കോഴികളിലെ കാത്സ്യക്കുറവു മൂലമുള്ള ബുദ്ധിമുട്ടുകള്‍, പരിഹാര മാര്‍ഗങ്ങള്‍

poultry-1
SHARE

കോഴികളില്‍ സാധാരണയായി കണ്ടു വരുന്നതാണ് കാത്സ്യത്തിന്റെ കുറവ്. കോഴികള്‍ക്ക് അവ കഴിക്കുന്ന തീറ്റയില്‍നിന്ന് തന്നെ ആവശ്യത്തിനുള്ള കാത്സ്യം ലഭിക്കണം. ഓരോ പ്രായത്തിലും കാത്സ്യത്തിന്റെ ആവശ്യകത വ്യത്യസ്തമാണ്. അതിനാല്‍ കാത്സ്യം അധികമായാല്‍ ഗൗട്ട് പോലുള്ള അസുഖങ്ങള്‍ക്കു കാരണമാകും.

ഉദാഹരണത്തിന്, മുട്ടയിടുന്ന പ്രായത്തിലെ അളവിലുള്ള കത്സ്യം മുട്ടയിടുന്നതിനു മുന്‍പേ കൊടുത്താല്‍ അതു കിഡ്നിയെയും മറ്റും ബാധിക്കുകകയും ഗൗട്ടിനു കാരണമാകുകയും ചെയ്യും.

കാത്സ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന ചില അവസ്ഥകള്‍ മനസിലാക്കാം.

തോല്‍മുട്ട ഇടുന്നത്: കോഴിമുട്ടയുടെ തോടിന്റെ 95 ശതമാനത്തോളം കാത്സ്യം കാര്‍ബണേറ്റ് ആണ്. അതിനാല്‍ മുട്ടയിടുന്ന കോഴികള്‍ക്ക് മുട്ടായിടാത്ത (pullet) കോഴികളെക്കാള്‍ കാത്സ്യം കൂടുതല്‍ ആവശ്യമാണ്. മുട്ടയിടുന്ന സമയത്ത് നല്‍കുന്ന ലയര്‍ തീറ്റയില്‍ 4 ശതമാനത്തോളം കാത്സ്യം അടങ്ങിയിരിക്കുന്നു. എന്നാല്‍ അതിനു മുന്‍പ് കൊടുക്കുന്ന ഗ്രോവെര്‍ തീറ്റയില്‍ ഇതിന്റെ പകുതിലും കുറവാണ്. അതിനാല്‍ മുട്ടയിടുന്ന കാലഘട്ടത്തില്‍ കൂടുതല്‍ കാത്സ്യം വേണം.

ലയര്‍ തീറ്റയില്‍ 4 ശതമാനത്തിന് മുകളില്‍ കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ 120 ഗ്രാം തീറ്റ കഴിക്കുന്ന ഒരു കോഴിക്ക് 5 ഗ്രാം വരെ കാത്സ്യത്തിന്റെ ആവശ്യകതയുണ്ടെന്ന് സാരം. ഇത്രയും കാത്സ്യം ലഭ്യമാകാതെ വരുമ്പോഴാണ് കോഴികള്‍ തോല്‍ മുട്ടയിടുന്നത്.

കാലുകള്‍ക്ക് ബലം കുറയുക: പ്രത്യേകിച്ചു ബ്രോയിലര്‍ കോഴികളില്‍, 25 ദിവസത്തിനു ശേഷം അവയുടെ ശരീരഭാരം താങ്ങാന്‍ കഴിയാതെ രണ്ടു കാലുകളും വശങ്ങളിലേക്കു പോകുന്നത് കാത്സ്യത്തിന്റെ കുറവ് മൂലമാണ്. മുട്ടക്കോഴികളില്‍ മുട്ടയുല്‍പാദനത്തിന് ആവശ്യമായ കാത്സ്യം തീറ്റയില്‍നിന്നു ലഭിച്ചില്ലെങ്കില്‍ അവ എല്ലുകളില്‍നിന്നു കാത്സ്യം ആകിരണം ചെയ്യുകയും അത് കാല്‍ കുഴച്ചിലിന് കാരണമാകുകയും ചെയ്യും.

കൊത്തുകൂടുന്നത്: കോഴികള്‍ തമ്മില്‍ കൊത്തുകൂടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് കാത്സ്യക്കുറവ് തന്നെ.

മുട്ട കൊത്തിക്കുടിക്കല്‍: ശരീരത്തിലെ കാത്സ്യം കുറവാകുമ്പോള്‍ കോഴികള്‍ കാത്സ്യത്തിനുവേണ്ടി മുട്ട കൊത്തിപ്പൊടിക്കാനും ഭക്ഷിക്കാനും തുടങ്ങും.

പരിഹാരങ്ങള്‍

കോഴികള്‍ക്ക് ആവശ്യമായ, പ്രായത്തിനനുയോജ്യമായ രീതിയിലുള്ള കാത്സ്യം തീറ്റയില്‍ തന്നെ കലര്‍ന്നു വരേണ്ടതാണ്. പക്ഷേ, പല കാരണങ്ങളാല്‍ അവയുടെ അളവ് കുറവായാല്‍ നമ്മള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ അഭിമുഘീകരിക്കേണ്ടി വരുന്നു. പരിഹാരമായി മുട്ടത്തോട് നന്നായി പൊടിച്ചു തീറ്റയില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

നീറ്റിയ കക്ക പൊടിച്ചു വെള്ളത്തില്‍ ചേര്‍ത്ത് അതിന്റെ തെളി മാത്രം കുടിവെള്ളത്തില്‍ ചേര്‍ത്തു കൊടുക്കുക എന്നതും പരിഹരമാണ്. ഇതിനു പുറമേ കാത്സ്യം സപ്ലിമെന്റുകള്‍ കടയില്‍നിന്ന് വാങ്ങി നല്‍കാം. കോഴികളില്‍ ദ്രവരൂപത്തിലുള്ള കാത്സ്യം നല്‍കുന്നതാണ് ജെല്‍ രൂപത്തിലുള്ള കാത്സ്യത്തേക്കാള്‍ ഉത്തമം.

കാത്സ്യത്തിന്റെ അപര്യാപ്തത തുടക്കത്തില്‍ തന്നെ മനസ്സിലാക്കി അവയ്ക്കുള്ള പരിഹാരം നടപ്പിലാക്കിയാല്‍ പല പ്രശ്‌നങ്ങളും ഫാമില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കും.

English summary: The behaviour of calcium‐deficient chickens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA