പശുക്കളിൽ രക്തവും ശ്ലേഷ്‌മവും കലർന്ന ചാണകം കണ്ടാൽ ശ്രദ്ധിക്കണം; പ്രശ്നം ഇതായിരിക്കാം

HIGHLIGHTS
  • പശുക്കളിൽ പണ്ടപ്പുഴുബാധ തടയാനുള്ള വഴികൾ
  • പൂർണവളർച്ചയെത്താത്ത ഈ ഇത്തിരിക്കുഞ്ഞൻ വിരകളാണ് ഏറ്റവും അപകടകാരികൾ
cow
SHARE

കേരളത്തിലെ പശുക്കളിൽ കണ്ടുവരുന്ന ആന്തരികപരാദബാധകളിൽ ഏറ്റവും മുഖ്യമാണ് പണ്ടപ്പുഴു ബാധ. പത്രവിരകളുടെ ഗണത്തിൽപ്പെട്ട പണ്ടപ്പുഴുക്കൾ പരാദശാസ്ത്രത്തിൽ അറിയപ്പെടുന്നത് ആംഫിസ്റ്റോം വിരകൾ എന്ന പേരിലാണ്.  ഇടവിട്ടുള്ള രൂക്ഷമായ വയറിളക്കം, ചാണകത്തിന് ദുർഗന്ധം, ഇടയ്ക്കിടെയുള്ള  ഉദരകമ്പനം, ചാണകത്തിൽ നേർത്ത പാടപോലെ രക്തത്തിന്റെയും ശ്ലേഷ്മത്തിന്റെയും അംശം, പാലിന്റെ അളവും റീഡിംഗും ക്രമേണ കുറയൽ, തീറ്റമടുപ്പ്, പശുക്കൾ മെലിച്ചിൽ തുടങ്ങിയവയെല്ലാം പശുക്കളിലെ ആംഫിസ്റ്റോം വിരബാധയുടെ പ്രാഥമികലക്ഷണങ്ങളിൽ പെട്ടതാണ്.

പണ്ടപ്പുഴുക്കൾ പശുക്കളിൽ എത്തുന്ന വഴി 

പണ്ടപ്പുഴുക്കൾക്ക് പശുക്കളുടെ ശരീരത്തിലെത്തണമെങ്കിൽ ഒന്നു രണ്ട് കടമ്പകൾ പിന്നിടേണ്ടതുണ്ട്. പണ്ടപ്പുഴു ബാധയേറ്റ പശുക്കൾ അവയുടെ ചാണകം വഴി വിരയുടെ മുട്ടകൾ ധാരാളമായി പുറന്തള്ളും. നല്ല ഈർപ്പമുള്ള സാഹചര്യങ്ങളിൽ വച്ച് മുട്ടകൾ വിരിഞ്ഞ് പണ്ടപ്പുഴുക്കളുടെ ലാർവകൾ പുറത്തിറങ്ങും. മിറാസീഡിയം എന്നാണ് ഈ വിരക്കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്. ഇങ്ങനെ വിരിഞ്ഞിറങ്ങുന്ന ലാർവകൾ വെള്ളകെട്ടിലും ചളി നിറഞ്ഞ പാടത്തുമെല്ലാം കാണുന്ന ഒച്ചുകളുടെ ശരീരത്തിൽ തുളച്ച് കയറും. കാരണം പണ്ടപ്പുഴു ലാർവകൾക്ക് ഇനി വളർച്ച പ്രാപിക്കണമെങ്കിൽ ഒച്ചുകളുടെ ശരീരത്തിൽ കടന്നുകയറിയേ പറ്റൂ, അതാണ് പ്രകൃതിനിയമം. ഒരുമാസത്തോളം നീളുന്ന വളർച്ചയ്ക്കു ശേഷം ക്രമേണ ഒച്ചുകളിൽനിന്നും ലാർവകൾ പുറത്തിറങ്ങും. ഇങ്ങനെ ഒച്ചുകളിൽനിന്നും പുറത്തെത്തുന്ന ആംഫിസ്റ്റോം ലാർവകൾ ശാസ്ത്രീയമായി അറിയപ്പെടുന്നത് സെർക്കാരിയം എന്നാണ്. പൂർണ വളർച്ചമുറ്റാത്ത ഈ ലാർവകൾ മെറ്റാസെർക്കാരിയം എന്ന് പേരായ ചെറിയ ഗോളങ്ങളുടെ രൂപത്തിൽ (സിസ്റ്റ്) വെള്ളകെട്ടുകൾക്കും വയലിനുമെല്ലാം സമീപമുള്ള പുൽക്കൊടികളിൽ പറ്റിപിടിച്ചിരിക്കും. ഈ പുൽക്കൊടികൾ തീറ്റയാക്കുമ്പോൾ നൂറുകണക്കിന് ആംഫിസ്റ്റോം സിസ്റ്റുകൾ പശുക്കളുടെ കുടലിലെത്തും.

