ADVERTISEMENT

അടക്കോഴി ഒന്നിന് വില 700 രൂപ എന്നു കേട്ട് മുന്‍പ് അമ്പരന്നു നിന്നിട്ടുണ്ട് ശ്രീദേവി. മാസങ്ങള്‍ക്കിപ്പുറം സ്വന്തം അടക്കോഴിയൊന്നിനെ 700 രൂപയ്ക്കു വിറ്റപ്പോള്‍ നാടന്‍പിട ചില്ലറക്കാരിയല്ലെന്ന് ശ്രീദേവിക്കു ബോധ്യപ്പെട്ടു. അത്ര ഗൗരവം കൊടുക്കാതെ തുടങ്ങിയ നാടന്‍കോഴിവളര്‍ത്തല്‍ ഇന്ന് മികച്ച വരുമാനമാര്‍ഗമായി മാറുമ്പോള്‍ ശ്രീദേവി നന്ദി പറയുന്നത് ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രത്തോടാണ്. ലോക്ഡൗണില്‍ പതറാതെ പിടിച്ചു നിന്നത് നാടന്‍കോഴി നല്‍കിയ നേട്ടത്തിന്റെ ബലത്തിലെന്നു ശ്രീദേവി.

കൊല്ലം - ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഓച്ചിറയ്ക്കടുത്ത് വള്ളികുന്നം ഗോകുലത്തില്‍ ശ്രീദേവി ഏറെക്കാലമായി കാര്‍ഷികരംഗത്തുണ്ട്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും, തനിയെയും മറ്റു വനിതകളോടു ചേര്‍ന്നുമെല്ലാം, പച്ചക്കറിയും വാഴയും നെല്ലുമൊക്കെ കൃഷിയിറക്കുന്ന ശ്രീദേവി സംരംഭമെന്ന നിലയില്‍ കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞിട്ട് ഏറെനാളായിട്ടില്ല.

വീട്ടാവശ്യത്തിനു സങ്കരയിനം മുട്ടക്കോഴികള്‍ പണ്ടേയുണ്ടെന്നു ശ്രീദേവി. ഏതാനും വര്‍ഷം മുന്‍പ് ചക്കയുല്‍പന്ന നിര്‍മാണത്തിലേക്കു കടന്നപ്പോള്‍ കോഴികളുടെ എണ്ണം  കൂട്ടി. ചക്കസീസണ്‍ മുഴുവന്‍ നീണ്ടുനില്‍ക്കും മൂല്യവര്‍ധിത ചക്കവിഭവങ്ങളുടെയും നിര്‍മാണം. അതിന്റെ അവശിഷ്ടങ്ങള്‍ കൊടുത്ത് തീറ്റച്ചെലവില്ലാതെ കോഴിയെ വളര്‍ത്താം. പൂവന്‍കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിയാല്‍ സീസണ്‍ തീരാറാവുമ്പോഴേക്കും ശരാശരി 2 കിലോ തൂക്കമെത്തും. അവയെ ഇറച്ചിത്തൂക്കത്തിന് വില്‍ക്കുന്നത് ലാഭകരംതന്നെ.

poultry-2

അതിനിടെ, ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രം വള്ളികുന്നത്ത് കരിങ്കോഴിഗ്രാമം പദ്ധതി നടപ്പാക്കിയപ്പോള്‍ കരിങ്കോഴി വളര്‍ത്തലിലേക്കും തിരിഞ്ഞു. അവയുടെ മുട്ട അടവച്ച് വിരിയിക്കാന്‍ അടക്കോഴിയെ തിരക്കിയിറങ്ങിയപ്പോഴാണ് അതിന്റെ വില കേട്ട് അമ്പരന്നത്. അപ്പോഴാണ് കെവികെയിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. എസ്. രവി ഇന്‍ക്യുബേറ്റര്‍ പരിചയപ്പെടുത്തിയതെന്നു ശ്രീദേവി. അദ്ദേഹത്തിന്റെ പിന്തുണയില്‍ കോഴിവളര്‍ത്തലില്‍ താല്‍പര്യമുള്ള 5 വനിതകളെക്കൂടി ചേര്‍ത്ത് സംഘം രൂപീകരിച്ചു. സംരംഭത്തിനായി ഒരു ബാച്ചില്‍ 200 മുട്ട വിരിയിക്കാവുന്ന ഇന്‍ക്യുബേറ്റര്‍ സബ്‌സിഡിയോടെ കെവികെ നല്‍കി.  

ക്രമേണ കരിങ്കോഴിയും കടന്ന് തനി നാടന്‍കോഴിയിലെത്തി. നിലവില്‍ ഏറ്റവും വിലയും മൂല്യവും തനിനാടനു തന്നെയെന്ന് ശ്രീദേവി. ഇന്‍ക്യുബേറ്ററില്‍ സങ്കരയിനങ്ങളുടെ മുട്ട വിരിയിച്ച് വില്‍ക്കുമ്പോള്‍ തനി നാടന്‍ ഇനങ്ങളെ അടവച്ചു വിരിയിക്കലാണ് പതിവ്. സങ്കരയിനങ്ങളെ 45 ദിവസം പ്രായമെത്തുമ്പോള്‍ 100-110 രൂപയ്ക്കു വില്‍ക്കുന്നു. തനിനാടന്റെ കാര്യത്തില്‍ അമ്മക്കോഴിതന്നെ അടയിരുന്ന് വിരിയുന്ന കുഞ്ഞുങ്ങളെ വിരിഞ്ഞ് ആദ്യ ദിവസങ്ങളില്‍ത്തന്നെ ഒന്നിന് 30 രൂപ നിരക്കിലും 2 മാസം വളര്‍ത്തി 225 രൂപ നിരക്കിലും വില്‍ക്കുന്നു. 

നാലര മാസം പ്രായമെത്തിയ, മുട്ടയിടാറായ അടക്കോഴിക്ക് നിലവില്‍ ശരാശരി 700 രൂപയും അത്രയുംതന്നെ പ്രായമെത്തിയ പൂവന് ശരാശരി 650 രൂപയും വില ലഭിക്കുന്നുവെന്ന് ശ്രീദേവി. വലകൊണ്ടു തീര്‍ത്ത വളപ്പിനുള്ളില്‍ പകല്‍ സമയം കോഴികളെ അഴിച്ചുവിടും. രാത്രിയില്‍ ഷെഡ്ഡിനുള്ളില്‍ സുരക്ഷിതമാക്കും. കോഴികള്‍ക്ക് നല്‍കുന്നതും നാടന്‍തീറ്റ. ചക്കയുല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സീസണില്‍ തീറ്റ സമൃദ്ധമായി ലഭിക്കുകയും ചെയ്യും. 

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ആവശ്യത്തിന് ഉപഭോക്താക്കളെ ലഭിക്കുന്നുണ്ടെന്നു ശ്രീദേവി. ആദ്യ ലോക്ഡൗണില്‍ സര്‍വതും അടച്ചുപൂട്ടിയപ്പോള്‍ വിപണനപ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വിപണി വീണ്ടും ശക്തമായി. മികച്ച വരുമാനം നല്‍കുന്ന സംരംഭത്തിന് പിന്തുണയുമായി ശ്രീദേവിക്കൊപ്പം കുടുംബവും ആലപ്പുഴ കെവികെയുമുണ്ട്.

ഫോണ്‍: 9048871936 

English summary:  Country Chicken Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com