കേരം തിങ്ങും കേരളത്തിൽ കേരസമൃദ്ധിക്ക് സൂക്ഷ്‌മ മൂലകങ്ങൾ ചേർന്ന 2 വളക്കൂട്ടുകൾ

coconut-kalparaksha
SHARE

കേരളത്തിന്റെ തനിവിളയായ നാളികേരത്തിന്റെ ഉൽപാദന മികവിന് പോഷക പരിപാലന മാർഗങ്ങൾക്കു മികച്ച പങ്കാണുള്ളത്. ഒരു ദീർഘകാല വിളയായതിനാൽ മണ്ണിലെ പോഷക നിലവാരം ഉൽപാദനത്തെ കാര്യമായി ബാധിക്കുന്നു.  അതിനാലാണ് ചിട്ടയായ പോഷക പരിപാലന മാർഗങ്ങൾ നാളികേര കൃഷിയിൽ അവലംബിക്കണമെന്ന് പറയുന്നത്. തന്മൂലം നാളികേരത്തിന്റെ സുസ്ഥിര ഉൽപാദനം ഉറപ്പാക്കാൻ സാധിക്കുന്നു. 

തെങ്ങിന്റെ വളർച്ചയ്ക്കും ഉൽപാദനത്തിനും പ്രാഥമിക മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്‌മ മൂലകങ്ങളും അത്യാവശ്യമാണ്. വളർച്ചയെത്തിയ തെങ്ങിന് പ്രതിവർഷം 500 ഗ്രാം നൈട്രജൻ, 300 ഗ്രാം ഫോസ്‌ഫറസ്‌, 1200 ഗ്രാം  പൊട്ടാഷ് എന്നീ പ്രാഥമിക മൂലകങ്ങൾ ആവശ്യമാണ്. എന്നാൽ മികച്ച കായ്‌ഫലത്തിനും ഉൽപാദനത്തിനും ഇവ മാത്രം പോരാ, ദ്വിതീയ മൂലകങ്ങളും സൂക്ഷ്‌മ മൂലകങ്ങളും കൂടി വേണം. 

ഇതിനായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത രണ്ടു പോഷക മൂലക മിശ്രിതങ്ങളാണ് 'കൽപ പോഷകും' 'കൽപവർധിനിയും'. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെടുത്തു പരിശോധിച്ച മണ്ണു സാമ്പിളുകളിൽ മൂലകങ്ങളുടെ തോത് മനസിലാക്കിയതനുസരിച്ചാണ് ഈ മിശ്രിതം തയാറാക്കിയത്. തുടർന്ന് ഗവേഷണ കേന്ദ്രത്തിലും കൃഷിയിടങ്ങളിലുമായി നടത്തിയ പരീക്ഷണങ്ങളിലൂടെ ഫല പ്രാപ്‌തി  കണ്ടതിനു ശേഷം 2018 ൽ ഈ മിശ്രിതങ്ങൾ പുറത്തിറക്കി. ഈ സാങ്കേതികവിദ്യ ആലപ്പുഴയിലെ, ഓടനാട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിക്കും, പത്തനംതിട്ട കാർഡ് കൃഷി വിജ്ഞാന കേന്ദ്രത്തിനും നൽകിയിട്ടുണ്ട്. അതിനാൽ ഈ സ്ഥാപനങ്ങളിൽനിന്നും മിശ്രിതങ്ങൾ ലഭ്യമാണ്. 'കൽപ പോഷക്' മൂന്നു വർഷം വരെയുള്ളവയ്ക്കും,  'കൽപവർധിനി' മൂന്നു വർഷം കഴിഞ്ഞതും, കായ്‌ഫലമുള്ളതുമായ തെങ്ങിനു വേണ്ടിയുള്ളതുമാണ്. 

കൽപ പോഷക് 

  • അടങ്ങിയിരിക്കുന്ന പോഷകങ്ങൾ: പൊട്ടാസ്യം, സിങ്ക്, ബോറോൺ, കോപ്പർ, സൾഫർ.
  • അളവും നൽകേണ്ട രീതിയും: മൂന്നു മാസമായ തൈകൾക്ക് 40 ഗ്രാം  തുടർന്ന് മൂന്നു വർഷം വരെ 100 ഗ്രാം ( ഒരു തവണ 50 ഗ്രാം എന്ന രീതിയിൽ വർഷം രണ്ടു തവണ)

കൽപ വർധിനി  

  • അടങ്ങിയിരിക്കുന്ന പോഷകങ്ങൾ: പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ, സൾഫർ.
  • അളവും നൽകേണ്ട രീതിയും: മൂന്നു വർഷത്തിനു ശേഷം 500  ഗ്രാം രണ്ടു തവണയായി (250 ഗ്രാം വീതം) നൽകാവുന്നതാണ്. 

ശുപാർശ ചെയ്‌ത രാസവളങ്ങൾ ചേർത്തത്തിനു ശേഷം 10 ദിവസം കഴിഞ്ഞ് പോഷക മൂലക മിശ്രിതങ്ങൾ നൽകാവുന്നതാണ്. 

ഗുണഫലങ്ങൾ 

കൽപ പോഷക്: തൈകൾ കരുത്തോടെ വളരുന്നതിനും, കാലേകൂട്ടി പുഷ്‌പിക്കുന്നതിനും ശുപാർശ ചെയ്‌ത അളവിൽ നൽകാം. 

കൽപ വർധിനി: തേങ്ങ ഉൽപാദനം വർധിക്കുന്നതും വെള്ളയ്ക്ക കൊഴിച്ചിൽ തടയുന്നതിനും കൂടുതൽ മച്ചിങ്ങ ഉണ്ടാക്കുന്നതിനും സഹായകമാണ്. 

കൂടുതൽ വിവരങ്ങൾക്ക് : 0479 - 2442160

English summary: Micronutrient fertilizers for Coconut tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA