പുതിയ സാങ്കേതികവിദ്യ എത്തി, നേരത്തെ നിർണ്ണയിക്കാം കന്നുകാലികളുടെ ഗർഭം

HIGHLIGHTS
  • കൃത്യതയിലും മികവ്, നേട്ടങ്ങളുമേറെ
  • പശുക്കളുടെ ഗർഭം നേരത്തെ നിർണയിക്കാൻ സ്റ്റാർട്ടപ്പ്
cow-and-calf-1
SHARE

തങ്ങളുടെ ജീവനോപാധിയായ പശുക്കളെയും എരുമകളെയുമെല്ലാം ഇണചേർത്തതിനോ കൃത്രിമബീജാദാനം നടത്തിയതിനോ ശേഷം ഏതൊരു കർഷകനും ആകാംക്ഷയുടെയും പ്രതീക്ഷയുടെയും നാളുകളാണ്. തന്റെ പശു ഗർഭിണിയാണെന്ന് പരിശോധിച്ച് ഉറപ്പിക്കുന്നത് വരെ ആകാംക്ഷയുടെ നാളുകൾ നീളും. സാധാരണനിലയിൽ ഒരു വിദഗ്‌ധന് പെർ റെക്ടൽ (Per rectal examination) പരിശോധന വഴി പശുക്കളുടെയും  എരുമകളുടെയും ഗർഭം സംശയലേശമന്യേ നിർണയിക്കണമെങ്കിൽ കൃത്രിമബീജദാനം നടത്തിയതിന് ശേഷം ചുരുങ്ങിയത് രണ്ട് - രണ്ടര മാസം വരെ സമയമെടുക്കും. വെച്ചൂർ, കാസർഗോഡ് ഡാർഫ്,  പുങ്കന്നൂർ ഉൾപ്പടെയുള്ള ചെറിയ ജനുസ്സ് പശുക്കളിൽ ഈ രീതിയിലുള്ള ഗർഭനിർണയത്തിനും പരിമിതികളുണ്ട്. 

ആടുകളിൽ നേരത്തെ ഗർഭം കൃത്യതയോടെ തിരിച്ചറിയണമെങ്കിൽ സ്കാനിങ് തന്നെ വേണ്ടി വരും. പശുക്കളും എരുമകളും ഗർഭിണികളാണെന്ന് തിരിച്ചറിയപ്പെടാതെ പോവുന്നതും ഗർഭധാരണം നടക്കാത്ത പശുക്കൾ ഗർഭിണികളാണെന്ന് തെറ്റിദ്ധരിക്കുന്ന കർഷകർ ഒടുവിൽ നിരാശരാവുന്നതും ക്ഷീരമേഖലയിലെ സാധാരണ കാഴ്ചയാണ്. കൃത്യമായ ഇടവേളകളിൽ ഗർഭധാരണം നടക്കാത്ത ഉരുക്കളെ പരിപാലിക്കുന്നത് വഴി കർഷകർക്കുണ്ടാവുന്ന സാമ്പത്തികനഷ്ടവും ഉൽപാദനനഷ്ടവും ഏറെ. ഗർഭിണികളാണെന്ന് തിരിച്ചറിയാതെ ആടുകളെയും എരുമകളെയുമെല്ലാം നിർഭാഗ്യവശാൽ കശാപ്പിനായെത്തിക്കുന്നതും സ്ഥിരമാണ്. കശാപ്പിനുശേഷം അവ ഗർഭിണിയാണെന്ന്  തിരിച്ചറിയുമ്പോൾ ഉണ്ടാവുന്ന മാനസികപ്രയാസം ചെറുതായിരിക്കില്ല.

നേരത്തെ നിർണ്ണയിക്കാം കന്നുകാലികളുടെ ഗർഭം

ഇണചേർത്തതിനോ കൃത്രിമബീജാദാനം നടത്തിയതിനോ ശേഷം മുപ്പത് ദിവസം പൂർത്തിയാകുമ്പോൾ തന്നെ കൃത്യമായും സുരക്ഷിതമായും കന്നുകാലികളുടെ ഗർഭനിർണയം രക്തപരിശോധന വഴി സാധ്യമാക്കുന്ന നൂതന സംവിധാനം കർഷകർ അഭിമുഖീകരിക്കേണ്ടിവരുന്ന ഇത്തരം പ്രശ്നങ്ങൾക്ക്  ഒരു പരിഹാരമാണ്. എലൈസ ടെക്നോളജി ടെക്നോളജി (ELISA) പ്രയോജനപ്പെടുത്തി രക്തം പരിശോധിച്ച് പശുക്കളുടെയും എരുമകളുടെയും ആടുകളുടെയുമെല്ലാം ഗർഭനിർണയം നടത്തുന്ന ഈ സാങ്കേതികസംവിധാനം ഇന്ന് കേരളത്തിലെ ക്ഷീരമേഖലയിലും പ്രചാരം നേടുകയാണ്. വളരെ വേഗത്തിൽ ഏറ്റവും സുരക്ഷിതമായ മാർഗത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ കന്നുകാലികളിൽ കൃത്യമായ ഗർഭനിർണയം സാധ്യമാക്കുന്നതിനാൽ വാണിജ്യാടിസ്ഥനത്തിലുള്ള ക്ഷീര, മാംസോൽപ്പാദന മേഖലയിൽ ഈ സാങ്കേതികവിദ്യക്ക് ഏറെ പ്രചാരവും പ്രിയവുമുണ്ട്. 

രക്തസാംപിൾ ഉപയോഗിച്ചുള്ള ഗർഭനിർണയം എങ്ങനെ ?

ഗർഭിണികളായ പശുക്കളുടെയും എരുമകളുടെയും ആടുകളുടെയും രക്തത്തിൽ (കൃത്യമായി പറഞ്ഞാൽ സിറം അല്ലെങ്കിൽ പ്ലാസ്മയിൽ) കാണപ്പെടുന്ന മാംസ്യതന്മാത്രകളായ പ്രെഗ്നൻസി സ്പെസിഫിക് പ്രോട്ടീൻ ബി. അഥവാ പ്രെഗ്നൻസി അസോസിയേറ്റഡ് ഗ്ലൈകോപ്രോട്ടീൻ 1 - ന്റെ സാന്നിധ്യം എലൈസ സംവിധാനം വഴി നിർണയിച്ചാണ്‌ ഗർഭപരിശോധന നടത്തുന്നത്. പ്രെഗ്നൻസി അസോസിയേറ്റഡ് ഗ്ലൈകോപ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നത് പ്ലാസന്റ അല്ലെങ്കിൽ മറുപിള്ളയാണ്. അതുകൊണ്ട് തന്നെ ഗർഭവതികളായ കന്നുകാലികളിൽ  മാത്രമേ ഈ മാംസ്യതന്മാത്രകളുടെ സാന്നിധ്യം ഉണ്ടാവുകയുള്ളൂ. 

ഗർഭനിർണയം എപ്പോൾ മുതൽ ?

ഇണചേർത്തതിന്/ കൃത്രിമ ബീജദാനം നടത്തിയതിന് മുപ്പതാം ദിവസമോ അതിനു ശേഷമോ കിടാരികളിലും പശുക്കളിലും ആടുകളിലും ഈ സംവിധാനം വഴി ഗർഭനിർണയം നടത്താം. ഏറ്റവും ഒടുവിലത്തെ പ്രസവം നടന്നിട്ട് ചുരുങ്ങിയത് 90 ദിവസം കഴിഞ്ഞതും ആയിരിക്കണം. കറവയിലുള്ള പശുക്കളുടെ രക്തത്തിൽ തൊട്ടുമുൻപുള്ള ഗർഭകാലത്ത് പ്ലാസന്റ പുറന്തള്ളിയ പ്രോട്ടീനുകളുടെ സാന്നിധ്യം  പ്രസവം കഴിഞ്ഞ് 90 ദിവസം വരെ ഉണ്ടാവുമെന്നതിനാലാണിത്. അതായത് പ്രസവം കഴിഞ്ഞതിന് 60 ദിവസമാണ് പശുവിനെ കൃത്രിമ ബീജാദാനം നടത്തിയത് എങ്കിൽ മുപ്പത് ദിവസത്തിന് ശേഷം രക്തസാംപിൾ പരിശോധനക്കായി ശേഖരിക്കാം. അപ്പോൾ ഇണചേർക്കാൻ എടുത്ത സമയം ഉൾപ്പെടെ പ്രസവം കഴിഞ്ഞ് 90 ദിവസം പൂർത്തിയായിരിക്കും. പശുക്കളിൽ നിന്നും വെറും നാല് മില്ലിലിറ്റർ രക്തം മാത്രമാണ് പരിശോധനയ്ക്കുവേണ്ടി ശേഖരിക്കേണ്ടത്.

കൃത്യതയിലും മികവ്, നേട്ടങ്ങളുമേറെ 

ഈ സാങ്കേതിക വിദ്യ  ഉപയോഗിച്ച്  ഗർഭവതികളായ പശുക്കളെ  തിരിച്ചറിയുന്നതിൽ കൃത്യത. 97 % വരെയാണ്. അത്യുൽപ്പാദനമുള്ള പശുക്കളിൽ ഭ്രൂണാവസ്ഥയിലുള്ള ഗർഭം അലസൽ കൂടുതൽ ആയതിനാലാണ് 3 % കൃത്യതക്കുറവ് നേരിടേണ്ടി വരുന്നത്. ഗർഭിണികളല്ലാത്ത പശുക്കളെ അഥവാ കർഷകരുടെ വാക്കുകളിൽ പറഞ്ഞാൽ കുത്തിവച്ചിട്ടും ചെനപിടിച്ചിട്ടില്ലാത്തതും തുടർ മദിലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലാത്തതുമായ പശുക്കളെ 99 -100 ശതമാനം കൃത്യമായി ഈ പരിശോധന വഴി തിരിച്ചറിയാവുന്നതാണ്. 

പശുക്കളുടെ ഗർഭം  നേരത്തെ തന്നെ തിരിച്ചറിയുക വഴി തീറ്റയിൽ ഉൾപ്പെടെ  ഗർഭകാലവുമായി ബന്ധപ്പെട്ട  ക്രമീകരണങ്ങൾ കൃത്യസമയത്ത് തന്നെ ആരംഭിക്കാൻ കഴിയും. പ്രത്യുൽപ്പാദനക്ഷമതയില്ലാത്ത കന്നുകാലികളെ കൃത്യമായി ഫാമിൽ നിന്നൊഴിവാക്കാനും  ഇതുവഴി കഴിയുന്നു. സാധാരണ നടത്തുന്ന പെർ റെക്ടൽ ഗർഭപരിശോധന വഴി ഗർഭ നിർണയം പൊതുവെ പ്രയാസകരമായ വെച്ചൂർ, കാസർഗോഡ് കുള്ളൻ, പുങ്കന്നൂർ തുടങ്ങിയ തദ്ദേശീയ ജനുസ്സുകളിലും ആടുകളിലും ഗർഭം കൃത്യമായി നേരത്തെ നിർണയിക്കാൻ ഈ സാങ്കേതികവിദ്യ മികച്ച ഒരു മാർഗമാണ്.

മാത്രമല്ല, പശുക്കളും എരുമകളും  ഗർഭവതിയല്ലെന്ന് നേരത്തെ തിരിച്ചറിയുകയാണെങ്കിൽ ഒട്ടും വൈകാതെ തന്നെ അവയെ  വീണ്ടും മദിചക്രത്തിലെത്തിക്കാനും ഗർഭം ഉറപ്പാക്കാനുമുള്ള ക്രമീകരണങ്ങൾക്കും ആവശ്യമെങ്കിൽ ഹോർമോൺ ഉൾപ്പെടെയുള്ള  ചികിത്സകൾക്കും  കർഷകർക്ക് തുടക്കമിടാം.  ഇതുവഴി  അനാവശ്യമായ തീറ്റ,പരിപാലനച്ചെലവ് കുറയ്ക്കാനും  പശുക്കളിലെ  രണ്ടു പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനും വർഷത്തിൽ ഒരു പശു കിടാവ് എന്ന ലക്ഷ്യം നേടിയെടുക്കാനും കഴിയും. പശുവിൽ നിന്ന് വർഷത്തിൽ ഒരു പ്രസവം ഉറപ്പാക്കാൻ കഴിഞ്ഞാൽ, തീർച്ച ക്ഷീരസംരംഭം വിജയത്തിന്റെ പാതയിലാണെന്ന് ഉറപ്പിക്കാം .

പശുക്കളുടെ ഗർഭം നേരത്തെ നിർണയിക്കാൻ സ്റ്റാർട്ടപ്പ്, ടെക്നോളജി ലഭ്യമാക്കി യുവ വെറ്ററിനറി ഡോക്ടർമാർ 

എലൈസ  ടെക്നോളജി ടെക്നോളജി വഴി  രക്തം പരിശോധിച്ച് പശുക്കളുടെയും എരുമകളുടെയും ആടുകളുടെയുമെല്ലാം ഗർഭനിർണയം നടത്തുന്ന  ഈ ടെക്നോളജി കേരളത്തിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ പൊതുവെ കുറവാണ്. സർക്കാർ മേഖലയിൽ ഈ സംവിധാനം ക്ഷീരകർഷകർക്ക് നിലവിൽ ലഭ്യമല്ല. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നതും യുവ വെറ്റിനറി ഡോക്ടർമാരുടെ പുതിയ  സ്റ്റാർട്ടപ്പുമായ ഐ വെറ്റ് ലാബ് എന്ന സംരംഭം പശുക്കളുടെ രക്തസാംപിൾ ഉപയോഗിച്ച് ഗർഭനിർണയം സാധ്യമാക്കുന്ന ഈ സേവനം  തുച്ഛമായ ചിലവിൽ കേരളമൊട്ടാകെ കർഷകർക്ക്  ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്  (വിവരങ്ങൾക്ക്  8590 2003 92  എന്ന  നമ്പറിൽ ബന്ധപ്പെടാം). 

English summary: Pregnancy testing of cattle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS