വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എന്തിന്? എന്തുകൊണ്ട്?

HIGHLIGHTS
  • ലൈസൻസ് നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
  • നായ, പൂച്ച എന്നിവയുടെ ലൈസൻസ് എടുക്കുന്നത് എങ്ങനെ ?
dairy-farming
SHARE

സന്തതസഹചാരിയായും സുഹൃത്തായും കാവലാളായും ഉപജീവനമാർഗമായും ഒട്ടേറെ മൃഗങ്ങളെ മനുഷ്യർ ഇണക്കിയെടുത്തിട്ടുണ്ട്.  മനുഷ്യർക്ക്   വളർത്തുമൃഗങ്ങളുമായിട്ടുള്ള  അഭേദ്യമായ ഈ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. വനപ്രദേശങ്ങളിലും മലകളിലും കഴിഞ്ഞിരുന്ന വിവിധതരത്തിലുള്ള പക്ഷി- മൃഗാദികളാണ് ഇന്ന് നമ്മോടൊപ്പം കഴിയുന്നത്. വളർത്തുമൃഗങ്ങൾക്ക് ആവശ്യമായിട്ടുള്ള ഭക്ഷണം നൽകുകയും, സുരക്ഷിതമായ സാഹചര്യവും പരിപാലനവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. മാത്രവുമല്ല, പക്ഷിമൃഗാദികളെ വളർത്തുന്നതിന് നമ്മുടെ രാജ്യത്ത് നിലവിലുള്ള ലൈസൻസ് നിയമങ്ങൾ നാം പാലിക്കുകയും വേണം.  എങ്കിൽ മാത്രമേ ഉത്തരവാദിത്തമുള്ള  മൃഗഉടമകളും  മൃഗസ്നേഹികളുമായി മാറാൻ നമുക്ക് കഴിയുകയുള്ളൂ. 

ലൈസൻസിങ് കേരളത്തിൽ 

കേരള പഞ്ചായത്ത് രാജ് ആക്ട് 2012 പ്രകാരം  കേരളത്തിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ പക്ഷിമൃഗാദികളെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമാണ്. ആറു മാസത്തിനകം കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും  ലൈസൻസ് എടുത്തിരിക്കണം  എന്ന ഹൈക്കോടതി വിധിയിലൂടെ, നമ്മുടെ വളർത്തുമൃഗങ്ങൾക്ക് ലൈസൻസിങ് ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാണ്.

2012 കേരള പഞ്ചായത്ത് രാജ് ആക്ടിലെ മാനദണ്ഡങ്ങൾ പ്രകാരം 5 പശുക്കളിൽ കൂടുതലുള്ള ഡെയറി ഫാമുകൾ, 20 ആടുകളിൽ കൂടുതലുള്ള ആട് ഫാമുകൾ,  25 മുയലിൽ  കൂടുതൽ വളർത്തുന്ന മുയൽ ഫാം, 100 കോഴിയിൽ കൂടുതലുള്ള കോഴിഫാം, 5 പന്നികളിൽ കൂടുതലുള്ള പന്നിഫാം എന്നിവയുടെ നടത്തിപ്പിന് ലൈസൻസ് ആവശ്യമാണ്. എന്നാൽ നായ്ക്കൾ, പൂച്ചകൾ എന്നിവ ഒരെണ്ണമേയുള്ളൂ എങ്കിലും വളർത്തുന്നതിന് ലൈസൻസ് വേണം.

ലൈസൻസ് എടുക്കേണ്ടതിന്റെ ആവശ്യകത 

മൃഗപരിപാലനം മെച്ചപ്പെടുത്തുന്നതിനും  വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന്  ഉറപ്പുവരുത്തുന്നതിനും ലൈസൻസിങ് സമ്പ്രദായം സഹായിക്കുന്നു. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമൂഹികമായും പാരിസ്ഥിതികവുമായ പല പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ സമ്പ്രദായം സഹായിക്കും. കൂടാതെ ലൈസൻസ് എടുക്കുക എന്ന നിയമം പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ധർമവുമാണ്. 

ലൈസൻസ് നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പക്ഷിമൃഗാദികളെ വളർത്തുന്നതിനുള്ള ലൈസൻസ് നൽകാൻ അധികാരമുള്ളത്. അതാത് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

dog-head

നായ, പൂച്ച എന്നിവയുടെ ലൈസൻസ് എടുക്കുന്നത് എങ്ങനെ ? 

