വിളകളുടെ വളര്‍ച്ചയ്ക്ക് ഇനി ഡിസൈനര്‍ വളങ്ങള്‍: കാലത്തിനൊപ്പം മാറി കൃഷിമുറകള്‍

fertilizer
SHARE

ഡിസൈനര്‍ ചിന്തകളുടെ കാലമാണിത്. ഡിസൈനര്‍ സാരികള്‍, ഡിസൈനര്‍ ടൈലുകള്‍, ഡിസൈനര്‍ കേക്കുകള്‍... എന്നാല്‍ 'ഡിസൈനര്‍ ഫെര്‍ട്ടിലൈസേഷന്‍' എന്ന് കേട്ടിട്ടുണ്ടോ? ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു ചിന്ത രൂപപ്പെടുത്തിയതും അത് പ്രായോഗികമായി നടപ്പാക്കിയതും. 

മണ്ണിന്റെ ആരോഗ്യമാണ് ചെടികളുടെ കരുത്ത്. നല്ല മണ്ണ് നല്ല വിളവുതരും എന്നും കന്നിമണ്ണ് കനകം നല്‍കും എന്നുമൊക്കെ പഴമക്കാര്‍ പറയുന്നത് അതുകൊണ്ടാണ്. 'നല്ല നിലത്തുവീണ വിത്ത്' നൂറുമേനി ഫലം പുറപ്പെടുവിച്ച ഉപമ ബൈബിളിലും കാണാം. മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നത് മണ്ണില്‍ തന്നെയുള്ളതോ നാം ഇട്ടുകൊടുക്കുന്നതോ ആയ വളങ്ങള്‍ മാത്രമല്ല. സൂക്ഷ്മമൂലകങ്ങള്‍ എന്ന അനുബന്ധം കൂടി ചേരുമ്പോള്‍ മാത്രമേ ചെടികള്‍ കരുത്തോടെ വളരുകയും കൂടുതല്‍ ഫലം നല്‍കുകയും ചെയ്യുകയുള്ളൂ. 

ഒരേ മണ്ണില്‍ തുടര്‍ച്ചയായി കൃഷിയിറക്കുന്നവരാണ് കര്‍ഷകരില്‍ പലരും. നെല്‍ക്കൃഷി നടത്തുന്നിടത്ത് തുടര്‍ച്ചയായി അതു തന്നെ. കുരുമുളകും ജാതിയും ഇഞ്ചിയും മഞ്ഞളുമെല്ലാം തുടര്‍ച്ചയായി ഒരിടത്തു തന്നെ കൃഷി ചെയ്യുന്നെന്ന് കരുതുക. ഓരോ തവണ് കൃഷി ചെയ്യുമ്പോഴും വളപ്രയോഗവും നടത്തും. ചാണകവും ചാരവും ഒക്കെ ചേര്‍ക്കുന്നതിനൊപ്പം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ചേര്‍ന്ന എന്‍പികെ മിശ്രിതങ്ങളും ചേര്‍ത്തെന്നു വരാം. അതായത് ഒട്ടുമിക്ക കര്‍ഷകരുടെയും ചിന്തയില്‍ ഇതിനപ്പുറം വളമില്ല. എന്‍പികെ ആയാല്‍ എല്ലാമായെന്നാണ് എല്ലാവരും കരുതുന്നത്. ചാണകത്തില്‍ നിന്നും മറ്റ് ജൈവവളങ്ങളില്‍ നിന്നും സൂക്ഷ്മാണുക്കളും കിട്ടുന്നതായും വിശ്വസിക്കുന്നു. 

എന്നാല്‍ കൃഷി ശാസ്ത്രജ്ഞര്‍ ഇതൊക്കെ ശരിവയ്ക്കുമ്പോഴും ചെടികളെ ആരോഗ്യത്തോടെ വളര്‍ന്നുവരാന്‍ സഹായിക്കുന്ന സൂക്ഷ്മമൂലകങ്ങളുടെ പ്രാധാന്യം കൂടി ചൂണ്ടിക്കാണിക്കുന്നു. ചെമ്പ്, നാകം അഥവാ സിങ്ക്, ബോറോണ്‍ തുടങ്ങിയവയാണ് ചെടികള്‍ക്ക് ആവശ്യമായ സൂക്ഷ്മമൂലകങ്ങള്‍. ഇവ ഒരുപാട് വേണമെന്നില്ല. വളരെ ചെറിയ അളവില്‍ മതി. പക്ഷേ ഇവ ഇല്ലെങ്കില്‍ ചെടികളുടെ വളര്‍ച്ച, പൂവിടല്‍, കായ്പിടിത്തം എന്നിവ പൂര്‍ണമാകില്ല. പത്തും ഇരുപതും വര്‍ഷം ഒരേ മണ്ണില്‍ കൃഷി ചെയ്യുന്നതോടെ ഇത്തരം സൂക്ഷ്മ മൂലകങ്ങളുടെ അളവ് കുറയുന്നു. മഴക്കാലവും മണ്ണൊലിപ്പും മറ്റൊരു കാരണമാണ്. മണ്ണില്‍ ഉള്ള ഈ മൂലകങ്ങളെ പലതവണയായി ചെടികള്‍ ഉപയോഗിച്ചു തീരുന്നതോടെ അവ സപ്ലിമെന്റായി നല്‍കാനുള്ള വഴി കര്‍ഷകര്‍ തന്നെ കണ്ടെത്തണം. ഇതിനുള്ള പരിശ്രമവും ബോധവല്‍ക്കരണവുമാണ് സുഗന്ധവിള ഗവേഷണ കേന്ദ്രം നടത്തുന്നത്.

ഇഞ്ചി, മഞ്ഞള്‍, ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ തുടങ്ങിയവയ്ക്ക് ആവശ്യമായ ഡിസൈനര്‍ മൂലകക്കൂട്ടുകള്‍ ഗവേഷണ കേന്ദ്രത്തില്‍ തയാറാക്കി വില്‍ക്കുന്നുണ്ട്. കൂടാതെ ഇത്തരം വളക്കൂട്ടുകള്‍ ഉണ്ടാക്കിയെടുക്കാനും വില്‍പന നടത്താനുമുള്ള സാങ്കേതികവിദ്യയും ഇവര്‍ നല്‍കും. സൂക്ഷ്മവളങ്ങളെ ഇലകളില്‍ തളിച്ചു കൊടുക്കുന്ന രീതിയാണ് നല്ലത്. മണ്ണില്‍ നിന്ന് വേരുവഴി വലിച്ചെടുക്കുന്നതിന് കൂടുതല്‍ സമയം വേണം. ഇലകളില്‍ തളിച്ചു കൊടുത്താല്‍ ഉടന്‍ ഫലം ലഭിക്കും. പത്രപോഷണം എന്നാണ് ഇലകളില്‍ തളിച്ചു കൊടുക്കുന്ന രീതിക്ക് പറയുന്നത്. 

സൂക്ഷ്മ മൂലകക്കൂട്ടുകള്‍ നിശ്ചിത അളവില്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ സ്‌പ്രേ ചെയ്തു കൊടുക്കുന്നതാണ് പത്രപോഷണ രീതി. 5 ഗ്രാം സൂക്ഷ്മമൂലകക്കൂട്ട് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് തളിച്ചു കൊടുക്കുക. എല്ലാ വിളയ്ക്കും അനുപാതം ഇതുതന്നെയാണ്. കൃഷിയിടത്തിന്റെ വിസ്തൃതിയും ചെടികളുടെ വലുപ്പവും കണക്കിലെടുത്ത് വെള്ളത്തിന്റെയും വളക്കൂട്ടിന്റെയും അളവ് കൂട്ടിയാല്‍ മതി. ഒരു കിലോഗ്രാം വളക്കൂട്ടിന് ഏകദേശം 200 രൂപയാണ് വില. സുഗന്ധവിളകള്‍ക്കുള്ള സൂക്ഷ്മമൂലകക്കൂട്ടുകളാണ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലുള്ളത്.

ഇഞ്ചി, മഞ്ഞള്‍, എലം, കുരുമുളക്... തുടങ്ങിയവയ്‌ക്കെല്ലാം അവയുടെ പേരില്‍ തന്നെയുള്ള വളക്കൂട്ടുകള്‍ ലഭ്യമാണെന്ന് ഇവിടുത്തെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ലിജോ തോമസ് പറഞ്ഞു. ഇഞ്ചിക്ക് 2 തവണയാണ് സൂക്ഷ്മ വളപ്രയോഗം നടത്തേണ്ടത്. നട്ട് 60 ദിവസം കഴിഞ്ഞും 90 ദിവസം കഴിഞ്ഞും. മഞ്ഞളിനും ഇതേ രീതിയില്‍ വളപ്രയോഗം നടത്താം. കുരുമുളകിന് തിരിയിടുന്ന സമയത്തും കുരുമുളക് മണികള്‍ പിടിച്ചു കഴിയുന്ന സമയത്തും വളപ്രയോഗം നടത്തണം. ജാതിക്ക് പൂവിടുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തുമാണ് വളപ്രയോഗം നടത്തേണ്ടത്. സൂക്ഷ്മ വളങ്ങളുമായി കീടനാശിനികളോ മറ്റ് വളങ്ങളോ മിക്‌സ് ചെയ്യരുതെന്നും പറഞ്ഞ അളവില്‍ കൂടുതല്‍ പ്രയോഗിക്കരുതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൃഷി ഇന്ന് ഫാഷന്‍ ആയി മാറുകയാണ്. ജൈവരീതിയില്‍ ഇത്തിരിയെങ്കിലും കൃഷി ചെയ്യണം എന്ന ചിന്താഗതിയുള്ളവരാണ് ഏറെയും. അത്തരക്കാരെ സഹായിക്കാനുള്ള ആധുനിക രീതികളിലൊന്നാണ് സൂക്ഷ്മമൂലകങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന രൂപത്തിലാക്കിക്കൊണ്ടുള്ള ഇത്തരം രീതികളെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

English summary: Trace elements in soils and agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA