ADVERTISEMENT

കന്നുകാലികളുടെ മൂത്രത്തിന് സാധാരണയില്‍നിന്ന് വ്യത്യസ്തമായി ചുവപ്പുനിറമോ കട്ടന്‍കാപ്പിയുടെ നിറമോ കാണപ്പെടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് പലതരം രോഗങ്ങളുടെയും ലക്ഷണമാകാം. ഉദാഹരണമായി പട്ടുണ്ണിയുടെ കടിയിലൂടെ പകരുന്ന രോഗമായ ബബീസിയോസിസ് ബാധിച്ച പശുക്കളുടെ മൂത്രവും കട്ടന്‍കാപ്പി നിറത്തിലായിരിക്കും. എന്നാല്‍, അത്യുല്‍പ്പാദനശേഷിയുള്ള എരുമകളിലും പശുക്കളിലും പ്രസവത്തോടനുബന്ധിച്ച് മൂത്രത്തിന് നിറവ്യത്യാസം ഉണ്ടായാല്‍ അതിന്റെ പ്രധാനകാരണമായി കണക്കാക്കേണ്ടത് പോസ്റ്റ് പാര്‍ചൂറിയന്റ് ഹീമോഗ്ലോബിനൂറിയ അഥവാ പ്രസവാനന്തര ഹീമോഗ്ലോബിനൂറിയ ( Post parturient Haemoglobinuria- PPH) എന്ന രോഗാവസ്ഥയാണ്. 

പ്രസവാനന്തരം കന്നുകാലികളില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണിത്. പ്രസ്തുത രോഗമുള്ള പശുക്കളുടെ മൂത്രം ചുവപ്പ്, കടുംചുവപ്പ്, കട്ടന്‍ കാപ്പി എന്നീ നിറങ്ങളിലായിരിക്കും കാണപ്പെടുന്നത്. കൂടാതെ, അമിതക്ഷീണം, രക്തക്കുറവ്, വിളര്‍ച്ച, എന്നീ ലക്ഷണങ്ങളും അവ പ്രകടിപ്പിക്കുന്നു. സാധാരണയായി അത്യുല്‍പാദനശേഷിയുള്ള പശുക്കളുടെ മൂന്നാമത്തെയോ നാലാമത്തെയോ പ്രസവത്തിലാണ് ഈ രോഗം കാണപ്പെടുന്നത്. മിക്കവാറും പ്രസവം കഴിഞ്ഞ് രണ്ടു മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. പശുക്കളുടെ മൂത്രത്തിലൂടെ ഹീമോഗ്ലോബിന്‍ (അരുണരക്താണുക്കളിലെ ഘടകം) നഷ്ടപ്പെടുമ്പോഴാണ് മൂത്രത്തിന് ചുവപ്പു നിറമുണ്ടാകുന്നത്. 

പോസ്റ്റ് പാര്‍ചൂറിയന്റ് ഹീമോഗ്ലോബിനൂറിയ ( പ്രസവാനന്തര ഹീമോഗ്ലോബിനൂറിയ) എന്ന രോഗാവസ്ഥയ്ക്ക് പ്രധാനപ്പെട്ട കാരണമായി കരുതുന്നത് കന്നുകാലികളുടെ രക്തത്തില്‍ ഫോസ്ഫറസ് ( Phosphorus) എന്ന ധാതുവിന്റെ അപര്യാപ്തതയാണ്. രക്തത്തില്‍ ചെമ്പിന്റെ (കോപ്പര്‍) അളവു കുറഞ്ഞാലും വിഷച്ചെടികള്‍ (ഉദാഹരണം മധുരക്കിഴങ്ങ്) കഴിച്ചാലും പ്രസവാനന്തര ഹീമോഗ്ലോബിനൂറിയ ഉണ്ടാകാറുണ്ട്. 

മനുഷ്യരും മൃഗങ്ങളുമുള്‍പ്പെടെയുള്ള ജീവികളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഒരു ധാതുവാണ് ഫോസ്ഫറസ്. പല്ലുകളുടെയും എല്ലുകളുടെയും ശരിയായ വളര്‍ച്ചയ്ക്കും ഉറപ്പിനും ഇത് അത്യന്താപേക്ഷിതമാണ്. കോശസ്തരങ്ങളില്‍ കാണപ്പെടുന്ന ഫോസ്‌ഫോലിപ്പിഡി(phospholipid)ലെ പ്രധാന ഘടകവും ഫോസ്ഫറസ് ആണ്.

