ADVERTISEMENT

മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മണ്ണിന്റെ ആരോഗ്യം. മനുഷ്യന്റെ ആരോഗ്യം നിര്‍ണയിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കെല്‍പും നടപ്പിലും എടുപ്പിലുമുള്ള ചടുലതയും ആയുസ്സും ഒക്കെ കണക്കിലെടുത്താണ്. മണ്ണിന്റെ ആരോഗ്യമോ..? സസ്യങ്ങള്‍ക്ക് വേരിറക്കി വളരാനും പടരാനും ഫലമണിയാനുമുള്ള ഊര്‍ജം നല്‍കാനുള്ള കഴിവ് അനുസരിച്ചാണ് മണ്ണിന്റെ ആരോഗ്യം വിലയിരുത്തുന്നത്. എല്ലാ മണ്ണിലും എല്ലാ വിളകളും വളരണമെന്നില്ല. വളരുന്ന എല്ലാ വിളകളും ഫലം നല്‍കണമെന്നില്ല. കൃഷി ചെയ്യുന്ന കര്‍ഷകന് മികച്ച ആദായവും വിളവും നല്‍കുനന്താണ് നല്ല ആരോഗ്യമുള്ള മണ്ണ്. മണ്ണിന്റെ ആരോഗ്യത്തെ യഥാവിധം പരിശോധിച്ച് ആവശ്യമായ വളപ്രയോഗങ്ങളെ കണ്ടെത്താന്‍ ഇന്ന് കഴിയും.

മനുഷ്യന് ആരോഗ്യ കാര്‍ഡു പോലെ മണ്ണിനും ആരോഗ്യ കാര്‍ഡ് ഏര്‍പ്പെടുത്തിയാലോ. കാര്‍ഷിക മേഖലയില്‍ അത്തരമൊരു സംവിധാനമുണ്ട്. ഒരു ചെടിയെ വളര്‍ത്തിക്കൊണ്ടു വരാനും ആ ചെടിയില്‍നിന്ന് ഫലം നല്‍കാനും സാധിക്കുന്ന വിധമുള്ള പ്രാപ്തി മണ്ണിനുണ്ടോ എന്നു കണ്ടെത്തി പ്രതിവിധി നേടുകയെന്നതാണ് മണ്ണു പരിശോധനയും തുടര്‍ചികിത്സയും വഴി നടപ്പാക്കുന്നത്. മണ്ണിനെ അറിയുക എന്ന സാമാന്യ തത്വത്തിലൂന്നിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

ജീവനുള്ള മണ്ണിലേ ജീവജാലങ്ങള്‍ വളരൂ. മണ്ണിലെ സൂക്ഷ്മജീവികളാണ് ഭൂമിയുടെ ഫലപുഷ്ടിയും ഉല്‍പാദനക്ഷമതയും നിലനിര്‍ത്തുന്നത്. മണ്ണിലെ ജീവനെ സംരക്ഷിച്ചേ മതിയാകൂ. 45% ധാതു മൂലകങ്ങള്‍. 25% വായു, 25%, ജലം, 5% ജൈവാംശം എന്നിങ്ങനെയാണു മികച്ച മണ്ണിന്റെ ഘടന. കളിമണ്ണ്, എക്കല്‍മണ്ണ്, മണല്‍ എന്നിവയുടെ അളവും ഘടനയെ വ്യത്യാസപ്പെടുത്തുന്നു. ഫലപുഷ്ടി കൂടുതലുള്ള മണ്ണില്‍ എക്കലിന്റെ സാന്നിധ്യം കൂടുതലായിരിക്കും. മണല്‍ മണ്ണില്‍ വെള്ളം പെട്ടെന്ന് വാര്‍ന്നു പോകും. കളിമണ്ണിലാകട്ടെ ജലം പതുക്കെ മാത്രമേ താഴ്ന്നുപോകാറുള്ളൂ. മണ്ണില്‍ പ്രാഥമിക ഘടകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും സൂക്ഷ്മ മൂലകങ്ങളും ഉണ്ടാകണം. അവ ഓരോ കൃഷിയിനങ്ങളുടെയും പരിപോഷണത്തിന് ഉപകാരപ്പെടുന്നത് എങ്ങനെയൊക്കെയെന്ന് കണ്ടെത്തി വളപ്രയോഗത്തിലൂടെ കൃഷിയെ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് കൃഷി വിദഗ്ധനായ എന്‍. ഗോഗുല്‍ പറഞ്ഞു. മണ്ണില്‍ സ്വാഭാവികമായി കണ്ടെത്തുന്ന സൂക്ഷ്മജീവികളുടെ ഏറ്റക്കുറച്ചിലാണ് ഓരോ സ്ഥലത്തെയും മണ്ണിന്റെ ഫലഭൂയിഷ്ടതയെ ബാധിക്കുന്നത്. മഴക്കാലത്ത് മേല്‍മണ്ണ് ഒഴുകിപ്പോകുന്നതോടെ മണ്ണിന്റെ സ്വഭാവം തന്നെ മാറിപ്പോകുന്നത് ഇതുമൂലമാണ്.

മണ്ണിലെ പുളിരുചിയെ സൂചിപ്പിക്കാന്‍ പിഎച്ച് മൂല്യം ഉപയോഗിക്കുന്നു. പിഎച്ച് 7ല്‍ താഴ്ന്ന മണ്ണിനെ അമ്ലാംശം ഉള്ള മണ്ണായി കണക്കാക്കുന്നു. ഏഴിലും കൂടിയാല്‍ ക്ഷാരസ്വഭാവമായി. പിഎച്ച് 7 എന്നത് നിര്‍വീര്യതയെ സൂചിപ്പിക്കുന്നു. മഴയുടെ തോതു കൂടുതലായതിനാലും ചെരിവുള്ള പ്രദേശമായതിനാലും നമ്മുടെ മണ്ണില്‍ അമ്ലാംശം കൂടുതലാണ്. പിഎച്ച് 6.5 മുതല്‍ 7.5 വരെ ആകുന്നതാണ് സസ്യവളര്‍ച്ചയ്ക്കു പൊതുവേ അഭികാമ്യം. പുളിരുചി നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി കുമ്മായം പോലുള്ള പദാര്‍ഥങ്ങള്‍ മണ്ണിലേക്കു ചേര്‍ത്തു കൊടുക്കണം. സസ്യങ്ങള്‍ക്കു പോഷകമൂലകങ്ങള്‍ വലിച്ചെടുക്കുന്നതിനും മണ്ണിലടങ്ങിയ മൂലകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കുമ്മായ പ്രയോഗം നല്ലതാണ്. രാസവളങ്ങള്‍ കുമ്മായത്തിനോടു ചേര്‍ത്ത് ഉപയോഗിക്കരുത്. 14 ദിവസം കഴിഞ്ഞു രാസവളം ഉപയോഗിക്കുന്നതാണ് നല്ലത്. 

മണ്ണെടുക്കേണ്ടത് എങ്ങനെ? പരിശോധനയ്ക്കായി മണ്ണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

കൃഷിയിടത്തെ ആകെ പ്രതിനിധീകരിക്കുന്നതാകണം എടുക്കുന്ന സാമ്പിളുകള്‍ മണ്ണെടുക്കുന്ന സ്ഥലത്തെ ഉണക്കയിലകളും കല്ലും പുല്ലും നീക്കം ചെയ്ത് മണ്‍വെട്ടി ഉപയോഗിച്ച് ഇംഗ്ലിഷ് അക്ഷരം 'വി' ആകൃതിയില്‍ മണ്ണ് വെട്ടിമാറ്റിയെടുത്ത് പുറത്തുകളയണം. വെട്ടിയുണ്ടാക്കിയ കുഴിയില്‍ മുകളറ്റം മുതല്‍ താഴെ വരെ 5 സെന്റിമീറ്റര്‍ കനത്തില്‍ മണ്ണ് വെട്ടിയെടുത്ത് തണലത്ത് ഉണക്കിയെടുക്കണം. ഉണക്കിയെടുത്ത മണ്ണ് നിരത്തിയിട്ട് നാലാക്കി ഭാഗിച്ച് കോണോടുകോണ്‍ വരുന്ന ഭാഗങ്ങള്‍ ശേഖരിക്കാം. അരകിലോഗ്രാം മണ്ണ് ആകുന്നത് വരെ ഇതു തുടരണം, വിസ്തീര്‍ണം അനുസരിച്ച് 8 മുതല്‍ 16 വരെ സ്ഥലങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ച പ്രാതിനിധ്യ സാമ്പിള്‍ ഉണ്ടാക്കാം. വരമ്പുകള്‍, വളക്കുഴികള്‍, വളം ചേര്‍ത്ത തടങ്ങള്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു സാമ്പിള്‍ ശേഖരിക്കരുത്. സാമ്പിള്‍ പരിശോധനയ്ക്കായി നല്‍കുമ്പോള്‍ അവയില്‍ കര്‍ഷകരുടെ പേരും കൃഷിചെയ്യുന്ന പ്രധാന വിളകളും രേഖപ്പെടുത്തിയാല്‍ മണ്ണില്‍ ഉപയോഗിക്കേണ്ട വളങ്ങളുടെ അളവ് കൃത്യമായി നല്‍കാന്‍ കഴിയും. 

മണ്ണ് പരിശോധന എന്തിന്? 

ചെടികള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ മിക്കതും വളപ്രയോഗത്തിലൂടെയും കുമ്മായം, ഡോളോമൈറ്റ് എന്നിവ നല്‍കുന്നതിലൂടെയും ലഭ്യമാകുന്നു. എന്നാല്‍, വളരെ കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ള സൂക്ഷ്മ മൂലകങ്ങളും ചെടികളുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ബോറോണ്‍, സിങ്ക്, ഇരുമ്പ്, മാംഗനീസ് എന്നിവ ഇവയില്‍ ചിലതാണ്. കേരളത്തിന്റെ മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്. എന്നാല്‍ ബോറോണ്‍ കുറവുമാണ്. ഇത്തരം മൂലകങ്ങളുടെ മണ്ണിലെ സാന്നിധ്യം അറിയാന്‍ മണ്ണ് പരിശോധന കര്‍ഷകരെ സഹായിക്കുന്നു. മണ്ണറിഞ്ഞു വളം ചെയ്താല്‍ ഉല്‍പാദനച്ചെലവു കുറയും. കൂടാതെ മണ്ണിലെ പിഎച്ച് ലവണാംശം, ജൈവ ഘടകങ്ങളുടെ സാന്നിധ്യം എന്നിവയും മണ്ണ് പരിശോധന വഴി അറിയാം. കേരളത്തില്‍ എല്ലാ ജില്ലകളിലും കൃഷി വകുപ്പിന്റെ കീഴില്‍ മണ്ണ് പരിശോധനാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തോടെ ആണെങ്കില്‍ മണ്ണു പരിശോധന സൗജന്യമാണ്. 

ഘടനയനുസരിച്ചു പ്രധാനമായി പത്തിനം മണ്ണുകളാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. കുട്ടനാട്ടിലെ കരി, കായല്‍, കരപ്പാടം, എറണാകുളം ജില്ലയിലെ പൊക്കാളി, പാലക്കാടുള്ള പൂന്തല്‍പ്പാടം. തൃശൂര്‍-മലപ്പുറം ജില്ലകളില്‍ കാണുന്ന കോള്‍നിലങ്ങള്‍, ഓണാട്ടുകരയിലെ മണല്‍നിലങ്ങള്‍, ചിറ്റൂരിലെ കരിനിലങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് നിലങ്ങള്‍ എന്നിവ ശ്രദ്ധയര്‍ഹിക്കുന്നു. 

മണ്ണിന്റെ പോഷകനില, വളത്തിന്റെ അളവ് എന്നിവ അറിയാന്‍ ആപ് 

മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് സഹായകമാകുകയാണ് മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് തയാറാക്കിയ 'മണ്ണ്' ആപ്ലിക്കേഷന്‍. നമ്മള്‍ നില്‍ക്കുന്നിടത്തെ മണ്ണിന്റെ പോഷകനില മനസ്സിലാക്കാനും അതിനനുസരിച്ച് വളപ്രയോഗം നടത്താനും ഇനി സ്മാര്‍ട്ട് ഫോണ്‍ സഹായിക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡിനായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് കര്‍ഷകര്‍ക്കു വേണ്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

'മണ്ണ്' ആപ് 

പ്ലേ സ്റ്റോറില്‍നിന്നു മണ്ണ്(mannu) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് സേവനം എല്ലാവര്‍ക്കും ഉപയോഗിക്കാം. ആപ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം കൃഷിയിടത്തില്‍ പോയി ജിപിഎസ് ഓണാക്കി ആപ് തുറന്നാല്‍ മണ്ണിന്റെ പോഷക നില പരിശോധിക്കുക എന്ന് കാണാം. അതില്‍ അമര്‍ത്തിയാല്‍ ആ സ്ഥലത്തുള്ള മണ്ണിലെ ഓരോ മൂലകത്തിന്റെയും പോഷകനില സ്‌ക്രീനില്‍ തെളിയും. ഇതിനുശേഷം വള ശുപാര്‍ശ എന്നതും അതില്‍ അമര്‍ത്തിയാല്‍ വിള തിരഞ്ഞെടുക്കുക എന്ന നിര്‍ദേശവും കാണാം. അതില്‍ നമുക്ക് ആവശ്യമുള്ള വിള തിരഞ്ഞെടുത്താല്‍ അതിന് ആ സ്ഥലത്ത് ആവശ്യമായ ജൈവ വളത്തിന്റെയും രാസവളത്തിന്റെയും കൃത്യമായ അളവ് ലഭിക്കും. 

കര്‍ഷകര്‍ക്കുള്ള ഗുണങ്ങള്‍ 

ആപ് വഴി വളരെ പെട്ടന്ന് കൃഷിയിടത്തിലെ മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കാനും, ഓരോ വിളയ്ക്കും വേണ്ട മൂലകങ്ങളും തിരിച്ചറിഞ്ഞ് വളപ്രയോഗം നടത്താനും കഴിയും. കൂടാതെ ലാബ് വഴിയുള്ള മണ്ണ് പരിശോധനമൂലം നേരിടുന്ന കാലതാമസം ഒഴിവാക്കാം. മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങളുടെയും കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മാംഗനീസ്, സിങ്ക്, കോപ്പര്‍, ബോറോണ്‍ തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെയും അമ്ലതയുടെ നിലവാരം കര്‍ഷകര്‍ക്ക് മൊബൈല്‍ വഴി അറിയാം. നെല്ല്, വിവിധ പച്ചക്കറികള്‍, കുരുമുളക് തുടങ്ങി 21 ഇനം വിളകള്‍ക്കാവശ്യമായ മണ്ണിന്റെ വിവരങ്ങള്‍ ആപ്പിലുണ്ട്.

English summary: Mobile Application on Mannu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com