ADVERTISEMENT

‘ഡോക്ടറെ, എന്റെ ആടുകൾക്കെല്ലാം ഇപ്പോൾ വലിയ ക്ഷീണവും തളർച്ചയും മേനി മെലിച്ചിലുമാണ്. രാവിലെ ആട്ടിൻ കൂട്ടിൽ എത്തിയാൽ തറമുഴുവനും ആടിന്റെ കാഷ്‌ഠം വെളുത്തനാടയിൽ കോർത്തതുപോലെ വീണുകിടക്കുന്നത് കാണാം. എന്താണ് ഇതിനു കാരണം എന്താണ് പരിഹാരമുള്ളത്?’- ഈയിടെ  മൃഗാശുപത്രിയിൽ വന്ന ഒരു ആടുകർഷകസുഹ്യത്ത് പങ്കിട്ട പരിഭവമാണിത്. ആടുകളുടെ  ക്ഷീണവും മെലിച്ചിലും ആട്ടിൻകാഷ്‌ഠം വെളുത്തനാടയിൽ കോർത്തതുപോലെ പുറത്ത് വരുന്നതും  ആടുകളിൽ കാണപ്പെടുന്ന നാടവിരബാധയുടെ ഏറ്റവും പ്രധാനലക്ഷണമാണ്. കേരളത്തിലെ ആടുകളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മൊണീസിയ (Moniezia) എന്ന നാടവിരയാണിത്. പുൽമേടുകളിലും മലമ്പ്രദേശങ്ങളിലും മേയാൻ വിട്ട് വളർത്തുന്ന ആടുകളിൽ നാടവിര ബാധ പൊതുവെ കൂടുതലായി കണ്ടുവരുന്നു.

ചെറുകുടലിനുള്ളിൽ ഒരു മീറ്ററിലധികം വളരുന്ന  നാടവിരകൾ

മൊണീസിയ നാടവിരകളിൽ മൊണീസിയ എക്സ്പാൻസ എന്ന ഇനമാണ് ആടുകളിൽ കാണുന്ന നാടവിരകളിൽ പ്രധാനം. ഒരു ആടിൽ നാടവിരബാധ കണ്ടാൽ കൂട്ടത്തിലെ മറ്റാടുകൾക്കും ഈ വിരബാധ കാണാൻ നൂറ് ശതമാനം സാധ്യതയുണ്ട്. പുൽനാമ്പുകളിൽ പറ്റിപിടിച്ച് കാണുന്ന ഒറബാറ്റിഡ് മൈറ്റ് (Oribatid mites) എന്ന് വിളിക്കപ്പെടുന്ന ഒരിനം പുൽമണ്ഡരികളാണ് ഈ വിരയുടെ ലാർവകളുടെ വാഹകർ. ആടുകൾ മേയുന്നതിനിടെ പുൽനാമ്പുകൾ കടിച്ചാഹാരമാക്കുമ്പോൾ പുൽമണ്ഡരികളും ഒപ്പം വിരയുടെ ലാർവകളും എളുപ്പത്തിൽ ആടുകളുടെ ശരീരത്തിലെത്തുന്നു. ആടുകളുടെ ദഹനവ്യൂഹത്തിൽ ചെറുകുടലാണ് നാടവിരകളുടെ വാസകേന്ദ്രം. ചെറുകുടലിൽ എത്തുന്ന ദഹിച്ച ആഹാരം ഊറ്റിയെടുത്ത് വളരുന്ന ലാർവകൾ 6 - 7 ആഴ്ചയ്ക്കുള്ളിൽ വലിയ നാടവിരകളാവുകയും പ്രജനനം നടത്തി മുട്ടകൾ പുറന്തള്ളുകയും ചെയ്യും. പൂർണ വളർച്ചയിൽ രണ്ട് സെന്റീമീറ്റർ വീതിയിൽ  ഒന്നര മീറ്റർ വരെ നീളം ഈ വിരകൾക്കുണ്ടാവും. ഇത്രയും നീളമുള്ള പത്തോ മുപ്പതോ അതിലധികമോ വിരകൾ ആടിന്റെ കുടലിൽ ഉണ്ടെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഊഹിക്കാമല്ലോ. 

goat-farming-2
ആട്ടിൻ കാഷ്ഠത്തോടൊപ്പം വെളുത്തനാടയിൽ കോർത്തതു പോലെ പുറത്തു വന്ന നാടവിരകൾ.

വെളുത്തനാടയിൽ കോർത്തപോലുള്ള  ആട്ടിൻകാഷ്ഠം നാടവിരബാധയുടെ ലക്ഷണം,  പ്രശ്നങ്ങൾ വേറെയും

കാലക്രമേണ വിരയുടെ മുട്ടകളും വലിയ  വെളുത്ത നാടപോലുള്ള  വിരകളും, നാടയുടെ കഷ്ണങ്ങൾ പോലെ പരന്നുപൊട്ടിയ വെളുത്ത ശരീരഭാഗങ്ങളും (പ്രൊഗ്ലോട്ടിഡ് എന്നാണ് വിരമുട്ടകൾ നിറഞ്ഞ ഈ ശരീരഭാഗങ്ങൾ അറിയപ്പെടുന്നത് )  ആടിന്റെ ശരീരത്തിൽനിന്ന് കാഷ്‌ഠം വഴി പുറത്തുവന്നു തുടങ്ങും. ചെറുകുടലിൽ വച്ച് വികാസം പ്രാപിച്ച നാടവിരകൾ ആട്ടിൻകാഷ്ഠത്തോടൊപ്പം പുറത്ത് വരുന്നതാണ് ആട്ടിൻകാഷ്‌ഠം വെളുത്തനാടയിൽ കോർത്ത പോലെ കർഷകർ ആട്ടിൻകൂട്ടിൽ കാണുന്നത്. മൃഗങ്ങളിൽ കാണുന്ന നാടവിരകളിൽ പലതും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ജന്തുജന്യരോഗങ്ങളിൽ ഉൾപ്പെട്ടവയാണെങ്കിലും ആടുകളിൽ കാണുന്ന മൊണീസിയ നാടവിരകൾ മനുഷ്യരിലേയ്ക്ക് പകരില്ല.

ചെറിയ തോതിൽ മാത്രം നാടവിര ബാധയുള്ള ആടുകൾ കാര്യമായ ലക്ഷണങ്ങൾ പുറത്ത് കാണിക്കില്ല. എന്നാൽ കുടലിൽ നാടവിരകളുടെ എണ്ണം കൂടുന്നതോടെ ആടുകളുടെ ദഹനപ്രക്രിയയും പോഷകാഗിരണവും തടസ്സപ്പെടും. ആടിന് ലഭിക്കേണ്ട പോഷകങ്ങൾ കുടലിൽ പെരുകുന്ന നാടവിരകൾ അകത്താക്കുന്നതോടെ തളർച്ചയുടെയും വളർച്ചമുരടിപ്പിന്റെയും ലക്ഷണങ്ങൾ ആടുകൾ കാണിച്ചുതുടങ്ങും. സ്ഥിരമായ വയറിളക്കം, തീറ്റയോട് മടുപ്പ്, ശരീരം മെലിച്ചിൽ, ഭാരക്കുറവ്, മിനുസം കുറഞ്ഞ രോമങ്ങൾ, രോമം കൊഴിച്ചിൽ, വിളർച്ച , വയറുചാടൽ, വയറുസ്‌തംഭനം, പ്രത്യുൽപ്പാദനക്ഷമത കുറയൽ, കറവയാടുകളിൽ പാൽ കുറയൽ തുടങ്ങിയ അനാരോഗ്യലക്ഷണങ്ങൾ തീവ്രനാടവിരബാധയുള്ള ആടുകൾ പ്രകടിപ്പിക്കും. വിരകൾ കുടൽഭിത്തി തുരന്ന് ദഹനവ്യൂഹത്തിന് പുറത്തുവരാനും ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകാനും സാധ്യത ഉണ്ട് . 

നാടവിരയോടൊപ്പം  ഉരുളൻവിരകളും  

നാടവിരയോടൊപ്പം തന്നെ  ആമാശയഭിത്തിയില്‍ കടിച്ചുതൂങ്ങിക്കിടന്ന് രക്തം കുടിച്ച് വളരുന്ന സ്ട്രോഗൈൽ അഥവാ ഹീമോങ്കസ് എന്ന ഉരുളൻവിരകളും ആടുകളെ ബാധിക്കാൻ സാധ്യതയുണ്ട്. ശരീരവലുപ്പത്തിന്റെ കാര്യത്തിൽ നാടവിരകളേക്കാൾ ചെറുതാണെങ്കിലും ആടുകളുടെ രക്തം നേരിട്ട് ഊറ്റുന്ന ഉരുളൻ വിരകൾ നാടവിരകളേക്കാൾ അപകടകാരികളാണ്. ഒരേസമയം നാടവിരകളും ഉരുളൻ വിരകളും ബാധിക്കുന്നത് വിളർച്ച, വയറിളക്കം, മെലിച്ചിൽ, വളർച്ചാമുരടിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളെ തീവ്രമാക്കും. വിരബാധ മൂർച്ഛിച്ചാൽ ആടുകൾ അകാലത്തിൽ ചത്തുപോകാനും സാധ്യതയേറെ. മുതിർന്ന ആടുകളെ അപേക്ഷിച്ച് ചെറിയ ആടുകളിലാണ് നാടവിര ബാധിച്ചുള്ള മരണം കൂടുതലായി കാണുന്നത്. രോഗലക്ഷണങ്ങളിലൂടെ നാടവിരബാധ സംശയിക്കാമെങ്കിലും രോഗസ്ഥിരീകരണത്തിന് കാഷ്ഠപരിശോധന നടത്തണം.

നാടവിരകളെ നിലയ്ക്കുനിർത്താൻ

ആടുകളിൽ നാടവിരബാധ സംശയിക്കാവുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ  തൊട്ടടുത്ത വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് വിരനിർണയത്തിനും വിരചികിത്സയ്ക്കും വേണ്ട ക്രമീകരണങ്ങൾ ചെയ്യണം. ഫെൻബെൻഡസോൾ, ആൽബൻഡസോൾ, പ്രാസിക്വാന്റൽ, ഓക്സിക്ലോസനൈഡ്‌, നിക്ലോസാമൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകൾ നാടവിരകളെ നശിപ്പിക്കാൻ ഫലപ്രദമാണ്. ഗർഭിണികളായ ആടുകളിലാണെങ്കിൽ നാടവിരബാധ തടയാൻ ഗർഭത്തെ ബാധിക്കാത്ത മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുത്ത്  നൽകാവുന്നതാണ്. ഓരോതവണ വിരയിളക്കുമ്പോഴും പ്രസ്തുത സമയത്ത് കുടലിലുള്ള നാടവിരകൾ വലുതും ചെറുതും ഉൾപ്പെടെ  എല്ലാം നശിക്കുമെങ്കിലും പിന്നീട് ഉണ്ടാവുന്ന വിരകളെ കൂടി തടയുന്ന രീതിയിൽ  നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി നൽകാൻ വിരമരുന്നുകൾക്ക് കഴിയില്ല. അതുകൊണ്ട് മാസത്തിൽ ഒരുതവണയെങ്കിലും ആടുഫാമുകളിൽ കാഷ്‌ഠം  പരിശോധിച്ച് വിരനിർണയം നടത്തുന്നതും ആവശ്യമെങ്കിൽ മരുന്നുകൾ നൽകുന്നതും  വിരനിയന്ത്രണത്തിന് ഫലപ്രദമാണ്.

കോപ്പർ സൾഫേറ്റ് / തുരിശ് (Copper Sulphate) ഒരു ഗ്രാം വീതം 100 മില്ലിലീറ്റർ  വെള്ളത്തിൽ കലക്കി ( 1 ശതമാനം ലായനി) ഒരു കിലോഗ്രാം ശരീരതൂക്കത്തിന് ഒരു മില്ലി ലായനി എന്ന അളവിൽ ( ഉദാഹരണത്തിന് 30 കിലോ തൂക്കമുള്ള ആടിന് 30 മില്ലിലിറ്റർ  ഒരു ശതമാനം തുരിശ് ലായനി) രണ്ടാഴ്ചയിൽ ഒരിക്കൽ നൽകുന്നത് മൊണീസിയ നാടവിരയെ തടയാൻ സഹായിക്കും. പുൽനാമ്പുകളിൽ പറ്റിപ്പിടിച്ച് വളരുന്ന പുൽ മണ്ഡരികൾ വഴിയാണ് ഈ വിരയുടെ ലാർവകൾ ആടിനുള്ളിൽ എത്തുന്നതെന്നതിനാൽ മേയാൻ വിട്ട് വളർത്തുന്ന ആടുകളിൽ നാടവിരകളുടെ പൂർണ്ണ നിയന്ത്രണം ശ്രമകരമാണ്.

ആന്തര വിരകളുടെ ആർജിതപ്രതിരോധശേഷി  ആടുകൃഷിയിൽ വെല്ലുവിളി

നാടവിരകളും ഉരുളൻ വിരകളുമെല്ലാം വിരനാശിനി മരുന്നുകൾക്കെതിരെ പ്രതിരോധം ആർജിക്കുന്നത് ഇന്ന് ആടുവളർത്തൽ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വിരകളുടെ ഈ ആർജിതപ്രതിരോധശേഷി കർഷകർക്ക് വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടവും ഉൽപാദനനഷ്ടവും ചെറുതല്ല.  വിരമരുന്നുകളുടെ അമിതവും അശാസ്ത്രീയവും അനവസരത്തിലുമുള്ള  ഉപയോഗമാണ് ആന്തരവിരകളുടെ ആർജിതപ്രതിരോധശേഷിയുടെ പ്രധാന കാരണം. ഈ പ്രശ്നം തടയാൻ  ചാണകം പരിശോധിക്കാതെ  അനവസരത്തിൽ വിരമരുന്നുകൾ നൽകുന്നത് ഒഴിവാക്കണം. വിദഗ്ധ ഉപദേശം തേടാതെ  അമിതമോ കുറഞ്ഞയളവിലോ അശാസ്ത്രീയമായി വിരമരുന്ന് ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഓരോ തവണ  വിരമരുന്നുകൾ നൽകുമ്പോഴും മരുന്നുകൾ  മാറ്റി മാറ്റി നൽകുന്നതും ഉചിതമാണ്.‌

English summary: Intestinal tapeworm, Goat Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com