കോശമര്‍മ്മത്തില്‍ കാണപ്പെടുന്ന ഡിഎന്‍എ(DNA)യിലും ആര്‍എന്‍എ(RNA)യിലും ശരീരകോശങ്ങളില്‍ ഊര്‍ജം പ്രദാനം ചെയ്യുന്ന എടിപി( Adenosine Tri Phosphate- ATP)യിലും ഫോസ്ഫറസ് ഒരു അവിഭാജ്യ ഘടകമാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും പാലുല്‍പാദനത്തിനും ഫോസ്ഫറസ് ധാരാളം ആവശ്യമാണ്. സാധാരണയായി രക്തത്തിലുള്ള സീറം ഫോസ്ഫറസിന്റെ അളവ് 4-8 മി.ഗ്രാം/ഡെസി ലീറ്റര്‍ ആണ്.പശുവിന്‍ പാലില്‍ 0.7-1.3 ഗ്രാം/ലീറ്റര്‍ ഫോസ്ഫറസ് ആണുള്ളത്. 

haemoglobinuria-cow
രക്തം കലർന്ന മൂത്രം

മറ്റു രോഗലക്ഷണങ്ങള്‍ 

പശുക്കള്‍ ഒന്നിനും താല്‍പര്യമില്ലാതെ നില്‍ക്കുക (നിസ്സംഗത), വിശപ്പില്ലായ്മ, മണ്ണ്, കല്ല്, മരം തുടങ്ങിയ വസ്തുക്കള്‍ തിന്നുക ( പൈക്ക- Pica), വളര്‍ച്ച മുരടിക്കുക, പ്രത്യുല്‍പാദനശേഷി കുറയുക, ശരീരം ക്ഷീണിക്കുക, എഴുന്നേല്‍ക്കാനാവാതെ കിടന്നു പോവുക, ഓസ്റ്റിയോ മലേഷ്യ തുടങ്ങിയവയാണ് ഫോസ്ഫറസ് അപര്യാപ്തത മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍. 

തീവ്രത കൂടിയതും പെട്ടെന്നുണ്ടാകുന്നതുമായ ഫോസ്ഫറസ് അപര്യാപ്തതയിലാണ് പേശീക്ഷയ മുണ്ടാകുന്നതും പശുക്കള്‍ കിടന്നുപോകുന്നതും. എന്നാല്‍ രോഗം നീണ്ടുനില്‍ക്കുന്ന അവസ്ഥയില്‍ എല്ലുകള്‍ പൊടിയുക, വളര്‍ച്ച മുരടിക്കുക, പ്രത്യുല്‍പാദനശേഷി കുറയുക എന്നീ ലക്ഷണങ്ങളാണ് കാണുന്നത്. 

പ്രസവാനന്തരമുള്ള ഫോസ്ഫറസ് അപര്യാപ്തതമൂലമാണ് പശുക്കള്‍ വിശപ്പില്ലായ്മ, കട്ടന്‍ കാപ്പി നിറത്തിലുള്ള മൂത്രം ഒഴിക്കുക, ക്ഷീണം, പാലുല്‍പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടാവുക, ചാണകം ഉറച്ച് കട്ടിയുള്ളതാകുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ അത്ര ഗുരുതരമല്ലാത്ത അവസ്ഥയില്‍ പശുക്കള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം സാധാരണപോലെ തീറ്റയെടുക്കുകയും ചെയ്യാറുണ്ട്. രക്തത്തില്‍ ഫോസ്ഫറസിന്റെ അളവു കുറയുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. കണ്ണിലെ ശ്ലേഷ്മസ്തരങ്ങള്‍ വെള്ള നിറത്തില്‍ കാണപ്പെടുകയും ചെയ്യും. വിളര്‍ച്ച കൂടുതലാകുന്ന അവസരങ്ങളില്‍ യോനിയിലെ ശ്ലേഷ്മസ്തരവും വെള്ള നിറത്തില്‍ കാണപ്പെടാറുണ്ട്. 

ക്ഷീണം അധികരിക്കുമ്പോള്‍ പശുക്കള്‍ വേച്ച് നടക്കുകയും ശ്വാസതടസം, വര്‍ധിച്ച ഹൃദയമിടിപ്പ് എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. രോഗമുള്ള പശുക്കളില്‍ പൊതുവേ ശക്തിയായ പനിയുണ്ടാകാറില്ല എങ്കിലും ശരീരോഷ്മാവില്‍ നേരിയ വര്‍ധന ഉണ്ടാകാറുണ്ട് (103.5 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ). 

രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ മഞ്ഞപ്പിത്തമുണ്ടാകാനും ചിലപ്പോള്‍ വാലിന്റെയോ കൈകാലുകളുടെയോ അഗ്രഭാഗം വിട്ടു പോകാനും സാധ്യതയുണ്ട്. ഗുരുതരമായി രോഗം ബാധിച്ച 10-30% പശുക്കളില്‍ മരണവും സംഭവിക്കാം.

രണ്ടു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറി വരുന്ന പശുക്കളാകട്ടെ, സ്ഥിരമായി മണ്ണും കല്ലും തിന്നുകയും, ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ അവയുടെ രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞു പോകുന്ന അവസ്ഥയും (കീറ്റോസിസ്- Ketosis) ഉണ്ടാകാറുണ്ട്. 

പ്രസവാനന്തര ഹീമോഗ്ലോബിനൂറിയ (PPH) എങ്ങനെ തിരിച്ചറിയാം 

എലിപ്പനി, ബബീസിയോസിസ്, തൈലേറിയോസിസ്, ബാസിലറി ഹീമോഗ്ലോബിനൂറിയ, കോള്‍ഡ് വാട്ടര്‍ ഹീമോലൈറ്റിക് അനീമിയ (അമിതമായ അളവില്‍ തണുത്തവെള്ളം കുടിക്കുന്നത് മൂലം കിടാക്കളുടെ മൂത്രത്തിന് ചുവപ്പുനിറം ഉണ്ടാകുന്ന അവസ്ഥ), ചെമ്പ് (കോപ്പര്‍) വിഷബാധ തുടങ്ങിയ രോഗങ്ങളുണ്ടാകുമ്പോഴും പരുത്തിക്കുരു പിണ്ണാക്ക്, ബര്‍സീം എന്നിവ കൂടുതല്‍ അളവില്‍ തീറ്റയില്‍ ഉള്‍പ്പെടുത്തിയാലും പശുക്കളുടെ മൂത്രത്തിന് ചുവപ്പു നിറമോ അല്ലെങ്കില്‍ കട്ടന്‍കാപ്പിയുടെ നിറമോ ഉണ്ടാകാം.

കന്നുകാലികളെ ബാധിക്കുന്ന കോര്‍ണിബാക്ടീരിയം റിനെയ്ല്‍ എന്ന ബാക്ടീരിയ രോഗം, വൃക്കയില്‍ കല്ല്, പൈലോനെഫ്രൈറ്റിസ്, കിടാവുകളില്‍ കാണപ്പെടുന്ന മയോഗ്ലോബിനൂറിയ എന്നീ രോഗങ്ങളിലും മൂത്രത്തിന് രക്തനിറമായിരിക്കും. ആയതിനാല്‍ ഇത്തരം രോഗാവസ്ഥകള്‍ വേര്‍തിരിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

പ്രസവാനന്തര ഹീമോഗ്ലോബിനൂറിയ രോഗമാണെങ്കില്‍ പശുക്കള്‍ക്ക് ശക്തിയായ പനി ഉണ്ടാവുന്നില്ല. 

തീവ്രതയേറിയാല്‍ 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം. കൂടാതെ മൂത്രത്തില്‍ രക്തത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. എന്നാല്‍ എലിപ്പനി ബബീസിയോസിസ് എന്നീ രോഗങ്ങളില്‍ പശുക്കള്‍ക്ക് അതിശക്തമായ പനി ഉണ്ടായിരിക്കും. കൂടാതെ രക്തപരിശോധന വഴിയും രോഗങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. 

ചുവപ്പു നിറത്തിലുള്ള മൂത്രം ഒരു പാത്രത്തില്‍ എടുത്തുവെച്ച് കുറച്ചു കഴിയുമ്പോള്‍ (അല്ലെങ്കില്‍ സെന്‍ട്രിഫ്യൂജ് ചെയ്യുമ്പോള്‍) രക്താണുക്കള്‍ താഴേക്ക് അടിയാതെ, മൂത്രം ചുവന്ന നിറത്തില്‍ത്തന്നെ കാണപ്പെടുന്നെങ്കില്‍ ഹീമോഗ്ലോബിനൂറിയ ആണെന്ന് മനസ്സിലാക്കാം. ചുവപ്പുനിറം പാത്രത്തിന്റെ താഴെയായി അടിയുന്നുണ്ടെങ്കില്‍ അത് അരുണ രക്താണുക്കള്‍ (RBC) ആയിരിക്കും. മൂത്രത്തിലൂടെ രക്തം നഷ്ടപ്പെടുന്ന ഈ അവസ്ഥ ഫോസ്ഫറസ് അപര്യാപ്തത കൊണ്ട് ഉണ്ടാകുന്നതല്ല, മറിച്ച് വൃക്കയില്‍ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങള്‍, യോനി ഭാഗത്ത് മുറിവ് തുടങ്ങിയവ മൂലമാകാം. 

