ADVERTISEMENT

ഗുണമേന്മയുള്ള പച്ചപ്പുല്ലിന്റെ ലഭ്യതയാണ് പശുളർത്തൽ വിജയിക്കാനുള്ള അടിസ്ഥാനവിഭവം. അടിസ്ഥാനഘടകം. കാലമേറെയെടുത്ത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉൽപാദനശേഷി കൂടിയ ശുദ്ധ അല്ലെങ്കില്‍ സങ്കരയിനം ജനുസുകളെ ഉരുത്തിരിച്ചെടുക്കാന്‍ മനുഷ്യന് കഴിഞ്ഞു. എന്നാല്‍, അവയുടെ ദഹനവ്യവസ്ഥ ഇന്നും പഴയതുതന്നെയെന്ന സത്യം നാം മറക്കരുത്. നാരുകള്‍ കൂടുതല്‍ അടങ്ങിയ പുല്ല്, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങള്‍ തിന്നുകയും ദിവസേന ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും അയവിറക്കുകയും ചെയ്യുന്ന സസ്യഭുക്കാണ് നമ്മുടെ കാമധേനുക്കള്‍.

പ്രതിദിനം ആകെ കഴിക്കുന്ന തീറ്റയുടെ 40 ശതമാനമെങ്കിലും പരുഷ തീറ്റയാകണമെന്നതാണ് പ്രധാനം. എളുപ്പത്തില്‍ പറഞ്ഞാല്‍ ഒരു ദിവസം എട്ട് കിലോ കാലിത്തീറ്റ കൊടുക്കുന്ന ഒരു പശുവിന് അഞ്ച് കിലോയെങ്കിലും പരുഷ തീറ്റ ശുഷ്‌ക രൂപത്തില്‍ അല്ലെങ്കില്‍ ഖരരൂപത്തില്‍ ലഭിക്കണം. അതായത് അഞ്ച് കിലോഗ്രാം ഖരരൂപത്തിലുള്ള പരുഷാഹാരം ലഭിക്കുന്നതിന് പുല്ലാണ് നല്‍കുന്നതെങ്കില്‍ 20 കിലോഗ്രാം പുല്ലെങ്കിലും നല്‍കണം. കാരണം പച്ചപ്പുല്ലിന്റെ 75 ശതമാനവും ജലമാണ്. മഴക്കാലത്ത് പുല്ലില്‍ ജലാംശം കൂടുതലുമായിരിക്കും. ചുരുക്കത്തില്‍ 20 കിലോഗ്രാം പുല്ല് നല്‍കിയാല്‍ 5 കിലോഗ്രാം ഖരരൂപത്തിലുള്ള പരുഷാഹാരം പശുവിന് കിട്ടുന്നു. 

ഇനി പുല്ല് തീരെയില്ലെങ്കില്‍ പ്രതിദിനം ഉണങ്ങിയ വൈക്കോല്‍ അഞ്ചു കിലോയെങ്കിലും നല്‍കി പരുഷാഹാരവും, തീറ്റയിലെ നാരും ഉറപ്പാക്കണം. ആമാശ ദഹനം സുഗമമാക്കാന്‍ നാരിന് കഴിയുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം പോഷകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമുള്ള വൈക്കോലിന് പാലുൽപാദനത്തില്‍ കാര്യമായ സഹായം ചെയ്യാനാവില്ല. 

നാലറകളുള്ള പശുവിന്റെ ആമാശയത്തിലെ ആദ്യ ഭാഗമായ റൂമനില്‍ താമസിക്കുന്ന  ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സഹായത്തോടെയാണ് പശുക്കളില്‍ ദഹനം നടക്കുന്നത്. തീറ്റയില്‍ നാരിന്റെ അംശം കുറഞ്ഞാല്‍ ആമാശയത്തിന്റെ അമ്ലത കൂടുന്നു. ഇത് ദഹന സഹായികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. ദഹനം തടസപ്പെടുന്നതിനാല്‍ പശുവിനാവശ്യമായ പോഷകങ്ങളിലും കുറവുണ്ടാകുന്നു. വായുസ്തംഭനം, തീറ്റയോടുള്ള മടുപ്പ്, വയറിളക്കം, ചാണകത്തില്‍ ദഹിക്കാത്ത ധാന്യനാരുകളുടെ അവശിഷ്ടങ്ങള്‍, ചാണകത്തില്‍ നുരയും പതയും തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. കാലിത്തീറ്റ തിന്നാതെ വന്നാലും ഇവര്‍ പുല്ല് ഭക്ഷിക്കുകയും ചെയ്യും. 

കേവലം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കപ്പുറം കരള്‍ സംബന്ധമായ രോഗങ്ങള്‍, രോഗപ്രതിരോധ ശക്തിയുടെ കുറവ് എന്നിവയും അമ്ലതയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളാണ്. ശരീരത്തിനു മെലിച്ചില്‍, ചെന പിടിക്കാനുള്ള പ്രയാസം, അകിടുവീക്കം എന്നിവയും ഉണ്ടായേക്കാം. അപ്പോള്‍ നാരടങ്ങിയ പരുഷാഹാരം പ്രത്യേകിച്ച് പുല്ലിന്റെ പ്രാധാന്യം കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ മേല്‍പറഞ്ഞ കാരണങ്ങള്‍ മതിയാകും. കൂടാതെ ധാരാളം പച്ചപ്പുല്ല് പ്രത്യേകിച്ച് തീറ്റപ്പുല്ല് നല്‍കാന്‍ കഴിഞ്ഞാല്‍ തീറ്റച്ചെലവു കുറയുകയും ലാഭം വർധിക്കുകയും ചെയ്യുന്നു.

ഇനി ആവശ്യത്തിന് പരുഷാഹാരം ലഭിക്കുന്ന പശുക്കളില്‍ പാലിന് കൊഴുപ്പ് കൂടുതലായിരിക്കും. പാലിന് നല്ല മഞ്ഞ നിറമുണ്ടായിരിക്കും. ഒപ്പം കൂടുതല്‍ ഒമേഗ 3 അടങ്ങിയതിനാല്‍ മനുഷ്യന്റെ ആരോഗ്യത്തിനും പ്രയോജനകരമാണ്. ആവശ്യത്തിന് ഗുണമേന്മയുള്ള പരുഷാഹാരം ലഭിച്ച പശുക്കളുടെ ഉൽപാദനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാതിരിക്കും. ശരീരം മെലിയുന്നില്ലായെന്നതിനു പുറമേ ചെന പിടിക്കാനുള്ള ബുദ്ധിമുട്ടും മാറുന്നു. പരുഷാഹാരത്തിലെ നാരിന്റെ ഗുണമേന്മ പ്രധാനമായതിനാല്‍ തീറ്റപ്പുല്ലായി തന്നെ നല്‍കാന്‍ കഴിയുന്നത് നല്ലതാണ്. കാലിത്തീറ്റയോടൊപ്പം ഉത്തമമായ അളവില്‍ ചാഫ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മിക്‌സ് ചെയ്തു നല്‍കുന്ന കംപ്ലീറ്റ് ഫീഡിങ് രീതിയും നല്ലതാണ്. 

പശു വളര്‍ത്തലിന്റെ അടിസ്ഥാനപ്രമാണം പുല്ലു കൊടുത്ത് പശുവിനെ വളര്‍ത്താന്‍ കഴിയുക എന്നതാണ്. ജലസേചന സൗകര്യമുള്ള, വെയില്‍ കിട്ടുന്ന അഞ്ചു സെന്റ് സ്ഥലത്തെങ്കിലും തീറ്റപ്പുല്‍ കൃഷി നടത്തിയാല്‍ ഒരു പശുവിനെ എളുപ്പത്തില്‍ വളര്‍ത്താം. സി.ഒ.-3, സി.ഒ.-4, സി.ഒ 5 തുടങ്ങിയ ഹൈബ്രിഡ് നേപ്പിയര്‍ ഇനങ്ങള്‍ ഉത്തമം. കമ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. മഴ തുടങ്ങുന്ന സമയം തീറ്റപ്പുല്‍കൃഷി തുടങ്ങാന്‍ ഉചിതമായ സമയമാണ്. നടീല്‍ വസ്തുക്കള്‍, നടീല്‍ രീതികള്‍, പദ്ധതികള്‍ എന്നിവയെ കുറിച്ചറിയാന്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

English summary: Green Fodder Importance in Dairy Milk Production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com