ADVERTISEMENT

പന്നിക്ക് മെനു നിശ്ചയിക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡോ അതോ വെറ്ററിനറി മേഖലയിലെ വിദഗ്ധരോ..? ചിക്കൻ വേസ്റ്റ് പന്നിക്കു ഭക്ഷണമായി കൊടുക്കരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലക്കുമ്പോൾ അത് പ്രോട്ടീൻ അടങ്ങിയ മികച്ച തീറ്റയാണെന്നും പന്നിഫാമുകളുടെ നടത്തിപ്പുചെലവ് കുറയ്ക്കാൻ സഹായകരമാണെന്നും വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധ ഡോക്ടർമാർ പറയുന്നു. പന്നി ഫാം നടത്തിപ്പു സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. 

പന്നികൾക്ക് തീറ്റയായി കോഴി വേസ്റ്റ് നൽകരുതെന്നും പകരം ഇത് തീറ്റ സംസ്കരണത്തിനായി റെൻഡറിങ് പ്ലാന്റുകൾക്ക് നൽകണമെന്നും പറയുന്നു. പ്ലാന്റുകൾ പുറത്തിറക്കുന്ന തീറ്റ പന്നികൾക്ക് നൽകലാണ് ലക്ഷ്യമെന്നു കരുതുന്നു. ഇതിനെതിരെ പന്നി വളർത്തൽ കർഷകർ ശക്തമായി രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്. ബോർഡിന്റെ ഉത്തരവ് വന്നതോടെയാണ് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ വെറ്ററിനറി സർവകലാശാലാ വിദഗ്ധരോട് ഉപദേശം തേടിയത്.

കാലങ്ങളായി ചിക്കൻ കടകളിൽനിന്നുള്ള വേസ്റ്റും ഭക്ഷണ വേസ്റ്റും മറ്റുമാണ് കർഷകർ തീറ്റയായി നൽകുന്നത്. കോഴിയവശിഷ്ടം വേവിച്ചാണ് നൽകുക. ചിക്കൻ വേസ്റ്റ് സംസ്കരണം നടത്തുന്ന റെൻഡറിങ് പ്ലാന്റുകൾ സംസ്ഥാനത്ത് കൂടുതലായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്ന് കർഷകർ ആരോപിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർഷക വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലൈവ് സ്റ്റോക്ക് ഫാർ‌മേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്. ലോക്ഡൗൺ മൂലം ഹോട്ടലിൽനിന്നുള്ള ഭക്ഷണ വേസ്റ്റ് നിലച്ചുപോയ സാഹചര്യത്തിൽ‌ പുതിയ ഉത്തരവ് തങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് കർഷകർ പറയുന്നു. പ്ലാന്റുകാർക്ക് മാത്രമേ കോഴി വേസ്റ്റ് കൈമാറാവൂ എന്ന് പല ജില്ലകളിലും അധികൃതർ നിർദേശം നൽകിത്തുടങ്ങിയതായി ഇവർ‌ പറയുന്നു. പ്ലാന്റുകാർക്ക് വേസ്റ്റിന് (കിലോഗ്രാമിന്) 5 രൂപ വച്ചു ചിക്കൻ കടക്കാർ നൽകണമെന്നു നിർദേശം കൊടുത്തതായും അസോസിയേഷൻ സൂചിപ്പിക്കുന്നു. കൂടുതൽ പ്ലാന്റുകളുള്ള മലപ്പുറം അടക്കമുള്ള ജില്ലകളിൽ പുതിയ ഉത്തരവ് പന്നിഫാം ഉടമകളും പ്ലാന്റുകാരും തമ്മിലുള്ള കയ്യാങ്കളിയിലേക്കു വരെ ചെന്നെത്തുന്നതായും പറയുന്നു.     

കോഴി വേസ്റ്റ് പന്നിക്ക് നൽകുന്നതോടെ ജൈവ അവശിഷ്ടം ഭക്ഷണമാക്കുന്ന പ്രവർത്തനം കൂടിയാണ് നടക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പന്നിവളർത്തലിന്റെ ചെലവ് വർധിപ്പിക്കുന്ന പ്രധാന ഘടകം തീറ്റയൊരുക്കലാണ്. ചിക്കൻ കടകളിൽനിന്ന് വെറുതെ കിട്ടുന്ന വേസ്റ്റ് അതുകൊണ്ടുതന്നെ കർഷകർക്ക് ആശ്വാസമാണ്. ചില കടക്കാർ വേസ്റ്റ് കൊണ്ടുപോകുന്നവർക്ക് പണവും നൽകാറുണ്ട്. പുതിയ ഉത്തരവ് പ്രാബല്യത്തിലായാൽ ഇതെല്ലാം നിലയ്ക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.വി. കുരിയാക്കോസ് പറഞ്ഞു.  

‌ഒരു വർഷം 4 ലക്ഷം പന്നികളുടെ മാംസമാണ് കേരളത്തിന്റെ ഏകദേശ ഉപഭോഗമെന്ന് തൃശൂരിലെ ഫാം ഉടമയായ മേജോ ഫ്രാൻസിസ് പറയുന്നു. ഇതിൽ ഒരു ലക്ഷം മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. ബാക്കിയുള്ളത് കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരികയാണ്. കേരളത്തിലെ ഉപഭോഗ വളർച്ച മനസ്സിലാക്കി മറ്റു സംസ്ഥാനങ്ങൾ കർഷക അനുഗുണ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ കേരളത്തിൽ കർഷകവിരുദ്ധ നയമാണെന്ന് ഇവർ ആരോപിക്കുന്നു. കൂടുതൽ ആദായം കണ്ടെത്താനുള്ള അവസരം ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല ഉള്ള ഫാമുകളെപ്പോലും അടച്ചുപൂട്ടിക്കുന്നതാണ് സർക്കാരിന്റെ നയമെന്നും ഇവർ ആരോപിക്കുന്നു.     

സംസ്ഥാനത്ത് ഏകദേശം 12,000 കർഷകരാണുള്ളത്. ചെറിയ തോതിൽ വീടുകളോടനുബന്ധിച്ച് ഫാം നടത്തുന്നവർ മുതൽ വലിയ ഫാം ഉടമകൾ വരെയുള്ളവരുടെ കണക്കാണിത്. മലയോര കർഷകർ ഏറെയുള്ള വയനാട്, ഇടുക്കി ജില്ലകളിലാണ് പന്നി വളർത്തൽ കർഷകർ ഏറെയും. മിക്കവരും ചെറുകിട കർഷകർ. 

English summary: What are the problems with pig farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com