ADVERTISEMENT

ഗുണമേന്മയിലും അളവിലും തീറ്റപ്പുല്ലിനെക്കാള്‍ ഒരു പടി മുന്നിലാണ് വൃക്ഷത്തീറ്റവിളകൾ. കാർഷിക വിളകളുമായി ഇടകലർത്തിയും അല്ലാതെയും വേലിയായും പാതയോരങ്ങളിലും വൃക്ഷത്തീറ്റവിളകൾ വളര്‍ത്താം.  ഇവ നമ്മുടെ കാലാവസ്ഥയ്ക്കു യോജ്യവും  ഏതു തരം മണ്ണിലും വളരുന്നവയുമാണ്. ഇവ തന്നെയായോ, വൈക്കോല്‍, പച്ചപ്പുല്ല് എന്നിവയുമായി ചേര്‍ത്തോ കന്നുകാലികൾക്കു നൽകാം.

peeli-vaka
പീലി വാക

സുബാബുൾ / പീലി വാക

ശാസ്ത്രീയ നാമം : ലുസീന ലൂക്കോസെഫാല

ഉഷ്ണ, മിതോഷ്ണ മധ്യമേഖലാരാജ്യങ്ങളിൽ പരക്കെ വളരുന്ന നിത്യഹരിത വൃക്ഷം.  വിത്താണ്  നടീൽവസ്തു. മേച്ചിൽപ്പുറങ്ങളുടെ അതിരിലും റോഡരികിലും  വളർത്താം. പ്രതിവർഷം ഹെക്ടർ ഒന്നിന്  100 ടൺ (നനച്ചാല്‍) അല്ലെങ്കിൽ 25–30 ടൺ (മഴ കുറഞ്ഞ പ്രദേശങ്ങൾ) വരെ വിളവ് പ്രതീക്ഷിക്കാം. ഇവയിൽ 27–34 ശതമാനം മാംസ്യം അടങ്ങിയിട്ടുണ്ട്. ഇലയിലുള്ള മൈമോസിൽ എന്ന അമിനോ അമ്ലം അയവിറക്കാത്ത മൃഗങ്ങൾക്കു ബുദ്ധിമുട്ടാകുമെന്നതിനാല്‍ അവയുടെ തീറ്റയില്‍ പീലിവാകയില  10 ശതമാനത്തിൽ കൂടാതെ നോക്കണം.

fodder-tree-crops
അഗത്തി

അഗത്തി

ശാസ്ത്രീയ നാമം : സെസബാനിയ ഗ്രാന്റിഫ്ലോറ

ചെടികളുടെ വിത്തും കമ്പും നടാം. കൃഷിയിടങ്ങളില്‍ അതിരുവേലിയായും പാതയോരങ്ങളിലും നട്ടുപിടിപ്പി ക്കാവുന്ന ഇവയ്ക്ക് ആദ്യ 3–4 വർഷങ്ങളിൽ ദ്രുതവളർച്ച കാണാം. ഈർപ്പമുള്ളതും 1000 മില്ലീ മീറ്ററിൽ കൂടു തൽ മഴയുള്ളതുമായ ഇടങ്ങളിൽ ഇവ വളരെ പെട്ടെന്നു   വളരും. മാംസ്യത്തിന്റെ അളവ് വളരെ കൂടിയ (36 ശതമാനം) തോതിൽ കാണുന്ന അഗത്തി, ഹെക്ടർ ഒന്നിന് പ്രതിവർഷം 40 ടൺ വരെ വിളവ് ലഭിക്കും.

muringa
മുരിങ്ങ

മുരിങ്ങ

ശാസ്ത്രീയ നാമം : മൊരിങ്ങ ഒലിഫെറ

പോഷകമൂല്യമേറിയ കാലിത്തീറ്റ കൂടിയാണ്  മുരിങ്ങ. കാലികളിൽ പാലുൽപാദനം 43 ശതമാനം കണ്ടു വർധിക്കാൻ ഇതു സഹായകമാണ്. പ്രാചീന കാലം തൊട്ടുതന്നെ ഭക്ഷണമായും മരുന്നായും ഉപയോഗിച്ചുവരുന്ന ഇവയിൽ മാംസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്.  മുരിങ്ങ തീറ്റയാക്കിയാല്‍ കാലികള്‍ക്കു നല്ല  ദഹനക്ഷ മതയുണ്ടാകും. ആടുകളില്‍ വിരബാധ നിയന്ത്രിക്കാം.  ആട്ടിന്‍മാംസത്തിലെ കൊഴുപ്പു കുറയ്ക്കാം. വേലിയായും ഇടവിളയായും വളര്‍ത്താന്‍ നന്ന്.  35–40 ദിവസം കൂടുമ്പോൾ വിളവെടുക്കാം.

fodder-crop
ശീമക്കൊന്ന

ശീമക്കൊന്ന

ശാസ്ത്രീയ നാമം : ഗ്ലെറിസിഡിയ സെപിയം

പ്രധാന  ഉഷ്ണമേഖലാപുൽവൃക്ഷമായ ശീമക്കൊന്ന  20–29 ഡിഗ്രി സെല്‍ഷ്യസ് താപനിലയും 900–1500 മില്ലിമീറ്റർ മഴയും ലഭിക്കുന്ന പ്രദേശങ്ങളിലാണ് സാധാരണ കാണുന്നത്. രോഗ,കീടബാധയോടു  കൂടുതൽ പ്രതിരോധശക്തിയുണ്ട്. വിത്തും കമ്പുമാണ് നടീൽവസ്തുക്കള്‍. വിത്താണെങ്കിൽ 14 മാസത്തിനും കമ്പാണെങ്കിൽ 7 മാസത്തിനും ശേഷം ആദ്യ വിളവെടുപ്പ് നടത്താം. തണ്ടുകൾക്കു കട്ടിയുള്ളതിനാൽ കാലികൾക്ക് കൊടുക്കുന്നതിനു മുൻപ് ചെറുതായി നുറുക്കുകയും ഉണക്കുകയും വേണം.  ഹെക്ടർ ഒന്നിനു പ്രതിവർഷം 15–17 ടൺ വരെ വിളവ്. 

ഓലിയാൻഡേ

ശാസ്ത്രീയ നാമം : കാലിയാൻഡേ കാലോതിർസസ്

നിത്യഹരിത പയറുവർഗത്തിൽപ്പെട്ട 5–6 മീറ്റർ വരെ ഉയരത്തിൽ വളരുന്ന  വൃക്ഷത്തീറ്റ വിളയാണ്. കമ്പും വിത്തും നടീൽവസ്തുക്കളാണെങ്കിലും വിത്താണ് താരതമ്യേന മെച്ചം. പച്ചക്കറികൾ, മരച്ചീനി എന്നിവയോ ടൊപ്പം തെങ്ങിൻതോപ്പുകളിൽ ഇടവിളയായും കൃഷിചെയ്യാം.  ആടുകൾക്കു  യോജിച്ച കാലിത്തീറ്റ. മാംസ്യ ത്തിന്റെ അളവ് 30 ശതമാനം.   പ്രതിവർഷം ഹെക്ടർ ഒന്നിന് 7–10 ടൺ വരെ വിളവ് പ്രതീക്ഷിക്കാം.

ടെസ്മാന്തസ് / വേലിമസാൽ

ശാസ്ത്രീയ നാമം : ടെസ്മാന്തസ് വർഗാറ്റസ്

തരിശുഭൂമി വികസനത്തിന് ഏറ്റവും  യോജിച്ച, വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന കുറ്റിച്ചെടി.  2–3 മീറ്റർ ഉയരത്തിൽ വളരുന്ന ഇവയ്ക്ക് നടീൽവസ്തു വിത്താണ്. ഹെക്ടറിൽ 6 കിലോ എന്ന തോതിൽ 50 സെന്റി മീറ്റർ അകലത്തിൽ നടാം. ഇത്തരം ചെടികളുടെ തണ്ടിൽ 22 ശതമാനം മാംസ്യവും, ഇലയിൽ 10–15 ശതമാനം മാംസ്യവും അടങ്ങിയിട്ടുണ്ട്. ഹെക്ടർ ഒന്നിന് പ്രതിവർഷം 40–70 ടൺ പച്ചയില വിളവ് ലഭിക്കും. 

വിലാസം: കാലിത്തീറ്റവിള ഗവേഷണ പദ്ധതി, കാര്‍ഷിക കോളജ്, വെള്ളായണി. ഫോണ്‍: 9496301170

English summary: Fodder trees for improving livestock productivity

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com