നായ, പൂച്ച തുടങ്ങിയ അരുമകളെ പേ വിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സർക്കാർ മൃഗാശുപത്രികളിൽനിന്നാണ് കുത്തിവയ്പ്പെടുക്കുന്നത് എങ്കിൽ 15 രൂപ മാത്രമാണ് ഫീസായി നൽകേണ്ടത്. വാക്സിൻ നൽകിയ വെറ്ററിനറി ഡോക്ടറുടെ പക്കൽ നിന്നും സർട്ടിഫിക്കറ്റ് എഴുതി വാങ്ങുകയും വേണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റിനാണ് അംഗീകാരമുള്ളത്. പ്രസ്തുത സർട്ടിഫിക്കറ്റിൽ മൃഗങ്ങളുടെ  ഇനം, പ്രായം, ശരീരഭാരം, നിറം,  ഉടമസ്ഥന്റെ മേൽവിലാസം, വാക്സീൽ സംബന്ധിച്ചുള്ള വിവരങ്ങൾ, വാക്സീൻ നൽകിയ തീയതി, ബൂസ്റ്റർ ഡോസ് നൽകേണ്ട തീയതി, വാക്സീൻ നൽകിയ ഡോക്ടറുടെ  സീൽ, കയ്യൊപ്പ് എന്നിവ ഉണ്ടായിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷാഫോറവും പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/  കോർപ്പറേഷൻ  ഓഫീസ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.  അപേക്ഷയോടൊപ്പം 15 രൂപ ഫീസ് ഒടുക്കുകയും വേണം. നായ, പൂച്ച തുടങ്ങിയവയുടെ ലൈസൻസിന് ആകെ ചെലവ് വരുന്നത് 30 രൂപയാണ്. 

mainkoon-cat

നായ, പൂച്ച ഒഴികെയുള്ള വളർത്തുമൃഗങ്ങളുടെ ലൈസൻസിങ് 

ഡെയറി ഫാം, ആട്, പന്നി, മുയൽ, കോഴി വളർത്തുന്നതിനുള്ള ഫാം എന്നിവ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ലൈസൻസ് നൽകേണ്ടത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. രണ്ടു തരം അപേക്ഷാഫോമുകളാണ് ഇതിനായി സമർപ്പിക്കേണ്ടത്. ഫാം  തുടങ്ങുന്നതിനും  പ്രവർത്തിപ്പിക്കുന്നതിനും പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്. 

ലൈസൻസ് ഉള്ള എൻജിനീയറുടെ പ്ലാൻ പ്രകാരമാണ്  പശുത്തൊഴുത്ത്, ആട്, പന്നി, മുയൽ, കോഴി  തുടങ്ങിയവയെ വളർത്തുന്നതിനുള്ള കൂടുകൾ എന്നിവ നിർമിക്കേണ്ടത്.  ഇപ്രകാരം നിർമിച്ച തൊഴുത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നമ്പർ ഇടണം.  തുടർന്ന്, ഫാം പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി അപേക്ഷിക്കുകയും ചെയ്യാം. കൂടാതെ, ഓരോ ഫാമിന്റെയും  മുടക്കുമുതലിന്റെയും ഏതു തരം (ക്ലാസ്) ഫാമാണ് എന്നതിന്റെയും അടിസ്ഥാനത്തിൽ  നിശ്ചിത തുക ലൈസൻസ് ഫീസായും, തൊഴിൽക്കരമായും  ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/  കോർപ്പറേഷൻ ഓഫീസുകളിൽ  അടയ്ക്കേണ്ടതാണ്. മൃഗങ്ങളുടെ / പക്ഷികളുടെഎണ്ണം,  അവലംബിച്ചിട്ടുള്ള മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ എന്നിവയനുസരിച്ചാണ് ഫാമുകൾ ഏതു തരം അഥവാ ക്ലാസ്  ആണെന്ന് നിശ്ചയിക്കുന്നത്. ഫാമുകളുടെ  തരം അനുസരിച്ച്  ലൈസൻസ് ഫീസും വ്യത്യാസപ്പെടും.

രണ്ടു ലക്ഷം വരെയുള്ള  സംരംഭങ്ങൾക്ക്  500 രൂപ ഫീസായും  900 രൂപ തൊഴിൽക്കരമായും അടയ്ക്കേണ്ടിവരും.  സംയോജിത ഫാമുകളുടെ കാര്യത്തിൽ  ഈടാക്കേണ്ട ലൈസൻസ് ഫീസ് ഫാമിൽ വളർത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും അഥവാ രണ്ടിനെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ചില സന്ദർഭങ്ങളിൽ, ഫാമുകൾക്ക്  ലൈസൻസ് അനുവദിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെയോ മലിനീകരണ നിയന്ത്രണ ബോർഡ് അധികാരിയുടെയോ, ജില്ലാ അധികാരികളുടെയോ അനുമതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തേടാറുണ്ട്.  

2012ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒരു സെന്റ് സ്ഥലത്ത്  ഒരു പശു, നാല് ആടുകൾ,  രണ്ടു പന്നികൾ, 10 മുയലുകൾ, 15 കോഴികൾ എന്നിവയെ പാർപ്പിക്കാവുന്നതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ്  ഒരോ സാമ്പത്തിക വർഷവും  പുതുക്കേണ്ടതാണ്. സാമ്പത്തിക വർഷം തീരുന്നതിന് 30 ദിവസങ്ങൾക്കു മുമ്പ് തന്നെ  ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷയും സമർപ്പിക്കാവുന്നതാണ്. 

ലൈസൻസ് ഇല്ലാതെ നിശ്ചിത എണ്ണത്തിൽ കൂടുതൽ മൃഗങ്ങളെ വളർത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. ആയതിനാൽ  നമ്മുടെ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുത്തുകൊണ്ട് മൃഗക്ഷേമം ഉറപ്പാക്കുകയും ആരോഗ്യകരമായ സാമൂഹികാന്തരീക്ഷം  ഉറപ്പാക്കാനുമുള്ള  ഉത്തരവാദിത്തം നമുക്കേവർക്കുമുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്.

English summary: Livestock Licensing Regulation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA