മൂത്രത്തിലൂടെ രക്തം വാര്‍ന്ന് ഫാമിലെ ആടുകള്‍- കാരണം ഇതായിരുന്നു

HIGHLIGHTS
  • കണ്ടെത്തിയത് അഫ്‌ളാടോക്‌സിന്‍ വിഷങ്ങളില്‍ ഏറ്റവും മാരകമായ ബി-1 എന്ന തരം വിഷം
goat%2011
SHARE

ഈയിടെ മൃഗാശുപത്രിയില്‍ വന്ന ആടുഫാം നടത്തുന്ന ഒരു കര്‍ഷകന്‍ പങ്കുവച്ചത് കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളായി തന്റെ ഫാമിലെ ആടുകളില്‍ കണ്ടുതുടങ്ങിയ വളരെ അസാധാരണമായ ഒരു രോഗലക്ഷണമായിരുന്നു. ആടുകള്‍ രക്തം കലര്‍ന്നാണ് മൂത്രമൊഴിക്കുന്നത് എന്നതായിരുന്നു അദ്ദേഹം പറഞ്ഞ ആ അസാധാരണ ലക്ഷണം. ഒന്നോ രണ്ടോ ആടുകളില്‍ മാത്രമല്ല ഫാമിലെ മിക്ക ആടുകളിലും ഈ ലക്ഷണം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില ആടുകള്‍ക്ക് വയറിളക്കവുമുണ്ട്. രോഗലക്ഷണങ്ങള്‍ അസാധാരണമാവുമ്പോള്‍ രോഗവും അല്‍പം അസാധാരണം ആയിരിക്കുമല്ലോ. ഒടുവില്‍ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്താനായി ആടുകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ നല്‍കിയ സാന്ദ്രീകൃത തീറ്റയുടെ രാസപരിശോധന നടത്താന്‍ തന്നെ തീരുമാനിച്ചു. 

ഏറ്റവും ഒടുവില്‍ ആടുകള്‍ക്ക് നല്‍കിയ തീറ്റ നേരത്തെ വാങ്ങി സൂക്ഷിച്ച കടലപ്പിണ്ണാക്കും അവില്‍ തവിടും ചേര്‍ത്ത സാന്ദ്രീകൃത തീറ്റയാണ്. ഫീഡ് അനാലിസിസ് ലാബില്‍ എത്തിച്ചു നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് ആടുകളുടെ മൂത്രത്തെ രക്തത്തില്‍ മുക്കിയ യഥാര്‍ഥ വില്ലന്‍ മറനീക്കി പുറത്തുവന്നത്. പൂപ്പല്‍ വിഷം എന്ന് സാധാരണ കര്‍ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന അഫ്‌ളാടോക്‌സിന്‍ ആയിരുന്നു സാന്ദ്രീകൃതതീറ്റയില്‍ കണ്ടെത്തിയ വിഷം. അഫ്‌ളാടോക്‌സിന്‍ വിഷങ്ങളില്‍ ഏറ്റവും മാരകമായ ബി-1. എന്ന തരം വിഷമായിരുന്നു സാംപിളില്‍ കണ്ടെത്തിയത്. തീറ്റയില്‍ ഒളിഞ്ഞിരിക്കുന്ന വിഷം പരിശോധനയിലൂടെ തിരിച്ചറിഞ്ഞതോടെ അദ്ദേഹം ആടുകള്‍ക്ക് ഈ തീറ്റ നല്‍കുന്നത് ഉടനടി അവസാനിപ്പിച്ചു. അതോടെ ആടുകളില്‍ കണ്ടുതുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അല്‍പം ശമനമായി.

