ADVERTISEMENT

കേരളത്തിലെ കന്നുകാലികളിൽ  ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാദരോഗങ്ങളിൽ പ്രധാനപ്പെട്ടതും ക്ഷീര കർഷകർക്കും  വെറ്ററിനറി ആരോഗ്യ സംരക്ഷകർക്കും  ഒരുപോലെ വെല്ലുവിളി ഉയർത്തുന്നതുമായ  ഒരു രക്തപരാദരോഗമാണ്  ബൊവൈൻ തൈലേറിയോസിസ് (Bovine Theileriosis). കന്നുകാലികളുടെ രക്തത്തിൽ കാണപ്പെടുന്ന, തൈലേറിഡേ കുടുംബത്തിൽപ്പെട്ട തൈലേറിയ (Theileria) എന്ന പ്രോട്ടോസോവയാണ് ഈ രോഗമുണ്ടാക്കുന്നത്. 2017ൽ നടത്തിയ ശാസ്ത്രപഠന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 40% പശുക്കളിൽ തൈലേറിയ രോഗാണു ഉള്ളതായി  രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ  ഇന്ന് രോഗനിരക്ക് ആശങ്കാജനകമായ രീതിയിൽ വർധിച്ചിരിക്കുന്നു.  മൃഗങ്ങളുടെ  ആരോഗ്യത്തെയും ഉൽപാദന - പ്രത്യുൽപാദനക്ഷമതയെയും  വിപരീതമായി ബാധിക്കുന്ന ഈ രോഗം മൃഗസംരക്ഷണമേഖലയുടെ  വികസനത്തിനും സുസ്ഥിര കാലിവളർത്തലിനും വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 

ആരോഗ്യമുള്ള പശുക്കളുടെ ശരീരത്തിൽ പോലും  കാര്യമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ഈ രക്തപരാദത്തിന് നില നിൽക്കാൻ സാധിക്കും. പ്രസവിച്ചയുടനെ പശുക്കൾ വീണു പോകുന്നതിനു പിന്നിലെ കാരണവും  തൈലേറിയ രോഗബാധയാകാം. സാധാരണഗതിയിൽ, പ്രസവശേഷമോ പ്രസവത്തിനു തൊട്ടു മുൻപോ പശുക്കൾ തളർന്നു വീഴുന്നതിനുള്ള പ്രധാന കാരണമായി കണ്ടുവരുന്നത് അവയുടെ രക്തത്തിൽ കാത്സ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ധാതുലവണങ്ങളുടെ കുറവ് അനുഭവപ്പെടുമ്പോഴാണ്.  എന്നാൽ, ആവശ്യമായ ചികിത്സകൾ നൽകിയാൽ പോലും പശുക്കൾ എഴുന്നേൽക്കാത്ത സ്ഥിതിവിശേഷം ഉണ്ടാകുമ്പോൾ സംശയിക്കേണ്ട  മറ്റു രോഗങ്ങളിൽ  പ്രധാനപ്പെട്ടത് തൈലേറിയ രോഗമാണ്. 

‌പശുക്കളിൽ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന അകിടുവീക്കം, പാലുൽപ്പാദനക്കുറവ്,  പാലിന്റെ ഗുണനിലവാരത്തിലുള്ള കുറവ് , ശരീരശോഷണം  എന്നിവയെല്ലാം തൈലേറിയ  രോഗബാധയുടെ പരോക്ഷലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. പശു, എരുമ, യാക്ക് തുടങ്ങിയ കന്നുകാലികളിലാണ്  തൈലേറിയ രോഗം  പ്രധാനമായും കാണപ്പെടുന്നത്. സങ്കരയിനം  പശുക്കളിൽ നാടൻ ജനുസുകളെക്കാൾ രോഗനിരക്കും  രോഗത്തിന്റെ  തീവ്രതയും കൂടുതലാണ്. തൈലേറിയ ആനുലേറ്റ, തൈലേറിയ പാർവ, തൈലേറിയ ഓറിയൻറാലിസ് തുടങ്ങിയ വിവിധയിനം തൈലേറിയ രോഗാണുക്കൾ കന്നുകാലികളെ ബാധിക്കാറുണ്ട്.  എങ്കിലും കേരളത്തിൽ കാണപ്പെടുന്നത് തൈലേറിയ ഓറിയൻറാലിസ് ( Theileria orientalis) എന്ന സ്പിഷീസ്  ആണ്.

