പശുക്കളെ പാടത്ത് മേയാന്‍ വിടാറുണ്ടോ? എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കണം

HIGHLIGHTS
  • ചികിത്സയ്ക്കൊപ്പം പ്രാധാന്യമുണ്ട് പ്രതിരോധ നടപടികള്‍ക്കും
  • തീവ്രരോഗാവസ്ഥയില്‍ ചാണകത്തില്‍ വിരകളെ കാണാം
cow-1
SHARE

നാടന്‍ വിരകളും, ഉരുളന്‍ വിരകളും പണ്ടപ്പുഴുക്കളും സൂക്ഷ്മാണുക്കളായ പ്രോട്ടോസോവകളുമാണ് കന്നുകാലികളിലെ വിരബാധയുണ്ടാക്കുന്ന പരാദങ്ങള്‍. ഇത്തരം ആന്തരിക പരാദങ്ങള്‍ കാലികളുടെ ഉല്‍പാദനക്ഷമതയേയും ആരോഗ്യത്തെയും ബാധിക്കുന്നു. ഇതില്‍ ആമാശയത്തില്‍ കാണുന്ന പണ്ടപ്പുഴുക്കള്‍ കേരളത്തില്‍ പ്രത്യേകിച്ച് പാടത്ത് മേയാന്‍ വിടുന്ന പശുക്കളില്‍ സാധാരണമാണ്. ചികിത്സയോടൊപ്പം  പ്രതിരോധ നടപടികള്‍ക്കും ശാസ്ത്രീയ പരിചരണമുറകള്‍ക്കും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ അവസ്ഥ നിയന്ത്രിക്കാവുതാണ്.  

പരാദരോഗങ്ങള്‍ കാലികളുടെ പാലുല്‍പാദനത്തെയും ഉല്‍പാദനക്ഷമതയേയും ഗുരുതരമായി ബാധിക്കുന്നു.  നാടവിരകളും, ഉരുളന്‍ വിരകളും, പണ്ടപ്പുഴുക്കളും, സൂക്ഷ്മാണുക്കളായ പ്രോട്ടോസോവയുമൊക്കെ രോഗവഴികളും കാരണവുമാകാമെന്നതും ഓര്‍ക്കുക

ജീവിതവഴികള്‍

കന്നുകാലികളുടെ ചാണകത്തിലൂടെ വിസര്‍ജിക്കപ്പെടുന്ന വിരകളുടെ അണ്ഡങ്ങള്‍ വെള്ളത്തില്‍വച്ച്  ഏതാനും മണിക്കൂറുകള്‍ക്കകം വിരിഞ്ഞ് വിരകളുടെ ആദിരൂപമായ മിറസീഡിയകള്‍ പുറത്തു വരുന്നു. ഇവ ഞവിണികളിലും, ഒച്ചുകളിലും മറ്റും കയറുകയും അവയ്ക്കുള്ളില്‍ പല വികാസ ദശകളിലൂടെ കടന്ന്  ഏകദേശം ഒരു മാസത്തിനകം അവയില്‍നിന്ന് പുറത്തു വരികയും ഗോളരൂപത്തില്‍ പുല്ലിലും ഇലയിലും മറ്റും  പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ ഇവയെ മെറ്റാസെര്‍ക്കേറിയ എന്നാണു വിളിക്കുന്നത്.  ഗോളാകൃതിയുള്ള അവ തീറ്റയിലൂടെ ഉള്ളില്‍ കടക്കുമ്പോഴാണ്  കന്നുകാലികളില്‍  രോഗബാധയുണ്ടാകുന്നത്. ഇവയെ മൈക്രോസ്‌കോപ്പ് സൂക്ഷ്മ പരിശോധനയിലൂടെ മാത്രമേ കാണാനാവുകയുള്ളൂ.

കന്നുകാലികളുടെ കുടലില്‍ എത്തിച്ചേരുന്ന മെറ്റാസെര്‍ക്കേറിയകളുടെ കവചം  അലിഞ്ഞു പോകുകയും അതില്‍നിന്നു  പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത വിരകള്‍ പുറത്തുവരികയും ചെയ്യും. ഇവ ചെറുകുടലിന്റെ  ഭിത്തിയില്‍ പറ്റിപ്പിടിച്ചു ചൂഴ്ന്നിറങ്ങി കുടല്‍ഭിത്തി തിന്നുതുമൂലം മുറിവുകളില്‍നിന്നു രക്തം വരും.  മാത്രമല്ല  അവ കുടല്‍ഭിത്തികള്‍ക്കു ക്ഷതമുണ്ടാക്കുകയും ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും. തുടര്‍ന്നു കുടല്‍ഭിത്തി കട്ടിയാകുന്നതു കാരണം അതിലെ ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കാതെയാകുന്നു. അപ്പോള്‍  ആമാശയ രസങ്ങളുടെ ഉല്‍പാദനം തടസപ്പെടുകയും കന്നുകാലികള്‍ക്കു തീറ്റയോട് താല്‍പര്യം  കുറയുകയും ചെയ്യും.

ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ദുര്‍ഗന്ധത്തോടു കൂടിയ വയറിളക്കമാണു പണ്ടപ്പുഴുബാധയുടെ ആദ്യലക്ഷണം. ചിലപ്പോള്‍ ഇടവിട്ടുള്ള  മലബന്ധം  ഉണ്ടാകാം. ക്ഷീണം, ഉന്മേഷമില്ലായ്മ, താടയിലെ നീര്, തീറ്റയെടുക്കാന്‍ മടി, വിളര്‍ച്ച എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. തീവ്രമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നതു പ്രധാനമായും വിരകള്‍ ചെറുകുടല്‍ ഭിത്തിയിലുണ്ടാക്കുന്ന മാരക മുറിവുകളും തുടര്‍ന്നുള്ള രക്തസ്രാവവും മൂലമാണ്. തീവ്രരോഗത്തില്‍ കന്നുകുട്ടികള്‍ 2-3 ആഴ്ചയ്ക്കകം ക്ഷീണിച്ചവശരായി ചത്തുപോവുക പതിവാണ്. എന്നാല്‍, ദീര്‍ഘകാല രോഗം പിടിപെടുമ്പോള്‍ രോമം കൊഴിച്ചില്‍, ദേഹമാസകലം നീര്, വയറുന്തല്‍ തുടങ്ങിയ ലക്ഷണങ്ങളുമായി തളര്‍ന്നു വീഴാറുണ്ട്.  

വളര്‍ച്ചയെത്താത്ത വിരകള്‍ ക്രമേണ ചെറുകുടലില്‍ ആമാശയ അറകളിലെത്തി വളര്‍ച്ച പ്രാപിക്കുന്നു.   എന്നാല്‍, അവിടെ ഇവ വലിയ ക്ഷതം വരുത്തുന്നില്ല. വിരകള്‍ ചെറുകുടലില്‍ ഉണ്ടാക്കുന്ന ക്ഷതങ്ങളാണ് രോഗത്തിന് പ്രധാന കാരണം.  

വളര്‍ച്ചയെത്താത്ത വിരകളുടെ ബാധയുണ്ടാക്കുന്ന തുടക്ക സമയത്ത് ചാണകത്തില്‍ അണ്ഡങ്ങള്‍ കാണുകയില്ല. എന്നാല്‍ തീവ്രരോഗാവസ്ഥയില്‍ ചാണകത്തില്‍ വിരകളെ കാണാം. വളര്‍ന്ന വിരകള്‍  ആമാശയ അറകളില്‍ സ്ഥാനം പിടിക്കുന്നതോടെ ചാണകത്തില്‍ അണ്ഡങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍ അതിനു മുമ്പ് രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ നല്‍കണം. അണ്ഡങ്ങള്‍ ചാണകത്തില്‍ കാണുന്നതിന് മുമ്പു തന്നെ രോഗം പിടിപെടുന്നതുകൊണ്ട് നേരത്തെയുള്ള രോഗനിര്‍ണയം ചികിത്സയില്‍ അത്യാവശ്യമാണ്. അതിനുപകരിക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ലാബുകളില്‍ ലഭ്യമാണ്.  

ചികിത്സയ്ക്ക് ഡോക്ടറുടെ ഉപദേശം

പൂര്‍ണ വളര്‍ച്ചയെത്താത്തതും, വളര്‍ച്ചയെത്തിയതുമായ വിരകളെ ഹനിക്കുന്ന ഫലപ്രദമായ മരുന്നുകള്‍ ഇന്നു ലഭ്യമാണ്. നിലവിലുള്ള Oxyclozanide, Rafoxanide ,Triclobendazole എന്നീ ഔഷധങ്ങളില്‍ ഓക്സി ക്ലോസനൈഡ് ഗുളികകള്‍ നൂറുശതമാനം ഫലപ്രദമാണ്. 

രോഗസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളതും പാടത്തെ പുല്ല് സ്ഥിരമായി കൊടുക്കുന്നതുമായ കന്നുകാലികള്‍ക്കു രണ്ടു മാസത്തിലൊരിക്കല്‍ ഓക്സിക്ലോസനൈഡ് ഗുളികകള്‍ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശ പ്രകാരം നല്‍കാവുതാണ്.

പ്രതിരോധം പ്രധാനം

ചികിത്സയ്ക്കൊപ്പം പ്രാധാന്യമുണ്ട് പ്രതിരോധ നടപടികള്‍ക്കും. രോഗവാഹകരായ കന്നുകാലികളെ യഥാസമയം ചികിത്സിപ്പിക്കുകയെന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനം. പരിസര ശുചീകരണവും നിര്‍ബന്ധം.  തൊഴുത്തിലെ ചാണകം കുഴിയിലേക്ക് നീക്കുകയും വേണം. ഇടയ്ക്കിടക്ക് ചാണകത്തിനുമേല്‍  കീടനാശിനികള്‍ വിതറുന്നത് വിരകളുടെ മുട്ട നശിച്ചുപോകാന്‍ സഹായിക്കും. പശുക്കളെ പാടത്തു മേയാന്‍ വിടാതിരിക്കുകയും മേച്ചില്‍പുറങ്ങളില്‍ ഇടയ്ക്കിടെ മാറ്റുകയും ചെയ്യുന്നത്  നല്ല രോഗപ്രതിരോധ മാര്‍ഗങ്ങളാണ്.   

പണ്ടപ്പുഴുക്കളുടെ ഇടനില ആതിഥേയരായ ഒച്ചുകളെ കോപ്പര്‍സള്‍ഫേറ്റ് പോലുള്ള കീടനാശിനികള്‍ ഉപയോഗിച്ച് നശിപ്പിക്കേണ്ടതാണ്. പരിസരശുചീകരണം നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. ചാണക പരിശോധനയിലൂടെയും രോഗലക്ഷണങ്ങളിലൂടെയും യഥാസമയം രോഗബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കണം.

English summary: Internal Parasites in Cows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA