റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറി ചിക്കൻവില; കുറ്റപ്പെടുത്താൻ വരട്ടെ, വിലക്കയറ്റത്തിനു കാരണങ്ങൾ പലതാണ്

HIGHLIGHTS
  • വിലക്കയറ്റത്തിന്റെ ആദ്യ കാരണം തീറ്റവില തന്നെ
  • കേരളത്തിലെ കോഴിവില നിശ്ചയിക്കപ്പെടുന്നത് തമിഴ്നാട്ടിലെ ഫാം റേറ്റിന് അനുസരിച്ചാണ്
broiler-chicken
SHARE

ഇറച്ചിപ്രിയരെ ബുദ്ധിമുട്ടിലാഴ്ത്തി ഇറച്ചിക്കോഴിവില കുതിക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇറച്ചിക്കോഴിവില 160 രൂപയ്ക്കു മുകളിലെത്തി. കോഴിയിറച്ചി വിലയാവട്ടെ 220 രൂപയ്ക്കു മുകളിലുമാണ്. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ കോഴിവിലയിൽ ഇത്ര വലിയ കുതിപ്പ് ഉണ്ടാവാനുള്ള കാരണമെന്താണ്? പെട്ടെന്ന് വിലകയറ്റി കർഷകരും കച്ചവടക്കാരും അമിത ലാഭം കൊയ്യുകയാണോ? അല്ല എന്നുതന്നെ പറയേണ്ടിവരും. കാരണം, ഇപ്പോഴത്തെ ഈ വിലക്കയറ്റത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ കർഷകരും കച്ചവടക്കാരും അമിത ലാഭം കൊയ്യുന്നുവെന്ന് പറയാൻ പറ്റില്ല.

വിലക്കയറ്റത്തിന്റെ ആദ്യ കാരണം തീറ്റവില തന്നെ എന്നു പറയാം. കഴിഞ്ഞ 4 മാസത്തിനുള്ളിൽ തീറ്റവിലയിൽ ഉണ്ടായ വർധന ഏകദേശം 700–750 രൂപയാണ്. 50 കിലോ കോഴിത്തീറ്റയ്ക്ക് 1400–1500 രൂപയായിരുന്നത് ഇപ്പോൾ 2100 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 1000 കോഴികളെ വളർത്തുന്ന ഫാമിൽ 40 ദിവസം കുഞ്ഞുങ്ങൾക്ക് നൽകാൻ ആകെ 70 ചാക്ക് തീറ്റ വേണ്ടിവരും. അതായത് 3500 കിലോ (50X70). 1000 കുഞ്ഞുങ്ങളെ 40 ദിവസം വളർത്തുമ്പോൾ ഒരു കോഴി ശരാശരി 2 കിലോ തൂക്കമെത്തും. അങ്ങനെ വരുമ്പോൾ 2000 കിലോ കോഴി 40 ദിവസംകൊണ്ട് ലഭിക്കും. 

ഒരു കിലോ കോഴിത്തീറ്റയ്ക്ക് ഇപ്പോഴത്തെ നിരക്കനുസരിച്ച് 42 രൂപ വില വരും. അപ്പോൾ 3500 കിലോ തീറ്റയ്ക്ക് 1,47,000 രൂപ. 

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് ശരാശരി 30 രൂപ. അപ്പോൾ 1000 കോഴിക്കുഞ്ഞിന് 30,000 രൂപ.

ആകെ ഏകദേശ ചെലവ്: 1,77,000 രൂപ.

കൂടാതെ വൈദ്യുതി, വെള്ളം, ലേബർ ചാർജ്, വാഹനച്ചെലവ്, വിരിപ്പ്, മരുന്ന്, സപ്ലിമെന്റുകൾ എന്നിവയുടെ വകയിലും ചെലവുണ്ട്. 

ചുരുക്കത്തിൽ ഒരു കിലോ കോഴി ഉൽപാദിപ്പിക്കാൻ 105 രൂപയ്ക്കു മുകളിൽ ചെലവ്.

നിലവിൽ 125–130 രൂപയാണ് ഇപ്പോഴത്തെ ഫാം റേറ്റ്. 2000 കിലോ കോഴി ലഭിച്ചാൽ 2.5 ലക്ഷം രൂപ. കഴിഞ്ഞ കുറേ മാസങ്ങളിലെ നഷ്ടത്തിനുശേഷം കർഷകർക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കുന്നുണ്ട്.