പൂപ്പല്‍ വിഷം മാരകം

പൂപ്പല്‍ ബാധിച്ച തീറ്റ നല്‍കുന്നതിലൂടെ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്ന മാരകവിഷബാധകളില്‍ ഒന്നാണ് അഫ്‌ളാടോക്‌സിക്കോസിസ് അഥവാ പൂപ്പല്‍ വിഷബാധ. പൂപ്പല്‍ ബാധയേല്‍ക്കാതെ തീറ്റകള്‍ കരുതിയില്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉല്‍പ്പാദനക്കുറവിനും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തികനഷ്ടത്തിനും പിന്നീടത് കാരണമായിത്തീരും. തീവ്രവിഷബാധയില്‍ മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങുകയും ചെയ്യും. സൂക്ഷിച്ചുവച്ച കാലിത്തീറ്റയിലും പിണ്ണാക്കിലും വൈക്കോലിലും അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന സാഹചര്യത്തില്‍ പൂപ്പല്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. ചോളം, പരുത്തിക്കുരുപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ വിവിധ സാന്ദ്രീകൃത കാലിത്തീറ്റകളിലും വൈക്കോലിലും വളരുന്ന പൂപ്പലുകള്‍ അഫ്‌ളാടോക്‌സിന്‍ എന്ന വിഷവസ്തുവാണ് പ്രധാനമായും പുറന്തള്ളുന്നത്. മാത്രമല്ല, ഒക്രാടോക്‌സിന്‍, ഫുമോണിസിന്‍, ടി ടു ടോക്‌സിന്‍, എര്‍ഗട്ട് ടോക്‌സിന്‍ എന്നിങ്ങനെ പൂപ്പലുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ ഇനിയും ഏറെയുണ്ട്. ഇവയെല്ലാം പലവിധത്തില്‍ വളര്‍ത്തുമൃഗങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പൂപ്പല്‍ വിഷബാധ തടയാന്‍ പത്തു മുന്‍കരുതലുകള്‍ 

1. ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ലഭിക്കുന്ന മുറികളിലാണ് തീറ്റച്ചാക്കുകള്‍ സൂക്ഷിക്കേണ്ടത്. മാത്രമല്ല, തീറ്റമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. തീറ്റ സൂക്ഷിക്കുന്ന മുറി കന്നുകാലി ഷെഡില്‍നിന്നും ചുരുങ്ങിയത് അഞ്ചുമീറ്റര്‍ എങ്കിലും അകലത്തില്‍ ആയാല്‍ ഏറെ നന്ന്.  തീറ്റമുറികളുടെ പ്രവേശന കവാടത്തില്‍ അണുനാശിനികള്‍ നിറച്ച ഫൂട്ട് ബാത്ത് ക്രമീകരിക്കുന്നതും അതില്‍ കാല്‍ നനച്ച ശേഷം മാത്രം ഉള്ളിലേക്കു കയറുന്നതും മികച്ച ഒരു ജൈവസുരക്ഷാ മാര്‍ഗമാണ്. പൊട്ടാസ്യം പെര്‍മാംഗനേറ്റ് -ഫോര്‍മാലിന്‍ മിശ്രിതം ഉപയോഗിച്ച് തീറ്റമുറികള്‍ ഫ്യൂമിഗേഷന്‍ നടത്തി അണുനശീകരണം നടത്താവുന്നതാണ്.

2. മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കുന്ന തീറ്റച്ചാക്കുകളും തീറ്റ ചേരുവകളും തറയില്‍നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍നിന്ന് ഒന്നരയടി അകലത്തിലും മാറി പലകയുടെ മുകളില്‍ വേണം സൂക്ഷിക്കാന്‍. കാലിത്തീറ്റ സൂക്ഷിക്കാനുള്ള പ്രത്യേകം ഫൈബര്‍ / പ്ലാസ്റ്റിക് ചട്ടക്കൂടുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. ചാക്കുകള്‍ക്ക് മുകളില്‍  തണുത്ത കാറ്റോ മഴചാറ്റലോ ഏല്‍ക്കാതെ ശ്രദ്ധിക്കണം. മഴക്കാലത്ത് ഒന്ന് രണ്ട് ആഴ്ചത്തേക്ക് മാത്രമുള്ള തീറ്റ മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കുന്നതാണ് അഭികാമ്യം.

3. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

4. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റച്ചാക്കില്‍നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. ഇത് വഴി വലിയ ചാക്കിലെ പൂപ്പല്‍ ബാധ തടയാം.

5. തീറ്റ നനയാന്‍ ഇടയായാല്‍ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.  

6. വൈക്കോലും പ്ലാവിലയടക്കമുള്ള പച്ചില തീറ്റകളും നന്നായി ഉണക്കി ഈര്‍പ്പമോ, മഴച്ചാറ്റലോ ഏല്‍ക്കാത്തവിധം സൂക്ഷിക്കണം. കാലിത്തീറ്റ നല്‍കുന്ന പാത്രങ്ങള്‍ നിത്യവും കഴുകി തുടച്ച് വൃത്തിയാക്കണം. തൊഴുത്തിന്റെ തറയില്‍ പുല്ലും വൈക്കോലും കാലിത്തീറ്റയവശിഷ്ടങ്ങളും  കെട്ടിക്കിടന്ന് അവയില്‍ പൂപ്പലുകള്‍ വളരാനുള്ള സാധ്യത ഒഴിവാക്കണം. വൈക്കോല്‍ ഉള്‍പ്പെടെ  സൂക്ഷിച്ചുവെച്ച കാലിത്തീറ്റകള്‍ ഇടയ്ക്ക് വെയിലില്‍ ഉണക്കുന്നത് ഈര്‍പ്പം കുറയ്ക്കാനും പൂപ്പലുകളുടെ വളര്‍ച്ച തടയാനും ഉപകരിക്കും.

7. കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയില്‍ വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ വിഷബാധയേറ്റതിന്റെ സൂചനകള്‍. പഴകിയതോ പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ കനച്ചതോ ആയ തീറ്റകള്‍ ഒരു കാരണവശാലും പശുക്കളും ആടുകളും അടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. ലക്ഷണങ്ങള്‍ ഒന്നും പ്രകടമാവാത്ത തീറ്റയിലും പൂപ്പല്‍ വിഷബാധ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

8. തീറ്റകള്‍ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നല്‍കിയാല്‍ പോലും പൂപ്പലുകള്‍ പുറന്തള്ളിയ മാരകവിഷം നശിക്കില്ല എന്ന കാര്യം മനസിലാക്കണം. ചില കര്‍ഷകര്‍ പൂപ്പല്‍ ബാധിച്ച തീറ്റ മറ്റ് തീറ്റകളുമായി ചെറിയ അളവില്‍ കലര്‍ത്തി നല്‍കാറുണ്ട്, ഇതും തെറ്റായ രീതിയാണ്. 

9. പൂപ്പല്‍ വിഷബാധ രോഗലക്ഷണങ്ങളുടെ തീവ്രത പൂപ്പല്‍ വിഷത്തെയും ഉള്ളിലെത്തിയ അതിന്റെ അളവിനെയും ആശ്രയിച്ചിരിക്കും. ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വയറിളക്കം, വയറിലുള്ള നീര്‍ക്കെട്ട്, പാലുല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ് എന്നിവയാണ് പൂപ്പല്‍ തീവ്ര പൂപ്പല്‍ വിഷബാധയുടെ പ്രാരംഭലക്ഷണങ്ങള്‍. പൂപ്പല്‍ വിഷം ആന്തരാവയവങ്ങളില്‍ രക്തസ്രാവത്തിന് കാരണമാവുന്നതിനാല്‍ രക്തം കലര്‍ന്ന മൂത്രത്തിനും വയറിളക്കത്തിനും സാധ്യതയുണ്ട്. ഗര്‍ഭിണികളായ ഉരുക്കളില്‍ ഗര്‍ഭമലസലിനും പൂപ്പല്‍ വിഷം കാരണമാവും. മൃഗങ്ങളില്‍ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

10. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൊണ്ടുവരുന്ന പുതിയ പരുഷ, സാന്ദ്രീകൃത തീറ്റകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കിയതിന് ശേഷം ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വിട്ടുമാറാത്ത വയറിളക്കം, പാലുല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ് തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീറ്റയില്‍ പൂപ്പല്‍ വിഷബാധ സംശയിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ പ്രസ്തുത തീറ്റ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി തീറ്റയുടെ രാസപരിശോധനാ നടത്താനുള്ള നടപടികള്‍ തൊട്ടടുത്ത വെറ്ററിനറി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ സ്വീകരിക്കണം. വെറ്ററിനറി കോളേജുകളിലും ക്ഷീരവികസനവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ലാബുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്.

English summary: Aflatoxicosis in Goat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA