ADVERTISEMENT

കല്ലിലും മണ്ണിലുമെല്ലാം ചവിട്ടി ആവശ്യാനുസരണം പുല്ലും കഴിച്ചു വിഹരിക്കുന്ന പശുക്കളേപ്പോലല്ല ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ വളർത്തപ്പെടുന്ന പശുക്കൾ. റബർ മാറ്റിൽ ശാരീരിക വ്യായാമം ഇല്ലാതെ സ്ഥിരമായി നിൽക്കുന്ന പശുക്കളുടെ കുളമ്പുകൾക്ക് തേയ്മാനം കൂടുതലാണെന്ന് ക്ഷീരകർഷകർ പറയാറുണ്ട്. പശുക്കളുടെ രണ്ടാം ഹൃദയമാണ് കുളമ്പുകൾ. അതായത് കുളമ്പിന് ആരോഗ്യമുണ്ടെങ്കിൽ പശുക്കൾക്കും ആരോഗ്യമുണ്ട്. എന്നാൽ, ഫാമിങ് രീതിയിൽ വളർത്തപ്പെടുന്ന പശുക്കളിൽ കുളമ്പു തേയ്മാനം വ്യാപകമായി കാണപ്പെടാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ കരി ഓയിലും തുരിശും ഉപ്പും ചേർന്നുള്ള പ്രത്യേക ചികിത്സാരീതി സ്വീകരിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനു സമീപം കോഴായിലുള്ള വട്ടമുകളേൽ ബിജുമോൻ തോമസ്.

75 പശുക്കളും മുപ്പതോളം കിടാരികളും ഉൾപ്പെടെ  നൂറിലേറെ ഉരുക്കളുള്ള ബിജുമോന്റെ വട്ടമുകളേൽ ഡെയറി ഫാമിൽ ദിവസം 800 ലീറ്റർ പാലാണ് ഉൽപാദനം. പശുക്കളുടെ കുളമ്പുകൾ നിരീക്ഷിക്കുന്നത് ബിജുമോന്റെ ദിനചര്യയിൽപ്പെട്ടതാണ്. പശുക്കൾ വിശ്രമിക്കുന്ന സമയങ്ങളിലാണ് അവയുടെ കുളമ്പുകൾ പരിശോധിക്കുക. കുളമ്പുകളിൽ അണുബാധയുണ്ടായാൽ പശുക്കളുടെ ആരോഗ്യത്തെ ബാധിക്കും. കാൽ എടുത്തെടുത്തു കുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അണുബാധ സാരമായി ബാധിച്ചിട്ടുണ്ട്. തുടക്കത്തിൽത്തന്നെ ചികിത്സിച്ചാൽ പശുക്കൾക്ക് ക്ഷീണമുണ്ടാകുന്നതും ഉൽപാദനനഷ്ടവും കുറയ്ക്കാൻ സാധിക്കുമെന്നും ബിജുമോൻ. പശുക്കളുടെ കുളമ്പുസംരക്ഷണത്തിന് ബിജുമോൻ സ്വീകരിച്ചിരിക്കുന്നത് കരി ഓയിൽ പ്രയോഗമാണ്. 250 മില്ലി ഡീസൽ എൻജിൻ കരി ഓയിയിലിൽ നന്നായി പൊടിച്ച 200 ഗ്രാം തുരിശും അൽപം ഉപ്പുപൊടിയും ചേർത്തിളക്കി പശുക്കൾ കിടക്കുമ്പോൾ ബ്രഷ് ഉപയോഗിച്ച് കുളമ്പുകളിൽ തേച്ചുപിടിപ്പിക്കുന്നു. 4–5 ദിവസം ഇത്തരത്തിൽ പുരട്ടി നൽകിയാൽ കുളമ്പിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നും ബിജുമോൻ പറയുന്നു. 

75 പശുക്കളിൽ 60 എണ്ണത്തിനാണ് കറവയുള്ളത്. രണ്ടു നേരങ്ങളിലായി ദിവസം 800 ലീറ്ററിലധികമാണ് പാലുൽപാദനം. ഇതിലൂടെ മാസം 2.5 ലക്ഷത്തിലധികം രൂപ ലാഭമായി മാത്രം ബിജുമോൻ നേടുന്നു. ബിജുമോന്റെ വട്ടമുകളേൽ ഡെയറി ഫാമിന്റെ വിശേഷങ്ങൾ ഇവിടെ തീരുന്നില്ല. ബിജുമോന്റെ ഡെയറി ഫാമിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കർഷകശ്രീ സെപ്റ്റംബർ ലക്കം കാണുക.

English summary: Prevention and Control of Foot Problems in Dairy Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com