ADVERTISEMENT

ഡോക്ടറുടെ മരുന്ന് കുറിപ്പില്ലാതെ മെഡിക്കല്‍ ഷോപ്പില്‍നിന്നു മരുന്നു വാങ്ങി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നല്‍കുന്നത് മലയാളി ശീലമാക്കിയിരിക്കുന്നു. സാംക്രമികരോഗ ചികിത്സയിൽ സുപ്രധാനമായ ആന്റിബയോട്ടിക്കുകളുടെ  കാര്യത്തില്‍  ഇത്തരത്തിലുള്ള വിവേചനരഹിതമായ മരുന്ന് പ്രയോഗം  ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി കൈവരിക്കുന്നതിന്  കാരണമാകുന്നു.  കന്നുകാലികളുടെയും വളര്‍ത്തു പക്ഷികളുടെയും കാര്യത്തിലും ശാസ്ത്രീയമല്ലാത്ത മരുന്ന് പ്രയോഗം, പ്രത്യേകിച്ച്  ആന്റിബയോട്ടിക്കുകളുടെയും, വിരമരുന്നുകളുടെയും  അശ്രദ്ധമായ  ഉപയോഗം ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക്  കാരണമാകുന്നു.  അതില്‍തന്നെ കന്നുകാലികള്‍ പ്രത്യേകിച്ച്  ആടുകളിലും മറ്റും  പല വിരമരുന്നുകള്‍ക്കുമെതിരെയും  വിരകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതായി പല പഠനങ്ങളും  കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിരബാധയുണ്ടാകുന്ന സമയത്ത്  പല മരുന്നുകളും ഫലം കണ്ടെത്താതെ  പോകുന്ന അവസ്ഥയുണ്ടാകുന്നു.  വിരബാധ നിയന്ത്രിക്കാന്‍  ഒരു വെറ്ററിനറി  ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ശാസ്ത്രീയ ചികിത്സ എന്ന സമീപനമാണ്  ഹ്രസ്വ ദീര്‍ഘ കാലയളവില്‍ ഫലപ്രദമാകുന്നത്. 

ഓരോ മൃഗത്തിനും  ചെയ്യേണ്ട കൃത്യമായ  വിരയിളക്കലിന്റെ  ടൈംടേബിള്‍ വെറ്ററിനറി ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുകയാണ്  പ്രഥമവും  പ്രധാനവും.  വിരയിളക്കല്‍ എന്നത് എല്ലാ മാസവും ചെയ്യേണ്ട  ഒന്നാണ് എന്ന ധാരണ വേണ്ട. ആവശ്യമെങ്കില്‍ മാത്രം വിരയിളക്കുക എന്നതാണ് പിന്തുടരേണ്ട നയം. ഇതിനുള്ള വഴി കൃത്യമായ ഇടവേളകളില്‍ അല്ലെങ്കില്‍ വിരബാധ സംശയിക്കുന്ന ലക്ഷണങ്ങള്‍ കാണുമ്പോള്‍  ചാണകം പരിശോധിച്ച് വിരബാധയുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. കേരളത്തിലെ എല്ലാ മൃഗാശുപത്രികളിലുംതന്നെ ഇതിനുള്ള സൗകര്യം ലഭ്യമാണ്. ചാണകപരിശോധന വഴി വിരയിളക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമ്പോള്‍  പ്രയോജനം രണ്ടാണ്.  ഒന്ന് അനാവശ്യ മരുന്നുപ്രയോഗവും പണ നഷ്ടവും ഒഴിവാക്കാം.   കൂടാതെ വിര ഏതു തരത്തില്‍ പെട്ടതാണെന്ന് മനസ്സിലാക്കി യോജിച്ച ചികിത്സാരീതി  അനുവര്‍ത്തിക്കാം. കാരണം  പലതരം വിരകള്‍ക്കും മരുന്ന് വ്യത്യസ്തമായിരിക്കും. കാടടച്ചുള്ള കണ്ണടച്ചുള്ള പ്രയോഗം വേണ്ടന്നർഥം.

ഒരു പ്രാവശ്യം ഡോക്ടറുടെ കയ്യില്‍ നിന്ന് കിട്ടിയ കുറിപ്പനുസരിച്ച്  പിന്നീട് ദീര്‍ഘകാലം ആ മരുന്ന് മാത്രം  തുടര്‍ച്ചയായി ഉപയോഗിക്കുന്നതും വിരമരുന്ന് പ്രതിരോധത്തിന് കാരണമാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം  മരുന്ന് മാറ്റി ഉപയോഗിക്കാം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും പുതിയ പശുക്കളെയും ആടുകളെയും മറ്റും കൊണ്ടുവരുമ്പോള്‍  രണ്ടോ മൂന്നോ മരുന്നുകളുടെ ഒരുമിച്ചുള്ള പ്രയോഗം വേണ്ടി വരും.  ഈ പുത്തന്‍ അതിഥികളെ  ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രം പുറമേ മേയ്ക്കാന്‍ വിടാൻ പാടുള്ളൂ. വിരബാധ കൂടുതലായി കാണുന്ന സമയത്തോ  അതിനു തൊട്ടുമുമ്പോ  വിരയിളക്കുന്നത് നല്ലതാണ്.  കറവപ്പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പ്  8 മാസം ഗര്‍ഭമുള്ളപ്പോഴും  പ്രസവശേഷം  പത്താം ദിവസവും വിരമരുന്ന് നല്‍കുന്നത്   പാലുൽപാദനം കൂട്ടുന്നു.  പക്ഷേ ഗര്‍ഭകാലത്ത് ചില പ്രത്യേക  ഇനം മരുന്നുകള്‍ (ഫെന്‍ബെന്‍ഡസോള്‍) മാത്രമേ ഉപയോഗിക്കാവൂ. അത് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്  നല്‍കുക.  പ്രസവത്തോടനുബന്ധിച്ച്  വിരബാധ കൂടുകയും  ചാണകത്തില്‍ വിരമുട്ടകള്‍ കാണപ്പെടുകയും ചെയ്യുന്നു.  ഇത് തടയാനും രോഗസംക്രമണം തടയാനും മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.  

വിരമരുന്ന് കൊടുക്കേണ്ട സമയം, കൊടുക്കേണ്ട മരുന്നിന്റെ ഇനം എന്നിവയോടൊപ്പം പ്രധാനമാണ് നല്‍കുന്ന അളവും. കന്നുകാലികളുടെ ശരീരത്തൂക്കത്തിനനുസരിച്ചാണ്  അളവ് തീരുമാനിക്കുന്നത്. കുറഞ്ഞ അളവില്‍ മരുന്ന് നല്‍കുന്നതും വിരമരുന്ന് പ്രതിരോധത്തിന്  കാരണമാകുമെന്നതിനാല്‍  കൃത്യ അളവില്‍ മരുന്ന് കുറിച്ച് വാങ്ങാന്‍ ശ്രദ്ധിക്കുക. 

ബാക്ടീരിയകളും, വിരകളും അശാസ്ത്രീയ ആന്റിബയോട്ടിക്, വിരമരുന്ന് പ്രയോഗങ്ങൾ കാരണം  പ്രതിരോധ ശേഷി  കൈവരിക്കുന്നത്  ഏറെ ഗൗരവമേറിയ  പ്രശ്‌നമാണ്.  മനുഷ്യരിലും കന്നുകാലികളിലും   ഭാവിയില്‍ മരുന്നുകളുടെ ഫലപ്രാപ്തി കുറയാന്‍  ഇത് ഇടയാക്കും.   വിരമരുന്നുകളുടെ കാര്യത്തില്‍ പുതിയ പുതിയ  മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണ ശ്രമങ്ങളും കുറവാണെന്ന് കൂടി ഓര്‍മ്മിക്കുക.  അതിനാല്‍ ഇപ്പോള്‍ ലഭ്യമായ മരുന്നുകളുടെ ഉചിതമായ പ്രയോഗം  തന്നെ ഏറെ പ്രധാനം.

English summary:  Importance Of Regular Deworming For Livestock Animals and Pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com