പശുക്കളുടെ ഉള്ളിലെത്തുന്ന ആംഫിസ്റ്റോം സിസ്റ്റുകൾ വളർന്ന് കുഞ്ഞുവിരകളായി മാറും. പൂർണവളർച്ചയെത്താത്ത ഈ ഇത്തിരിക്കുഞ്ഞൻ വിരകളാണ് ഏറ്റവും അപകടകാരികൾ. ചെറുകുടൽ ഭിത്തിയിലെ കോശങ്ങളാണ് ഇവയുടെ ആഹാരം. ചെറുകുടൽഭിത്തിയിൽ തുരന്നുകയറി ഇവർ കുടൽ ഭിത്തിയുടെ പ്രധാന ഭാഗമായ മൂക്കോസയിൽ ക്ഷതമുണ്ടാക്കും. ഇത് കുടൽ ഭിത്തിയിൽ മുറിവുകൾ ഉണ്ടാകാനും രക്തസ്രാവത്തിനും കാരണമാവും. പണ്ടപ്പുഴു ബാധയിൽ ചാണകത്തിൽ രക്താശം കാണുന്നതിന് കാരണം ഇതാണ്. കുടൽ ഭിത്തിയുടെ നാശം പോഷകാഗിരണം അടക്കമുള്ള ദഹനപ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. ക്രമേണ കുടൽ ഭിത്തിയുടെ കട്ടിയേറുകയും കുടൽ ഭിത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥികൾക്ക് പോറലേൽക്കുകയും ചെയ്യുന്നതോടെ ദഹനരസങ്ങളുടെ ഉൽപാദനം തടസ്സപ്പെടുകയും ദഹനപ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്യും. അതോടെ പശുക്കൾ മെലിച്ചിൽ, തീറ്റമടുപ്പ്, പാൽ ഉൽപ്പാദനം കുറയൽ, ദുർഗന്ധത്തോട് കൂടിയ രൂക്ഷമായ വയറിളക്കം, ഇടവിട്ടുള്ള ഉദരകമ്പനം തുടങ്ങിയ ലക്ഷണങ്ങൾ ഓരോന്നായി കാണിച്ച് തുടങ്ങും.

cattle-disease
പണ്ടപ്പുഴുബാധയുടെ ലക്ഷണങ്ങൾ

പശുക്കളിൽ പ്രശ്നങ്ങൾ ഏറെ 

മേൽപറഞ്ഞ ലക്ഷണങ്ങൾ കൂടാതെ  താടയിൽ വീക്കം, രോമം കൊഴിച്ചിൽ, അനീമിയ അഥവാ വിളർച്ച, പാലുൽപ്പാദനം ഗണ്യമായി കുറയുന്നതിനൊപ്പം പാലിന്റെ റീഡിങ്ങിലും ഫാറ്റിലും കുറവ് സംഭവിക്കൽ തുടങ്ങിയ ലക്ഷണങ്ങളും കാണാം. പോഷകാഗിരണം തടസ്സപ്പെടുന്നത് പ്രത്യുൽപ്പാദനപ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. മദി ലക്ഷണങ്ങൾ പ്രകടമാകാതിരിക്കൽ തന്നെയാണ് ഇതിന്റെ പ്രധാന ഫലം. ക്രമേണ കുടലിൽനിന്ന് ആമാശയ അറയിലെത്തി (പണ്ടം) പൂർണവളർച്ചയെത്തുന്ന പണ്ടപ്പുഴുക്കൾ ഇത്രത്തോളം അപകടകാരികൾ അല്ലെങ്കിലും ക്രമേണയുള്ള മെലിച്ചിലിനും വിളർച്ചക്കും രോമം കൊഴിച്ചിലിനും ഇടക്കിടെയുള്ള ഉദരസ്തംഭനത്തിനും ഉദരകമ്പനത്തിനും ഉൽപാദനക്കുറവിനും കാരണമാവും. ആദ്യ ഘട്ടത്തിൽ തന്നെ കൃത്യമായി കണ്ടെത്തി മതിയായ ചികിത്സകൾ നൽകിയില്ലെങ്കിൽ ദിവസങ്ങൾ കഴിയും തോറും പശു കൂടുതൽ ക്ഷീണിക്കുകയും ഒടുവിൽ മരണം സംഭവിക്കുകയും ചെയ്യും. പണ്ടപ്പുഴു ബാധയേൽക്കുന്ന കിടാരികളിൽ മരണം സംഭവിക്കാൻ സാധ്യത ഏറെയാണ് .

വിരകളെ തിരിച്ചറിയാൻ 

ചാണകപരിശോധന പണ്ടപ്പുഴു ബാധ തിരിച്ചറിയാൻ പ്രയോജനപ്പെടുത്താമെങ്കിലും രോഗബാധയുടെ ആദ്യഘട്ടത്തിൽ ഫലപദമാവണമെന്നില്ല. കാരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിരകൾ പൂർണ വളർച്ചയെത്താത്തവയായതിനാൽ രോഗബാധയുടെ തുടക്കത്തിൽ ചാണകത്തിൽ വിരയുടെ മുട്ടകൾ ഉണ്ടാവില്ല. എന്നാൽ പശു രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ മുൻപ് സൂചിപ്പിച്ച ലക്ഷണങ്ങളെ തന്നെയാണ് പണ്ടപ്പുഴു ബാധ തിരിച്ചറിയാൻ കർഷകർക്ക് ആശ്രയിക്കാവുന്നത്. എന്നാൽ തീവ്രരോഗാവസ്ഥയിൽ ചാണകത്തിൽ ചെറിയ വിരകളെ കാണാനും കഴിയും. വിരകൾ വളർന്ന് ആമാശയ അറകളിൽ എത്തുന്നതോടെ ചാണകത്തിൽ വിരമുട്ടകൾ കണ്ടുതുടങ്ങും. അതിനാൽ നീണ്ട് നിൽക്കുന്ന രോഗാവസ്ഥയിൽ ചാണക പരിശോധന വഴി പണ്ടപ്പുഴു ബാധ തിരിച്ചറിയാൻ സഹായിക്കും.

പശുക്കളിൽ പണ്ടപ്പുഴുബാധ തടയാനുള്ള വഴികൾ

  • ലക്ഷണങ്ങളിൽ ഏതെങ്കിലും വഴി പണ്ടപ്പുഴു ബാധ സംശയിക്കുകയാണങ്കിൽ ചികിത്സയ്ക്കും മാർഗ നിർദേശങ്ങൾക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ചാണക പരിശോധനയും നടത്താം. ഉരുളൻ വിരകൾക്കും നാടവിരകൾക്കുമെതിരെ സാധാരണ നൽകുന്ന വിരഗുളികൾ പണ്ടപ്പുഴുവിനെതിരെ ഫലിക്കണമെന്നില്ല. ഓക്സിക്ലോസനൈഡ്, നിക്ലോസമൈഡ്, ക്ലൊസാന്റൽ, ലെവാമിസോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് പണ്ടപ്പുഴുക്കൾക്കും അവയുടെ ലാർവകൾക്കെതിരെയും ഏറ്റവും ഫലപ്രദം. ആംഫിസൈഡ്, നിയോസൈഡ്, നിയോസൈഡ് പ്ലസ്, ഫാസിനിൽ, ഡിസ്റ്റോഡിൻ, സൈക്ലോസ് തുടങ്ങിയ പേരുകളിൽ വിപണിയിൽ ഇവ ലഭ്യമാണ്.
  • പാടശേഖരങ്ങളോട് ചേർന്ന് വളർത്തുന്നതും പാടത്തും വെള്ളകെട്ടുകളോട് ചേർന്നും വളരുന്ന പുല്ല് സ്ഥിരമായി നൽകുന്നതുമായ പശുക്കൾക്ക് രണ്ട് മാസത്തിലൊരിക്കൽ മുൻകരുതൽ എന്ന നിലയിൽ പണ്ടപ്പുഴുവിനെ തടയുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം നൽകാവുന്നതാണ്.
  • പണ്ടപ്പുഴുവിനെ തടയുന്ന ഗുളികകൾ ഗർഭിണി പശുക്കൾക്ക് നൽകാമോ എന്നൊരു സംശയം ക്ഷീര കർഷകരിൽ ചിലർക്കെല്ലാമുണ്ട്. ഈ മരുന്നുകൾ ഗർഭിണിപശുക്കൾക്ക് നൽകുന്നത് പൂർണമായും സുരക്ഷിതമാണ്.
  • ഫാമിൽ മൂന്ന് മാസത്തെ ഇടവേളകളിൽ ചാണക പരിശോധന നടത്തണം. വിരബാധയ്‌ക്കെതിരെ പശുക്കള്‍ക്കും കിടാക്കള്‍ക്കും കിടാരികള്‍ക്കും ഒരേ സമയം വിരമരുന്നുകൾ നല്‍കാൻ ശ്രദ്ധിക്കണം. ചാണകം പറ്റിയ തീറ്റപ്പുല്ലുകള്‍ പശുക്കള്‍ തിന്നാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • പണ്ടപ്പുഴുവിന്റെ മധ്യവാഹകരായ ഒച്ചുകളുടെ നിയന്ത്രണമാണ് രോഗം തടയാനുള്ള മറ്റൊരു മാർഗം. തീറ്റപുൽ കൃഷിയിടങ്ങളിൽ ഒച്ചുകളെ നിയന്ത്രിക്കുന്നതിനായി പുകയിലസത്ത് കോപ്പർ സൾഫേറ്റ് ലായനിയുമായി ( തുരിശ്) ചേർത്ത് തളിക്കാം. പാടത്തും പറമ്പിലും കോഴികളെയോ താറാവിനെയോ മേയാൻ വിട്ട് വളര്‍ത്തുക എന്നതും ഒച്ചുകളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. എന്നാൽ വലിയ പാടശേഖരങ്ങളിലും വെള്ളക്കെട്ടുകളോട് ചേർന്നുമെല്ലാം കാണപ്പെടുന്ന ഒച്ചുകളെ പൂർണമായും നിയന്ത്രിക്കുക എന്നത് പലപ്പോഴും പ്രായോഗികമാവണമെന്നില്ല. ഈ സാഹചര്യത്തിൽ ഒച്ചുകളുടെ സാന്നിധ്യം ഏറെയുള്ള പ്രദേശത്ത് പശുക്കളെ മേയാൻ വിടാതിരിക്കുക എന്നതാണ് കർഷകർക്ക് സ്വീകരിക്കാവുന്ന മാർഗം. ഒപ്പം ഇവിടെ നിന്നുള്ള തീറ്റപ്പുല്ലും പരമാവധി ഒഴിവാക്കണം. ഇനി ഇതിന് കഴിയാത്ത സാഹചര്യത്തിൽ തീറ്റപുല്ലിന്റെ അടിഭാഗം ഒഴിവാക്കി ബാക്കി ഭാഗം മാത്രം പശുക്കൾക്ക് നൽകാൻ ശ്രമിക്കണം. കാരണം പണ്ടപ്പുഴു ലാർവകൾ ഏറ്റവും അധികം പറ്റിപ്പിടച്ചിരിക്കുക തീറ്റപ്പുല്ലിന്റെ താഴ്ഭാഗത്തായിരിക്കും.
  • ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കാനും മുൻകരുതൽ എന്ന നിലയിൽ ആന്തര പരാദങ്ങൾക്കെതിരെ പ്രതിരോധിക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം നൽകാനും മറക്കരുത്. പുതുതായി ഫാമിലേക്ക് എത്തുന്ന പശുക്കളുടെ ചാണക പരിശോധന നടത്തുന്നതും ഉചിതമാണ്. ചാണകത്തിൽ വിരയുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.  

English summary: Parasitic Diseases of Cattle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA