പശുവിന്റെ 'രണ്ടാം ഹൃദയം' ഇതാണ്: കരുതലോടെ കാക്കണം

HIGHLIGHTS
  • കുളമ്പുകളുടെ പരിചരണം ഏറെ പ്രധാനമാണ്
desi-cow-kottayam-3
SHARE

മനുഷ്യന് നന്മയുള്ള ഹൃദയമുണ്ടാകുന്നതുപോലെ പ്രധാനമാണ് പശുക്കള്‍ക്ക് അളവഴകൊത്ത  കുളമ്പുണ്ടാകുന്നത്. പശുക്കളുടെ ക്ഷേമത്തിലും, ഉല്‍പാദനക്ഷമതയിലും, ആരോഗ്യത്തിലുമുള്ള  കുളമ്പുകളുടെ പ്രാധാന്യം കണക്കാക്കി അവയെ ശരീരത്തിലെ രണ്ടാം ഹൃദയമെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. അതിനാല്‍ നല്ല പശുക്കളുടെ തിരഞ്ഞെടുപ്പില്‍ ആരോഗ്യമുള്ള, ആകൃതിയുള്ള കുളമ്പുകളും മാനദണ്ഡമാകണം. കുളമ്പിന്റെ ആരോഗ്യാകൃതികള്‍ ഉത്തമമായ പശുക്കളുടെ നില്‍പ്പും നടപ്പും സുന്ദരമാകുമ്പോള്‍ ചെരിഞ്ഞ വളര്‍ന്ന നീണ്ട കുളമ്പുകള്‍ ആനാരോഗ്യത്തെ സൂചിപ്പിക്കുന്നു.  

കുളമ്പിന്റെ ഘടന

പശുവിന്റെ രണ്ടു വിരലുകള്‍ (മൂന്നാമത്തേയും നാലാമത്തേയും വിരലുകളാണ് പശുവിനുള്ളത്) അവയുമായി  ബന്ധപ്പെട്ട പേശികള്‍, നാഡികള്‍, ആവരണം ചെയ്യുന്ന കുളമ്പ്  എന്നിവ ചേര്‍ന്നതാണ് അവയുടെ പാദത്തിന്റെ അഗ്രഭാഗം. മുകളില്‍ നിന്നും വശങ്ങളിലേക്കും മാസത്തില്‍ അര സെന്റീമീറ്റര്‍  എന്ന തോതില്‍ നഖങ്ങള്‍ വളരുന്നതുപോലെ കുളമ്പുകളും വളരുന്നു.  

ഉയര്‍ന്ന പാലുല്‍പാദനമുള്ള പശുക്കളിലാണ് കുളമ്പുരോഗങ്ങളും അവയുടെ മുഖ്യ ലക്ഷണമായ മുടന്തും കൂടുതല്‍ കാണപ്പെടുന്നത്. പ്രസവാനന്തരം ഉല്‍പാദനം കൂടുന്ന മൂന്നു മാസക്കാലത്ത് ഇത് അധികമായിരിക്കും. പശുക്കളുടെ ശരീരഭാരത്തിന്റെ അറുപതു ശതമാനവും മുന്‍കാലുകളാണ് താങ്ങുന്നതെങ്കിലും കുളമ്പുകളുടെ പ്രശ്നങ്ങള്‍ പിന്‍കാലുകളെ കൂടുതലായി ബാധിക്കുന്നതായി കണ്ടു വരുന്നു.  

കാരണങ്ങള്‍

അശാസ്ത്രീയ തീറ്റക്രമം, തീറ്റയിലും കാലാവസ്ഥയിലുമുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍, പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കുളമ്പിന്റെ ആരോഗ്യത്തെ ബാധിക്കും. പാലുല്‍പാദനം കൂടിയ പശുക്കള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ ധാന്യസമൃദ്ധമയ തീറ്റ നല്‍കുമ്പോള്‍ ശരീരത്തില്‍ അമ്ലത കൂടുകയും, ഇങ്ങനെ കൂടിയ അമ്ലാവസ്ഥ കാലിലെ കുളമ്പുകള്‍ക്കിടയിലുള്ള മൃദുകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന ലാമിനൈറ്റിസ് എന്ന ഈ അവസ്ഥ വേദനാജനകമെന്ന് മാത്രമല്ല നടപ്പിലും, തീറ്റയെടുപ്പിലും മടുപ്പുണ്ടാക്കുന്നു. കുളമ്പിലെ രക്തധമനികള്‍ പൊട്ടുകയും രകതസ്രാവവും തല്‍ഫലമായി വ്രണങ്ങളും  ഉണ്ടാകുന്നു. നിരപ്പല്ലാതെ പൊങ്ങിത്താഴ്ന്ന് കുഴികള്‍ നിറഞ്ഞ തൊഴുത്തിന്റെ തറ കാല്‍പാദത്തിന്റെ നേര്‍ത്ത പാളികളില്‍ ചതവേല്‍പ്പിക്കുകയും. മുറിവുകളും മറ്റുമുണ്ടായി രോഗാണുക്കള്‍ പ്രവേശിച്ച് പടലവീക്കമുണ്ടാവുകയും ചെയ്യും. കുളമ്പിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പാലുല്‍പാദനത്തില്‍ 10-20 ശതമാനം കുറവുണ്ടാക്കാം. കുളമ്പിന്റ ഫലകവീക്കം മുടന്ത്, പൊട്ടലുകള്‍, ഉണങ്ങാത്ത മുറിവുകള്‍, മാംസ വളര്‍ച്ച എന്നിവ നടക്കുമ്പോഴും നില്‍ക്കുമ്പോഴും വേദനയുണ്ടാക്കുന്നു. മുടന്തലും, അണുബാധയും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്.

പരിചരണം പ്രധാനം

കുളമ്പുകളുടെ പരിചരണം ഏറെ പ്രധാനമാണ്. കുളമ്പുകളും അതിനടിയിലുള്ള ചര്‍മ്മവും കഴുകി വൃത്തിയാക്കുകയും, തേയ്മാനം കുറയ്ക്കാന്‍ കൗമാറ്റ് ഉപയോഗിക്കുകയും ചെയ്യണം. തീറ്റയില്‍ നിന്നു വരുന്ന അമ്ലത കുറയ്ക്കാന്‍ പുല്ലിന്റേയും, കാലിത്തീറ്റയുടേയും അളവ് ക്രമീകരിക്കുകയും  പ്രോബയോട്ടിക്കുകള്‍, അപ്പക്കാരം എന്നിവ ഉപയോഗിക്കുകയും ചെയ്യണം. മുടന്തുള്ള പശുക്കളെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കണം. കൂടുതല്‍ വളര്‍ന്ന കുളമ്പുകള്‍ കൃത്യമായ അളവില്‍ വെട്ടി അടിവശം നിരപ്പാക്കണം. ഫോര്‍മാലിന്‍, കോപ്പര്‍ സള്‍ഫേറ്റ് എന്നിവ നിശ്ചിത വീര്യത്തില്‍ വേദനയുള്ള കുളമ്പു ഭാഗത്തില്‍ മുക്കാന്‍ ഉപയോഗിക്കാം. കുമ്മായം വിതറി തൊഴുത്ത് അണുവിമുക്തമാക്കാം. പ്രസവശേഷം സിങ്ക്, ബയോട്ടിന്‍, ചെമ്പ്, സെലീനിയം, അയഡിന്‍, ജീവകം എ എന്നിവ അടങ്ങിയ ധാതുലവണ ജീവക മിശ്രിതം തീറ്റയില്‍ ഉള്‍പ്പെടുത്തണം.

English summary: Hoof Care for the Dairy Cow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA