ADVERTISEMENT

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തകളുടെയും കര്‍ഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം പള്ളിപ്പുറം പാടശേഖരത്തില്‍ വിത്തു വിതച്ചു നിര്‍വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മലയാളത്തിലെ 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര ഞാറ്റുവേല. ജൂണ്‍ 22നാണ് തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നത്. ഏതൊക്കെ ഞാറ്റുവേലകളില്‍ ഏതൊക്കെ കൃഷിപ്പണികള്‍ ചെയ്യണമെന്ന് പൂര്‍വികര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അവര്‍ കാലാവസ്ഥയും, ഞാറ്റുവേലകളും, കാറ്റിന്റെ ഗതിയും, മഴയുടെ ലഭ്യതയുമൊക്കെ നോക്കിയാണ് കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടിരുന്നത്.

njatuvela

കാര്‍ഷിക കേരളത്തിനുവേണ്ടി ഒരു സമഗ്ര ഞാറ്റുവേല കലണ്ടര്‍ കൃഷി വകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ഞാറ്റുവേലയുടെയും പ്രത്യേകതകളും അവയില്‍ അവലംബിക്കേണ്ട കാര്‍ഷിക മുറകളും സംബന്ധിച്ച് കലണ്ടറില്‍ പ്രതിപാദിച്ചിട്ടുണ്ട്.

നടുതലകള്‍ നടുന്ന കാലമാണ് തിരുവാതിര ഞാറ്റുവേല. കുരുമുളകുവള്ളികള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണിത്. കൊമ്പുകുത്തി പിടിപ്പിക്കുന്ന ഏതു സസ്യവും ഈ ഞാറ്റുവേലയില്‍ നടാം. ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, കാട്ടുമരങ്ങള്‍ തുടങ്ങിയവയുടെ തൈകള്‍ ഈ സമയത്ത് നട്ടുപിടിപ്പിക്കാവുന്നതാണ് അതുപോലെതന്നെ കപ്പ, വാഴ, മധുരക്കിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവയും നടാം. വിരിപ്പു നിലങ്ങളില്‍ ഒറ്റപൂവായി കൃഷി ചെയ്യുന്ന മൂപ്പ് കൂടിയ വിത്തിനങ്ങള്‍ ഞാറ്റുവേലയിലാണ് ഞാറി ടേണ്ടത്.  

njatuvela-1
ഞാറ്റുവേല ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കർഷകൻ സമ്മാനിച്ച മൂട്ടിപ്പഴവും അതിന്റെ തൈയും കൃഷിമന്ത്രി നോക്കിക്കാണുന്നു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. തരിശുനിലകൃഷിക്കും മറ്റു നൂതന പദ്ധതികള്‍ക്കും വേണ്ടിയുള്ള ചര്‍ച്ചകളും പല കേന്ദ്രങ്ങളിലും നടക്കുകയാണ്. തിരുവാതിര ഞാറ്റുവേല അവസാനിക്കുന്ന ദിവസം വരെയാണ്  പഞ്ചായത്തുകളില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍ഷക സഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുക. 

ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍, കൃഷിക്ക് അനുയോജ്യമായ സമയത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍  കര്‍ഷകരുടെ  പങ്കാളിത്തം ഉറപ്പുവരുത്തുക, കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടുള്ള സുതാര്യമായ ആസൂത്രണ പ്രക്രിയയിലേക്ക് പശ്ചാത്തലം സൃഷ്ടിക്കുക, കാര്‍ഷികമേഖലയിലെ പ്രദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, തുടങ്ങിയവയാണ് കാര്‍ഷിക സഭകളും ഞാറ്റുവേല ചന്തകളും കൊണ്ട് ഉദ്ദേശിക്കുന്നത്.

കര്‍ഷക സഭകളും ഞാറ്റുവേല ചന്തകളും കൃഷിഭവന്റെ  നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തലത്തിലാണ് സംഘടിപ്പിക്കുന്നത്. കോവിഡ്  പശ്ചാത്തലത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കര്‍ഷക സഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുക.

ഭക്ഷ്യോല്‍പാദന വര്‍ധനയ്ക്ക് ലക്ഷ്യമിടുന്ന സുഭിക്ഷകേരളം പദ്ധതി ആയിരിക്കും കര്‍ഷക സഭകളുടെ പ്രധാന അജണ്ട. ഞാറ്റുവേല ചന്തകള്‍ മുഖേന ഗുണനിലവാരമുള്ള നടീല്‍വസ്തുക്കളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. പച്ചക്കറി വികസന പദ്ധതി പ്രകാരം രൂപീകരിക്കപ്പെട്ട ക്ലസ്റ്റര്‍ നഴ്‌സറികള്‍/കാര്‍ഷിക കര്‍മസേന/അഗ്രോ സര്‍വീസ് സെന്റര്‍ നഴ്‌സറികള്‍, കൃഷിവകുപ്പ് സാങ്കേതിക സഹായം നല്‍കുന്ന നഴ്‌സറികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിഎഫ്പിസികെ, കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുകളും നടീല്‍ വസ്തുക്കളുമാണ് ഞാറ്റുവേല ചന്തകളില്‍ വില്‍പ്പന നടത്തുക. 

കര്‍ഷകര്‍ പരമ്പരാഗതമായി സംരക്ഷിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന വിത്തിനങ്ങളുടെ വില്‍പനയും പരസ്പര കൈമാറ്റവും ഇതോടൊപ്പം സംഘടിപ്പിക്കുന്നതായിരിക്കും. ലോക്ഡൗണ്‍ കാലയളവില്‍ സ്വന്തമായി കൃഷി നടത്തുന്നതിന് വേണ്ട എല്ലാ ഉല്‍പാദനോപാധികളും കര്‍ഷകര്‍ക്ക് വാങ്ങാന്‍ അവസരം ഉണ്ടായിരിക്കും. കര്‍ഷകര്‍ക്കാവശ്യമായ ജലസേചന-ജലനിര്‍ഗമന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനം, അനുബന്ധ പദ്ധതികള്‍ എന്നിവയില്‍  വിവിധ വകുപ്പുകള്‍ നടത്തേണ്ട ഇടപെടലുകള്‍, ജലസേചന പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നതിനും കര്‍ഷക സഭകളില്‍ അവസരം ഉണ്ടായിരിക്കും. കൃഷി, മൃഗസംരക്ഷണം, ജലസേചനം, മത്സ്യബന്ധനം, മണ്ണ് പര്യവേഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കര്‍ഷക സഭകളില്‍ പങ്കെടുക്കുമെന്നതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് നേരിട്ട് ബുദ്ധിമുട്ടുകള്‍ അറിയിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. 

English summary: Thiruvathira njattuvela june 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com