കന്നുകാലികളിൽ കാണപ്പെടുന്ന ബാഹ്യ പരാദങ്ങളായ  പട്ടുണ്ണികളുടെ കടിയിലൂടെയാണ് രോഗാണുക്കൾ മൃഗങ്ങളിലേക്ക് പകരുന്നത്. പട്ടുണ്ണിയുടെ ശരീരത്തിൽ  രോഗാണുക്കൾക്ക് രണ്ടുവർഷത്തോളം നിലനിൽക്കാൻ കഴിവുണ്ട്. ഹീമോഫൈസാലിസ് എന്ന സ്പീഷീസിൽപ്പെട്ട പട്ടുണ്ണികളാണ് നമ്മുടെ നാട്ടിൽ ഈ രോഗം പരത്തുന്നത്. പട്ടുണ്ണിയുടെ ഉമിനീരിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ കന്നുകാലികളെ കടിക്കുമ്പോൾ അവയുടെ ശരീരത്തിൽ പ്രവേശിക്കുന്നു. 

ഇപ്രകാരം രക്തത്തിൽ പ്രവേശിക്കുന്ന രോഗാണുക്കൾ  അരുണരക്താണുക്കളെയാണ് (RBC) ആദ്യം ആക്രമിക്കുന്നത്. ഈയവസരത്തിൽ പശുക്കൾ, തീവ്രത കൂടിയ പനി (മിക്കവാറും 105 മുതൽ 106 ഡിഗ്രി ഫാരൻഹീറ്റ് വരെ ) മൂക്കൊലിപ്പ് , കണ്ണിൽ നിന്നും വെള്ളമൊലിക്കുക, തീറ്റ മടുപ്പ്, ക്ഷീണം  എന്നിവ പ്രകടിപ്പിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പനി കുറയുകയും രക്തത്തിലുള്ള രോഗാണുക്കൾ ലസിക ഗ്രന്ഥികൾ, ശ്വാസകോശം, പ്ലീഹ, കരൾ  തുടങ്ങിയ അവയവങ്ങളിൽ ചെന്നെത്തുകയും ചെയ്യുന്നു. ഈ അവസരത്തിൽ രക്തപരിശോധന നടത്തിയാൽ  രോഗാണുവിനെ കണ്ടെത്തുക  പ്രയാസമാണ്. എന്നാൽ  പശുക്കൾക്ക് പനിയുണ്ടാകുന്ന സമയത്തുതന്നെ  രക്തപരിശോധന നടത്തിയാൽ അതിവേഗം രോഗം നിർണ്ണയിക്കാനും ചികിത്സിച്ചു ഭേദപ്പെടുത്താനും സാധിക്കും. 

തൈലേറിയോസിസും ഹെമാജിക് സെപ്റ്റിസീമിയയും 

രോഗാണുക്കൾ രക്തത്തിൽ നിന്ന്  അവയവങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ  അവയ്ക്ക് അവിടെ വർഷങ്ങളോളം നിലനിൽക്കാൻ സാധിക്കും.‌ ഈ ഘട്ടത്തിൽ പശുക്കൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. ഇങ്ങനെ നിശബ്ദരോഗവാഹകരായ കന്നുകാലികൾക്ക് മറ്റു രോഗങ്ങൾ, ഗർഭാവസ്ഥ, പ്രസവം, അത്യുൽപ്പാദനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ രോഗം മൂർച്ഛിക്കും. 

തൈലേറിയ രോഗാണുക്കൾ ശ്വേത രക്താണുക്കളെയും (WBC) ആക്രമിക്കുന്നതുകൊണ്ട്  കന്നുകാലികളുടെ  രോഗപ്രതിരോധ സംവിധാനം തകരാറിലാകുകയും  രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.  ബാഹ്യ സമ്മർദ്ദം ഉണ്ടാകുമ്പോൾ പശുക്കളുടെ ശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന മറ്റു രോഗാണുക്കൾ  പെരുകാനും ഇടയുണ്ട്. 

ആരോഗ്യമുള്ള പശുക്കളുടെ ശ്വസന വ്യവസ്ഥയിൽ കാണപ്പെടുന്ന സ്വാഭാവിക ബാക്ടീരിയയായ പാസ്റ്റുറെല്ല മൾട്ടോസിഡ ഇതിന് ഉദാഹരണമാണ്. ഇവ പശുക്കളിൽ ഹെമാജിക് സെപ്റ്റിസീമിയ എന്ന രോഗം ഉണ്ടാകാൻ കാരണമാകുന്നു. 

തൈലേറിയ രോഗബാധയുള്ള  പശുക്കൾ, ആന്തരികവും ബാഹ്യവുമായ വിവിധ സമ്മർദങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അവയുടെ  രോഗ പ്രതിരോധശേഷി പൂർണമായും തകരാറിലാവുകയും പാസ്റ്റുറെല്ല മൾട്ടോസിഡ ബാക്ടീരിയകൾ പെരുകി ഹെമാജിക് സെപ്റ്റിസീമിയ എന്ന രോഗം ഉണ്ടാക്കുകയും ചെയ്യുന്നു.  അങ്ങനെ തൈലേറിയോസിസ് രോഗത്തെ തുടർന്ന് പശുക്കളിലുണ്ടാകുന്ന ഹെമാജിക് സെപ്റ്റിസീമിയ രോഗം പശുക്കളുടെ മരണനിരക്ക് വർധിപ്പിക്കാൻ ഇടയാക്കും. 

തൈലേറിയോസിസ് രോഗലക്ഷണങ്ങൾ 

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന  തൈലേറിയ ഓറിയന്റാലിസ് രോഗാണുക്കൾ കന്നുകാലികളിലുണ്ടാക്കുന്ന രോഗ ലക്ഷണങ്ങളിൽ  പ്രധാനപ്പെട്ടതാണ് രക്തക്കുറവ് അഥവാ അനീമിയ. പശുക്കളുടെ കണ്ണ് പരിശോധിക്കുമ്പോൾ  ശ്ലേഷ്മസ്തരം വെള്ള നിറത്തിലാണ് കാണപ്പെടുന്നതെങ്കിൽ  വിളർച്ചയെയും  മഞ്ഞനിറത്തിലാണെങ്കിൽ മഞ്ഞപ്പിത്തത്തെയും സൂചിപ്പിക്കുന്നു. യോനിയിലെ ശ്ലേഷ്മസ്തരത്തിലും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. കർഷകർക്ക്  പശുക്കളെ സ്വയം പരിശോധിക്കാവുന്നതാണ്. 

രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ  അതിശക്തമായ പനി,  തീറ്റ മടുപ്പ്, ക്ഷീണം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, മൂക്കിൽ നിന്നും രക്തമൊലിക്കുക, ഹൃദയമിടിപ്പ്, ശ്വസനനിരക്ക് എന്നിവ വർധിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പിന്നീട് ശരീരത്തിൽ ചെറിയ മുഴകൾ പ്രത്യക്ഷപ്പെടുക, കണ്ണുകൾ, നാഡീവ്യവസ്ഥ , പ്രത്യുൽപാദന വ്യവസ്ഥ എന്നിവ സംബന്ധിച്ച രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. ശരീരം ശോഷിക്കുകയും എഴുന്നേൽക്കാനാവാത്തവിധം കിടന്നുപോകുകയും മരണം വരെ സംഭവിക്കാനും  സാധ്യതയുണ്ട്. ‌ഗർഭിണിപ്പശുക്കളിൽ ഗർഭമലസാനും, കിടാവ് ജനനത്തോടെ മരണപ്പെടാനും സാധ്യതയുണ്ട്. 

രോഗനിർണയം 

പശുക്കളുടെ ശരീരത്തിൽ പട്ടുണ്ണികൾ ഉണ്ടായിരിക്കുക, രോഗലക്ഷണങ്ങൾ (രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ശരീരത്തിൽ പട്ടുണ്ണികൾ  കാണപ്പെടണമെന്നില്ല). രക്തപരിശോധന,  ലസികാഗ്രന്ഥി ബയോപ്സി പരിശോധന, തുടങ്ങിയവയിലൂടെ രോഗനിർണയം നടത്താം. പോളിമറൈസ്ഡ്  ചെയിൻ റിയാക്ഷൻ (PCR), എലിസ (ELISA) തുടങ്ങിയ മോളിക്കുലർ പരിശോധന രീതികൾ ഫലപ്രദമാണ്. 

രോഗചികിത്സ

  • പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുകയാണെങ്കിൽ ചികിത്സയും വളരെ ഫലപ്രദമാണ്. 
  • ബൂപ്പർവാക്കോൺ, ഓക്സിടെട്രാസൈക്ലിൻ, മോർബോഫ്ലോക്സാസിൻ തുടങ്ങിയ മരുന്നുകൾ ഫലപ്രദമാണ്. 
  • രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ലെവാമിസോൾ പോലെയുള്ള മരുന്നുകൾ നൽകാം.
  • ബി കോംപ്ലക്‌സ് വിറ്റാമിനുകൾ, വിറ്റമിൻ ഇ, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ നൽകാം. 
  • രോഗലക്ഷണങ്ങൾക്ക് അനുസൃതമായ ചികിത്സ നൽകാം. 
  • അതീവ ഗുരുതരാവസ്ഥയിൽ രക്തം നൽകാവുന്നതാണ്.
  • ഹൈഡ്രോക്സി ഈഥൈൽ സ്റ്റാർച്ച് തുടങ്ങിയ സിന്തറ്റിക് കൊളോയിഡുകൾ ( Synthetic colloid volume expander) ഉപയോഗിക്കാവുന്നതാണ്.  

പ്രതിരോധമാർഗങ്ങൾ 

  • പ്രാരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക.
  • ബാഹ്യപരാദ നിയന്ത്രണവും വാക്സിനേഷനുമാണ് ഏറ്റവും ഫലപ്രദമായ രോഗനിയന്ത്രണ മാർഗങ്ങൾ. 
  • ഇന്ത്യയിൽ  ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസിൽനിന്നും രക്ഷാവാക്-ടി  (Raksha vac-T) എന്നറിയപ്പെടുന്ന വാക്സിൻ ഇന്ന്  ലഭ്യമാണ്.  എന്നാൽ ഇത് തൈലേറിയ ആനുലേറ്റ എന്നയിനത്തിന്  എതിരെയാണ് ഫലപ്രദമായിട്ടുള്ളത്. 
  • ബാഹ്യപരാദ നിയന്ത്രണത്തിനായി സൈപ്പർമെത്രിൻ തുടങ്ങിയ  ബാഹ്യ പരാദ ലേപനങ്ങളും  ഐവർമെക്ടിൻ, ഡോറാമെക്ടിൻ തുടങ്ങിയ കുത്തിവയ്പ്പുകളും ലഭ്യമാണ്. ഫ്ലൂമെത്രിൻ അടങ്ങിയ പോർ ഓൺ (pour-on)മരുന്നുകൾ ശരീരത്തിൽ വരയ്ക്കാവുന്നതാണ്. 
  • പട്ടുണ്ണികൾക്കെതിരെ ജൈവനിയന്ത്രണമാർഗ്ഗങ്ങളും അവലംബിക്കാവുന്നതാണ്. 
  • കന്നുകാലി ഫാമിന് ചുറ്റും കരിയിലയും മറ്റ് മാലിന്യങ്ങളും കത്തിച്ചു കളയുക.
  • തൊഴുത്തും പുൽത്തൊട്ടിയും അണുനാശിനികളുപയോഗിച്ച് വൃത്തിയായി കഴുകുകയും ചെറിയ വിടവുകളും കുഴികളും  നികത്തുകയും ചെയ്യണം. 

ക്ഷീരകർഷകർ ചെയ്യേണ്ടത് 

  • മൃഗങ്ങളെ മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടു വരുമ്പോൾ  നിർബന്ധമായും ക്വറന്റൈൻ ഏർപ്പെടുത്തണം.
  • ബാഹ്യ പരാദങ്ങളെ നിയന്ത്രണത്തിനായി പരാദങ്ങൾക്കെതിരായ  മരുന്നുകൾ  പുരട്ടണം. 
  • തൈലേറിയ ഫ്രീ സർട്ടിഫിക്കറ്റ് ഉള്ള പശുക്കളെ വാങ്ങാൻ ശ്രദ്ധിക്കുക. (രോഗ ബാധയുടെ എല്ലാ ഘട്ടങ്ങളിലും  രക്തപരിശോധനയിലൂടെ രോഗ നിർണ്ണയം സാധ്യമല്ല എന്നോർക്കണം. ആയതിനാൽ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ രോഗബാധയില്ല എന്ന് ഉറപ്പിക്കാൻ മറ്റു പരിശോധനകൾ ആവശ്യമാണ്). 
  • തൈലേറിയ രോഗനിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും പശുക്കളെ വാങ്ങുമ്പോൾ അതീവ ശ്രദ്ധ ചെലുത്തുക. 
  • പുറത്തുമേയാൻ വിടുന്ന പശുക്കളെ  വിവിധ പുൽത്തകിടികളിൽ ഇടവിട്ട് മേയാൻ അനുവദിക്കുക (Pasture rotation) 
  • കന്നുകാലികളെ അതിരാവിലെയും വൈകിട്ടും മേയാൻ വിടുന്നത് ഒഴിവാക്കി സൂര്യനുദിച്ചതിനു ശേഷം മാത്രം  വിടുക.
  • പശുക്കൾ  പനി, വിളർച്ച,  തീറ്റമടുപ്പ്, ക്ഷീണം   തുടങ്ങിയ  രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ  വേണ്ടവിധം ശ്രദ്ധിച്ച് രക്ത പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യണം.

English summary: Bovine Theilerioses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com