പേരിട്ടു വിളിച്ചാല്‍, സ്നേഹപൂർവം തലോടിയാൽ കൂടുതൽ പാലൊഴുക്കാന്‍ പശുക്കൾ റെഡി

HIGHLIGHTS
  • വ്യക്തിപരമായി ശ്രദ്ധ നല്‍കി നല്‍കുന്ന ചികിത്സ കൂടുതൽ ഫലം ചെയ്യും
cow-9
SHARE

നിങ്ങളുടെ ഓമനപ്പശുവിനെ പേരിട്ടു വിളിക്കാറുണ്ടോ? ഒരു പേരിലെന്തിരിക്കുന്നു എന്നു വിചാരിക്കാന്‍ വരട്ടെ. തൊഴുത്തിലെ പശുക്കളെ പേരിട്ടു വിളിച്ചാല്‍ അവ മനം നിറഞ്ഞ് പാല്‍ അധികം ചുരത്തിയാലോ. അപ്പോൾ  പേരില്‍ കാര്യമുണ്ടെന്നാകും. യുകെയിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍  ഫുഡ് ആൻഡ് റൂറല്‍ ഡവലപ്‌മെന്റ് സ്‌കൂളിലെ ശാസ്ത്രജ്ഞര്‍ക്ക് പറയാനുള്ളതും പേരിന്റെ മഹിമ തന്നെയാണ്. 516 ക്ഷീരകര്‍ഷകരെ ഉള്‍പ്പെടുത്തി ഡോ. കാതറില്‍ ഡഗ്‌ളസ്, ഡോ. പീറ്റര്‍ റോളിന്‍സണ്‍ എന്നിവര്‍ നടത്തിയ പഠനമാണ് പേരു വിളിച്ച് പശുവിന്റെ വ്യക്തിത്വത്തെ മാനിച്ചാല്‍ വാര്‍ഷിക പാലുല്‍പാദനം 3.4 ശതമാനം വരെ കൂടുമെന്ന് കണ്ടെത്തിയിരിക്കുന്നത്. 

പത്തു മാസത്തെ ഉൽപാദന കാലയളവില്‍ ശരാശരി 7500 ലീറ്റര്‍ ഉൽപാദിപ്പിച്ച  പശുക്കളില്‍ കര്‍ഷകര്‍ പേരുവിളിച്ച് ഓമനിച്ചിരുന്ന പശുക്കൾ  ശരാശരി 258 ലീറ്റര്‍ വരെ  അധിക പാലുല്‍പാദനം നടത്തിയതായി  ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം വെറ്ററിനറി ഡോക്ടര്‍മാരോടും  ഒരു വാക്ക്. ഒരു ഡെയറി ഫാമിലെ  പശുക്കളെ ചികിത്സിക്കുമ്പോള്‍  വ്യക്തിപരമായി ശ്രദ്ധ നല്‍കി നല്‍കുന്ന ചികിത്സ, കൂട്ടമായി ചികിത്സിക്കുന്നതിനേക്കാൾ ഫലം ചെയ്യുമത്രേ. 

മനുഷ്യര്‍ എത്രമാത്രം വ്യക്തിപരമായ സ്‌നേഹ വാത്സല്യങ്ങള്‍ ആഗ്രഹിക്കുന്നുവോ അത്രമാത്രം സന്തോഷവും സമാധാനവും പശുക്കളും അനുഭവിക്കുന്നുണ്ടാകുമെന്ന് അവര്‍ പറയുന്നു. പശുവിനെ തലോടുന്നതും, പേരുവിളിക്കുന്നതും ഏതൊരു ക്ഷീരകര്‍ഷകനും ചെയ്യുന്ന പതിവ് പരിപാടികള്‍ തന്നെ. എന്നാല്‍ ഇത് എത്രമാത്രം ഉൽപാദന വർധയ്ക്കു സഹായിക്കുമെന്നതിനെക്കുറിച്ച് പരീക്ഷണമൊന്നും നമ്മുടെ നാട്ടില്‍ നടത്തിക്കാണില്ല. യുകെയിലെ ഈ പരീക്ഷണത്തോടെ പശുവിനോടുള്ള വ്യക്തിപരമായ സ്‌നേഹപ്രകടനങ്ങള്‍, പേര് ചൊല്ലിയുള്ള വിളി ഇവയൊക്കെ ഉൽപാദനം കൂട്ടുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സിന്റെ  പിന്‍ബലത്തോടെ സമർഥിച്ചിരിക്കുന്നു.  

‌പേരു ചൊല്ലി വിളിക്കുന്നതിനൊപ്പം ദേഹമാസകലം കഴുകി തുടച്ച് സ്‌നേഹസ്പര്‍ശമേകിയാലോ? പശുക്കള്‍ കൂടുതല്‍ സന്തോഷവതികളും ആരോഗ്യമുള്ളവരും ഉൽപാദനക്ഷമതയുള്ളവരുമായിരിക്കും. പ്രസിദ്ധ സ്വീഡിഷ് കമ്പനിയായ ഡീ ലാവല്‍, പശുവിനെ കഴുകി തുടയ്ക്കാന്‍ ഒരു ഓട്ടോമാറ്റിക് യന്ത്രം വിപണിയിലെത്തിക്കുന്നുണ്ട്. കാറും മറ്റും കഴുകി തുടയ്ക്കാന്‍ ഉപയോഗിക്കുന്ന പോലൊരു ബ്രഷ്. ശരീരമാസകലം വൃത്തിയാക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും തദ്വാര പാലുൽപാദനം കൂട്ടാനും സഹായിക്കുമത്രേ. സ്വീഡനില്‍ തന്നെ ഇത്തരം 30,000 യന്ത്രങ്ങള്‍ കമ്പനി വിറ്റുകഴിഞ്ഞിരിക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ് പശുക്കളെ പേരുവിളിച്ചോമനിക്കുന്നതും കഴുകിത്തുടച്ച് സ്‌നേഹപ്രകടനം നടത്തുന്നതും അവരെ സന്തോഷവതികളാക്കുമെന്ന്  ശാസ്ത്രം കരുതുന്നു. ചെലവില്ലാത്ത കാര്യമായതിനാല്‍ നമുക്കും നമ്മുടെ പൈക്കിടാവിന് ഒരു പേരിടീല്‍ ചടങ്ങ് നിര്‍ബന്ധമാക്കാം!

English summary: Cows respond when given names

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA