ADVERTISEMENT

ക്ഷീരകര്‍ഷകന്റെ പോക്കറ്റു നിറയാനും പശുവിന്റെ ഉല്‍പാദനപ്രത്യുല്‍പാദന ആരോഗ്യ സംരക്ഷണത്തിനുമുള്ള മുഖ്യവഴിയാണ് തൊഴുത്തില്‍ ആവശ്യത്തിന് തീറ്റപ്പുല്‍ എത്തിക്കുകയെന്നത്. തീറ്റപ്പുല്‍ കൃഷിക്കായി മാറ്റിവയ്ക്കാന്‍ സ്ഥലലഭ്യത കുറവായ കേരളം പോലൊരു സംസ്ഥാനത്ത് തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി പുല്‍കൃഷി ചെയ്യുക എന്നതാണ് തീറ്റപ്പുല്ല് ലഭിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന്.  

തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമാണ് ഗിനിപ്പുല്ലും സങ്കരനേപ്പിയര്‍ പുല്ലും. ഏഴു മുതല്‍ 20 വര്‍ഷം വരെ പ്രായമുള്ള തെങ്ങുകളുള്ള പറമ്പുകളില്‍ ഇടവിളയായി തീറ്റപ്പുല്‍കൃഷി നടത്താം.  

കൂട്ടംകൂടി വളരുന്ന ഇനമാണ് ഗിനിപ്പുല്ല്. അരമീറ്റര്‍ മുതല്‍ നാലര മീറ്റര്‍ വരെ ഉയരം വയ്ക്കും. നീളവും ബലവുമുള്ള തണ്ടുകള്‍ രോമങ്ങള്‍പോലെ ചെറുനാരുകളുള്ളവയാണ്. തണല്‍ പ്രദേശങ്ങളില്‍ വളരാന്‍ കഴിവുള്ളവയാണിവ. മലമ്പ്രദേശങ്ങളിലും, സമതലപ്രദേശങ്ങളിലും ഒരുപോലെ വളരുമെങ്കിലും തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിവില്ല. സാധാരണ താപനിലയിലാണ് ഉത്തമം. കളിമണ്ണിലൊഴികെ ഏതു മണ്ണിലും വളരും. മാക്കുനി, ഹരിത, ഹരിതശ്രീ, മരതകം തുടങ്ങിയവ പ്രധാന ഇനങ്ങള്‍. സിഒജിജി-3 എന്ന പുതിയ ഇനം വരള്‍ച്ച, പ്രതിരോധശേഷി കൂടുതലുള്ളവയായതിനാല്‍ ജലസേചനസൗകര്യമില്ലാത്ത  സ്ഥലങ്ങള്‍ക്ക് യോജിച്ചവയാണ്. 

fodder-2

കേരളത്തില്‍ കാലവര്‍ഷത്തിന്റെയോ, ഇടവപ്പാതിയുടേയോ തുടക്കമാണ് ഗിനിപുല്ല് നടാന്‍ പറ്റിയ സമയം. ജലസേചന സൗകര്യമുണ്ടെങ്കില്‍  വര്‍ഷത്തില്‍ ഏതു സമയത്തും ഗിനിപുല്ല് നടാം. ചിനപ്പുകളും വിത്തുകളും നടീല്‍വസ്തുക്കളാകാം. വിത്തു മുളയ്ക്കുന്ന  തോത് കുറവായതിനാല്‍ ചിനപ്പുകളും തണ്ടുകളും ഉപയോഗിക്കുന്നതാണ് നല്ലത്. ഒരേക്കറിലേക്ക് ഏകദേശം 50,000 നടീല്‍ വസ്തുക്കള്‍ വേണ്ടിവരും. വിത്തുപയോഗിച്ചുള്ള കൃഷിരീതിയാകുമ്പോള്‍ നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ വേണം കൃഷിയിടത്തില്‍ നടാന്‍ എടുക്കേണ്ടത്. 

തണ്ടുകള്‍ നടുമ്പോള്‍ 10 വീതിയും 20 സെന്റീമീറ്റര്‍ ആഴമുള്ള ചാലുകളില്‍ ഒരേക്കറില്‍ നാലു ടണ്‍  ജൈവവളവും, 34 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷും, 100 കിലോഗ്രാം രാജ്ഫോസും ഇടണം. പിന്നീട് ചാലുകള്‍ മൂടി 15 സെന്റീമീറ്റര്‍ ഉയരമുള്ള വരമ്പുകള്‍ ഉണ്ടാക്കി തണ്ടുകള്‍ നടുക. വരമ്പുകള്‍ തമ്മിലും തണ്ടുകള്‍ തമ്മിലും രണ്ടടി അകലമുണ്ടായിരിക്കണം. ഇടവിളകൃഷിയില്‍ വരമ്പുകള്‍ തമ്മില്‍ 40 സെന്റീമീറ്ററും തണ്ടുകള്‍ തമ്മില്‍ 20 സെന്റീമീറ്ററും അകലം മതി. ഒന്നര മീറ്റര്‍ ഉയരം വയ്ക്കുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. തറനിരപ്പില്‍നിന്ന് 15-20 സെന്റീമീറ്റര്‍ ഉയരത്തില്‍ മുറിച്ചെടുക്കുക. ഏക്കറിന് 30-40 ടണ്‍ വിളവ് പ്രതിവര്‍ഷം ലഭിയ്ക്കും. 

ബജ്റയുടെയും നേപ്പിയറിന്റെയും സങ്കരയിനമാണ് സങ്കരനേപ്പിയര്‍ പുല്ല്. നേപ്പിയര്‍ പുല്ലിനെ അപേക്ഷിച്ച് വളര്‍ച്ചയിലും ഇലയളവിലും കൂടുതലുണ്ടാകും. കേരളം പോലെയുള്ള  ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇവ വര്‍ഷം മുഴുവന്‍ വളരുന്നു. കന്നുകാലികളുടെ സ്വീകാര്യത വരള്‍ച്ചാ പ്രതിരോധശേഷി എന്നിവ മികച്ചതാണ്. ഇടയ്ക്കിടെ മഴ കിട്ടിയാല്‍ നല്ല വളര്‍ച്ച ലഭിക്കും. സുഗുണ, സുപ്രിയ, സിഒ-3, സിഒ-4, സിഒ-5, കിളികുളം തുടങ്ങിയ ഇനങ്ങളുണ്ട്. രണ്ടുമുട്ടുള്ള തണ്ടുകളോ വേരുള്ള ചിനപ്പുകളോ, നടീല്‍ വസ്തുവാക്കാം. ഒരേക്കറിന് നാല് ടണ്‍ ജൈവവളം, 34 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ്. 100 കിലോഗ്രാം രാജ്ഫോസ് എന്നിവ ചേര്‍ക്കാം. ഏക്കറിന് 176 കിലോഗ്രാം യൂറിയ രണ്ടു തവണകളായി നല്‍കുന്നത് വളര്‍ച്ച കൂട്ടും. പുല്ലിന് ഒന്നരമീറ്റര്‍ ഉയരമെത്തുമ്പോള്‍ ആദ്യ വിളവെടുപ്പ്. 80-100 ടണ്‍ പ്രതി ഏക്കര്‍ ആണ് വാര്‍ഷിക വിളവ്.  നട്ട് 75-ഉം ദിവസങ്ങളിലാവും ആദ്യ വിളവെടുപ്പ്. പിന്നീട് ഓരോ ഒന്നരമാസത്തിലും വിളവെടുപ്പ് നടത്താം. വര്‍ഷത്തില്‍ 6-8 തവണ വിളവെടുക്കാം. ഓരോ പ്രാവശ്യവും വിളവെടുപ്പിന് ശേഷം ചാണക ഗോമൂത്ര സ്ലറി തളിക്കുന്നത് നല്ലതാണ്. തീറ്റപ്പുല്ലിന്റെ ഗുണമേന്മ കൂട്ടാന്‍ സങ്കരനേപ്പിയര്‍, ഗിനിപ്പുല്ല് എന്നിവയുടെ  ഇടവിളയായി തീറ്റപ്പയര്‍, സെറ്റേറിയ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞാല്‍ ഏറെ നല്ലത്.

തീറ്റപ്പുല്ലും സമ്മിശ്രമാക്കാം

കേരളത്തിലെ ക്ഷീരകര്‍ഷകനെ സംബന്ധിച്ച് തീറ്റപ്പുല്ലെന്നാല്‍ പ്രധാനമായും ഹൈബ്രിഡ് നേപ്പിയറിന്റെ സിഒ-3, സിഒ-4 ഇനത്തില്‍പ്പെട്ട പുല്ലുകളാണ്. ഉല്‍പാദനശേഷി കൂടിയ, കൂടുതല്‍ അളവില്‍ വിളയുന്ന, നട്ടു വളര്‍ത്താന്‍ എളുപ്പമായ ഇവയ്ക്ക് പ്രാധാന്യം കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്തരം ഇനങ്ങള്‍ക്കൊപ്പം  സാഹചര്യത്തിനനുസരിച്ച് മറ്റ് തീറ്റപ്പുല്ലുകള്‍ കാലിത്തീറ്റയായി നല്‍കാന്‍ കഴിയുന്ന പയര്‍വര്‍ഗ്ഗച്ചെടികള്‍, ധാന്യവിളകള്‍, കാലിത്തീറ്റ, വൃക്ഷങ്ങള്‍ എന്നിവ കൂടി കൃഷി ചെയ്ത് സമ്മിശ്രമായി നല്‍കിയാല്‍ ഉല്‍പാദനം  വര്‍ധിപ്പിക്കാവുന്നതാണ്. സ്ഥലവും സൗകര്യമുള്ളവര്‍ക്ക് തീറ്റപ്പുല്‍ക്കൃഷിയിലും സമ്മിശ്ര രീതികള്‍ പരീക്ഷിക്കാവുന്നതാണ്.  

സങ്കരനേപ്പിയര്‍ തീറ്റപ്പുല്ലിന്റെ കമ്പുകളാണ് നടാനുപയോഗിക്കുന്നത്. സിഒ-3, സിഒ-4, സിഒ-5, കിളികുളം, തുമ്പൂര്‍മുഴി തുടങ്ങിയ നിരവധി പേരുകളില്‍ സങ്കര നേപ്പിയര്‍ ഇനങ്ങള്‍ ലഭ്യമാണ്. വൈകി പൂക്കുന്ന, ആന്റി ഓക്സലേറ്റ് കുറവുള്ള സിഒ-5 വൈകി വിളവെടുപ്പിന്റെ പ്രശ്നങ്ങള്‍ ഇല്ലാത്തവയാണ്. മികച്ച അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പരിപാലനത്തില്‍ ഒരു ഹെക്ടറില്‍നിന്ന് വര്‍ഷം 350-400 ടണ്‍ വിളവുണ്ടാകും.  

ഗിനിപ്പുല്ല്, കോംഗോസിഗ്‌നല്‍, ഹ്യുമിഡിക്കോള, സ്‌റ്റൈലോ തുടങ്ങിയവയും കൃഷി ചെയ്യാന്‍  അനുയോജ്യമാണ്. ആട്, മുയല്‍ കര്‍ഷകര്‍ക്കും ഇത്തരം പുല്ലിനങ്ങള്‍ പ്രയോജനപ്പെടും. മേച്ചില്‍ സ്ഥലങ്ങള്‍ക്ക് അനുയോജ്യമാണ് സിഗ്‌നല്‍, കോംഗോസിഗ്‌നല്‍ പുല്ലുകള്‍. ഉയരം കുറഞ്ഞ ഇവ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. പശു തിന്നുന്നതനുസരിച്ച്  വളര്‍ന്നുകൊള്ളും. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ് ഹ്യുമിഡിക്കോള. പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സ്‌റ്റൈലോസാന്തസ്സ് പുല്ല് പാലിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. മറ്റു പുല്ലുകളുമായി  ചേര്‍ത്ത് പ്രതിദിനം ശരാശരി ഒരു കിലോഗ്രാമെങ്കിലും നല്‍കിയാല്‍ പ്രയോജനം ലഭിക്കും.  കൂടുതലായാല്‍  ദഹന പ്രശ്നങ്ങളുണ്ടാകും. ധാന്യ ഇനത്തില്‍പ്പെട്ട ചോളത്തിന്റെ തീറ്റപ്പുല്‍ കൃഷിക്കായുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  അന്നജ സമ്പന്നമായ ഇവ  പാലുത്പാദനം കൂട്ടുന്നു. അന്നജം കൂടു തലുള്ളതിനാല്‍ നിശ്ചിത അളവില്‍ മറ്റു പുല്ലുകളുമായി ചേര്‍ത്ത് നല്‍കുന്നത് നല്ലത്. പാലക്കാട് ധോണിയിലുള്ള കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ  ഫാമില്‍നിന്ന് തീറ്റപ്പുല്ല്, പയര്‍വര്‍ഗ്ഗച്ചെടികള്‍, ധാന്യവിളകള്‍, കാലിത്തീറ്റ വൃക്ഷങ്ങള്‍ എന്നിവയുടെ നടീല്‍ വസ്തുക്കളും, വിത്തുകളും മിതമായ നിരക്കില്‍ ലഭിക്കും.

English summary: Best Fodder Crops for Dairy Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com