സിറത്തിലുള്ള ഫോസ്ഫറസിന്റെ അളവ് പരിശോധിച്ചാല്‍ ശരീരത്തില്‍ അപര്യാപ്തതയുണ്ടോ എന്ന് മനസ്സിലാക്കാവുന്നതാണ്. രക്തത്തില്‍ ഫോസ്ഫറസിന്റെ അളവ് 3 മി. ഗ്രാം / ഡെസീ ലീറ്ററില്‍ കുറഞ്ഞാല്‍ മൂത്രത്തിലും കുറഞ്ഞ അളവില്‍ ഹീമോഗ്ലോബിന്‍ ഉണ്ടാകും. എന്നാല്‍, ഫോസ്ഫറസിന്റെ അളവ് 1.5 മി.ഗ്രാം / ഡെസീ ലീറ്ററില്‍ കുറയുകയാണെങ്കില്‍ വളരെ തീവ്രതയേറിയ രോഗലക്ഷണങ്ങള്‍ പ്രകടമാകും. 

ചികിത്സയും പ്രതിരോധവും

  • രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പശുക്കള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ ആവശ്യത്തിന് വിശ്രമം നല്‍കണം. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കണം. 
  • ആവശ്യത്തിന് കുടിവെള്ളവും ആഹാരവും ലഭ്യമാക്കണം. 
  • രോഗത്തിന്റെ ഗുരുതരാവസ്ഥയില്‍ രക്തം നല്‍കുക മാത്രമാണ് ഫലപ്രദമായ ചികിത്സ. 
  • 200-300 ഗ്രാം സോഡിയം ഫോസ്‌ഫേറ്റ് 20% വീര്യത്തില്‍ വായിലൂടെ നല്‍കാം.
  • ടോള്‍ഡിംഫോസ് (Toldimfos), ബൂട്ടാഫോസ്ഫാന്‍ (Butapbosphan), സോഡിയം ഗ്ലിസറോഫോസ്‌ഫേറ്റ്, 
  • കോപ്പര്‍ സള്‍ഫേറ്റ് തുടങ്ങിയവ നല്‍കുന്നതും ഫലപ്രദമാണ്. 
  • ഫൈബ്രിനോലൈറ്റിക് വസ്തുക്കള്‍, പാരാ-അമിനോ മീഥൈല്‍ ബെന്‍സോയിക് ആസിഡ് (PABA), ബോട്രോപേസ് (Botropase ) എന്നിവയും നല്‍കാവുന്നതാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

  • ഫോസ്ഫറസ് കുറവുള്ള മണ്ണില്‍ വളരുന്ന പുല്ല് അധികയളവില്‍പശുക്കള്‍ക്ക് സ്ഥിരമായി നല്‍കിയാല്‍ അവയുടെ രക്തത്തില്‍ ഫോസ്ഫറസ് കുറയാനും ഹീമോഗ്ലോബിനൂറിയ ഉണ്ടാകാനും സാധ്യതയുണ്ട്. ആയതിനാല്‍ പുല്‍കൃഷി ചെയ്യുന്ന സ്ഥലങ്ങളിലെ മണ്ണ് പരിശോധിച്ച് ആവശ്യമെങ്കില്‍ ഫോസ്ഫറസ് ചേര്‍ക്കുന്നത് ഉചിതമാണ്. 
  • പ്രസവമടുത്തതോ പ്രസവിച്ചതോ ആയ പശുക്കള്‍ക്ക് ഉണക്കപ്പുല്ലോ വൈക്കോലോ മാത്രം നല്‍കിയാലും അവയ്ക്ക് ഫോസ്ഫറസ് കുറവുണ്ടാകാം. ആയതിനാല്‍ ആവശ്യമായ അളവില്‍ സാന്ദ്രിതാഹാരവും (concentrates) അവയ്ക്ക് നല്‍കണം. 
  • ചെറുകുടല്‍ സംബന്ധമായ രോഗങ്ങള്‍ മൂലവും ഫോസ്ഫറസ് ശരീരത്തിലേക്ക് വേണ്ടവിധത്തില്‍ ആഗികരണം ചെയ്യപ്പെടാതിരിക്കാന്‍ സാധ്യതയുണ്ട്. 
  • പശുക്കളുടെ തീറ്റയില്‍ കാത്സ്യം-ഫോസ്ഫറസ് അനുപാതം കൂടിയാലും രക്തത്തില്‍ ഫോസ്ഫറസിന്റെ കുറവ് അനുഭവപ്പെടാം. 
  • ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കാന്‍ തീറ്റയില്‍ കൃത്യമായ അനുപാതത്തില്‍ ധാതുലവണമിശ്രിതം ചേര്‍ക്കുക, വിഷച്ചെടികളില്‍നിന്ന് കന്നുകാലികളെ അകത്തി നിര്‍ത്തുക, പുല്‍ക്കൃഷി ചെയ്യുന്ന മണ്ണ് പരിശോധിച്ച് അപര്യാപ്തത നികത്തുക തുടങ്ങിയവയാണ് രോഗപ്രതിരോധ മാര്‍ഗങ്ങള്‍.

English summary: Postparturient Hemoglobinuria in Dairy Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com