ADVERTISEMENT

തീറ്റച്ചെലവേറിയാല്‍ പശുപരിപാലനത്തില്‍നിന്നുള്ള ലാഭം കുറയും. പാലുൽപാദനമനുസരിച്ചും  കറവയുടെ വിവിധ ഘട്ടങ്ങളിലും  തീറ്റക്രമത്തില്‍ ആവശ്യമായ  വ്യത്യാസങ്ങള്‍ വരുത്തണം. അതായത് തീറ്റ ആവശ്യത്തിലധികം  നല്‍കുന്നത് പാഴ്ച്ചെലവാണ്.  തീറ്റ കുറവു നല്‍കിയാല്‍ ഉൽപാദന നഷ്ടം മാത്രമല്ല പ്രത്യുൽപാദനത്തേയും  തകരാറിലാക്കും.  കറവപ്പശുവിന്റെ പാലുൽപാദനത്തിന്റെ  വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ട തീറ്റയേക്കുറിച്ചുള്ള  അറിവാണ് ഇവിടെ ആവശ്യം.  ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം.  

ആദ്യഘട്ടം (പ്രസവശേഷം  10-12 ആഴ്ചവരെ)

പ്രസവശേഷം പാലുൽപാദനം വർധിക്കുന്നു.  ഈ സമയത്ത് പാലില്‍ കൊഴുപ്പ് കുറവായിരിക്കും.  പാലുൽപാദനം ഏറ്റവും  കൂടുതലുള്ള സമയമാണിത്.  പ്രസശേഷം ക്രമമായി ഉയരുന്ന പാലുൽപാദനം  6-8 ആഴ്ചയോടെ പരമാവധി  അളവിലെത്തുന്നു. എന്നാല്‍ നീണ്ട ഗര്‍ഭകാലത്തിനുശേഷം  ഗര്‍ഭാശയത്തിന്റെ മര്‍ദ്ദം  മൂലം ചുരുങ്ങിയ പശുവിന്റെ ആമാശയത്തിന്  വേണ്ടത്ര തീറ്റയെടുക്കാന്‍  പരിമിതിയുണ്ട്. അതിനാല്‍ ഈ സമയത്ത് പശുവിന് പൂര്‍ണമായ വിശപ്പുണ്ടാവില്ല.  അതേസമയം പാലുൽപാദനം കൂടുന്നതിനാല്‍  കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമാണുതാനും.  അതിനാല്‍ കുറച്ചു ഭക്ഷണത്തില്‍ തന്നെ കൂടുതല്‍  പോഷണം ലഭിക്കുന്ന തീറ്റ ഈ സമയത്ത് നല്‍കണം. ചലഞ്ച് ഫീഡിങ്ങ് എന്ന രീതി പരീക്ഷിക്കേണ്ട  സമയം കൂടിയാണിത്. പ്രസവിച്ചുകഴിഞ്ഞ്  ആദ്യത്തെ രണ്ടു മാസം തീറ്റയുടെ അളവ്  നാലു ദിവസത്തെ ഇടവേളകളില്‍ അരക്കിലോഗ്രാം വീതം കൂട്ടിക്കൊടുക്കുന്നു. പാലുൽപാദനം തീറ്റയുടെ അളവിനനുസരിച്ച് കൂടാത്ത അളവ് പിന്നീട് സ്ഥിരമായി നിലനിര്‍ത്തുക. പാലില്‍ നഷ്ടപ്പെടുന്ന  ഊര്‍ജത്തിന്റെ അളവ് നികത്താനായി ബൈപാസ് ഫാറ്റ്  പോലെയുള്ള  ഊര്‍ജസ്രോതസുകള്‍ ഈ സമയത്ത് ഉപയോഗിക്കാം.  ബൈപാസ് പ്രോട്ടീന്‍ തീറ്റകള്‍, പയര്‍ വര്‍ഗ വിളകള്‍, ധാന്യവിളകള്‍ എന്നിവയും ഈ സമയത്തു നല്‍കാം.  കാലിത്തീറ്റയില്‍ ചെറിയ അളവില്‍  ചോളപ്പൊടി നല്‍കുന്ന രീതിയുമുണ്ട്.  അസിഡിറ്റി  ഒഴിവാക്കാന്‍ അപ്പക്കാരവും തീറ്റയില്‍ ചേര്‍ക്കാം.  

dairy-farming-milking-2

രണ്ടാം ഘട്ടം  (12-24 ആഴ്ചക്കാലം)

പശുവിന്റെ വിശപ്പും, ദഹനവ്യവസ്ഥയുടെ  പ്രവര്‍ത്തനവും പൂര്‍ണമായും തിരിച്ചെത്തുന്ന സമയമാണിത്.  കൂടുതല്‍ തീറ്റ കഴിക്കാന്‍  പശു  ശ്രമിക്കുകയും ചെയ്യുന്നു. കൃത്യമായ അളവില്‍ പച്ച പ്പുല്ലും, വൈക്കോലും ഉള്‍പ്പെടെയുള്ള പരുഷാഹാരം കാലിത്തീറ്റയ്‌ക്കൊപ്പം  നല്‍കണം. ധാതുലവണ മിശ്രിതങ്ങളും തീറ്റയില്‍ ചേര്‍ക്കണം.

മൂന്നാം ഘട്ടം  (24 ആഴ്ച മുതല്‍ കറവ വറ്റുന്നതുവരെ)

പാലുൽപാദനം കുറഞ്ഞു വരുന്നു. പശുക്കള്‍ ഗര്‍ഭവതിയായിരിക്കും. പ്രതിമാസം 8-10 ശതമാനം  നിരക്കില്‍ ഉൽപാദനത്തില്‍  കുറവു വരുന്നു.  തീറ്റച്ചെലവു കുറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ ആഹാരം ക്രമീകരിക്കണം.  അളവിലും  ഗുണത്തിലും മാറ്റങ്ങള്‍ സാധ്യമായ സമയം. 

dairy-farming-milking

നാലാം ഘട്ടം (വറ്റുകാലം)

പശുവിന്റെ അകിടിനും ദഹനവ്യൂഹത്തിനും ഒരു പരിധിവരെ അടുത്ത കറവയ്ക്കായി ഒരുങ്ങാനുള്ള സമയമാണിത്.  അടുത്ത കറവക്കാലത്ത് ഉൽപാദനം കൂട്ടാനും, അടുത്ത പ്രസവത്തില്‍ ഉപാപചയ രോഗങ്ങള്‍ ഒഴിവാക്കാനും  കഴിയുന്നവിധം തീറ്റക്രമം  മാറണം. പാലുൽപാദനമില്ലാത്തതിനാല്‍  ഈ സമയം പശുക്കളെ കര്‍ഷകര്‍ അവഗണിക്കാറുണ്ട്.  ധാതുലവണ മിശ്രിതം ഒഴിവാക്കി ആനയോണിക്ക് ഉപ്പുകള്‍, വിറ്റമിന്‍ എ,ഡി,ഇ, നിയാസിന്‍ എന്നിവ നല്‍കാന്‍ കഴിയണം.  ഗുണമേന്മയുള്ള പരുഷാഹാരമായിരിക്കണം പ്രധാന തീറ്റ വസ്തു.  

അഞ്ചാം ഘട്ടം (പ്രസവത്തിനുമുമ്പുള്ള രണ്ടാഴ്ചക്കാലം)

പ്രസവത്തിന് രണ്ടാഴ്ച മുമ്പുള്ള ഈ സമയത്ത് പ്രത്യേക ശ്രദ്ധ നല്‍കണം. പ്രസവശേഷം  നല്‍കാന്‍ ഉദ്ദേശിക്കുന്ന തീറ്റയുമായി പശുവിന്റെ ആമാശയത്തിന്റെ ആദ്യ അറയായ റൂമനെ പരിചയപ്പെടുത്തിക്കൊണ്ടുവരാനുള്ള സമയമാണിത്. ഏതു പുതിയ തീറ്റയോടും സമരസപ്പെടാന്‍ റൂമനിലെ സൂക്ഷ്മജീവികള്‍ രണ്ടാഴ്ച സമയം വരെ എടുക്കുന്നു. അതിനാല്‍  പ്രസവശേഷമുള്ള  തീറ്റ പരിചയപ്പെടുത്താന്‍ ഈ രണ്ടാഴ്ച  ഉപയോഗപ്പെടുത്തണം. ഈ സമയത്ത്  ഖരാഹാരം കൂട്ടി നല്‍കി തുടങ്ങുന്ന രീതിയെ 'സ്റ്റീമിങ്ങ് അപ് 'എന്നാണ് വിളിക്കുന്നത്. ഈ രണ്ടാഴ്ച സമയത്ത് ധാതുലവണ മിശ്രിതം നൽകുന്നത് നിർത്തുകയും പ്രസവശേഷം തുടരുകയും ചെയ്യുന്നത് പ്രസവം കഴിഞ്ഞയുടൻ പശുക്കളിൽ കാത്സ്യം കുറയുന്നത് ഒഴിവാക്കാൻ സഹായിക്കും.

ഇങ്ങനെ കറവ സമയത്തുള്ള തീറ്റക്രമമാണ് ഈ കാലയളവിലെ മൊത്തം ഉൽപാദനത്തിന്റെ അളവിനേയും തീറ്റച്ചെലവിനേയും സ്വാധീനിക്കുന്നത്.  ഓരോ പശുവും കറവയുടെ ഏതു ഘട്ടത്തിലാണെന്നറിഞ്ഞു വേണം തീറ്റയുടെ അളവും, ഗുണവും നിജപ്പെടുത്താന്‍. തീറ്റ നല്‍കുന്നത് പാത്രമറിഞ്ഞു വേണമെന്ന് ചുരുക്കം.  

English summary: Guide to good dairy farming practice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com