാപിച്ച എംസിബി, വയറിങ്, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയ്ക്കുള്ളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലും കൈക്കൊള്ളണം.

dairy-farm-tragedy-1
കണ്ണൂർ ഇരിട്ടിയിൽ അടുത്തകാലത്ത് ഒരു ഫാമിൽ ഉണ്ടായ വൈദ്യുതി അപകടം

എര്‍ത്തിങ്ങ് പ്രതിരോധത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടത് പ്രധാനം

അശ്രദ്ധമായ നിര്‍മാണം കൊണ്ടോ, ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ വൈദ്യുതി പ്രവഹിക്കപ്പെടാന്‍ പാടില്ലാത്ത ഭാഗങ്ങളിലേക്ക് വൈദ്യുതി പ്രവഹിച്ച് വൈദ്യുതാഘാതം ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രതിരോധമാണ് എര്‍ത്തിങ്ങ്. വൈദ്യുതശൃംഖലയിലെ വൈദ്യുതിവാഹകരല്ലാത്ത ചാലകങ്ങളെ ഭൂമിയുമായി ബന്ധിപ്പിക്കാന്‍ എര്‍ത്തിങ്ങ് വഴി കഴിയുന്നു. വലിയ ഡെയറി ഫാമുകളിലെ എര്‍ത്തിങ്ങ് സംവിധാനം ഗുണമേന്മയോടെ നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് കന്നുകാലികളുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ജിഐപൈപ്പ് /  കോപ്പര്‍ റോഡ് ഉപയോഗിച്ചുള്ള എര്‍ത്തിങ്ങ് രീതിയാണ് ഫാമുകളിലെ എര്‍ത്തിങ്ങില്‍ അവലംബിച്ചുപോരുന്നത്. ഉപ്പും ചിരട്ടക്കരിയും മിശ്രിതം ഉപയോഗിച്ച് എര്‍ത്തിങ്ങിനുവേണ്ട കുഴി നിറയ്ക്കാന്‍ ശ്രദ്ധിക്കുക. എര്‍ത്തിങ്ങ് പ്രതിരോധം കൃത്യമായ ഇടവേളകളില്‍ ടെസ്റ്റ് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതും പ്രധാനം. ഫാമിന്റെ വലുപ്പവും ശേഷിയും അനുസരിച്ച് വിവിധ ഭാഗങ്ങളിലായി ഒന്നിലധികം എര്‍ത്തിങ്ങ് പ്രതിരോധം നല്‍കാവുന്നതാണ്. മതിയായ വൈദഗ്ധ്യമില്ലെങ്കില്‍ സ്വയം പരീക്ഷണത്തിന് മുതിരാതെ തൊഴുത്തിലെ വയറിങ് ഉള്‍പ്പെടെയുള്ള  ഇലക്ട്രിക്ക് ജോലികള്‍ക്ക് യോഗ്യതയുള്ള ഒരു ഇലക്ട്രീഷ്യനെ തന്നെ ചുമതലപ്പെടുത്തുക. 

വൈദ്യുതിപോസ്റ്റുകള്‍ കന്നുകാലികളെ കെട്ടാനുള്ളതല്ല 

ഫാമിലെ വൈദ്യുതി സുരക്ഷയുമായി നേരിട്ട് ബന്ധമില്ലെങ്കിലും കന്നുകാലികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കുന്ന ഒരു കാരണമാണ് വൈദ്യുതി പോസ്റ്റുകളില്‍ കന്നുകാലികളെ കെട്ടുന്ന ശീലം. ഗ്രാമീണ പ്രദേശങ്ങളില്‍ ഇങ്ങനെയുണ്ടായ അപകടങ്ങള്‍ ഏറെയാണ്. വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെ കെട്ടുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

ഡെയറി ഫാമിലെ ഇടിമിന്നല്‍ സുരക്ഷ  

തൊഴുത്തില്‍ ഉണ്ടായ ഇടിമിന്നല്‍ അപകടത്തില്‍ പശുക്കള്‍ ചത്തുവീഴുന്ന വാര്‍ത്തകള്‍ ഈയടുത്ത കാലത്തായി ധാരാളം വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ തൊഴുത്തില്‍ ഉണ്ടായ ഇടിമിന്നല്‍ അപകടവാര്‍ത്ത കേട്ടത് കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് എളേറ്റില്‍ വട്ടോളിയില്‍നിന്നായിരുന്നു. ഗര്‍ഭിണിയായ പശു ഉള്‍പ്പെടെ മൂന്ന് പശുക്കളാണ് ഈ അപകടത്തില്‍ ചത്തുവീണത്. 

വൈദ്യതി അപകടങ്ങളെ പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഫാമില്‍ സംഭവിക്കുന്ന ഇടിമിന്നല്‍ അപകടങ്ങള്‍. ഇടിമിന്നല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഫാം നിര്‍മിക്കുമ്പോള്‍ ഷെഡിന് മുകളില്‍ മിന്നല്‍ രക്ഷാജാലകം ഒരുക്കുന്നത് വളരെ ഗുണം ചെയ്യും. ഈയൊരു പ്രതിരോധമാര്‍ഗം തങ്ങളുടെ ഫാമുകളില്‍ സജ്ജമാക്കിയ ഒരുപാട് കര്‍ഷകര്‍ സംസ്ഥാനത്തുടനീളമുണ്ട്. പശുക്കള്‍ക്ക് നില്‍ക്കാനും കിടക്കാനുമായി തൊഴുത്തിന്റെ തറയില്‍ വിരിക്കുന്ന റബര്‍ മാറ്റുകളും വൈദ്യതി ഇടിമിന്നല്‍ അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. വൈദ്യതി സുരക്ഷയെ പറ്റിയും ഇടിമിന്നല്‍ കരുതലുകളെ പറ്റിയും മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം അറിയാത്തവരാറായി ആരെങ്കിലുമുണ്ടോ എന്ന് ചിന്തിച്ച് നിസാരമായി തള്ളാന്‍വരട്ടെ, അമിതാത്മവിശ്വസവും അശ്രദ്ധയുമാണ് അപകടങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍ എന്ന കാര്യം അറിയുക. 

ഇന്‍ഷുറന്‍സ് പരിരക്ഷയെക്കാള്‍ മികച്ചൊരു സുരക്ഷയില്ല 

എത്ര തന്നെ മുന്‍കരുതലുകള്‍ സ്വീകരിച്ചാലും അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങള്‍ ഉണ്ടാവാം. ഇത്തരം അപകടങ്ങളില്‍നിന്നും പ്രകൃതിദുരന്തങ്ങളില്‍നിന്നും ക്ഷീരസംരംഭത്തെ സാമ്പത്തിക സുരക്ഷിതമാക്കുന്നതിനായി പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. സര്‍ക്കാര്‍ തലത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ ഗോസമൃദ്ധി പ്ലസ്, ക്ഷീരവികസനവകുപ്പിന്റെ ക്ഷീരസാന്ത്വനം എന്നീ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികളുണ്ട്. കൂടാതെ ചില സ്വകാര്യ ഏജന്‍സികളും കന്നുകാലി ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സ് പോളിസികള്‍ യഥാവിധി പുതുക്കുന്നതില്‍ വന്ന അശ്രദ്ധ കാരണം പിന്നീട് നിരാശപ്പെടേണ്ടി വന്ന ഒട്ടേറെ കര്‍ഷകരുണ്ട്. കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ക്ഷീരസംരംഭകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

English summary: Lightning Protection for the Farm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA