ADVERTISEMENT

കഴിഞ്ഞ പത്തിരുപതു  വർഷം കൊണ്ട് അനീമിയ അഥവാ വിളര്‍ച്ച (രക്തക്കുറവ്) എന്ന ആരോഗ്യ പ്രശ്നം പശുക്കളിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. രക്തപരാദങ്ങള്‍, പ്രത്യേകിച്ച് തൈലേറിയ അനാപ്ലാസ്മ രോഗാണുക്കൾ  കൂടുതലായി നമ്മുടെ നാട്ടിൽ കണ്ടു തുടങ്ങിയതാണ്  ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മേൽപ്പറഞ്ഞ  പല രക്തപരാദങ്ങളുടെയും വാഹകരായ ചെള്ള്, പേന്‍, പട്ടുണ്ണി മുതലായ ബാഹ്യപരാദങ്ങള്‍ കാലാവസ്ഥാ മാറ്റത്തോട് അനുരൂപപ്പെടാനായി കൂടുതല്‍ രൂപ, ഭാവ മാറ്റങ്ങള്‍ കാണിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അനീമിയ ബാധിച്ച പശുക്കള്‍ക്ക് രോഗപ്രതിരോധശേഷി കുറയുമെന്നതിനാല്‍ എല്ലാവിധ രോഗസാധ്യതകളും വീണ്ടും കൂടുന്നു. ഇങ്ങനെ കന്നുകാലികളുടെ ആരോഗ്യത്തെ വിഷമവൃത്തത്തിലാക്കുന്ന ആരോഗ്യപ്രശ്‌നമായി വിളര്‍ച്ചാരോഗം മാറിയിരിക്കുന്നു. 

പശുക്കളുടെ ഉൽപാദന, പ്രത്യുൽപാദന, രോഗപ്രതിരോധശേഷികളില്‍ കുറവു വരുത്തി നേരിട്ടും അല്ലാതെയും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന അവസ്ഥയാണ് വിളര്‍ച്ചാരോഗം അഥവാ സാധാരണ ഭാഷയില്‍ ശരീരത്തിലെ രക്തക്കുറവ്. സമീകൃത തീറ്റയുടെ അഭാവം, ആന്തരിക, ബാഹ്യ പരാദ രോഗങ്ങള്‍, പോഷകക്കുറവ് തുടങ്ങിയവയാണ് വിളര്‍ച്ചയുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും, വന സമൃദ്ധിയുമൊക്കെ പരാദങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.  അതിനാല്‍തന്നെ പരാദബാധയും, പരാദങ്ങള്‍ പടര്‍ത്തുന്ന രോഗങ്ങളും, അനീമിയയും ഇവിടെ കൂടുതലായി കണ്ടു വരുന്നു.  

കന്നുകാലികളിലെ കുടലിലും ആമാശയത്തിലും കാണപ്പെടുന്ന നാടവിര, ഉരുണ്ട വിര, ഫ്ലാറ്റ് വേം എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന വിരകള്‍ കുടല്‍ഭിത്തികളില്‍ വ്രണങ്ങള്‍ ഉണ്ടാക്കി രക്തസ്രാവമുണ്ടാക്കുന്നു. ഇതു മൂലം  പോഷക പദാർഥങ്ങളുടെ ആഗിരണവും  കുറയുന്നു. വയറിളക്കം ക്ഷീണം, വിശപ്പില്ലായമ എന്നിവയായിരിക്കും ഇതിന്റെ ഫലം.  പശുവിന്റെ ചാണകം നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് കൃത്യമായ ചികിത്സ നല്‍കണം.  രക്തപരാദങ്ങളുണ്ടാക്കുന്ന പട്ടുണ്ണിപ്പനി, വട്ടന്‍പനി തുടങ്ങിയ രോഗങ്ങള്‍ രക്തകോശങ്ങളെ നശിപ്പിക്കുന്നു. കന്നുകാലികളുടെ തൊലിയുടെ പുറത്ത് കാണപ്പെടുന്ന ചെള്ള്, പേന്‍ തുടങ്ങിയവ ശരീരത്തില്‍നിന്നു നേരിട്ട് രക്തം കുടിച്ച് വിളര്‍ച്ചയുണ്ടാക്കുന്നു. ചെള്ള് പോലെയുളള ബാഹ്യപരാദങ്ങള്‍ രക്തപരാദങ്ങളുടെ രോഗവാഹകര്‍ കൂടിയായിരിക്കും.  കഠിനമായ പനി, രക്തനിറമുള്ള മൂത്രം, വിളര്‍ച്ച തുടങ്ങിയവയാണ് പ്രധാന രക്ത പരാദ രോഗങ്ങളുടെ ലക്ഷണങ്ങള്‍.  രക്തപരിശോധന വഴി രോഗനിര്‍ണ്ണയം നടത്തി യഥാവിധി ചികിത്സ പ്രാഥമിക ഘട്ടത്തില്‍ തന്നെ നല്‍കണം.  

ഇരുമ്പ്, ചെമ്പ്, കൊബാള്‍ട്ട്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നതിന് ആവശ്യമാണ്.  മണ്ണില്‍ ഈ ധാതുക്കള്‍ കുറവായാല്‍ തീറ്റപ്പുല്ലിലും, തല്‍ഫലമായി കന്നുകാലികളിലും ഇവയുടെ കുറവുണ്ടാകാം.  ധാതുലവണ മിശ്രിതങ്ങള്‍ കന്നുകാലികളുടെ തീറ്റയില്‍ ആവശ്യമനുസരിച്ച് ഉള്‍പ്പെടുത്തി പോഷക ന്യൂനതകള്‍ പരിഹരിക്കാം.സാധാരണ അവസ്ഥയില്‍ ചുവപ്പുമയത്തില്‍ കാണപ്പെടുന്ന കണ്ണിന് താഴെയുള്ള ശ്ലേഷ്മസ്തരത്തിന്റെ നിറം വിളര്‍ച്ചയുടെ അവസ്ഥയനുസരിച്ച് ചെറിയ ചുവപ്പുമയമോ, വെളുപ്പിലോ ആയി കാണാം.   കൂടാതെ തളര്‍ച്ച, ക്ഷീണം, പരുക്കന്‍ രോമാവരണം, മിനുസം നഷ്ടപ്പെട്ട ചര്‍മ്മം, കിതപ്പ്, പാലുൽപാദനത്തിലെ കുറവ് എന്നിവ മറ്റു രോഗലക്ഷണങ്ങളാണ്.  കിടാവുകളിലും കിടാരികളിലും മണ്ണു തിന്നല്‍,  വയറു ചാടല്‍, രോമം കൊഴിച്ചില്‍, വളര്‍ച്ചയില്ലായ്മ, ഭംഗി നഷ്ടപ്പെട്ട രോമാവരണം ഇവ കാണാം. കൃത്യ സമയത്തുള്ള വിരയിളക്കല്‍ ബാഹ്യ പരാദ നിയന്ത്രണം, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചാണക, മൂത്ര, രക്ത പരിശോധന, കണ്ണിന്റെ ശ്ലേഷ്മ സ്തരത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തീറ്റയില്‍ ധാതുലവണ മിശ്രിതങ്ങള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയോടൊപ്പം പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയവും ചികിത്സയും അനിവാര്യം.

ആടുകൾക്കും വിളർച്ച

ആടുകളിൽ പാല്‍ മാംസം എന്നിവയുടെ ഉൽപാദനത്തില്‍ കുറവുണ്ടാക്കുന്ന വിധം വളര്‍ച്ചാ നിരക്ക്, പ്രത്യുൽപാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയെ വിളര്‍ച്ചാ രോഗം ബാധിക്കുന്നു. ശരീരത്തുണ്ടാകുന്ന രക്തക്കുറവാണ് അനീമിയ ഉണ്ടാക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ പലരോഗങ്ങളുടേയും അനന്തരഫലമോ, ലക്ഷണമോ ആണ് വിളര്‍ച്ച അഥവാ അനീമിയ. വിരബാധ, പോഷകാഹാരത്തിന്റെ ന്യൂനത, ചെള്ള്, പേന്‍, മണ്ഡരി തുടങ്ങിയ ബാഹ്യപരാദങ്ങള്‍, രക്തത്തില്‍ താമസിക്കുന്ന ബാഹ്യപരാദങ്ങള്‍ എന്നിവയൊക്കെ വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. എല്ലാ പ്രായത്തിലുള്ള ആടുകളിലും വിളര്‍ച്ചയുണ്ടാകാമെങ്കിലും കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 

വിശപ്പില്ലായ്മ, മിനുസം കുറഞ്ഞ രോമങ്ങള്‍, ശരീരം മെലിച്ചില്‍, പാല്‍ കുറയല്‍,  കിതപ്പ്, തളര്‍ച്ച, ചെന പിടിക്കാതിരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.  കണ്ണിന്റെ താഴെയുള്ള ശ്ലേഷ്മസ്തത്തെിന്റെ നിറത്തിലുള്ള വ്യത്യാസം നോക്കി വിളര്‍ച്ചയുണ്ടോയെന്ന് കണ്ടെത്താം.  വിളര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ അതിന്റെ കാരണമെന്തെന്നു കണ്ടെത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ചാണകം, രക്തം, രോമം എന്നിവ ലാബറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ രോഗകാരണം കണ്ടെത്താവുന്നതാണ്. കൃത്യമായ സമയത്തും അളവിലും വിരമരുന്ന് നല്‍കുന്നതാണ് വിളര്‍ച്ച തടയാനുള്ള പ്രധാന പ്രതിരോധ മാര്‍ഗ്ഗം.  കൂടാതെ ചെള്ള്, പേന്‍, തുടങ്ങിയ ബാഹ്യ പരാദങ്ങള്‍ക്കെതിരെ മരുന്നു നൽകണം. പെട്ടെന്ന് തിരിച്ചറിയാനാവാത്ത ലക്ഷണങ്ങളോടെ കാണുന്ന വിളര്‍ച്ച കര്‍ഷകര്‍ അറിയാതെ തന്നെ അവര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതാണ്.

English summary: Bovine Anaemia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com