കൃഷിയിൽ ചെലവ് കുറയ്ക്കാൻ വേണം സൂക്ഷ്മത: വിളവ് കുറയില്ല പക്ഷേ, ചെലവ് കുറയും

HIGHLIGHTS
  • കൂടുതൽ വെള്ളമൊഴിച്ചതുകൊണ്ട് ചെടി വേഗം വളരില്ല, വിളവ് കൂടില്ല
  • മണ്ണിൽ ഈർപ്പം നിലനിർത്തുകയാണ് പ്രധാനം
precision-farming
SHARE

ഒത്തിരി വെള്ളം ഒഴിച്ചാൽ ചെടികൾ നന്നായി വളരുമെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. വളം കുറേയേറെ നൽകിയാൽ വിളവ് കനക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഇതൊക്കെ വെറും തെറ്റിധാരണകൾ. ഓരോ ചെടിക്കും ആവശ്യത്തിനു മാത്രം നനവും ആവശ്യത്തിനുമാത്രം വളവും മതി. ഇവ ശ്രദ്ധാപൂർവം നൽകിയാൽ വിളവ് കുറയില്ല. ചെലവ് കുറയുകയും ചെയ്യും. മികച്ച വിളവും കുറഞ്ഞ ചെലവും ഉറപ്പു വരുത്തുന്ന രീതിയാണ് സൂക്ഷ്മ കൃഷിയിൽ അവലംബിക്കുന്നത്. കുറച്ചു വെള്ളവും വളവും കുറഞ്ഞ അധ്വാനവും കൊണ്ട് നിശ്‌ചിത സ്‌ഥലത്തുനിന്നു പരമാവധി ഉത്‌പാദനം ഉണ്ടാക്കുന്ന പുത്തൻ കൃഷിസമ്പ്രദായമാണ് പ്രിസിഷൻ ഫാമിങ് അഥവാ സൂക്ഷ്മ കൃഷി. 

വളമിടാനോ വെള്ളം ഒഴിക്കാനോ ആരും വേണ്ട. വളവും വെള്ളവും സസ്യസംരക്ഷണ പ്രവർത്തനങ്ങളുമൊക്കെ ഈ സമ്പ്രദായത്തിലെ ഇൻലൈൻ ഡ്രിപ്പർ വഴി വിളകളുടെ വേരുപടലത്തിലേക്കു നേരിട്ട് എത്തിക്കുന്നതാണ് പ്രിസിഷൻ കൃഷിരീതി. ഒരു നിശ്‌ചിത സ്‌ഥലത്ത് ഇന്ന വിളയിൽനിന്നും ഇത്ര ഉത്‌പാദനം ലക്ഷ്യമിട്ട് അതിനാവശ്യമായ ഉത്‌പാദന ഉപാധികൾ ആ വിളയ്‌ക്കു നൽകി വിളവെടുക്കുക എന്ന കിറുകൃത്യതയാണ് പ്രിസിഷൻ രീതി. വിളകളുടെ വേരുപടലം ഉള്ള സ്‌ഥലത്തു മാത്രം വളമിടുകയും വെള്ളമൊഴിക്കുകയും ചെയ്യുന്ന ഈ രീതി ലാഭകരമാണ്. ഓരോ തുള്ളി വെള്ളവും അമൂല്യമായി കരുതുന്ന മരുഭൂമിയായ ഇസ്രയേലിൽ പിറവിയെടുത്തതാണ് ഈ സമ്പ്രദായം. ടൺകണക്കിനു വളവും ഗ്യാലൻകണക്കിനു ജലവും നഷ്‌ടപ്പെടുത്തിയുള്ള പരമ്പരാഗത കൃഷിരീതികൾക്കു പകരം കുറച്ചു ജലവും കുറച്ചു വളവും കുറഞ്ഞ അധ്വാനവുംകൊണ്ടു കൂടുതൽ ഉത്‌പാദനം ഉണ്ടാക്കുന്ന തരത്തിലാണ് ഇതിന്റെ ആസൂത്രണം. മുൻകൂട്ടി തയാറാക്കിയ തൈകളാണ് പ്രിസിഷനിൽ ഉപയോഗിക്കുന്നത്. രോഗ കീടബാധയെ ചെറുക്കുന്നതും ഉയർന്ന വിളവു തരുന്നതുമായ വിത്തുകൾതന്നെ ഉപയോഗിക്കണം. 

ജലസംവിധാനത്തിന്റെ ലേ ഔട്ട് 

കൃഷിസ്‌ഥല മാപ്പിങ് നടത്തിയിട്ടാണ് ജലസംവിധാനം ഒരുക്കുന്നത്. ലാറ്ററൽ പൈപ്പുകൾ, ഡ്രിപ്പറുകൾ, അരിപ്പ, വെഞ്ച്വറി പൈപ്പ്, പമ്പ് സെറ്റ് തുടങ്ങിയവ എവിടെയൊക്കെ എങ്ങനെ വേണമെന്നു മാപ്പിങ്ങിലൂടെ നേരത്തെതന്നെ ലേ ഔട്ട് ചെയ്‌തിരിക്കും. ഒരേ മർദത്തിലാണ് വെള്ളം ചെടിച്ചുവട്ടിലേക്ക് എത്തുന്നത്. അതിനായി പ്രഷർ മീറ്റർ ലൈനിൽ ഘടിപ്പിച്ചിട്ടുണ്ടാവും. ഒരേക്കറിൽ ഈ സംവിധാനങ്ങളൊക്കെ ഒരുക്കുന്നതിന് 20,000 മുതൽ 50,000 രൂപവരെ ചെലവു വരും. സംസ്‌ഥാന കൃഷിവകുപ്പും സ്‌റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും ഇതിനായി സഹായധനം ചെയ്‌തുവരുന്നുണ്ട്. 

ഒരിക്കൽ ഈ സംവിധാനം ഒരുക്കിയാൽ അഞ്ചു പത്തു വർഷത്തേക്ക് മറ്റു ചെലവുകൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ പ്രാരംഭ ചെലവായി ഇതിനെ കരുതാം. പ്രിസിഷൻ രീതിയുടെ മേന്മയായോ ന്യൂനതയായോ പറയാവുന്ന ഒരു സംഗതി ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ കൃഷിവിദഗ്‌ധന്റെ സേവനം കൂടിയേതീരൂ എന്നുള്ളതാണ്. കൃഷിക്കാർക്ക് സ്വന്തമായി സ്വതന്ത്രമായി പ്രിസിഷൻ നടത്താൻ കഴിയില്ല. ഓരോ ഘട്ടത്തിലും നൽകേണ്ട വെള്ളവും വളവും മരുന്നും നിശ്‌ചയിക്കേണ്ടത് അഗ്രികൾച്ചർ പ്രൊഫഷനൽ തന്നെയാണ്. കൃഷിവകുപ്പിന് നൽകാൻ കഴിയുന്ന സേവനമാണിത്. 

drip-irrigation

എല്ലാ ഒരുക്കവും കിറുകൃത്യം 

കുറച്ചു വെള്ളവും കുറച്ചു വളവും കുറഞ്ഞ അധ്വാനവും കൊണ്ട് നിശ്‌ചിത സ്‌ഥലത്തുനിന്നു പരമാവധി ഉൽ‍പാദനം ഉണ്ടാക്കാനാകും. പ്രിസിഷനിൽ കൃഷി ചെയ്യുമ്പോൾ രണ്ടു കാര്യത്തിനു മാത്രമേ തൊഴിലാളികൾ വേണ്ടിവരുന്നുള്ളു. ഒന്ന് നടുന്നതിന്, രണ്ട് വിളവെടുക്കുന്നതിന്. 

രണ്ടു രീതിയിൽ ഇന്ന് പ്രിസിഷൻ ഫാമിങ് നടത്തിവരുന്നു. ഒന്ന് തുറന്ന സമ്പ്രദായം. രണ്ട് പോളിഹൗസ് (മറ കൃഷി) ഫാമിങ്. യൂറോപ്പിന്റെ സംഭാവനയാണ് മറ കൃഷി. മഞ്ഞുമൂടിയ, മഴനിറഞ്ഞ പ്രതികൂല കാലാവസ്‌ഥയിൽ അന്നമൊരുക്കുവാൻ യൂറോപ്പുകാർ ഉരുത്തിരിച്ചെടുത്ത പോളി ഹൗസ് കൃഷിരീതിയിൽ ഏതു കൃഷിയും എപ്പോൾ വേണമെങ്കിലും ചെയ്യാം. ടൺകണക്കിനു വളവും ഗ്യാലൻകണക്കിനു ജലവും നഷ്‌ടപ്പെടുത്തിയുള്ള സാമ്പ്രദായിക കൃഷിസമ്പ്രദായങ്ങൾക്കു പകരം കുറച്ചു ജലവും കുറച്ചു വളവും കുറഞ്ഞ അധ്വാനവുംകൊണ്ടു കൂടുതൽ ഉൽപാദനം ഉണ്ടാക്കുന്ന ഈ രീതി കേരളത്തിന് കേരളത്തിലെ ആദ്യത്തെ പ്രിസിഷൻ മാതൃകാകൃഷിതോട്ടങ്ങളായ ഏറ്റവും അനുയോജ്യം. ഈ കൃഷിരീതിയിൽ കൃഷിയുടെ എല്ലാവശങ്ങളും കൃത്യമാക്കുന്നു. മണ്ണും വെള്ളവും ആദ്യംതന്നെ പരിശോധിച്ചു മണ്ണിന്റെയും വെള്ളത്തിന്റെയും അമ്ലത കുറയ്ക്കുന്നു. ആഴത്തിലുള്ള ഉഴവിനൊപ്പം അമ്ലത ലഘൂകരിക്കുവാനുള്ള കുമ്മായ വസ്‌തുക്കൾ ചേർത്താണ് ഇതു സാധ്യമാക്കുക. പിന്നീട് വീണ്ടും നടത്തുന്ന ഉഴവു കഴിഞ്ഞ് വിളകൾ നടുന്ന തടങ്ങൽ മാത്രമായി ജൈവവളങ്ങൾ അടിവളമായി നൽകുന്നു. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്‌റ്റ്, മണ്ണിരക്കമ്പോസ്‌റ്റ്, ചകിരിച്ചോർ വളം എന്നിവയെല്ലാം കൂടി നന്നായിത്തന്നെ തടങ്ങളിൽ നിക്ഷേപിക്കുന്നു. മുകളിൽ മൾചിങ് ഷീറ്റ് വിരിക്കുന്നതായാൽ കളശല്യം ഒഴിവാക്കാം; ഒപ്പം ജലനഷ്‌ടവും. ഷീറ്റ് വിരിക്കുമ്പോഴുണ്ടാകുന്ന ആർദ്രത രോഗ കീടങ്ങളെ നിയന്ത്രിക്കാനുള്ള മാർഗമാവുന്നു.

ഷീറ്റിനടിയിലൂടെത്തന്നെ ഇൻലൈൻ ഡ്രിപ്പർ വിന്യസിക്കാം. മൾചിങ് ഷീറ്റിൽ നടേണ്ട സ്‌ഥലം മാത്രം ചെറിയ ദ്വാരമുണ്ടാക്കി തൈ നടാം. സൂക്ഷ്‌മ ജലസേചനത്തിലൂടെ വിളവു വർധിപ്പിക്കുന്നതോടൊപ്പം ഉൽപാദനച്ചെലവ് കുറയ്‌ക്കാം. മണ്ണു നിരപ്പാക്കേണ്ട ആവശ്യമില്ലാത്തതിനാൽ കൂടുതൽ ജോലി ആവശ്യമില്ല. തൊഴിലാളിക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ സൂക്ഷ്‌മജലസേചനവും സൂക്ഷ്‌മകൃഷിയും കൃഷിക്കാരന് സഹായമാണ്. കൂലിയിനത്തിൽ വൻ കുറവുണ്ടാവും ചെടികൾ മണ്ണിലെ ഈർപ്പം മാത്രമേ വലിച്ചെടുക്കുകയുള്ളു. 

ചെല് കുറവ്, വരവ് ഇരട്ടി 

കൂടുതൽ വെള്ളമൊഴിച്ചതുകൊണ്ട് ചെടി വേഗം വളരില്ല, വിളവ് കൂടില്ല. വെള്ളം കെട്ടി നിന്നാൽ കൂടുതൽ വിളവു ലഭിക്കുമെന്ന ധാരണ തെറ്റാണ്. വെള്ളം കെട്ടി നിന്നാൽ വേരുകൾക്കു ശ്വസിക്കാനുള്ള അവസരം നഷ്‌ടമാകുകയാണ് ചെയ്യുക. മണ്ണിൽ ഈർപ്പം നിലനിർത്തുകയാണ് പ്രധാനം. നിലവിൽ കൃഷിക്കു നൽകുന്നതിന്റെ 30% വെള്ളം സൂക്ഷ്‌മകൃഷിക്കു മതിയാവും. വിളവാകട്ടെ 50% വർധിക്കും. ഈ രീതിയിലുള്ള ജലസേചനത്തിന്റെ പ്രധാനഗുണം ചെറുവേരുകൾ അധികമുണ്ടാകുമെന്നതാണ്. 

വെള്ളവും വളവും വലിച്ചെടുക്കുന്നത് ചെറുവേരുകളാണ്. മണ്ണിൽ ഉപ്പിന്റെ അംശമുണ്ടെങ്കിൽപ്പോലും സൂക്ഷ്‌മജലസേചനം നടത്തുമ്പോൾ ഉപ്പ് വേരിന്റെ സമീപത്തു നിന്ന് അകന്നുപോകും. ഉപ്പുവെള്ളത്തിന്റെ പ്രശ്‌നമുള്ള സ്‌ഥലങ്ങളിലും അങ്ങനെ സൂക്ഷ്‌മകൃഷി സാധ്യമാകും. ജലസേചനത്തോടൊപ്പം വളവും നൽകാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൃത്യമായ അളവിൽ ഇവ ലഭിക്കുമെന്നതിനാൽ ചെടിയുടെ ആരോഗ്യം നില നിൽക്കും.

വളം നൽകുന്നതിനു മുൻപ് മണ്ണു പരിശോധന നടത്തണം. കുറവുള്ള രാസവളങ്ങളും മൂലകങ്ങളും മാത്രം നൽകിയാൽ മതിയാവും. സൂഷ്‌മകൃഷിയുടെ പ്രോത്സാഹനത്തിന് നിരവധി പദ്ധതികൾ നിലവിലുണ്ട്. എല്ലാ ചെടികൾക്കും വെള്ളം കൃത്യമായി നൽകുന്ന ഡ്രിപ്പറുകൾ വിപണിയിൽ ലഭ്യമാണ്. ഡ്രിപ്പറുകളുടെ അകലം കർഷകർ ശ്രദ്ധിക്കണം. പച്ചക്കറികൾക്ക് സാധാരണ രണ്ട് അടിയാണ് അകലം.

ഇപ്പോൾ മണ്ണിനടിയിലൂടെയുള്ള ഡ്രിപ്പറുകളും ലഭ്യമാണ്. കരിമ്പിന് മണ്ണിനടിയിലൂടെ വെള്ളവും വളവും നൽകുന്നത് വൻ വിജയമായിട്ടുണ്ട്. വാഴയ്‌ക്ക് ഡ്രിപ്പറുകൾ പരീക്ഷിച്ചപ്പോൾ രണ്ടിരട്ടിയോളമാണ് വിളവു ലഭിച്ചത്. റബ്ബർ കൃഷിക്കും സൂക്ഷ്‌മജലസേചനം അനുയോജ്യമാണ്. ആറു വർഷം കൊണ്ട് മൂപ്പെത്തും. നാലര വർഷം മുതൽ ടാപ്പിങ് നടത്താൻ കഴിയും. 

ഡ്രിപ്പർ സ്‌ഥാപിക്കുന്നതിനു മുന്നോടിയായി കൃഷി സ്‌ഥലം ഉപയോഗയോഗ്യമാക്കണം. മണ്ണു കട്ടിയാവരുത്. പൊടിയാക്കിയാൽ മാത്രമേ വെള്ളം എല്ലായിടത്തും എത്തുകയുള്ളു. രൂക്ഷമായ ജലക്ഷാമം കണക്കിലെടുത്ത് തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങൾ സൂക്ഷ്‌മകൃഷി പ്രോത്സാഹിപ്പിക്കുന്നു. സൂക്ഷ്‌മജലസേചനത്തിനു സ്‌ഥലപരിമിതിയുള്ളവർക്ക് ഫാമിലി ഡ്രിപ്പ് സിസ്‌റ്റം നടപ്പിലാക്കാം. മൂന്നു മീറ്റർ ഉയരത്തിൽ ജലസംഭരണി നിർമിച്ചാൽ 20 സെന്റ് സ്‌ഥലം വരെ സൂക്ഷ്‌മ ജലസേചനം നടത്താൻ കഴിയും. ഒരു കുടുംബത്തിനാവശ്യമായ കാർഷിക വിഭവങ്ങൾ അതുവഴി ഉണ്ടാക്കാം. പച്ചക്കറി, കാപ്പി, റബർ, വാഴക്കൃഷികൾക്കും പൂ കൃഷിക്കും ഡ്രിപ്പ് ഇറിഗേഷൻ ഫലപ്രദമാണ്. അധികം വെള്ളം കുടിച്ചാലും ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും പ്രശ്‌നമാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും വിളകൾക്കും എന്നുവേണ്ട ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ഈ തത്വം ബാധകമമാണ്. 

തെങ്ങിൻചുവട്ടിൽ വെള്ളം കെട്ടിനിർത്തേണ്ടതുണ്ടോ ? തെങ്ങിന് ഒരു ദിവസം 50 മുതൽ 60 ലീറ്റർ വരെ വെള്ളം നൽകിയാൽ മതി. വാഴയ്‌ക്കാണെങ്കിൽ 15-20 ലീറ്റർ വെള്ളം ധാരാളം. പച്ചക്കറിക്ക് മൂന്നു മുതൽ അഞ്ചു ലീറ്റർ വെള്ളം ഉണ്ടെങ്കിൽ സുഭിക്ഷമായി. ഈ അളവിൽ വെള്ളം ഡ്രിപ്പ് ഇറിഗേഷൻ മുഖേന നൽകി നോക്കൂ. വിളവ് ഇരട്ടിയിലധികമാകും. ഒപ്പം കൃത്യമായ വളപ്രയോഗം കൂടിയുണ്ടെങ്കിൽ മണ്ണിൽ കനകം വിളയും. സൂക്ഷ്‌മജലസേചനത്തിന് 75 ശതമാനം വരെ സർക്കാർ സബ്‌സിഡിയുണ്ട്. 

English summary: Benefits of Using Precision Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA