ADVERTISEMENT

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ കീഴിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഗോരക്ഷാ പദ്ധതിയുടെ ഭാഗമായി കന്നുകാലികളുടെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവയ്‌പിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. കർഷകരുടെ വീടുകളിൽ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ ടീം പശുക്കൾക്കും എരുമകൾക്കും സൗജന്യമായ കുളമ്പുരോഗ വാക്സീൻ നൽകും. വരുന്ന ഇരുപത്തിയൊന്ന് പ്രവൃത്തിദിവസങ്ങളിൽ സമഗ്ര കുളമ്പുരോഗ വാക്സിനേഷൻ ദൗത്യം തുടരും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെല്ലാം ഈ ഊര്‍ജ്ജിതപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കും. സംസ്ഥാനത്ത് പലയിടങ്ങളിലും കുളമ്പുരോഗം കണ്ടുവരുന്ന സാഹചര്യത്തിൽ തങ്ങളുടെ ക്ഷീര സംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സീൻ നൽകി സുരക്ഷിതമാക്കാൻ കർഷകർ പ്രത്യേകം ജാഗ്രത പുലർത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം- 2009 പ്രകാരം കുത്തിവയ്പ് നിര്‍ബന്ധമാണെന്ന കാര്യവും കർഷകർ അറിയുക.

കുളമ്പുരോഗവാക്സിൻ കന്നുകാലികൾക്ക് പ്രതിരോധകവചം

കുളമ്പുരോഗത്തോളം (ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്) ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു രോഗം ക്ഷീരമേഖലയിൽ ഇല്ല. രോഗം ബാധിച്ച കന്നുകാലികളിൽനിന്ന് മറ്റ് കന്നുകാലികളിലേക്ക് വേഗത്തിൽ വൈറസ് പകരുകയും പാലുൽപ്പാദനം ഗണ്യമായി കുറയുകയും ചെയ്യും. മാത്രമല്ല, മതിയായ ചികിത്സ നൽകിയില്ലെങ്കിൽ അനുബന്ധ അണുബാധകൾ പിടിപെട്ട് രോഗം ഗുരുതരമാവാനും ഗർഭിണി പശുക്കളുടെ ഗർഭമലസാനും അകാലത്തിൽ ചത്തുപോവാനും ഇടയുണ്ട്. 

രോഗത്തിൽ നിന്ന് രക്ഷപ്പെട്ടാലും പഴയ ഉൽപ്പാദനവും പ്രത്യുൽപ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം. ആറു മാസത്തെ ഇടവേളയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ രോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. 

പശുക്കിടാങ്ങൾക്ക് 4 മാസം പ്രായമെത്തുമ്പോഴും പന്നിക്കുഞ്ഞുങ്ങൾക്ക് മൂന്ന് മാസം പ്രായമെത്തുമ്പോഴും ആദ്യ കുളമ്പുരോഗപ്രതിരോധകുത്തിവയ്പ് നൽകണം. ആദ്യ കുത്തിവയ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. 4 മുതൽ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കും. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ് ആവർത്തിക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറു മാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കളും പന്നികളും ആവശ്യമായ പ്രതിരോധശേഷി ആർജിക്കുകയും പിന്നീട് രോഗസാധ്യത കുറയുകയും ചെയ്യുന്നു. 

ഒന്നോ രണ്ടോ കുത്തിവെയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാൾ രോഗസാധ്യതയുമുണ്ട്. ഒരു മേഖലയിലെ 80 ശതമാനം കന്നുകാലികൾ എങ്കിലും മതിയായ പ്രതിരോധം / കൂട്ടപ്രതിരോധം കൈവരിച്ചാൽ മാത്രമേ കുളമ്പു രോഗത്തെ പൂർണമായും അകറ്റിനിർത്താൻ സാധിക്കുകയുള്ളൂ. കന്നുകാലികളിലെ പ്രതിരോധം വിലയിരുത്താനുള്ള നടപടികൾ കുളമ്പു രോഗ സമഗ്ര വാക്സിനേഷന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് നടത്തും. വാക്സിൻ നൽകാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തികൾ കടന്നെത്തുന്ന കന്നുകാലികൾ സംസ്ഥാനത്ത് സമഗ്രകുളമ്പുരോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് വലിയ വെല്ലുവിളിയാണ്.

രണ്ട് ദിവസം പാൽ കുറയുമെന്ന് കരുതി വാക്സീൻ മുടക്കരുത് 

പൂർണ ആരോഗ്യമുള്ള മൃഗങ്ങളിലേ പ്രതിരോധ കുത്തിവയ്പ് വിജയകരമാവുകയുള്ളൂ. വിരബാധയും തൈലേറിയ പോലുള്ള മറ്റു രക്ത പരാദ രോഗങ്ങളും പശുക്കളുടെ ശരീരത്തിൽ വാക്സീൻ വിജയത്തിന് തടസ്സമുണ്ടാക്കും. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് മുൻപായി കന്നുകാലികൾക്ക് വിരമരുന്ന് നൽകുന്നത് അഭികാമ്യമാണ്‌. ഏഴു മാസമോ അതിനു മുകളിലോ ചെനയുള്ള പശുക്കളെ സാധാരണഗതിയില്‍ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എങ്കിലും പ്രസവശേഷം ഒരു മാസം കഴിഞ്ഞ് അവയ്ക്കും പ്രതിരോധകുത്തിവയ്പ് മറക്കാതെ നല്‍കണം. 

പാല്‍ കുറയാന്‍ ഇടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവയ്പ്പിന് വിമുഖത കാണിക്കാറുണ്ട്. ചിലപ്പോള്‍ കുത്തിവയ്പ്പിന്‍റെ അടുത്ത രണ്ട് ദിവസം പാല്‍ അല്‍പ്പം കുറയുമെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും. കുളമ്പ് രോഗത്തിന്‍റെ തീവ്രതയും രോഗം തടയുന്നതില്‍ പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രാധാന്യവും കര്‍ഷകര്‍ മനസ്സിലാക്കേണ്ടതുണ്ട്. കുളമ്പുരോഗ വാക്സീൻ തങ്ങളുടെ കന്നുകാലികൾക്കും പന്നികൾക്കും ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.  

English summary: Foot and mouth disease vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com