ഫാം റേറ്റ് 130 ആണെങ്കിലും ഇടനിലക്കാർ, വ്യാപാരികൾ എന്നിവരുടെ ചെലവ് അനുസരിച്ച് ചില്ലറവിലയിൽ മാറ്റം വരുന്നുണ്ട്. കോഴി വേസ്റ്റ് നീക്കം ചെയ്യാൻ കിലോയ്ക്ക് 5 രൂപ കൂടി നൽകേണ്ടിവരുന്നു. മാത്രമല്ല, കട വാടക, തീറ്റ, ലാഭം എന്നിവ കൂടി നോക്കിയാണ് ചില്ലറവില വരിക. 

വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം കേരളത്തിലെ കോഴിവില നിശ്ചയിക്കപ്പെടുന്നത് തമിഴ്നാട്ടിലെ ഫാം റേറ്റിന് അനുസരിച്ചാണ്. അവിടെ വില കുറയുന്ന സാഹചര്യത്തിൽ ഇവിടുത്തെ വില ഇടിയും. അവിടെ വില കുറയുകയും ഇവിടെ കൂടുകയും ചെയ്താൽ ഡീലർമാർ ലാഭം ലഭിക്കുന്നത് അനുസരിച്ച് കോഴി എടുക്കും. തമിഴ്നാട്ടിലെ വിലയിൽനിന്ന് 5–7 രൂപ മാത്രമേ കേരളത്തിൽ വർധിപ്പിക്കാൻ സാധിക്കൂ. ഇപ്പോൾ തമിഴ്നാട്ടിലെ ഫാം റേറ്റ് 120 രൂപയ്ക്കു മുകളിലാണ്. അതും കേരളത്തിലെ വിലവർധനയ്ക്കു കാരണമായി. 

ഉൽപാദനം കുറഞ്ഞു എന്നതും ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണമാണ്. തീറ്റയ്ക്ക് വില കൂടിയതിനു പിന്നാലെ കോഴിവില ഇടിയുകയും ചെയ്തത് ഒട്ടേറെ കർഷകരെ കടക്കെണിയിലാക്കി. അതുകൊണ്ടുതന്നെ ഇപ്പോൾ 25 ശതമാനം കർഷകരുടെ പക്കൽ മാത്രമേ കോഴിയുള്ളൂ. ബാക്കിയുള്ളവർ വിട്ടുനിൽക്കുകയാണ്. തീറ്റവിലയിൽ വലിയ കുറവുണ്ടായാൽ ഇവരെല്ലാം തിരിച്ചെത്തും. പക്ഷേ, തീറ്റവില ഉടനെ കുറയുമെന്ന് പ്രതീക്ഷിക്കാനും വകയില്ല. പലേടത്തും തീറ്റയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമല്ല. മാത്രമല്ല വിലയും കൂടി. കോഴിത്തീറ്റയിലെ മാംസ്യത്തിന്റെ സ്രോതസായ സോയാബീൻ വില കിലോയ്ക്ക് 70 രൂപയ്ക്കു മുകളിലാണ്. അതുപോലെ ചോളപ്പൊടി, പിണ്ണാക്കുകൾ എന്നിവയ്ക്കും വില കയറിയിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ ഇന്ധനവിലവർധനയും തീറ്റവിലയിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ വിലവർധന അധികകാലം നിലനിൽക്കില്ല എന്നതാണ് കർഷകരുടെ നിഗമനം. വിലക്കയറ്റമുള്ളതിനാൽ വിൽപന ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നഷ്ടം സഹിച്ചും വില കുറയ്ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയേക്കാം. അങ്ങനെ വന്നാൽ കർഷകർ കോഴിവളർത്തലിൽനിന്ന് കുറച്ചുകാലത്തേക്കുകൂടി വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. ഇന്റഗ്രേറ്റഡ് രീതിയിൽ കർഷകർക്കു കുഞ്ഞുങ്ങളെയും തീറ്റയും നൽകി തിരികെ വാങ്ങുന്നവരും പ്രതിസന്ധിയിലാണ്. അവരുടെ കീഴിവലുള്ള പല ഫാമുകളിലും പുതുതായി കുഞ്ഞുങ്ങളെ ഇറക്കിയിട്ടില്ല.

കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും കോഴിവില കുതിക്കുകയാണ്. 

വിവരങ്ങൾക്ക് കടപ്പാട്: നവാസ് ബാബു, കോഴിക്കർഷകൻ, തിരൂർ, മലപ്പുറം

English summary: Chicken price skyrocketing in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA