ആടുസംരംഭകർക്ക് 2.8 ലക്ഷം രൂപയുടെ ആടുവളർത്തൽ പദ്ധതി: എന്തൊക്കെ ശ്രദ്ധിക്കണം?

HIGHLIGHTS
  • എന്താണ് കൊമേർഷ്യൽ ഗോട്ടറി യൂണിറ്റ് പദ്ധതി
  • മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് അപേക്ഷകൾ നൽകാം
goat-farming--1
SHARE

മൃഗസംരക്ഷണസംരംഭകരംഗത്തേക്ക് കടന്നുവരുന്നവരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആടുവളര്‍ത്തല്‍. താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും ആവർത്തനച്ചെലവുകളും ആർക്കും ഏറെ എളുപ്പമായ പരിപാലനരീതികളുമെല്ലാം ആടുകൃഷിയെ ആകർഷകമാക്കുന്നു. ആടുകളുടെ ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയും സന്താനസമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചനിരക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷിയുമെല്ലാം സംരംഭകര്‍ക്ക് ആദായം നേടിനല്‍കും. ആടിനും ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കുമെല്ലാം ആവശ്യക്കാർ ഏറെയുണ്ട്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും വിലനിലവാരത്തില്‍ മുന്‍പന്തിയിലുള്ള മാംസവും ആടിന്റേതുതന്നെ. വലിയ രീതിയിൽ  വില വ്യതിയാനങ്ങളില്ലാത്ത സുസ്ഥിരവും സുനിശ്ചിതവുമായ വിപണിയും ആടിനുണ്ട്. കേരളം പോലെ ജനസാന്ദ്രത ഉയർന്ന, കൃഷിക്ക് പൊതുവെ ഭൂലഭ്യത കുറവുള്ള ഒരു നാടിന് ഏറ്റവും യോജിച്ച മൃഗസംരക്ഷണസംരംഭകളിൽ ഒന്നും ആടുവളർത്തൽ തന്നെ. 

വേണ്ടത്ര മുൻപരിചയം ഇല്ലാതെ കൂടുതൽ എണ്ണം ആടുകളെ വളർത്താനായി വാങ്ങൽ, കൂട് നിർമാണത്തിന് വേണ്ടിയുള്ള അധികച്ചെലവ്, കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങാത്തതും രോഗപ്രതിരോധശേഷി കുറവുള്ളതുമായ ഇനങ്ങളെ വളർത്താനായി തിരഞ്ഞെടുക്കൽ,  മതിയായ പ്രതിരോധകുത്തിവയ്പുകളോ ജൈവസുരക്ഷാ മാർഗങ്ങളോ ഫാമിൽ സ്വീകരിക്കാതിരിക്കൽ തുടങ്ങിയ പിഴവുകൾ ഒഴിവാക്കിയാൽ ആടുസംരഭത്തിൽ വിജയം ഉറപ്പാണ്. ‌സംരംഭകന് ഏതു സമയത്തും വിറ്റു കാശാക്കി ആദായം നേടാവുന്നതും പരാജയസാധ്യത താരതമ്യേനെ കുറഞ്ഞതുമായ  ഒരു മൃഗസംരക്ഷണ സംരംഭമാണ്  ആടുവളർത്തൽ  എന്ന് ചുരുക്കം. ഈ മേഖലയിലേക്കു കടന്നുവരുന്ന ചെറുകിടസംരംഭകർക്ക് പിന്തുണ നൽകുന്നതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തൽ പദ്ധതി / കൊമേർഷ്യൽ ഗോട്ടറി യൂണിറ്റ് പദ്ധതി. ആനിമൽ റിസോഴ്സ്‌ ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തൽ യൂണിറ്റുകൾക്കായി 250 ലക്ഷം രൂപയാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

എന്താണ്  കൊമേർഷ്യൽ ഗോട്ടറി യൂണിറ്റ് പദ്ധതി

മലബാറി ജനുസ്സിൽ പെട്ട 8,000 രൂപ വീതം മതിപ്പ് വിലയുള്ള 19 പെണ്ണാടുകളും, 10,000 രൂപ മതിപ്പ് വിലയുള്ള ഒരു മുട്ടനാടും അടങ്ങുന്ന ഒരു പ്രജനനയൂണിറ്റാണ് കൊമേർഷ്യൽ ഗോട്ടറി പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രായപൂർത്തിയെത്തിയ 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വാങ്ങാൻ 1,62,000 രൂപ,  കൂട് നിർമിക്കാൻ 1,00,000  രൂപ, ഇൻഷുറൻസ് 10,000  രൂപ,  യാത്രാച്ചെലവ്, മരുന്ന്, ധാതുലവണ മിശ്രിതം എന്നിവയ്ക്കായി 8,000 രൂപ എന്നിങ്ങനെ വിവിധ ഘടകങ്ങൾക്കായി ആകെ 2,80,000 രൂപയാണ്  പദ്ധതിയടങ്കല്‍ തുകയായി ഒരു യൂണിറ്റിന് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഒരു  യൂണിറ്റ് സ്ഥാപിക്കുവാന്‍ പരമാവധി ഒരു ലക്ഷം രൂപ വരെ  മൃഗസംരക്ഷണ വകുപ്പ് സബ്‌സിഡി അനുവദിക്കും. ബാക്കി ഗുണഭോക്തൃവിഹിതമാണ്. ആടുകളുടെ തീറ്റച്ചെലവ് ഉള്‍പ്പെടെയുള്ള എല്ലാ വിധ പരിപാലന ചെലവുകളും ഗുണഭോക്താവ് സ്വന്തമായി വഹിക്കേണ്ടതാണ്.

ഇപ്പോൾ അപേക്ഷിക്കാം 

പദ്ധതിക്ക് താൽപര്യമുള്ളവരിൽ നിന്നും ഇപ്പോൾ മിക്ക ജില്ലകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ താമസിയാതെ അപേക്ഷ ക്ഷണിക്കും. തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് താൽപര്യമുള്ള സംരംഭകർക്ക് അപേക്ഷകൾ നൽകാം. ഗുണഭോക്താക്കള്‍, സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ 50 സെന്റ് ഭൂമിയെങ്കിലും ഉള്ളവരുമായിരിക്കണം. മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന വാണിജ്യപരമായ ആടുവളര്‍ത്തല്‍ പരിശീലനം നേടിയ ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും. വനിതാസംരംഭകർക്കും മുൻഗണനയുണ്ട്. പദ്ധതിക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ  3 വര്‍ഷത്തേയ്ക്ക് ആടുവളര്‍ത്തല്‍ യൂണിറ്റ് നടത്തുന്നതാണ് എന്ന് വകുപ്പുമായി കരാര്‍ ഒപ്പുവയ്‌ക്കേണ്ടതാണ്. അപേക്ഷകരുടെ എണ്ണം വെച്ച് പരിഗണിക്കുമ്പോൾ പരിമിതമായ എണ്ണം കൊമേർഷ്യൽ ഗോട്ടറി യൂണിറ്റുകൾ  മാത്രമാണ് ഓരോ ജില്ലകൾക്കും  അനുവദിക്കുന്നത് എന്ന കാര്യവും ഓർക്കണം.

English summary: Government Scheme for Goat Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA