ADVERTISEMENT

സ്മാർട് കൃഷിയുടെ കാലമാണ് ഇനി വരാൻ പോകുന്നത്. കംപ്യൂട്ടറിന്റെയും വിവരസാങ്കേതിക വിദ്യയുടെയും നിരന്തര ഇടപെടലാണ് ഇനികൃഷിമേഖലയെ നയിക്കാൻ പോകുന്നത്. വിദേശരാജ്യങ്ങൾ എത്രയോ മുൻപ് കൃഷിയെ ഒരു ലാഭകരമായ ബിസിനസ് ആക്കി മാറ്റിക്കഴിഞ്ഞു. മറ്റ് മേഖലകളിലെന്ന പോലെ തന്നെ ആധുനികവൽക്കരണവും സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും കൃഷിരംഗത്ത് അവർ നടപ്പാക്കിക്കഴിഞ്ഞു. മുടക്കുമുതലിനൊപ്പം ലാഭവും നേടാൻ ഉതകുംവിധം ടെക്നോളജിയെ കൃഷിയുമായി അവർ സംയോജിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് വിദേശങ്ങളിൽ സ്മാർട് കൃഷിരീതി ജനപ്രീതിയാർജിക്കുന്നത്. 

നമ്മളും കാളയിൽ നിന്നും കലപ്പയിൽ നിന്നും പാരമ്പര്യ രീതികളിൽ നിന്നുമൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. ട്രാക്ടറുകളും ടില്ലറുകളും ഉൾപ്പെടെയുള്ള ഫാമിങ് മെഷീനുകൾ രംഗത്തിറങ്ങി. കുഴിക്കാനും മണ്ണ് മാറ്റാനും വിത്തിടാനും കൊയ്യാനുമൊക്കെ യന്ത്രങ്ങളായി. അത്യുൽപാദന ശേഷിയുള്ള വിളകൾ, മികച്ച വളങ്ങൾ, കളനാശിനികൾ തുടങ്ങിയവ ഉപയോഗിക്കാൻ പഠിച്ചു. ഇപ്പോൾ ഇവിടെയും മറ്റേതു മേഖലയും പോലെ കൃഷിയും സ്മാർട്ടാകുന്ന കാലമാണ്. പലതരം സ്മാർട് ഉപകരണങ്ങളും രീതികളും ഉപയോഗിച്ചു മൃഗങ്ങളെയും വിളകളെയും വളർത്തുന്ന രീതി പ്രാബല്യത്തിലായി. മികച്ചതും ക്ഷമതയുള്ളതുമായ കൃഷിരീതിയാണ് ഇതുവഴി കൈവരുന്നത്. സ്മാർട് ഫാമിങ് ഒരു തരംഗമായി മാറിക്കഴിഞ്ഞു. ഓൺലൈൻ കാലത്ത് പുത്തൻ അറിവുകൾ ഞൊടിയിടയിൽ ലഭ്യമാണ്. വിദേശങ്ങളിലെ വിത്തുകളും വിവരങ്ങളും വിവരസാങ്കേതിക, കമ്യൂണിക്കേഷൻ സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ ഇവിടെയും അവതരിപ്പിക്കാൻ നമുക്ക് കഴിയുന്നു. 

ഇനി സ്മാർട് കൃഷിക്കാലം

കുറ്റമറ്റ രീതിയിലുള്ള വിളനിയന്ത്രണം, ഉപയോഗപ്രദമായ വിവരശേഖരണം, കൃഷിസാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ്, പൂർണമായും ഓട്ടമേറ്റഡ് ആയ കൃഷിരീതി എന്നിവ ഒട്ടേറെ ഗുണങ്ങൾക്കു വഴിവയ്ക്കും. എല്ലാം പ്ലാൻ ചെയ്ത് അവതരിപ്പിക്കാൻ സാധിക്കുന്നത് കൃഷിയുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം വിളവ് കൂട്ടുകയും ചെയ്യും. 

ഓരോ മേഖലയിലും വിളയുന്ന കൃഷിയിനങ്ങൾ അവിടെ ഉപയോഗിക്കേണ്ട വളങ്ങൾ കൃഷി രീതി തുടങ്ങിയവയെല്ലാം മുൻകൂട്ടി പറഞ്ഞുതരാനുള്ള സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. ഒരു കൃഷിയിടത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി ഏതു വിള എവിടെ എപ്പോൾ നടണമെന്നു നിർണയിക്കാൻ ഇപ്രകാരം സാധിക്കും. കാർഷിക വിജ്ഞാന കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ആയ ജി. മണികണ്ഠൻ പറയുന്നു. 

ഇനി, ഒരു കൃഷിയിടത്തിന്റെ ഒരു ഭാഗത്ത് ജലദൗർലഭ്യമോ, വളംകുറവോ അനുഭവപ്പെടുകയാണെങ്കിൽ, കൃഷിക്കാരനറിയാതെ തന്നെ ആ കുറവുകൾ നികത്താനുള്ള സംവിധാനമുണ്ട്. മറ്റൊന്നു വിളകളുടെ മേലുള്ള നിയന്ത്രണമാണ്. എത്രമാത്രം വിളകൾ നമുക്ക് വിറ്റഴിക്കാൻ സാധ്യമാകും എന്ന് അറിയാമെങ്കിൽ അത്രമാത്രം ഉൽപാദിപ്പിക്കാൻ വേണ്ട വെള്ളത്തിന്റെയും വളത്തിന്റെയും അളവ് സ്മാർട് ഫാമിങ് നൽകും. ഈ രീതിയിൽ കൃഷി ചെയ്താൽ അധികോൽപാദനം മൂലമുള്ള നഷ്ടം കുറവായിരിക്കും. ഇപ്രകാരം വിപണിയുടെ ആവശ്യം മനസ്സിലാക്കിയുള്ള കൃഷി ചെയ്യാൻ കർഷകർക്ക് അവസരം ലഭിക്കും– അദ്ദേഹം പറഞ്ഞു. 

സ്മാർട് ഗ്രീൻ ഹൗസ് 

വരും കാലം സ്മാർട് ഗ്രീൻ ഹൗസുകളുടെ നാളുകളാണ്. ഗ്രീൻ ഹൗസിലുള്ള കൃഷിരീതി വ്യാപകമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇവയുടെ പരിപാലനത്തിനു നിരന്തരമായ മനുഷ്യ ഇടപെടൽ ആവശ്യമാണ്. സ്വാഭാവികമായും ചെലവും സമയവിനിയോഗവും വർധിക്കാൻ ഇതു വഴിവയ്ക്കും. എന്നാൽ സ്മാർട് ഗ്രീൻ ഹൗസ് ഈ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കും. ഗ്രീൻ ഹൗസിനുള്ളിലെ അന്തരീക്ഷവും പരിസ്ഥിതിയും തികഞ്ഞ കാര്യക്ഷമതയോടെ നിയന്ത്രിക്കാൻ ഐഒടി സംവിധാനങ്ങൾ ഉപകരിക്കും. സെൻസറുകൾ കൃത്യമായ നിരീക്ഷണം നടത്തി വിവരം ശേഖരിക്കും. ഇവ ക്ലൗഡിലേക്ക് അയച്ചു വിലയിരുത്തൽ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രീൻ ഹൗസിലെ ക്രമീകരണങ്ങൾ നടത്താം. താപനില, ഊഷ്മാവ്, പ്രകാശ വിന്യാസം തുടങ്ങിയവയെല്ലാം ഇപ്രകാരം ക്രമീകരിക്കാം. ക്ലൗഡിൽ നിന്നു നിർദേശങ്ങൾ ലഭിക്കുന്ന പക്ഷം ഗ്രീൻഹൗസിലെ ലൈറ്റുകൾ അണയുകയും കത്തുകയും ചെയ്യും, ഊഷ്മാവ് താഴ്ത്താനുള്ള ബ്ലോവറുകൾ പ്രവർത്തിക്കും. താപനില കൂട്ടേണ്ടതുണ്ടെങ്കിൽ അതിനുള്ള ഹീറ്ററുകളെയും ക്ലൗഡ് പ്രവർത്തിപ്പിക്കും. 

ഉപഗ്രഹങ്ങള്‍ വഴികാട്ടും 

പ്രിസിഷൻ അഗ്രിക്കൾച്ചറിനെ സഹായിക്കുന്നതിൽ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾക്ക് വലിയ റോളുണ്ട്. ജിപിഎസ്, ജിഎൻഎസ്എസ് തുടങ്ങിയ സാങ്കേതികവിദ്യകൾ വരുംകാലത്ത് കർഷകന്റെ ഉറ്റമിത്രങ്ങളാകും. കൃഷി ചെയ്യേണ്ട കൃത്യസ്ഥലങ്ങളും അവയുടെ വിവിധ പ്രത്യേകതകളും മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. 

കൃഷിയിടങ്ങളുടെ ഭൗമശാസ്ത്രപരമായ സവിശേഷതകൾ, ഘടന, മണ്ണിന്റെ മൂല്യം എന്നിവ കണക്കാക്കി വേരിയബിൾ റേറ്റ് ഇറിഗേഷൻ എന്ന ശൈലിയുള്ള ജലസേചനം നടത്താനും ഇതു വഴിവയ്ക്കും. ജലദൗർലഭ്യം രൂക്ഷമായ സ്ഥലങ്ങൾക്ക് അനുയോജ്യമാണ് ഈ ശൈലി. 

ഡ്രോണുകൾ കാണും കൃഷിയിടം

കൃഷിയിടങ്ങളിലെ വിവിധ സേവനത്തിനു ഡ്രോണുകൾ ഉപയോഗിക്കുന്ന രീതി വിദേശങ്ങളിലുണ്ട്. വിളകളുടെ ആരോഗ്യം നിരീക്ഷിക്കാനും, ജലസേചനത്തിനും, മണ്ണിന്റെ ഗുണമേന്മ നിരീക്ഷിക്കാനുമൊക്കെ ഡ്രോൺ ഉപയോഗിക്കാം. ഒരു ചെടിയുടെ കൃത്യമായ ഉയരം തുടങ്ങിയ കാര്യങ്ങളും കൃഷിയിടത്തിന്റെ ബഹുവിധ ചിത്രങ്ങളും ഡ്രോൺ വഴി സാധ്യം. ഭാവിയിൽ കാർഷിക മേഖലയ്ക്ക് ഒരു ഹൈടെക് മാറ്റം സാധ്യമാക്കുന്നതിൽ ഡ്രോണുകൾ പ്രധാന പങ്കുവഹിക്കുമെന്നാണു കരുതപ്പെടുന്നത്.  പല കമ്പനികൾ ഡ്രോൺ രംഗത്തുണ്ട്. ഇവയിൽ ഉന്നത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിലതിന്റെയൊക്കെ റൂട്ട് നേരത്തേ തന്നെ നിർണയിച്ചിരിക്കും. മൊബൈൽ ആപ് വഴി ഇവ പറക്കേണ്ട സമയക്രമവും കർഷകനു നേരത്തേ ഷെഡ്യൂൾ ചെയ്യാം. വിദേശരാജ്യങ്ങൾക്കൊപ്പം എത്താൻ സാധിച്ചിട്ടില്ലെങ്കിലും കാലക്രമേണ സ്മാർട്ട് ഫാമിങ്ങിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നാണ് കൃഷി ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. 

English summary: Smart Farming: The Future of Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com